2 Tuesday
December 2025
2025 December 2
1447 Joumada II 11

ക്ഷേമപ്രവര്‍ത്തനങ്ങളുടെ കൂട്ടുകാരന്‍ തോട്ടത്തില്‍ റഷീദ് വിടവാങ്ങി

ജന്മം കൊണ്ട് കണ്ണൂര്‍ ജില്ലക്കാരനാണെങ്കിലും ബിസിനസ് ആവശ്യാര്‍ഥം കോഴിക്കോട് വന്ന് കോഴിക്കോട്ടുകാരുടെ എല്ലാമെല്ലാമായി മാറിയ തോട്ടത്തില്‍ റഷീദ് നിര്യാതനായി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തു പകരം വെക്കാന്‍ മറ്റൊരാളില്ലാത്ത വിധം സജീവമായിരുന്നു അദ്ദേഹം. നന്മകള്‍ എവിടെയുണ്ടെങ്കിലും അതിനോട് ലയിച്ചുചേര്‍ന്ന് അതിന്റെ പൂര്‍ത്തീകരണം വരെ അതോടൊപ്പം നില്‍ക്കുന്ന പ്രകൃതക്കാരനായിരുന്നു. ആരെ കണ്ടാലും പുഞ്ചിരിയോടെ മാത്രം സ്വീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്ഥാപനത്തിലെ ജോലിക്കാരായാലും ക്ഷേമപ്രവര്‍ത്തനത്തില്‍ കൂടെയുള്ളവരായാലും ദേഷ്യത്തോടെ പെരുമാറിയ ഒരു രംഗം ഓര്‍ക്കാന്‍ ഇല്ല. ഭക്ഷണം, വസ്ത്രം, രോഗം, ചികിത്സ, പാര്‍പ്പിടം, വിദ്യാഭ്യാസം, വിധവ-അനാഥ സംരക്ഷണം തുടങ്ങിയ രംഗങ്ങളിലും ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിലും ദഅ്‌വാ രംഗത്തും റഷീദ് സജീവമായി ഇടപെട്ടു. മതമോ ജാതിയോ രാഷ്ട്രീയ- സംഘടനാ താല്‍പര്യങ്ങളോ ഒന്നും തന്നെ അദ്ദേഹം പരിഗണിക്കാറുണ്ടായിരുന്നില്ല. ആവശ്യക്കാരനാണോ എന്നത് മാത്രമായിരുന്നു മാനദണ്ഡം.
സാധാരണയായി ബിസിനസ്സുകാര്‍ ക്ഷേമ, ദഅവാ പ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തികമായി സഹകരിക്കാറുണ്ടെങ്കിലും ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തയ്യാറാകാറില്ല. എന്നാല്‍ റഷീദ് സാമ്പത്തികമായി മാത്രമല്ല ശാരീരികമായും ഇറങ്ങിത്തിരിച്ചു. അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ട സഹായം ആവശ്യമുള്ള കേസ് എന്താണോ അത് പൂര്‍ത്തിയാക്കി കൊടുക്കുന്നത് വരെ അദ്ദേഹം ഒരു മടിയും കൂടാതെ അതിന്റെ പിന്നാലെ ഉണ്ടാകും.
ഇടപെടുന്ന രംഗത്തു പുതിയ ആശയങ്ങള്‍ കൊണ്ടുവരാനും അത് നടപ്പാക്കാനും അതീവ തല്പരനായിരുന്നു. വിവിധ സംഘടനകള്‍, കമ്മിറ്റികള്‍ തമ്മില്‍ ഉള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അദ്ദേഹം മുന്‍കൈ എടുക്കാറുണ്ട്. ബിസിനസ് തിരക്കിനിടയിലും മണിക്കൂറുകള്‍ അദ്ദേഹം ഇതിനായി മാറ്റിവെക്കും. ഉത്തരേന്ത്യയിലേക്കുള്ള ബിസിനസ്സ് യാത്രകളില്‍ അവിടത്തെ പരിതാപകരമായ അവസ്ഥ ശ്രദ്ധയില്‍ പെട്ട അദ്ദേഹം പിന്നോക്കം നില്‍ക്കുന്ന ഗ്രാമീണര്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, സ്‌കൂള്‍ സ്ഥാപിക്കല്‍ തുടങ്ങി എല്ലാത്തിനും പരിശ്രമിച്ചു.
ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ 10 വയസു വരെ പ്രായമുള്ള ഹൃദയ സംബന്ധമായ രോഗമുള്ള കുട്ടികള്‍ക്ക് സര്‍ജറി ചെയ്യുന്ന സുഹൃദയ പദ്ധതി, ലുക്കിമിയ, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് താമസിച്ചു കൊണ്ട് തുടര്‍ ചികിത്സ നടത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തു നടത്തുന്ന കെയര്‍ ഹോം, പാവപ്പെട്ടവര്‍ക്കും പ്രത്യേകിച്ചും ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും വീട് നിര്‍മിച്ചു കൊടുക്കാന്‍ റൂഫ് പദ്ധതി, കിഡ്‌നി രോഗ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ സൗജന്യമായി രോഗനിര്‍ണയം നടത്തുന്നതിനു കീ പദ്ധതി, നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായവര്‍ക്കു വേണ്ടി തുടങ്ങാന്‍ പോകുന്ന റിഹാബ് പദ്ധതി എല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തന രംഗത്തെ ഏതാനും ചില ഉദാഹരണങ്ങള്‍ ആണ്.
ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ അദ്ദേഹത്തിന്റെ സ്വന്തം സ്ഥാപനമായ തോട്ടത്തില്‍ ടെക്‌സ്‌റ്റൈല്‍സ് സൗജന്യമായി നല്‍കുന്ന കലണ്ടറില്‍ അതിനെ കുറിച്ചുള്ള ആരോഗ്യ ടിപ്‌സ്, ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍ കോഴിക്കോട് മാവൂര്‍ റോഡില്‍ തരിശായി കിടന്നിരുന്ന സ്ഥലത്തു ജൈവ കൃഷി ആരംഭിക്കാന്‍ നേതൃത്വം കൊടുക്കല്‍ തുടങ്ങി സാമൂഹ്യക്ഷേമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാമ്പത്തികമായും ശാരീരികമായും പൂര്‍ണമായും പങ്കെടുത്തു. മറ്റുള്ളവരെ പങ്കെടുപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും അതിനു പ്രത്സാഹനം നല്‍കുകയും ചെയ്തു എന്നതും എടുത്തു പറയേണ്ടതാണ്.
പള്ളികമ്മറ്റികള്‍, വ്യപാര വ്യവസായ കമ്മിറ്റികള്‍, നിരവധി ചാരിറ്റി ട്രസ്റ്റുകള്‍ തുടങ്ങി ഒട്ടനേകം രംഗങ്ങളില്‍ രേഖപ്പെടുത്തലുകള്‍ നടത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം അല്ലാഹു അമലുസ്സ്വാലിഹാത്ത് ആയി സ്വീകരിക്കട്ടെ. അദ്ദേഹത്തിന്റെ വിയോഗം കാരണം പ്രയാസപ്പെടുന്ന കുടുംബാംഗങ്ങള്‍ക്കു മനശ്ശാന്തി നല്‍കട്ടെ (ആമീന്‍)
കെ വി നിയാസ് കല്ലായ്‌

Back to Top