27 Sunday
July 2025
2025 July 27
1447 Safar 1

ഒരേ കൊടി രണ്ട് യുക്തി

അഹ്മദ് തമീം

കേരളം കഴിഞ്ഞ വാരം സമരമുഖരിതമായിരുന്നു. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നേരെ പലയിടങ്ങളിലും കരിങ്കൊടികളുയര്‍ന്നു. എന്നാല്‍ ആ രണ്ടു കരിങ്കൊടികളും ഒരേ തരത്തിലല്ല പരിഗണിക്കപ്പെട്ടത്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് കേട്ടുകേള്‍വിയില്ലാത്തവിധം തരംതാണിരിക്കുന്നു. ഗവര്‍ണറുടെ പെരുമാറ്റം തന്റെ പദവിക്ക് ചേര്‍ന്നതല്ലെന്നതിനപ്പുറം രാഷ്ട്രീയ നാടകമായി അരങ്ങ് തകര്‍ക്കുന്നു.
മുഖ്യമന്ത്രിയെയും വിദ്യാര്‍ത്ഥികളെയും ഒരു പ്രദേശത്തെ ജനങ്ങളെ തന്നെയും മോശമായ ഭാഷയില്‍ പരാമര്‍ശിക്കുക, എസ് എഫ് ഐ എന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തെ പരസ്യമായി വെല്ലുവിളിച്ച് അവര്‍ തനിക്കെതിരെ ഉയര്‍ത്തിയ ബാനറുകള്‍ അഴിച്ചുമാറ്റാന്‍ മുറവിളി കൂട്ടുക, സര്‍ക്കാരിനെത്തന്നെ വെല്ലുവിളിക്കുംവിധം തെരുവിലൂടെ സഞ്ചരിക്കുക, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെയും വൈസ് ചാന്‍സലറെയും പരസ്യമായി ശാസിക്കുക, ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ചെയ്തികള്‍.
ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിക്കുന്നതും പ്രതിഷേധ ബാനറുകള്‍ കെട്ടുന്നതും തികച്ചും ജനാധിപത്യപരം തന്നെ. അതില്‍ ഗവര്‍ണര്‍ കലഹിക്കേണ്ട കാര്യവുമില്ല. എസ് എഫ് ഐ, ഡി വൈ എഫ് ഐ പോലുള്ള സംഘടനകളാണ് ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. ന്യായമായ ഈ പ്രതിഷേധം എല്ലാവരും വകവെച്ചു നല്കി. എന്നല്‍, യൂത്ത് കോണ്‍ഗ്രസുകാര്‍ തങ്ങലുടെ ജനാധിപത്യവകാശം വിനിയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചപ്പോള്‍ ഡി വൈ എഫ് ഐ ഗുണ്ടാപ്പടയായി മാറിയതും നാം കണ്ടു.
സര്‍ക്കാരിനെതിരെ ഇത്തരം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ മറ്റുള്ളവര്‍ക്കും ഭരണഘടനാദത്തമായ അവകാശമുണ്ടെല്ലോ. പ്രതിപക്ഷം അതിന് തുനിയുമ്പോള്‍ എന്തിനാണ് സര്‍ക്കാരും സി.പി.എമ്മും അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്? എന്തിനാണ് പോലീസും ഡി.വൈ.എഫുകാരും ചേര്‍ന്ന് അത്തരക്കാരെ കായികമായി നേരിടുന്നത്? മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിക്കുന്നത് തടയാനും അവര്‍ക്കെതിരെയുള്ള ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യാനും പൊലീസ് കാണിക്കുന്ന ശുഷ്‌ക്കാന്തി അതേ അളവില്‍ ഗവര്‍ണക്കെതിരെയുള്ള കരിങ്കൊടി പ്രകടനങ്ങള്‍ തടയാനും പോസ്റ്ററുകള്‍ നീക്കം ചെയ്യാനും കാണിക്കേണ്ടതല്ലേ? എന്നാല്‍ കാര്യങ്ങളുടെ പോക്ക് മറ്റൊരു രീതിയിലാണ്. ഗവര്‍ണര്‍ക്കെതിരെയുള്ള തങ്ങളുടെ കരിങ്കൊടി പ്രകടനം ജനാധിപത്യപരവും തങ്ങള്‍ക്കെതിരെ മറ്റുള്ളവര്‍ നടത്തുന്നത് അക്രമപ്രവര്‍ത്തനവുമാണെന്ന യുക്തിയാണ് സി.പി.എമ്മും ഇടതുപക്ഷ സര്‍ക്കാരും പുലര്‍ത്തുന്നത്. ഓരോരുത്തര്‍ക്കും തരാതരം പോലെ അണിയാനാവുന്ന തൊപ്പിയായി ജനാധിപത്യം മാറിയിരിക്കുന്നു എന്നാണ് ഇത് നല്‍കുന്ന സൂചന.

Back to Top