8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

ചരിത്രഗ്രന്ഥങ്ങളിലേക്കൊരു വാതില്‍

മുബാറക് മുഹമ്മദ്‌


സംഘടനകളും സമൂഹവുമെല്ലാം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നവയാണോ? അവയ്ക്ക് ആത്മാവുണ്ടോ? അവ വന്ന വഴികളെങ്ങനെയാണ്? എങ്ങനെയാണ് ഇന്നത്തെ രൂപത്തില്‍ സമൂഹവും സംഘടനകളും എത്തിച്ചേര്‍ന്നത്? അതിനു പിറകിലുള്ള ത്യാഗങ്ങളും ഉരുകി വെളിച്ചമായിത്തീര്‍ന്ന മഹദ് ജീവിതങ്ങളുമുണ്ടോ? അതാരൊക്കെയാണ് എന്നു തുടങ്ങുന്ന ചോദ്യങ്ങള്‍ക്കുള്ള ചെറിയ ചില ഉത്തരങ്ങളാണ് ഹാറൂന്‍ കക്കാട് രചിച്ച ‘ഓര്‍മച്ചെപ്പ് അന്‍പത് മഹാരഥന്മാര്‍’ എന്ന ഗ്രന്ഥം. ശബാബ് വാരികയിലെ ഓര്‍മച്ചെപ്പ് എന്ന കോളത്തില്‍ എഴുതിയ ചരിത്ര കുറിപ്പുകളാണ് ഈ ഗ്രന്ഥത്തിലുള്ളത്.
മുസ്ലിം സാംസ്‌കാരിക, നവോത്ഥാന, സാമൂഹിക, സാഹിത്യ രംഗത്തെ പ്രോജ്വലമാക്കിയ അന്‍പതു മഹാന്‍മാര്‍ ഒറ്റ ഗ്രന്ഥത്തില്‍ എന്നത് അപൂര്‍വതയാണ്, അമൂല്യവുമാണ്. ചരിത്ര രേഖകളിലേക്ക് ഉറ്റുനോക്കി രാവു പകലാക്കിയെടുത്ത് നെയ്‌തെടുത്ത ജീവിതങ്ങളുടെ ഇതിഹാസമാണ് ഈ ഗ്രന്ഥം. ഇത്തരമൊരു പരിശ്രമത്തിലേക്ക് ഇറങ്ങിത്തിരിച്ച ഗ്രന്ഥകാരനെ അഭിനന്ദിക്കാതെ വയ്യ. മൗലാന അബുല്‍കലാം ആസാദിന്റെ ‘റസൂലെ റഹ്മത്’ പരിഭാഷപ്പെടുത്തുമ്പോള്‍ ഇ മൊയ്തു മൗലവിക്ക് എത്ര വയസ്സുണ്ടായിരുന്നു എന്ന് വായിക്കുമ്പോള്‍ നാം ചൂളിപ്പോകേണ്ടതുണ്ട്. അത്ഭുതപ്പെടുത്തുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നവരാണ് മഹാന്മാര്‍ എന്നതിനാല്‍ അത് സ്വാഭാവികം മാത്രമാണു താനും.
ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പ്രയോഗവല്‍ക്കരണങ്ങള്‍ക്കും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച അനേകം നേതാക്കളുടെ ജീവിതം ഗ്രന്ഥത്തിലുണ്ട്. കെ പി മുഹമ്മദ് മൗലവി, കെ ഉമര്‍ മൗലവി, ഡോ. എം ഉസ്മാന്‍ സാഹിബ്, എന്‍ പി അബ്ദുല്‍ ഖാദിര്‍ മൗലവി, കെ കെ മുഹമ്മദ് സുല്ലമി തുടങ്ങിയ നേതാക്കളുടെ ജീവിതത്തിലെ നുറുങ്ങുകളും ത്യാഗ നേരങ്ങളും വായനക്കാരനെ ഓര്‍മകളിലേക്ക് പിന്‍ നടത്തിക്കും. മുസ്ലിം ജീവിതത്തിലെ നവോത്ഥാന ചരിത്രത്തിലെ ഇസ്ലാഹി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രാധാന്യം എത്രത്തോളമെന്ന് ഉണര്‍ത്തുന്നുണ്ട് ഗ്രന്ഥം.
കെ പി യെക്കുറിച്ചുള്ള കുറിപ്പില്‍ ഗ്രന്ഥകാരന്‍ പറയുന്നുണ്ട്, ‘ഇതുപോലൊരു ജനപ്രിയ നേതാവ് അത്യപൂര്‍വമായേ ഏതൊരു സമൂഹത്തിലും ഉദിച്ചുയരാറുള്ളൂ’. ഈ വാക്യം എത്രമാത്രം അര്‍ഥവത്താണെന്നത് അദ്ദേഹത്തിന്റെ വിയോഗാനന്തരമുള്ള ഇസ്ലാഹി ചരിത്രം അറിയുന്നവര്‍ക്ക് വേദനയോടെ ഓര്‍ക്കാന്‍ കഴിയും.
മനോഹരമായ കൈപ്പട കൊണ്ട് അനുഗൃഹീതനായിരുന്ന മങ്കട ഉണ്ണീന്‍ മൗലവി വിശുദ്ധ ഖുര്‍ആന്‍ കൈയെഴുത്തു പ്രതി തയ്യാറാക്കിയിരുന്നു, പി കെ മൂസ മൗലവി ആകാശവാണിയിലെ ശാസ്ത്രീയ സംഗീതത്തിന്റെ സ്ഥിരം ശ്രോതാവായിരുന്നു, ശൈഖ് മുഹമ്മദ് മൗലവി ‘കേരള സര്‍വ വിജ്ഞാനകോശ’ത്തിന്റെ ലേഖകനായിരുന്നു, മത പഠനശേഷം വൈദ്യവൃത്തി പഠിച്ച് പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയ എം കുഞ്ഞോയി വൈദ്യര്‍ എന്ന കെ എന്‍ എം സ്ഥാപക നേതാവ് ഇവിടെ ജീവിച്ചിരുന്നു, കേരളത്തിലെ പള്ളികള്‍ ഇന്‍ഡോ-സാരസന്‍ വാസ്തുശില്പ മാതൃകയിലേക്ക് മാറ്റിയത് ടി പി കുട്ട്യാമു സാഹിബ് എന്ന മുസ്ലിം എന്‍ജിനീയറായിരുന്നു, ശാസ്ത്ര പണ്ഡിതനായിരുന്ന എ എം ഉസ്മാന്‍ സാഹിബിന്റെ സുന്ദരമായ ഇംഗ്ലീഷ് ഖുത്ബകള്‍ ശ്രവിച്ച് നിരവധി ഉന്നത ബിരുദധാരികള്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരായിട്ടുണ്ട് എന്നു തുടങ്ങിയ അപൂര്‍വവും നമ്മുടെ വരുംതലമുറക്ക് ആത്മവിശ്വാസം പകരുന്നതുമായ വിവരങ്ങളുടെ ശേഖരം ഈ ഗ്രന്ഥത്തിലുണ്ട്.
ജീവചരിത്രങ്ങളുടെ മാതൃകയില്‍ എഴുതിയ ഗ്രന്ഥം ചരിത്ര കുതുകികള്‍ക്ക് റഫറന്‍സായോ മറ്റു ബൃഹദ് ഗ്രന്ഥങ്ങളിലേക്കുള്ള വാതിലായോ ഉപയോഗപ്പെടുത്താന്‍ സാധിക്കും. മലയാള സാഹിത്യ ലോകത്തെ മുസ്ലിം പ്രതിനിധാനങ്ങളായ കമല സുരയ്യ, ബേപ്പൂര്‍ സുല്‍ത്താന്‍, അക്ബര്‍ കക്കട്ടില്‍, ടി വി കൊച്ചുബാവ, യു എ ഖാദര്‍ തുടങ്ങിയവരെ കുറിച്ചുള്ള എഴുത്തുകള്‍ ഗ്രന്ഥത്തിലെ ഏറ്റവും മനോഹരമായവയാണ്. അതോടൊപ്പം മാപ്പിള കവികളായ ടി ഉബൈദ്, പുലിക്കോട്ടില്‍ ഹൈദര്‍, പിടി അബ്ദുറഹിമാന്‍ തുടങ്ങിയവരെ കുറിച്ചുള്ള വിവരണങ്ങളുമുള്ള ഈ ഗ്രന്ഥം ഏറെക്കുറെ സമഗ്രമെന്ന് പറയാവുന്നതാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x