29 Sunday
December 2024
2024 December 29
1446 Joumada II 27

കെ ഉമര്‍ മൗലവി ധീരനായ ആദര്‍ശ പ്രബോധകന്‍

ഹാറൂന്‍ കക്കാട്‌

ഓര്‍മച്ചെപ്പ് – 18

ഞങ്ങളുടെ നാട്ടില്‍ നിന്ന് ഇരുവഴിഞ്ഞിപ്പുഴ കടത്തുതോണിയില്‍ മുറിച്ചുകടന്ന് പിന്നെയും ഏതാനും കിലോമീറ്ററുകള്‍ നടന്നുവേണം 1980-കളില്‍ ചേന്ദമംഗല്ലൂര്‍ എന്ന ഗ്രാമത്തിലെത്താന്‍. ജമാഅത്തെ ഇസ്ലാമിയുടെ ശക്തികേന്ദ്രത്തില്‍ അവരുടെ മുഖ്യവിമര്‍ശകനായ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ കെ ഉമര്‍ മൗലവിയുടെ പ്രഭാഷണം നടക്കുകയാണ്. വിഷയം ‘ലാ ഇലാഹ ഇല്ലല്ലാഹു.’ മതത്തിന്റെ മൗലിക വിഷയങ്ങള്‍ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്ന ഉമര്‍ മൗലവിയുടെ മുഖം അന്ന് കൗമാരപ്രായക്കാരായ ഞങ്ങളുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്.
1917 ജൂലായ് 16-ന് മലപ്പുറം വെളിയങ്കോട്ട് അറക്കല്‍ അഹ്മദിന്റെയും കടമ്പാളത്ത് ഫാത്തിമയുടെയും മകനായാണ് ഉമര്‍ മൗലവിയുടെ ജനനം. ആറാം വയസ്സില്‍ നാട്ടിലെ ഓത്തുപള്ളിയില്‍ ചേര്‍ന്നു. പിന്നീട് താനൂര്‍, പരപ്പനങ്ങാടി, കോടഞ്ചേരി, കുമരനല്ലൂര്‍ പള്ളി ദര്‍സുകളിലാണ് മൗലവി പഠിച്ചത്.
ചെറുപ്പത്തില്‍ തന്നെ നവോത്ഥാന ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു ഉമര്‍ മൗലവി. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം മദ്‌റസയില്‍ വിദ്യാര്‍ഥിയായ സമയത്ത് അവിടുത്തെ അധ്യാപകരില്‍ നിന്ന് സാമൂഹിക പരിഷ്‌കര്‍ത്താവായ കെ എം മൗലവിയെ കുറിച്ച് ചില കടുത്ത ആരോപണങ്ങള്‍ കേട്ടു. ഇതിന്റെ നിജസ്ഥിതി അറിയാന്‍ ആരുമറിയാതെ ഉമര്‍ മൗലവി തിരൂരങ്ങാടിയിലെത്തി. ആ സമയം അവിടെ ഇസ്‌ലാഹി പ്രഭാഷണം നടക്കുകയായിരുന്നു. ഇത് ശ്രവിച്ചതോടെ മനസ്സിലുള്ള നവോത്ഥാന ആശയങ്ങള്‍ കൂടുതല്‍ രൂഢമൂലമായി. കെ എം മൗലവിയെ നേരില്‍ കണ്ട് ആരോപണങ്ങളുടെ നിജസ്ഥിതിയറിഞ്ഞു. ശക്തമായൊരു ബന്ധത്തിന് അത് നിമിത്തമായി. അങ്ങനെ തിരൂരങ്ങാടി നൂറുല്‍ ഇസ്ലാം മദ്‌റസയില്‍ അധ്യാപകനാവുകയും കെ എം മൗലവിയുടെ കീഴില്‍ പഠനം തുടരുകയും ചെയ്തു. 1955-ല്‍ സുഊദി അറേബ്യയിലെ കുല്ലിയ്യത്തു ലുഗത്തില്‍ അറബിയ്യ എന്ന സ്ഥാപനത്തില്‍ പഠിതാവാകുകയും 1959-ല്‍ റിയാദ് ഇമാം മുഹമ്മദ് ബ്‌നു സുഊദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടുകയും ചെയ്തു.
കേരളം കണ്ട മികച്ച പരിഷ്‌കര്‍ത്താവായിരുന്നു ഉമര്‍ മൗലവി. ‘ആളെ നോക്കണ്ട; തെളിവ് നോക്കുക’ എന്നതായിരുന്നു മൗലവിയുടെ എക്കാലത്തെയും നിലപാട്. അദ്ദേഹത്തിന്റെ ലേഖനങ്ങളുടേയും പ്രഭാഷണങ്ങളുടേയും ഏറ്റവും ശ്രദ്ധേയമായ സവിശേഷത അവയുടെ കൃത്യമായ സംവേദനക്ഷമത തന്നെയാണ്.
എതിരാളികള്‍ക്ക് പറയാനും എഴുതാനും ഉമര്‍ മൗലവി സ്റ്റേജുകളും പേജുകളും അനുവദിച്ചിരുന്നു എന്നത് അത്യപൂര്‍വമായ ഒരനുഭവമായിരുന്നു. പ്രസംഗവേദികളിലേക്ക് എതിര്‍ചേരിയിലുള്ള വിവിധ വിഭാഗങ്ങളെ ക്ഷണിച്ചുവരുത്തി അവരുടെ ആശയം അവതരിപ്പിക്കാന്‍ അദ്ദേഹം അവസരം നല്‍കും. ശേഷം അതിന് വ്യക്തമായ വിശദീകരണം നല്‍കുന്ന പരിപാടികള്‍ അദ്ദേഹം അനേക സ്ഥലങ്ങളില്‍ സംഘടിപ്പിച്ചു.
സല്‍സബീല്‍ മാസികയുടെ പേജുകള്‍ എപ്പോഴും തുറന്ന സംവാദത്തിനായി മൗലവി നീക്കിവെച്ചു. എതിര്‍ ആശയക്കാര്‍ തനിക്കെതിരെ എഴുതിയ രൂക്ഷമായ വാദങ്ങളും വിമര്‍ശനങ്ങളും ഒരക്ഷരം പോലും വെട്ടിക്കളയാതെ അദ്ദേഹം പ്രാധാന്യത്തോടെ അതില്‍ പ്രസിദ്ധീകരിച്ചു. 1971 ഫെബ്രുവരിയിലാണ് സല്‍സബീല്‍ ആരംഭിച്ചത്. കുറച്ചുകാലം കോഴിക്കോട് നിന്ന് സായാഹ്ന ദിനപത്രമായും പ്രസിദ്ധീകരിച്ചു. വ്യക്തികളുടെ വണ്ണവലിപ്പങ്ങളോ പദവികളോ നോക്കാതെ, അവരുടെ ആശയങ്ങളെ തെളിവിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താനുള്ള സല്‍സബീല്‍ മാസികയുടെ ആഹ്വാനം ജനമനസ്സുകളില്‍ സ്വാധീനം ചെലുത്തി. ഒറ്റയാനായി ഏകദേശം മുപ്പത് വര്‍ഷത്തോളം, ഉമര്‍ മൗലവിയുടെ മരണം വരെ സല്‍സബീല്‍ മുടങ്ങാതെ പ്രസിദ്ധീകരിച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഹൃദ്യമായ സാഹിത്യം പോലെ ഏത് വൈജ്ഞാനിക നിലവാരത്തിലുള്ളവര്‍ക്കും മനസ്സിലാവുന്ന ദുര്‍ഗ്രാഹ്യതയില്ലാത്ത ശൈലിയായിരുന്നു മൗലവിയുടേത്.
സാമൂഹികമാധ്യമങ്ങളും മൊബൈല്‍ ഫോണുമൊന്നും പ്രചാരത്തിലില്ലാത്തതിനാല്‍ തപാല്‍ തന്നെയായിരുന്നു കാര്യമായ വിനിമയോപാധി. ദിവസവും ഒട്ടേറെ കത്തുകള്‍ മൗലവിയെ തേടി തപാലില്‍ എത്തും. ഓരോന്നും സൂക്ഷ്മമായി വായിച്ചു മറുപടിയുമെഴുതും. കടുത്ത വിമര്‍ശനങ്ങളുമായി വരുന്ന എഴുത്തുകള്‍ക്കും അദ്ദേഹം മറുപടിക്കത്ത് എഴുതുമായിരുന്നു.
കേരളത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകളിലൊന്ന് ഉമര്‍ മൗലവിയുടേതാണ്. അറബി മലയാള ഭാഷയില്‍ പുറത്തിറങ്ങിയ പ്രസ്തുത പരിഭാഷ പിന്നീട് മലയാളത്തിലും പ്രസിദ്ധീകരിച്ചു.
ഇര്‍ശാദുല്‍ ഇഖ്‌വാന്‍, നൂറുല്‍ ഈമാന്‍, ജുമുഅ: ഖുത്ബ, ഫാത്വിഹയുടെ തീരത്ത്, ഹജ്ജിന്റെ വിളക്ക്, ഓര്‍മകളുടെ തീരത്ത് തുടങ്ങിയവ മൗലവിയുടെ ശ്രദ്ധേയ കൃതികളാണ്. നവോത്ഥാന ആശയങ്ങളും ഇതര ആദര്‍ശങ്ങളും തമ്മിലുള്ള ആശയ വ്യതിരിക്തതകള്‍ അക്കമിട്ട് വിശദീകരിക്കുന്ന നൂറുകണക്കിന് ലഘുലേഖകള്‍ സന്ദര്‍ഭോചിതം മൗലവി എഴുതി. കേരളത്തില്‍ വിശ്വാസരംഗത്തെ മൗലിക വിപ്ലവങ്ങള്‍ക്ക് ശക്തി പകര്‍ന്ന ഒരു ഘടകമായിരുന്നു അദ്ദേഹത്തിന്റെ ലഘുലേഖകള്‍. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്, പുളിക്കല്‍ ജാമിഅ: സലഫിയ്യയുടെ പ്രഥമ ചാന്‍സലര്‍, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ് പ്രസിഡന്റ്, ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റ്, തിരൂരങ്ങാടി യതീംഖാന മാനേജര്‍ തുടങ്ങി വിവിധ പദവികളില്‍ ഉമര്‍ മൗലവി സേവനമനുഷ്ഠിച്ചിരുന്നു.
കേരളത്തില്‍ മുസ്ലിം ലീഗിന്റെ മൂന്നാമത്തെ ശാഖാ കമ്മിറ്റി രൂപീകരിച്ചത് തിരൂരങ്ങാടിയിലാണ്. ഈ കമ്മിറ്റിയുടെ സെക്രട്ടറി ഉമര്‍ മൗലവിയും പ്രസിഡന്റ് കെ എം മൗലവിയുമായിരുന്നു.
വലിയ ഉദാരമനസ്‌കനായിരുന്നു ഉമര്‍ മൗലവി. പുളിക്കല്‍ പ്രവര്‍ത്തിച്ചിരുന്ന സല്‍സബീലിന്റെ പ്രസ്സ് ഐ എസ് എം മുഖപത്രമായ ശബാബിന് സൗജന്യമായാണ് മൗലവി നല്‍കിയത്.
കുടുംബത്തിലെ എല്ലാവര്‍ക്കും എല്ലാ അര്‍ഥത്തിലും വലിയൊരു അത്താണിയായിരുന്നു അദ്ദേഹം. മൗലവി ഏത് വീട്ടില്‍ എത്തിയാലും കുട്ടികളെ ചേര്‍ത്തുനിര്‍ത്തി പഠനകാര്യങ്ങള്‍ ആരായും. നന്നായി പഠിക്കാന്‍ ഉപദേശിക്കും. ക്ലാസില്‍ ഒന്നാമനാണെങ്കില്‍ അപ്പോള്‍ തന്നെ എന്തെങ്കിലും സമ്മാനം കൊടുക്കും. മികച്ച വിജയം നേടിയവരെ കുടുംബയോഗം വിളിച്ചു അവാര്‍ഡ് നല്‍കും. നാട്ടില്‍ കുടുംബസംഗമങ്ങള്‍ ഒരു ജ്വരമായി വികസിക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ കുടുംബസമിതി രൂപീകൃതമായിരുന്നു.
ധനസമ്പാദനം മൗലവിയുടെ ജീവിതലക്ഷ്യമായിരുന്നില്ല. അത്യാവശ്യങ്ങള്‍ നടക്കുന്നതിനുള്ള ഒരു ഉപാധി എന്നതിനപ്പുറം പണത്തോട് ഒരു പ്രതിപത്തിയും ഉണ്ടായിരുന്നുമില്ല. സമ്പന്നരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലാതെ ആദര്‍ശബന്ധുക്കളോട് ആത്മബന്ധം പുലര്‍ത്തുമായിരുന്നു.
ഇസ്ലാഹി പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രിയപ്പെട്ട നേതാവായിരുന്നു മൗലവി. പ്രസ്ഥാനപ്രവര്‍ത്തകരോട് മൗലവിക്ക് തിരിച്ചും അങ്ങനെത്തന്നെ. കേരളത്തിലുടനീളമുള്ള മുജാഹിദ് മഹല്ലുകളിലും അദ്ദേഹത്തിന് വ്യക്തിബന്ധങ്ങളുണ്ടായിരുന്നു. എഴുത്തുകുത്തുകളിലൂടെ ഈ ബന്ധങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഗ്രാമമെന്നോ പട്ടണമെന്നോ വ്യത്യാസമില്ലാതെ പരിപാടിക്ക് ആര് ക്ഷണിച്ചാലും ദൂരയാത്ര ചെയ്ത് അവിടെ എത്താറുള്ള മൗലവി അവസാനകാലം വരെ പൊതുവാഹനങ്ങളിലാണ് യാത്ര ചെയ്തിരുന്നത്.
പ്രായാധിക്യവും അനാരോഗ്യവും വകവെക്കാതെയുള്ള യാത്രയുടെ പ്രയാസം കണക്കിലെടുത്ത് അദ്ദേഹത്തെ ഏറെ സ്‌നേഹിക്കുന്ന ഒരു പ്രസ്ഥാനബന്ധു അദ്ദേഹത്തിന് ഒരു കാര്‍ നല്‍കുന്നത് വരെ യാത്രകള്‍ മിക്കവാറും ബസിലായിരുന്നു. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ വിവിധ പരിപാടികള്‍ക്കായി മൗലവി ഇടയ്ക്കിടെ യാത്ര ചെയ്യുമായിരുന്നു. ഓരോ യാത്രയിലും ഇടയ്ക്ക് പ്രസ്ഥാനപ്രവര്‍ത്തകരുടെ വീടുകളില്‍ അദ്ദേഹ സര്‍പ്രൈസ് വിസിറ്റ് നടത്തുമായിരുന്നു.
വധഭീഷണി ഉള്‍പ്പടെ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഉമര്‍ മൗലവി ഏഴ് പതിറ്റാണ്ട് ദീര്‍ഘിച്ച പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി നിറഞ്ഞുനിന്നത്. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും എന്നും മൗലവിയുടെ മുഖമുദ്രയായിരുന്നു. ചിന്തയുടെയും പാണ്ഡിത്യത്തിന്റേയും വിഹായസ്സിലേക്ക് ഉയര്‍ന്നുയര്‍ന്നു പറക്കുമ്പോഴും ജീവിതത്തില്‍ ലാളിത്യവും എളിമയും കൈവിടാതിരിക്കാന്‍ മൗലവിക്ക് സാധിച്ചു. ഒരു മേഖലയിലും ആദര്‍ശം ബലികഴിച്ചു കൊണ്ടുള്ള വിട്ടുവീഴ്ചക്കോ ഒത്തുതീര്‍പ്പിനോ മൗലവി തയ്യാറായിരുന്നില്ല.
2000 ഫെബ്രുവരി 24ന്, എണ്‍പത്തിനാലാമത്തെ വയസ്സില്‍ ഉമര്‍ മൗലവി എന്ന ധിഷണാശാലി അന്തരിച്ചു. തിരൂര്‍ക്കാട് സലഫി മസ്ജിദ് ഖബര്‍സ്ഥാനിലാണ് ആ മഹാന്റെ ഭൗതികശരീരം ഖബറടക്കിയത്.

Back to Top