21 Saturday
December 2024
2024 December 21
1446 Joumada II 19

പി എ മുഹമ്മദ് കോയ ‘സുല്‍ത്താന്‍ വീട്ടി’ലെ രാജകുമാരന്‍

ഹാറൂന്‍ കക്കാട്

പത്താംതരം പരീക്ഷ കഴിഞ്ഞ സമയത്ത് എം എസ് എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ചേന്ദമംഗല്ലൂരില്‍ സംഘടിപ്പിച്ച ദശദിന റസിഡന്‍ഷ്യല്‍ ക്യാമ്പില്‍ നിന്ന് പരിചയപ്പെട്ട സി പി മുസാഫര്‍ അഹമ്മദിന്റെ വീട് കാണാന്‍ പോയതായിരുന്നു ഞാനും സുഹൃത്തുക്കളും. 1986 മെയിലെ ഒരു ഞായറാഴ്ചയാണത്. എം എല്‍ എയായിരുന്ന സി പി കുഞ്ഞുവിന്റെ മകനായ മുസാഫര്‍ ഇപ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറാണ്. സംസാരിച്ചുകൊണ്ടിരിക്കേ അവിടേക്ക് കയറിവന്ന മെലിഞ്ഞുനീണ്ട ആളെ സി പി കുഞ്ഞു പരിചയപ്പെടുത്തി: ”ഇതാണ് സുല്‍ത്താന്‍ വീട്ടിലെ രാജകുമാരന്‍.” തീര്‍ത്തും അവിചാരിതമായി, മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ പി എ മുഹമ്മദ് കോയയെ കാണാന്‍ കഴിഞ്ഞ സന്തോഷത്തില്‍ ഞങ്ങള്‍ മതിമറന്നു.
അദ്ദേഹത്തിന്റെ സുല്‍ത്താന്‍ വീട് എന്ന നോവലിന്റെ പശ്ചാത്തലമായ കുറ്റിച്ചിറയും പരിസരവുമൊക്കെ സന്ദര്‍ശിച്ച ശേഷമാണ് ഞങ്ങള്‍ മടങ്ങിയത്. കോഴിക്കോട് നഗരത്തിലെ മിനിക്കിന്റകത്ത് അഹമ്മദ് കോയ മുല്ലയുടെയും പൊന്‍മാണിച്ചിന്റകത്ത് കദീശബിയുടെയും മകനായി 1922 ആഗസ്റ്റ് 10-നാണ് പി എ മുഹമ്മദ് കോയ ജനിച്ചത്. സുല്‍ത്താന്‍ വീട് കൂടാതെ അഭിലാഷം, സ്‌പോര്‍ട്‌സ്‌മേന്‍, ദ്വീപുകാരന്‍, സുറുമയിട്ട കണ്ണുകള്‍, ടാക്‌സി എന്നിവയാണ് പി എ മുഹമ്മദ് കോയയുടെ പ്രധാന കൃതികള്‍.
1945-ല്‍ പൗരശക്തി പത്രാധിപ സമിതിയിലാണ് പി എ മുഹമ്മദ് കോയ പത്രപ്രവര്‍ത്തന ജീവിതത്തിന് തുടക്കമിട്ടത്. എന്നാല്‍ അദ്ദേഹത്തിലെ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും വികാസം പ്രാപിച്ചത് ചന്ദ്രികയിലെ പ്രവര്‍ത്തന കാലത്താണ്. ചന്ദ്രികയിലേക്ക് കൊണ്ടുവന്നത് സി എച്ച് മുഹമ്മദ് കോയയായിരുന്നു. ഇടതുപക്ഷ സഹയാത്രികനാണെന്നറിഞ്ഞിട്ടും പുതുതായി ആരംഭിക്കുന്ന ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ചുമതല അദ്ദേഹത്തെയാണ് സി എച്ച് ഏല്‍പ്പിച്ചത്. മതവും ചരിത്രവും സംസ്‌കാരവും സാഹിത്യവും സ്‌പോര്‍ട്‌സും കലയും നാടകവും തുടങ്ങി ഒരു സമ്പൂര്‍ണ വാരികയ്ക്ക് വേണ്ട എല്ലാ വിഭവങ്ങളും മിക്കവാറും പല പേരുകളിലായി എഴുതിയിരുന്നത് പി എ ആയിരുന്നു. ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ചന്ദ്രികയില്‍ നിന്ന് പിരിയേണ്ടിവന്ന പി എ പിന്നീട് വിപ്ലവം പത്രം, ദേശാഭിമാനി, മനോരമയിലെ കളിയെഴുത്ത്, എല്‍ ഐ സി ഏജന്റ്, കാലിച്ചാക്ക് കച്ചവടം എന്നിവയിലൂടെ കറങ്ങിത്തിരിഞ്ഞ് വീണ്ടും ചന്ദ്രികയില്‍ തന്നെ ന്യൂസ് എഡിറ്റര്‍ പദവിയില്‍ തിരിച്ചെത്തി.
എല്ലാ വിഷയങ്ങളിലും അസാമാന്യ ജ്ഞാനമുണ്ടായിരുന്ന പി എയോട് മത വിഷയങ്ങളില്‍ പോലും സി എച്ച് സംശയ നിവാരണം നടത്താറുണ്ടായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഥകള്‍ എഴുതിക്കൊണ്ടാണ് പി എ മുഹമ്മദ് കോയ സര്‍ഗാത്മക ജീവിതത്തില്‍ കൂടുതല്‍ സജീവമായത്. നൂറ് പേര്‍ വരെ താമസിച്ചിരുന്ന കുറ്റിച്ചിറയിലെ പൊന്‍മാണിച്ചിന്റകത്ത് വീട്ടിലെ മാസവരുമാനമുള്ള ഏതാനും പേരിലൊരാളായി ജീവിതം തള്ളിനീക്കുന്നതിനിടെ, പി എക്ക് ടൈഫോയ്ഡ് രോഗം ബാധിച്ചു. സാമ്പത്തികമായ പരാധീനതകള്‍ ആരെയും അറിയിക്കാന്‍ ഇഷ്ടമില്ലാത്ത പ്രകൃതമായിരുന്നു പി എയുടേത്. ‘കഥ എഴുതി കടം വീട്ടിയാല്‍ മതി’ എന്ന അറിയിപ്പോടെ മാതൃഭൂമി പത്രാധിപര്‍ എന്‍ വി കൃഷ്ണവാരിയര്‍ രണ്ടായിരം രൂപ അദ്ദേഹത്തിന് കൊടുത്തയച്ചു. ഇന്നത്തെ അര ലക്ഷം രൂപയുടെ മൂല്യമുണ്ടതിന് അക്കാലത്ത്.
സുല്‍ത്താന്‍ വീട് എന്ന ക്ലാസിക്ക് കൃതിയാണ് പി എ മുഹമ്മദ് കോയയെ പ്രശസ്തനാക്കിയത്. ഇതിഹാസ സമാനമായ ഒരു നോവലാണിത്. കോഴിക്കോട് നഗരത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ തെക്കേപ്പുറത്തിന്റെ സാമൂഹിക ജീവിതത്തില്‍ സ്വയം സന്നിവേശിച്ച്, ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചിന്തകള്‍ ഉണര്‍ന്നുവന്ന കാലഘട്ടവുമായി ഇഴചേര്‍ത്ത് രചിച്ച സുല്‍ത്താന്‍ വീട് എന്ന നോവല്‍ ശ്രദ്ധേയമായ രചനയാണ്. 1928 മുതല്‍ 1948-ല്‍ സ്വാതന്ത്ര്യത്തിന്റെ കാറ്റ് ഏല്‍ക്കും വരെയുള്ള ഒരു കാലഘട്ടത്തിലെ ജനവിഭാഗത്തെയും സമൂഹത്തെയും 1971-ല്‍ എത്രമേല്‍ ഹൃദ്യമായാണ് നോവലില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്! ഒരു തറവാടിന്റെ കഥ ഒരു ദേശത്തിന്റേതാക്കി മാറ്റി അതുവഴി ഒരു സമൂഹത്തിന്റെ ചരിത്രവും ശാസ്ത്ര പഠനവുമാക്കിയ വിസ്മയ രചനയാണിത്. സുല്‍ത്താന്‍ വീടിന്റെ ആമുഖത്തിന് ‘പടിപ്പുര’ എന്നാണ് പി എ മുഹമ്മദ് കോയ പേര് നല്‍കിയത്. തറവാട്ടിലെ കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് മുമ്പ് നഗരത്തെയും നഗര ചരിത്രത്തേയും തെരുവുകളേയും അവയുടെയെല്ലാം പൈതൃകങ്ങളേയും വായനക്കാര്‍ക്ക് അദ്ദേഹം ലളിതമായി പരിചയപ്പെടുത്തിയിട്ടുണ്ട്.
മുസ്ലിം സമുദായത്തിലെ ദുരാചാരങ്ങളിലേക്കും ദുരനുഭവങ്ങളിലേക്കും വിരല്‍ചൂണ്ടുന്നതാണ് പി എ മുഹമ്മദ് കോയയുടെ ‘സുറുമയിട്ട കണ്ണുകള്‍’ എന്ന നോവല്‍. ഒരു കാലത്ത് കോഴിക്കോടന്‍ കടലോരദേശങ്ങളില്‍ കണ്ടുവന്ന അറബിക്കല്യാണങ്ങളുടെ കഥ പറയുന്ന ഈ നോവല്‍ 1964-ല്‍ ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. സമൂഹത്തിന്റെ നന്മയും അഭിവൃദ്ധിയും മുമ്പില്‍ കണ്ടുകൊണ്ടുള്ള സര്‍ഗ സൃഷ്ടികളാണ് പി എയുടെ തൂലികയില്‍ നിന്ന് പിറന്നത്. സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള പുരോഗതിയായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിന്റെ ആകെത്തുക. മനുഷ്യന്റെ മണമുള്ള നോവലുകളും കാലത്തോട് കലഹിക്കുന്ന കഥകളുമാണ് പി എയുടെ രചനാ സവിശേഷത.
കേരള രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളെ പറ്റി നല്ല ജ്ഞാനമുണ്ടായിരുന്ന പി എ ആനുകാലികങ്ങളില്‍ കാമ്പുള്ള നിരവധി രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതിയിരുന്നു. എല്ലാം അക്കാലങ്ങളില്‍ സജീവ ചര്‍ച്ചയായ സൃഷ്ടികളായിരുന്നു. മലയാളത്തിലെ ആദ്യത്തെ കളിയെഴുത്തുകാരനായിരുന്നു പി എ മുഹമ്മദ് കോയ. മലയാളത്തില്‍ കളിയെഴുത്ത് ഒരു സാഹിത്യശാഖയായി വികസിപ്പിച്ചത് അദ്ദേഹമാണ്. ഹാരിസ്, പി എ എന്നീ പേരുകളില്‍ ചന്ദ്രിക ദിനപ്പത്രത്തിലാണ് അദ്ദേഹം കളിയെഴുത്ത് തുടങ്ങിയത്. പിന്നീട് അദ്ദേഹത്തിലെ പ്രതിഭയുടെ ആഴം തിരിച്ചറിഞ്ഞ എന്‍ വി കൃഷ്ണവാരിയര്‍ മാതൃഭൂമിയില്‍ കളിയെഴുത്ത് പംക്തിക്ക് പി എയെ ചുമതലപ്പെടുത്തുകയായിരുന്നു. പില്‍ക്കാലത്ത് പ്രശസ്തിയാര്‍ജിച്ച മുഷ്താഖ് എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത് മാതൃഭൂമിയില്‍ കളിയെഴുത്ത് പംക്തി തുടങ്ങിയപ്പോഴാണ്. ക്രിക്കറ്റിലെ ഇതിഹാസമായ മുഷ്താഖ് അലിയോടുള്ള ബഹുമാനാദരവുകളാണ് ഈ തൂലികാനാമം സ്വീകരിക്കാനുള്ള കാരണം. മനോരമ, ദേശാഭിമാനി, പൗരശക്തി, വിപ്ലവം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം സ്‌പോര്‍ട്‌സ് ലേഖനങ്ങള്‍ എഴുതിയിരുന്നു.
മലയാളത്തില്‍ ആദ്യമായി റേഡിയോയില്‍ ഫുട്‌ബോള്‍ ദൃക്‌സാക്ഷി വിവരണം നല്‍കിയതും ഇതേ മുഷ്താഖ് തന്നെയായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച കമന്റേറ്ററായ മെല്‍വിന്‍ ഡിമെല്ലോയുടെ കീഴില്‍ പരിശീലനം നേടുകയും 1967-ല്‍ ബാംഗ്ലൂരില്‍ വെച്ച് ഇംഗ്ലീഷ് ഭാഷയില്‍ കമന്ററി നടത്തുകയും ചെയ്ത മുഷ്താഖ് എല്ലാവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ മികച്ച പ്രതിഭയാണ്.
ലോകത്തിലെ വിവിധ ഭാഷാ കുടുംബങ്ങള്‍ അന്യോന്യം കൈമാറിയ ഒട്ടേറെ പദങ്ങളെ കുറിച്ച് ഗവേഷണം നടത്തിയ പണ്ഡിതനാണ് പി എ. ഏത് ഭാഷയിലെ ഒരു വാക്ക് കേട്ടാലും അതിന്റെ പിന്നാമ്പുറം ചൂഴ്ന്ന് അന്വേഷിക്കും. പദത്തിന്റെ ഉല്‍പത്തിയും ദേശവും കൃത്യമായി ചികഞ്ഞെടുക്കും. അങ്ങനെയുള്ള അറിവിന്റെ വലിയൊരു നിധിയായിരുന്നു പി എ. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ‘വാക്കുകള്‍ക്ക് പിന്നില്‍’ എന്നൊരു പ്രത്യേക പംക്തി അദ്ദേഹം ഇവ്വിഷയകമായി എഴുതിയിരുന്നു.
എം ടി വാസുദേവന്‍ നായരും പി എയും വലിയ ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നു. രണ്ടു പേരും വ്യത്യസ്ത പത്രസ്ഥാപനങ്ങളിലാണ് ജോലി ചെയ്തിരുന്നത് എങ്കിലും സ്ഥിരമായി കണ്ടുമുട്ടി എഴുതിയ കഥകള്‍ കാണിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യുമായിരുന്നു. തന്റെ പ്രതിഭാധനതയുടെ ആഴത്തിനും തിളക്കത്തിനും അനുസരിച്ച് അര്‍ഹതപ്പെട്ടതൊന്നും നേടാതെയാണ് പി എ മുഹമ്മദ് കോയ എന്ന ധിഷണാശാലി മലയാള സാഹിത്യകാരന്മാര്‍ക്കിടയില്‍ നിന്ന് യാത്രയായത് എന്നത് വലിയ സങ്കടമാണ്. അറുപത്തിയൊമ്പതാമത്തെ വയസ്സില്‍, 1990 നവംബര്‍ 26-ന് ഹൃദ്രോഗബാധയെ തുടര്‍ന്നായിരുന്നു പി എ മുഹമ്മദ് കോയയുടെ മരണം. കോഴിക്കോട് വെസ്റ്റ്ഹില്‍ ഭാഗത്തെ തോപ്പയില്‍ ഖബര്‍സ്ഥാനില്‍ ഭൗതികശരീരം ഖബറടക്കി.

Back to Top