1 Tuesday
July 2025
2025 July 1
1447 Mouharrem 5

റഹീം മേച്ചേരി എന്ന സാത്വികന്‍

ഹാറൂന്‍ കക്കാട്

വാക്കുകളും അക്ഷരങ്ങളും ഏറ്റവും പ്രിയപ്പെട്ട ആത്മസുഹൃത്തുക്കളായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ സ്‌കൂള്‍ പഠനകാലത്ത് ആ തൂലികാനാമം എന്റെ മനസ്സില്‍ കയറിക്കൂടിയിരുന്നു. ഏത് പ്രായക്കാരേയും ആകര്‍ഷിക്കുന്ന എഴുത്തുവിദ്യയുടെ കുലപതിയായിരുന്നു റഹീം മേച്ചേരി എന്ന സാത്വികന്‍.  കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ആശയ സമന്വയം മാസികയില്‍ ഡോ. എന്‍ പി ഹാഫിസ് മുഹമ്മദിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് റഹീം മേച്ചേരിയുമായി കൂടുതല്‍ അടുത്തു പെരുമാറാന്‍ കഴിഞ്ഞത്. ചന്ദ്രിക ദിനപ്പത്രത്തിന്റെ വളരെ തിരക്കുപിടിച്ച പത്രാധിപരായിരുന്നിട്ടും ഇതര പ്രസിദ്ധീകരണങ്ങളില്‍ ഒരുപാടെഴുതാന്‍ മേച്ചേരി സമയം കണ്ടെത്തിയിരുന്നു.
ഒരിക്കല്‍ ആശയസമന്വയത്തിലേക്ക് ഒരു കവര്‍‌സ്റ്റോറി എഴുതാന്‍ റഹീം മേച്ചേരിയെ ഏല്‍പ്പിച്ചു. ലേഖനം എഴുതിക്കഴിഞ്ഞാല്‍ പറയണമെന്നും ചന്ദ്രികയില്‍ വന്ന് വാങ്ങാന്‍ ഓഫീസില്‍ നിന്ന് ആളെ അയക്കാമെന്നും അദ്ദേഹത്തെ അറിയിച്ചു. ലേഖനം തരാമെന്ന് പറഞ്ഞ ദിവസത്തിന്റെ തലേനാള്‍ ഉച്ചസമയത്ത് മന്ദസ്മിതത്തോടെ റഹീം മേച്ചേരി ഓഫീസിലേക്ക് വന്നു. നാളെ ചന്ദ്രികയിലേക്ക് ആളെ പറഞ്ഞയക്കാനിരിക്കുകയായിരുന്നല്ലോ എന്നു പറഞ്ഞപ്പോള്‍ മേച്ചേരിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘നിങ്ങള്‍ പറഞ്ഞതിലും നേരത്തെ തന്നെ എഴുതിക്കഴിഞ്ഞപ്പോള്‍ മറ്റൊരാളെ ഇതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കേണ്ടാന്ന് കരുതി ഞാന്‍ തന്നെ വന്നതാണ്’. ഏതെങ്കിലുമൊരു പത്രാധിപരുണ്ടാകുമോ ഇങ്ങനെ? ഒരിക്കലുമില്ല. റഹീം മേച്ചേരിയിലെ വിനയശീലത്തെ തോല്‍പ്പിക്കാന്‍ ആര്‍ക്കും ആവുമായിരുന്നില്ല.
കൈയ്യില്‍ ഏതെങ്കിലുമൊരു വാരികയും ചുരുട്ടിപ്പിടിച്ച് ലളിതമായ വേഷവിധാനങ്ങളോടെ കോഴിക്കോട് തെരുവീഥികളുടെ അരികുപറ്റി നടന്നുനീങ്ങുന്ന മേച്ചേരിയുടെ മുമ്പില്‍ ആരും തോറ്റുപോകും. അത്രമേല്‍ വിനയത്തിന്റെയും ലാളിത്യത്തിന്റെയും പ്രതിരൂപമായിരുന്നു അദ്ദേഹം.
1947 മെയ് പത്തിന്ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത ഒളവട്ടൂര്‍ ഗ്രാമത്തിലാണ് റഹീം മേച്ചേരിയുടെ ജനനം. സ്‌കൂള്‍ പഠന കാലത്തു തന്നെ കഥയും കവിതയും എഴുതി തുടങ്ങിയ മേച്ചേരി അതിവേഗം പ്രതിഭാധനതയുടെ ഉജ്വല ശോഭയിലേക്ക് പറന്നുയരുകയായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം പ്രഭാഷകന്‍, കോളമിസ്റ്റ്, പത്രപ്രവര്‍ത്തകന്‍ ഓര്‍മയിലും നിരീക്ഷണത്തിലും കൃത്യതയുളള കേരളത്തിലെ ഏറ്റവും കരുത്തനായ രാഷ്ട്രീയ ലേഖകന്‍ എന്നീ നിലകളില്‍ കഴിവുകള്‍ തെളിയിച്ചു. കലാലയ ജീവിതത്തിനു ശേഷം ചന്ദ്രികയിലെത്തിയ റഹീം മേച്ചേരി സി എച്ച് മുഹമ്മദ് കോയ, യു എ  ബീരാന്‍, ഇ അഹമദ് തുടങ്ങിയ പ്രഗത്ഭരുടെ കീഴിലാണ് പത്ര പ്രവര്‍ത്തനം ആരംഭിച്ചത്. സി എച്ചിന്റെ ലാളനയേറ്റു വാങ്ങിയ ശിഷ്യനായിരുന്നു അദ്ദേഹം. ചന്ദ്രികയെ കൂടാതെ പല പത്രങ്ങളിലും ആര്‍ എം എന്ന തൂലികനാമത്തില്‍ അദ്ദേഹം എഴുതിയിരുന്നു. അക്ഷരാര്‍ഥത്തില്‍ മുസ്ലിംലീഗിന്റെ വാളും പരിചയുമായിരുന്നു അദ്ദേഹത്തിന്റെ തൂലിക. ചരിത്രം ഓര്‍ക്കുകയും ഓര്‍മിപ്പിക്കുകയും ചെയ്യാന്‍ മേച്ചേരി പ്രത്യേക മിടുക്ക് കാട്ടി. മില്ലി ഗസറ്റും തെഹല്‍ക്കയും വായിച്ച് വരയും ശരിയുമിട്ട് അടയാളപ്പെടുത്തുമായിരുന്നു അദ്ദേഹം. വാര്‍ത്തകളും വിവരങ്ങളും അടുക്കിവെച്ച ഓര്‍മയുടെ അറകളില്‍ സ്ഥലം മതിയാകാതെ വന്നതിനാല്‍ പത്ര മാസികകളില്‍ നിന്ന് വെട്ടിയെടുത്ത കുറേ കടലാസ് തുണ്ടുകള്‍ പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ചുവച്ചിരുന്നു അദ്ദേഹം. മേച്ചേരിയുടെ അപാരമായ ഓര്‍മശക്തി ഒരത്ഭുതമായിരുന്നു. തന്റെ ഓര്‍മകളെ പുതുക്കാന്‍ ഏത് ചെറിയ കുട്ടിയോടും അദ്ദേഹം സംശയനിവാരണം നടത്തിയിരുന്നു.
കാഴ്ചപ്പാടിലെ വ്യത്യസ്തതയും ആദര്‍ശനിബദ്ധമായ നിലപാടുകളുമായിരുന്നു അദ്ദേഹത്തെ പത്രപ്രവര്‍ത്തന ലോകത്ത് ശ്രദ്ധേയനാക്കിയത്. അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികയിലേക്ക് ഒരിക്കല്‍ പോലും എത്തിനോക്കാന്‍ താല്‍പര്യം കാണിക്കാതെ തന്റെ അറിവുകളും ചിന്തകളും രാഷ്ട്രീയ ബോധവുമെല്ലാം മുസ്ലിം ലീഗിന് വേണ്ടി അദ്ദേഹം സമര്‍പ്പിച്ചു. പ്രസംഗങ്ങളിലൂടെയയും രചനകളിലൂടെയും ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനും മുസ്ലിം ലീഗിനെ അവരുടെ അവകാശ മുന്നണിയായി വളര്‍ത്തിയെടുക്കാനും മേച്ചേരിയുടെ നാവും തൂലികയും വഹിച്ച പങ്ക് അനിഷേധ്യമാണ്. മുസ്ലിംലീഗും അതിന്റെ പ്രവര്‍ത്തകരുമായിരുന്നു മേച്ചേരിയിലെ ഹൃദയ വൈകാരികതയെ ജ്വലിപ്പിച്ചു നിര്‍ത്തിയ ഘടകങ്ങള്‍. പാര്‍ട്ടിക്കെതിരെ വരുന്ന ഏത് ആക്ഷേപശരങ്ങളെയും അക്ഷരങ്ങളുടെ അഗ്‌നിജ്വാലകള്‍ കൊണ്ട് അദ്ദേഹം പ്രതിരോധിച്ചു.
മുസ്ലിം നവോഥാന പ്രസ്ഥാനങ്ങളോട് എന്നും ഇഴപിരിയാത്ത ആത്മബന്ധമായിരുന്നു റഹീം മേച്ചേരി കാത്തുസൂക്ഷിച്ചിരുന്നത്. ഇസലാഹി വേദികളിലും പേജുകളിലും അദ്ദേഹം അഴകാര്‍ന്ന ആശയങ്ങളുടെ തേന്‍മഴ വര്‍ഷിപ്പിച്ചു. പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് എന്നും കുളിരായിരുന്നു റഹീം മേച്ചേരിയുടെ സാന്നിധ്യം സമ്മാനിച്ചിരുന്നത്. അറിവിന്റെയും വിജ്ഞാനത്തിന്റെയും പഠന ഗവേഷണങ്ങളുടെയും വെളിച്ചത്തില്‍ മുസ്ലിംലീഗിന് പ്രത്യയശാസ്ത്രപരമായ അടിത്തറ പാകാന്‍ ശ്രമിക്കുകയും അതിന് സര്‍ഗാത്മകമായ പശ്ചാത്തലമൊരുക്കാന്‍ പാടുപെടുകയും ചെയ്ത ചുരുക്കം പേരിലൊരാളായിരുന്നു റഹീം മേച്ചേരി. എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍ എന്നിങ്ങനെയൊക്കെയുള്ള അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍ എല്ലാ അര്‍ഥത്തിലും സാര്‍ഥകമായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളും പ്രഭാഷണങ്ങളുടെ അക്ഷരകൈരളിക്ക് മുമ്പിലുണ്ടെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതം ഏറെ വിലയിരുത്തപ്പെട്ടിട്ടില്ല.
ഒരു മാധ്യമപ്രവര്‍ത്തകന്‍ വായനക്കാര്‍ക്ക് മുമ്പിലവതരിപ്പിക്കുന്ന വാര്‍ത്തകളും വിശകലനങ്ങളും നിലപാടുകളും പേര് ഗോപ്യമാക്കിയും വെളിപ്പെടുത്തിയും തൂലികാ നാമങ്ങളിലും ഒളിപ്പേരുകളിലുമൊക്കെ അവതരിപ്പിക്കാറുണ്ട്. ഇത്തരം എല്ലാ സാധ്യതകളും റഹീം മേച്ചേരി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഒരു പേരുപോലുമില്ലാതെയും അദ്ദേഹം വിവരവും വിജ്ഞാനവും നല്‍കിയിട്ടുണ്ട്. തനിക്കവകാശപ്പെടാത്ത ഒരു കസേരയിലും അദ്ദേഹം കയറിയിരുന്നില്ല. മോഹിച്ചുമില്ല. പാര്‍ട്ടി പത്രത്തിലെ പദവികള്‍ ഉന്നതങ്ങളിലേക്കുള്ള ചവിട്ടുപടിയുമാക്കിയില്ല.
‘ഖാഇദേമില്ലത്തിന്റെ പാത’ എന്നായിരുന്നു മേച്ചേരിയുടെ ഒരു പുസ്തകത്തിന്റെ പേര്. അതൊരു പുസ്തകനാമം മാത്രമായിരുന്നില്ല. ജീവിതശീലം കൂടിയായിരുന്നു അദ്ദേഹത്തിന്. പാണക്കാട് പൂക്കോയ തങ്ങളും സി എച്ചുമായിരുന്നു മേച്ചേരിയുടെ മാതൃകാപുരുഷന്മാര്‍. പൂക്കോയ തങ്ങളെ ഓര്‍മിക്കുന്ന ഓരോ ചടങ്ങിലും മേച്ചേരി തനിക്കു തങ്ങളില്‍ നിന്നു കിട്ടിയ ഉപദേശം ആവര്‍ത്തിക്കും: ‘പട്ടിണി കിടന്നാലും ആരുടെ മുന്നിലും അഭിമാനം പണയപ്പെടുത്തരുത്”. ജീവിതത്തിലെയും തൊഴിലിലെയും അനിശ്ചിതത്വം നിറഞ്ഞ ഒരു നിര്‍ണായക സന്ധിയില്‍ ആ വാക്കുകളായിരുന്നു തന്റെ അന്നവും ആത്മധൈര്യവുമെന്ന് മേച്ചേരി പറഞ്ഞിരുന്നു.
ഭാഷയിലെ ഏറനാടന്‍ വീര്യം മലയാളത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവന്നു മേച്ചേരി. കാട്ടുപൂഞ്ചോലകളുടെ കുളിര്‍മയും കൊടുങ്കാറ്റിന്റെ ശക്തിയും ഒരുമിച്ചാവാഹിക്കുന്ന ഗദ്യശൈലിയായിരുന്നു ആ തൂലികയുടെ തിളക്കം കൂട്ടിയത്. തലക്കെട്ടില്‍ തുടങ്ങി അവസാന വരി വരെ ഒറ്റശ്വാസത്തില്‍ വായിച്ചുതീര്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന രചനാതന്ത്രം. തനിക്കു ശരിയെന്നു തോന്നിയ ആശയം തുറന്നെഴുതാനുള്ള അസാമാന്യ ധീരതയുടെ പര്യായമായിരുന്നു മേച്ചേരി. മുസ്ലിംലീഗ്: വിമര്‍ശനങ്ങള്ക്ക് മറുപടി, ഖായിദെ മില്ലത്തിന്റെ പാത, ഇന്ത്യന്‍ മുസ് ലിംകള്‍ – വസ്തുതകള്‍, കര്‍മപഥത്തിന്റെ കാല്‍നൂറ്റാണ്ട്, അക്ഷരകേരളത്തിന്റെ ആത്മസുഹൃത്ത് തുടങ്ങിയ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
അധികാര മുദ്രകളൊന്നും മേച്ചേരിയെ ഒരിക്കല്‍ പോലും പ്രലോഭിപ്പിച്ചില്ല. ആളും അധികാരവുമുള്ള പ്രസ്ഥാന പത്രത്തിന്റെ അധിപരായിട്ടും അദ്ദേഹത്തിന്റെ യാത്രാ വാഹനം ഏതെല്ലാമോ പത്രക്കെട്ടുകള്‍ കൊണ്ടുപോകുന്ന ഒരു ടാക്‌സി ജീപ്പായിരുന്നു. സാധാരണ പത്രാധിപര്‍ പത്രക്കമ്പനിയുടെ കാറില്‍ സഞ്ചരിക്കുമ്പോള്‍ പത്രക്കെട്ടുകള്‍  കൊണ്ടുപോവുന്ന വാഹനത്തിലായിരുന്നു റഹീം മേച്ചേരി  വീട്ടിലേക്ക്  മടങ്ങിയിരുന്നത്. കേട്ടാല്‍ തികച്ചും അവിശ്വസനീയമായി തോന്നാവുന്ന ഇങ്ങനെയൊരു യാത്രയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം പൊലിഞ്ഞത്. 2004 ആഗസ്റ്റ് 21ന്, അമ്പത്തിയേഴാം വയസ്സില്‍ രാമനാട്ടുകര  ബൈപാസിലുണ്ടായ വാഹനാപകടത്തിലായിരുന്നു റഹീം മേച്ചേരിയുടെ അപ്രതീക്ഷിത വേര്‍പാട്. ഇപ്പോഴും അദ്ദേഹത്തിന്റെ രചനകളില്‍ നിന്ന് നിര്‍ഗളിക്കുന്ന സുകൃത സൗഗന്ധികങ്ങള്‍ മലയാളഭാഷയെ വര്‍ണാഭമാക്കുന്നു.

Back to Top