25 Thursday
July 2024
2024 July 25
1446 Mouharrem 18

കെ പി മുഹമ്മദ് മൗലവി മഹാനായ ജ്ഞാനയോഗി

ഹാറൂന്‍ കക്കാട്

കേരളത്തിന്റെ മത സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ഉദാത്ത മാതൃക തീര്‍ത്ത യുഗപുരുഷനാണ് കെ പി മുഹമ്മദ് മൗലവി. 1990-കളില്‍ എം എസ് എമ്മില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് കോഴിക്കോട് ഐഡിയല്‍ കോളജില്‍ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് കെ പിയെ ഞാനാദ്യമായി കാണുന്നത്. അന്നദ്ദേഹം കെ എന്‍ എമ്മിന്റെ ജന. സെക്രട്ടറിയാണ്. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെയും പോഷക ഘടകങ്ങളുടെയും കൗണ്‍സിലുകളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു കെ പി. പ്രവര്‍ത്തകര്‍ക്ക് ആത്മധൈര്യവും ഉന്മേഷവും കലര്‍ന്ന അപാര സാരോപദേശങ്ങളായിരുന്നു കെ പി ഓരോ യോഗങ്ങളിലും നല്‍കിയിരുന്നത്.
കരിങ്കപ്പാറ അഹമദ് മുസ്‌ലിയാരുടെയും കാരംകുന്നില്‍ ബീവി ഉമ്മയുടെയും മകനായി 1921 മാര്‍ച്ചില്‍ മലപ്പുറം ജില്ലയിലെ വളവന്നൂരിലാണ് കെ പി മുഹമ്മദ് മൗലവിയുടെ ജനനം. പൊന്മുണ്ടം സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. 1945-ല്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍ നിന്ന് അഫ്ദലുല്‍ ഉലമ പ്രിലിമിനറിയും 1948-ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അഫ്ദലുല്‍ ഉലമ ബിരുദവും നേടി.
വരമ്പനാലയിലെ മതവിദ്യാഭ്യാസ സ്ഥാപനത്തിലും തിരൂരിലെ മുസ്ലിം ധര്‍മ പരിപാലന സംഘത്തിലും അധ്യാപകനായി. 1950-ല്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളജിലും പിന്നീട് അരീക്കോട് സുല്ലമുസ്സലാം അറബിക്കോളജിലും അധ്യാപകനായി. കോളജിന്റെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ച കെ പി 1981-ല്‍ സുല്ലമുസ്സലാമില്‍ നിന്നാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്.
യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കെ പി ദാറുല്‍ ഉലൂമിലെയും മദീനത്തുല്‍ ഉലൂമിലെയും പഠനത്തോടെയാണ് നവോത്ഥാന ആശയങ്ങളുടെ ശക്തനായ വാഹകനായത്. നവോത്ഥാനാശയങ്ങള്‍ സ്വീകരിച്ചതോടെ നാട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ദൗത്യനിര്‍വഹണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പല ഭാഗങ്ങളില്‍ നിന്നും ശ്രമങ്ങളുണ്ടായി. പക്ഷേ, തന്റെ അഞ്ചാം വയസ്സില്‍ പിതാവ് മരണപ്പെടുകയും പിന്നീട് മാതാവ് പുനര്‍വിവാഹിതയാവുകയും ചെയ്തതിനാല്‍ സംജാതമായ പ്രത്യേക സാഹചര്യത്തില്‍ ജീവിതത്തിലെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ അതിജീവിച്ച കെ പി എന്ന മനക്കരുത്തിന്റെ പര്യായത്തിന്  ഇത്തരം പ്രതിസന്ധികളെല്ലാം വളരെ നിസ്സാരമായിരുന്നു. പക്വതയാര്‍ന്ന ഇടപെടലുകളും സൗമ്യമായ പെരുമാറ്റവും കൊണ്ട് നാട്ടുകാര്‍ കെ പിയിലേക്ക് ആകൃഷ്ടരായി. അതിവേഗം എല്ലാവര്‍ക്കും പ്രിയങ്കരനായ ‘ബാപ്പുകാക്ക’യായി അദ്ദേഹം മാറിയിരുന്നു.
മികച്ച വിദ്യഭ്യാസ വിചക്ഷണനായിരുന്നു കെ പി. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി വീടിനടുത്ത് സിറാജുല്‍ ഇസ്‌ലാം എന്ന പേരില്‍ ഒരു മദ്‌റസ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചു. പിന്നീട് വളവന്നൂര്‍ അന്‍സാറുല്ല സംഘവും രൂപീകൃതമായി. സംഘത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ഒട്ടേറെ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി. ഇസ്‌ലാഹി ആശയങ്ങളോടും ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാടുകളോടും ഒരുപോലെ ആഭിമുഖ്യം പുലര്‍ത്തിയ ചില വ്യക്തികള്‍ ആദ്യകാലത്ത് അന്‍സാറുല്ല സംലത്തിലുണ്ടായിരുന്നു. അവര്‍ക്ക് ഇസ്‌ലാഹി ആശയങ്ങളുടെ പ്രമാണബദ്ധതയും ജമാഅത്തിന്റെ വീക്ഷണ പാളിച്ചകളും കൃത്യമായി ബോധ്യപ്പെടുത്തിയത് കെ പിയാണ്. അതുവഴി അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടി വിഭാവന ചെയ്തതുപോലെ അന്‍സാര്‍ സ്ഥാപന സമുച്ചയം വളര്‍ന്നു പന്തലിച്ചു. അരീക്കോട് സുല്ലമുസ്സലാം, എടവണ്ണ ജാമിഅ നദ്‌വിയ്യ, പുളിക്കല്‍ ജാമിഅ സലഫിയ്യ തുടങ്ങിയ സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും കെ പി യുടെ വലിയ സംഭാവനകള്‍ കാണാം.
വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന നിലയില്‍ കെ പി കൈയൊപ്പ് ചാര്‍ത്തിയ മറ്റൊരു മേഖലയാണ് അറബിഭാഷാ സ്‌നേഹം. അറബിയുടെ വളര്‍ച്ചയ്ക്ക് കേരള അറബിക് പ്രചാരസഭയുടെ ജന. സെക്രട്ടറി പദവിയിലിരുന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ചുക്കാന്‍ പിടിച്ചു. കേരളത്തിലെ ആദ്യത്തെ അറബി പ്രസിദ്ധീകരണമായ കെ എ ടി എഫിന്റെ അല്‍ബുശ്‌റ മാസികയുടെ എഡിറ്റര്‍ കെ പി ആയിരുന്നു.
സമസ്ത മേഖലകളെയും വലയം ചെയ്ത സൂക്ഷ്മത, കൃത്യനിഷ്ഠത, നിശ്ചയദാര്‍ഢ്യം, സംയമനം, അസാമാന്യ ദീര്‍ഘവീക്ഷണം തുടങ്ങി പലവിധ അപൂര്‍വതകള്‍ സമന്വയിച്ച വിസ്മയ നേതാവായിരുന്നു കെ പി. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ മൂന്നാമത്തെ ജന. സെക്രട്ടറിയായ കെ പിയുടെ കാലത്താണ് ഇസ്‌ലാഹി പ്രസ്ഥാനം കേരളത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച നേടിയത്. ഓരോ പ്രവര്‍ത്തകന്നും തന്റേതാണ് സംഘടനയെന്ന ആത്മബോധമുണ്ടാക്കാന്‍ കെ പിക്ക് കഴിഞ്ഞു.
കേരളത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന് ശക്തമായ അടിവേരുകള്‍ സൃഷ്ടിക്കുന്നതില്‍ മുഖ്യമായ പങ്കുവഹിച്ചത് വിവിധ കേന്ദ്രങ്ങളില്‍ നടന്ന സംസ്ഥാന സമ്മേളനങ്ങളാണ്. 1979-ല്‍ പുളിക്കലും 1982-ല്‍ ഫറോക്കിലും 1987-ല്‍ കുറ്റിപ്പുറത്തും 1992-ല്‍ പാലക്കാടും നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനങ്ങളുടെ ജന. കണ്‍വീനര്‍ കെ പി ആയിരുന്നു. 1971 മുതല്‍ മരണം വരെ, രണ്ടര പതിറ്റാണ്ട് കാലത്തോളം കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ ജന. സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇതുപോലൊരു ജനപ്രിയ നേതാവ് അത്യപൂര്‍വമായേ ഏതൊരു സമൂഹത്തിലും ഉദിച്ചുയരാറുള്ളൂ.
സംഘടനയുടെ തിരക്കുപിടിച്ച ഉത്തരവാദിത്തങ്ങള്‍ക്കിടയിലും വായനക്കും എഴുത്തിനും ധാരാളം സമയം കണ്ടെത്തിയിരുന്നു. മര്‍മപ്രധാനമായ ഇസ്‌ലാമിക വിഷയങ്ങളില്‍ മൗലികമായ ഗ്രന്ഥങ്ങള്‍ കെ പി രചിച്ചിട്ടുണ്ട്. ഇബാദത്തും ഇത്വാഅത്തും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതിയാണ്. ഇതിനെ ഖണ്ഡിച്ചുകൊണ്ട് കെ സി അബ്ദുല്ല മൗലവി ഇബാദത്ത് ഒരു സമഗ്രപഠനം എന്ന കൃതി രചിക്കുകയുണ്ടായി. തുടര്‍ന്ന് ഈ രണ്ട് കൃതികളെയും താരതമ്യം ചെയ്ത് ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യം എന്ന ഗ്രന്ഥം എഴുതുകയും ചെയ്തു.
തവസ്സുലും ഇസ്തിഗാസയും, മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍, സൂഫിസം എന്നീ പുസ്തകങ്ങളും കെ പിയുടെ രചനകളാണ്. തഖ്‌ലീദ് ഒരു പഠനം എന്ന വിഖ്യാത കൃതി കെ പിയും എ പി അബ്ദുല്‍ഖാദിര്‍ മൗലവിയും ചേര്‍ന്നെഴുതിയതാണ്. മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണം, ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിയും കുഞ്ഞിമുഹമ്മദ് പറപ്പൂരും ചേര്‍ന്നെഴുതിയ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ എന്നീ ബൃഹത് ഗ്രന്ഥങ്ങളുടെ പരിശോധന നിര്‍വഹിച്ചത് കെ പിയാണ്. അല്‍മനാര്‍ മാസികയുടെ ചീഫ് എഡിറ്ററായും ദീര്‍ഘകാലം കെ പി കര്‍മനിരതനായി.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗണ്‍സില്‍, ഫാക്കല്‍റ്റി എന്നിവയില്‍ കെ പി മെമ്പറായിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമ വൈ.പ്രസിഡന്റ്, കേരള വഖഫ് ബോര്‍ഡ് മെമ്പര്‍, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങി ഒട്ടേറെ പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 75-ാം വയസ്സില്‍, 1996 ജനുവരി 26-ന് പുലര്‍ച്ചെ കോഴിക്കോട്ടെ ഒരു സ്വകാര്യാശുപത്രിയിലായിരുന്നു കെ പി മുഹമ്മദ് മൗലവിയുടെ മരണം. വളവന്നൂര്‍ സിറാജ് മഹല്ലില്‍ കെ പിയുടെ ഭൗതികശരീരം ഖബറടക്കി.  

 
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x