ഏറനാടിന്റെ മാനസപുത്രന്‍
ഹാറൂന്‍ കക്കാട്
ചാലിയാറിന്റെ സൗന്ദര്യമേറ്റുവാങ്ങിയ പ്രദേശമാണ് മലപ്പുറം ജില്ലയിലെ എടവണ്ണ. എണ്ണമറ്റ ഇതിഹാസങ്ങളാല്‍ പുകള്‍പെറ്റ ഈ നാട് 1986 ജൂണിലാണ് ആദ്യമായി കണ്ടത്. എസ് എസ് എല്‍ സിക്ക് ശേഷം ജാമിഅ: നദ്‌വിയ്യ കോളജിലെ വിദ്യാര്‍ഥിയാവാനായിരുന്നു ആ യാത്ര. അങ്ങാടിയില്‍ ബസ്സിറങ്ങിയാല്‍ പിന്നെ സലാഹ് നഗറിലെ കോളജില്‍ എത്താന്‍ ഏതാനും കിലോമീറ്ററുകള്‍ കൂടി ദൂരമുണ്ട്. അക്കാലത്ത് വളരെ കുറച്ച് ബസ്സുകള്‍ മാത്രമേ ആ റൂട്ടില്‍ ഓടിയിരുന്നുള്ളൂ. മിക്കപ്പോഴും ഓട്ടോറിക്ഷയിലാവും വിദ്യാര്‍ഥികളുടെ യാത്ര.
തിങ്ങിനിറഞ്ഞ പുരകള്‍ക്കിടയില്‍ ഇടുങ്ങിയ റോഡിലൂടെ പോവുമ്പോള്‍ ഒരു വളവ് കഴിഞ്ഞുള്ള വീട്ടുകോലായില്‍ എപ്പോഴും ആള്‍ക്കൂട്ടം കാണാമായിരുന്നു. കേരള രാഷ്ട്രീയത്തിലെ ജനപ്രിയ നേതാവ് പി സീതി ഹാജിയുടെ വീട്. കള്ളിമുണ്ടും ബനിയനും ധരിച്ച അദ്ദേഹത്തെ പലപ്പോഴും ഒരു മിന്നലാട്ടം പോലെ ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ടിരുന്നു.
എടവണ്ണ അങ്ങാടിയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ വെച്ചാണ് സീതി ഹാജിയെ പൂതി തീരുവോളം കണ്ടത്. തമാശയുടെ അമിട്ടുകള്‍ തുരുതുരാ പൊട്ടിച്ചുകൊണ്ടുള്ള ഏറനാടന്‍ ശൈലിയിലെ ആ പ്രഭാഷണം ചാലിയാറിലെ ഓളങ്ങളെ പോലും പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു.
കഷ്ടപ്പാട് നിറഞ്ഞ ഒരു ബാല്യത്തില്‍ നിന്ന് ജീവിതമാരംഭിച്ച സീതി ഹാജി കഠിന പ്രയത്‌നത്തിലൂടെയാണ് ഉയരങ്ങള്‍ കീഴടക്കിയത്. സ്‌കൂള്‍ പഠനകാലത്ത് തന്നെ സംഘടനാ പ്രവര്‍ത്തനത്തിലും സാമൂഹ്യക്ഷേമ സംരംഭങ്ങളിലും സജീവമായിരുന്നു. ആലപ്പുഴയില്‍ മുസ്‌ലിംലീഗിന്റെ സമ്മേളനം നടക്കുന്നു. അതില്‍ പങ്കെടുക്കാന്‍ കൈയ്യില്‍ കാശില്ലാതെ വിഷമിച്ച ബാലന്‍. അവസാനം താന്‍ സ്വന്തത്തെ പോലെ ഓമനിച്ചു വളര്‍ത്തുന്ന ആട്ടിന്‍കുട്ടിയെ കൂട്ടുകാരന് വില്‍ക്കുകയും ആ പണവുമായി സമ്മേളനത്തിന് പോവുകയും ചെയ്തു. എം പി എം അഹമ്മദ് കുരിക്കള്‍ എന്ന ബാപ്പു കുരിക്കളായിരുന്നു സീതി ഹാജിയിലെ ശേഷിയെ തിരിച്ചറിഞ്ഞത്. നല്ല അധ്വാനശീലനായിരുന്നു സീതി ഹാജി. ആ ആത്മാര്‍ഥത ബാപ്പു കുരിക്കള്‍ക്ക് ഏറെ ഇഷ്ടമായി. സീതി ഹാജിയെ വലിയൊരു കച്ചവടക്കാരനാക്കിയതും പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് ധൈര്യവും പിന്തുണയും നല്‍കിയതും ബാപ്പു കുരിക്കള്‍ ആയിരുന്നു.
മരത്തെയും മരക്കച്ചവടത്തെയും കുറിച്ചു നന്നായി പഠിച്ചത് കൊണ്ട് തന്നെ സീതി ഹാജി എന്ന നിയമസഭാംഗത്തിന് വനം വകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ച വരുമ്പോഴൊക്കെ പ്രസംഗിക്കാന്‍ അവസരം ലഭിച്ചിരുന്നു. നിലമ്പൂരിലെ ലേലം ചെയ്ത കൂപ്പുകള്‍ കാലാവധി കഴിഞ്ഞും നീട്ടിക്കൊടുത്തുവെന്ന് പറഞ്ഞ് അന്നത്തെ വനം മന്ത്രി കെ പി നൂറുദ്ദീനെതിരെ പ്രതിപക്ഷം ശക്തമായ ആരോപണം ഉന്നയിച്ചപ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ സീതി ഹാജിയായിരുന്നു രംഗത്ത് വന്നത്. കൃത്യമായ വസ്തുതകള്‍ സാങ്കേതിക വശങ്ങളുടെ പിന്‍ബലത്തോടെ സ്പഷ്ടമായി ഉദ്ധരിച്ച് സീതി ഹാജി പ്രസംഗിച്ചപ്പോള്‍ സഭ ഒന്നടങ്കം നിശ്ശബ്ദമാവുകയും സത്യാവസ്ഥ തിരിച്ചറിയുകയും ചെയ്തു.
അഞ്ച് തവണ കേരള നിയമസഭയിലെ അംഗവും 1991-ലെ കെ കരുണാകരന്‍ മന്ത്രിസഭയിലെ ചീഫ് വിപ്പുമായിരുന്നു സീതി ഹാജി. കൊണ്ടോട്ടിയെ നാലു തവണയും താനൂരിനെ ഒരു തവണയും പ്രതിനിധീകരിച്ചു. ഔപചാരിക വിദ്യാഭ്യാസം ആവശ്യത്തിനു ലഭിക്കാതിരുന്നിട്ടും നിയമസഭയുള്‍പ്പടെ ഒട്ടേറെ വേദികളില്‍ പ്രായോഗിക ബുദ്ധി കൊണ്ട് അദ്ദേഹം അതിശയങ്ങള്‍ തീര്‍ത്തു.
പൊതുപ്രവര്‍ത്തകര്‍ സാധാരണക്കാര്‍ക്കുവേണ്ടി ജീവിച്ചാല്‍ അവരെന്നും ജനമനസ്സിലുണ്ടാകും എന്നതിന് മരിക്കാത്ത തെളിവാണ് സീതി ഹാജിയുടെ സ്ഫടിക സമാനമായ ജീവിതം. ഏറനാടിന്റെ ആത്മവീര്യവുമായി ചങ്കൂറ്റത്തോടെ കേരള ചരിത്രത്തില്‍ നിറഞ്ഞുനിന്ന ജീവിതമായിരുന്നു പത്തായക്കോടന്‍ സീതി ഹാജി എന്ന പി സീതി ഹാജിയുടേത്. ആ വിയോഗത്തിന് മൂന്ന് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാവുകയാണ്. പുതിയ തലമുറയില്‍ പോലും ഇപ്പോള്‍ സീതി ഹാജി സുപരിചിതനാകുന്നുവെന്നത് തന്നെ ഒരു നേതാവിന് മരണാനന്തരം ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണ്.
കറകളഞ്ഞ മതേതരതവാദിയും സാമൂഹികതൃഷ്ണയുള്ള ജനനേതാവുമായിരുന്നു സീതി ഹാജി. പാവപ്പെട്ടവരുടെ വിയര്‍പ്പിന്റെ മണമറിഞ്ഞ നേതാവായിരുന്നു അദ്ദേഹം. കേവല മത, ജാതി വൈകാരികതകള്‍ക്കപ്പുറത്ത്, കുറിതൊടുന്നവനും കുരിശുവരക്കുന്നവനും നമസ്‌കരിക്കുന്നവനും ഒരുമിച്ചു ജീവിക്കുന്ന കേരളത്തെയാണ് സീതി ഹാജി വിഭാവനം ചെയ്തത്. മത സാംസ്‌കാരിക രംഗത്തും സീതി ഹാജിക്ക് ഇതര രാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്തമായ ഇരിപ്പിടം ലഭിച്ചത് വിദ്യാഭ്യാസത്തേക്കാള്‍ ഉപരിയായ സാമൂഹികബോധം കൊണ്ടായിരുന്നു.
നിയമത്തിന്റെയും സാങ്കേതിക പ്രശ്‌നങ്ങളുടെയും ന്യായങ്ങള്‍ പറഞ്ഞ്, അര്‍ഹതപ്പെട്ട അവകാശങ്ങള്‍ തള്ളിക്കളയാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ക്ക് മുന്നില്‍ അദ്ദേഹം നിയമത്തിന്റെ മറുപുറം വ്യാഖ്യാനിച്ചു നല്‍കി സാധുക്കളുടെ ആനുകൂല്യങ്ങള്‍ നേടിക്കൊടുത്തു. അന്യായമായി ഏതെങ്കിലുമൊരാളെ കയ്യേറ്റം ചെയ്യാന്‍ എതിരാളികളോ അവരുടെ സ്വാധീനത്തില്‍ പൊലീസോ ശ്രമിച്ചാല്‍ പോലും സീതി ഹാജി രക്ഷക്കെത്തും.
ന്യൂനപക്ഷ പിന്നാക്ക സമുദായം പ്രതിസന്ധി നേരിട്ട സന്ദര്‍ഭങ്ങളിലെല്ലാം ആരോഗ്യവും സമ്പത്തും ചെലവഴിച്ച് സീതിഹാജി മുന്നില്‍ നിന്നു. സംഘര്‍ഷ ഭൂമികളില്‍ നിര്‍ഭയം കടന്നുചെന്ന അദ്ദേഹം ജനങ്ങളില്‍ സമാധാനവും ആത്മവിശ്വാസവും പകര്‍ന്നു. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അക്രമികളെ ഭയന്നു നാടു വിട്ടുപോകാന്‍ നിരപരാധികള്‍ പോലും നിര്‍ബന്ധിതമായ സാഹചര്യങ്ങളുണ്ടായപ്പോള്‍ അവിടെ ആദ്യമെത്തുക സീതി ഹാജിയായിരിക്കും. ഏത് ഉന്നതന്റെ മുഖത്തു നോക്കിയും അദ്ദേഹം കാര്യം പറയും. സീതി ഹാജി ഒപ്പമുള്ളതുകൊണ്ട് പേടിക്കാനില്ല എന്ന തോന്നല്‍ ജനങ്ങള്‍ക്കും അപ്പുറത്ത് സീതി ഹാജിയുള്ളതു കൊണ്ട് അതിരുവിട്ട് വല്ലതും ചെയ്താല്‍ പ്രശ്നമാകുമെന്ന ഭയം അക്രമികള്‍ക്കും അവരെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കു
മമ്പാട് എം ഇ എസ് കോളജ്, കൊണ്ടോട്ടി ഇ എം ഇ കോളജ് തുടങ്ങി ഏറനാട്ടിലെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടാനും കരുത്ത് പകരാനും സീതി ഹാജിക്ക് കഴിഞ്ഞു. നവോത്ഥാന സംരംഭമായ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും വലിയ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയാണ് സീതി ഹാജി. എടവണ്ണ ജാമിഅ നദ്‌വിയ്യ പോലെയുള്ള വിദ്യാഭ്യസ സമുച്ചയങ്ങളുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.
നിയമസഭയ്ക്ക് അകത്തും പുറത്തും സീതി ഹാജി നടത്തിയ അവകാശ പോരാട്ടങ്ങള്‍ കേരളത്തിന് ഒരിക്കലും മറക്കാനാവില്ല. വര്‍ഗീയ കലാപങ്ങള്‍ക്കു വിത്തിടാനും സമാധാനാന്തരീക്ഷം തകര്‍ക്കാനുമുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനും മതമൈത്രി ഊട്ടിയുറപ്പിക്കുന്നതിനും സീതി ഹാജി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു.
കേരളത്തിന്റെ പൊതുജീവിതത്തില്‍ ഭരണ പ്രതിപക്ഷ, ഉദ്യോഗസ്ഥ വ്യത്യാസമില്ലാതെ സമ്പന്നനും സാധാരണക്കാരനും ഭേദമില്ലാതെ എല്ലാവരുടെയും സുഹൃത്തായി നിന്ന അപൂര്‍വ നേതാവായിരുന്നു അദ്ദേഹം. നിയമസഭയില്‍ രൂക്ഷമായി വിമര്‍ശിച്ച എതിരാളിയെ പുറത്തുകാണുമ്പോള്‍ തോളില്‍ കൈയ്യിട്ടുനടക്കുന്ന സൗഹൃദമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. എം എല്‍ എ പദവിയിലിരിക്കെ, 1991-ല്‍ അമ്പത്തിയൊമ്പതാം വയസ്സിലായിരുന്നു സീതി ഹാജിയുടെ വിയോഗം.