4 Friday
April 2025
2025 April 4
1446 Chawwâl 5

പ്രതിപക്ഷം കരുത്ത് കാണിക്കണം


ദേശീയ രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ അഭിമുഖീകരിക്കാന്‍ കോണ്‍ഗ്രസ് മടികാണിക്കുന്നുണ്ടോ എന്നതാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. മാസങ്ങള്‍ക്കു മാത്രം മുന്‍പു നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷാ നിര്‍ഭരമായ തിരിച്ചുവരവാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ‘ഇന്‍ഡ്യാ’ മുന്നണി നടത്തിയിരുന്നത്. രാജ്യത്തെ മതേതര വിശ്വാസികള്‍ മുഴുവന്‍ ആ തിരഞ്ഞെടുപ്പു ഫലം ആശ്വാസത്തോടെയാണ് നോക്കിക്കണ്ടത്. എന്നാല്‍, തുടര്‍ന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അത്ര ആശ്വാസകരമായ ഫലങ്ങളല്ല സമ്മാനിച്ചിട്ടുള്ളത്. ഹരിയാനയില്‍ വാനോളം ഉയര്‍ന്ന പ്രതീക്ഷ നിമിഷനേരം കൊണ്ട് തകര്‍ന്നടിഞ്ഞതു നാം കണ്ടു.
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഒട്ടേറെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് നേരിട്ടത്. മഹാവികാസ് അഘാഡിയിലെ സഖ്യ കക്ഷികളായ എന്‍ സി പി യും ശിവസേനയും ബി ജെ പിയുടെ കുതന്ത്രത്താല്‍ പിളര്‍ക്കപ്പെട്ടു. ഈ പിളര്‍പ്പുകള്‍ക്ക് ജനം വോട്ടിലൂടെ മറുപടി നല്‍കും എന്ന പ്രതീക്ഷ മഹാവികാസ് അഘാഡിക്ക് ഉണ്ടായിരുന്നു.
2019 ല്‍ മഹാവികാസ് അഘാഡിയുടെ ഭാഗമായാണെങ്കിലും ബി ജെ പിയേക്കാള്‍ സീറ്റു നേടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിരുന്നു. എന്നാല്‍, ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളായ എന്‍ സി പിക്കും ശിവസേനക്കും പിറകിലാണ് കോണ്‍ഗ്രസ് എന്ന കാര്യം ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗസിന്റെ നിലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇന്‍ഡ്യാ സഖ്യം വിജയം നേടിയ ജാര്‍ഖണ്ഡില്‍ പോലും കോണ്‍ഗ്രസിന്റെ നില അത്ര ശുഭകരമല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ അത്ര തന്നെ എണ്ണം സീറ്റുകള്‍ നിലനിര്‍ത്താനേ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടുള്ളൂ. ജെ എം എമ്മാകട്ടെ എന്‍ ഡി എ ആകെ നേടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടി ഞെട്ടിച്ചു.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പുനര്‍വിചിന്തനം നടത്തിയേ മതിയാവൂ. മഹാവികാസ് അഘാഡിയിലെ ഘടകകഷികളുമായി പേശി മഹാരാഷ്ട്രയില്‍ 102 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ചിരുന്നു. വെറും 16 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് അവിടെ വിജയിക്കാനായത്. രാഷ്ട്രീയ വ്യക്തതയോടെ ബി ജെ പിക്കെതിരെയുള്ള വിജയം മാത്രം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യം ഉയരേണ്ടതുണ്ട്.
കടുത്ത വര്‍ഗീയതയും വിദ്വേഷവുമായിരുന്നു മഹാരാഷ്ട്രയില്‍ ബി ജെ പി പയറ്റിയത്. 35ലധികം ആര്‍ എസ് എസ് സംഘടനകള്‍ സംസ്ഥാനത്ത് പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. ഹിന്ദു വോട്ടുകളെ ഏകീകരിക്കലായിരുന്നു അവര്‍ ലക്ഷ്യമിട്ടത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റു മാത്രം നേടാനായ ബി ജെ പി 288 ല്‍ 132 സീറ്റും നേടിയാണ് നിയമസഭയില്‍ കരുത്തു കാട്ടിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയതിന്റെ പകുതി സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിനായില്ല. ഒപ്പം ശരത് പവാറിന്റെ എന്‍സിപിയെയും ഉദ്ദവ് താക്കറെയുടെ ശിവസേനയെയും ഏക്‌നാഥ് ഷിന്‍ഡെയും അജിത് പവാറും പരാജപ്പെടുത്തിയത് മഹാരാഷ്ട്രയിലെ മറ്റൊരു വലിയ രാഷ്ട്രീയ തീരുമാനം കൂടിയായി. പാര്‍ടി പിളര്‍ത്തിയ ഏക്‌നാഥ് ഷിന്‍ഡെക്കും അജിത് പവാറിനും ഉള്ള തിരിച്ചടിയായി തെരഞ്ഞെടുപ്പ് മാറുമെന്ന മഹാവികാസ് അഖാഡിയുടെ പ്രതീക്ഷകള്‍ ഫലിച്ചില്ല. ബിജെപിയെ സംബന്ധിച്ച് വലിയ വിജയം തന്നെയാണ് ഹരിയാന പോലെ മഹാരാഷ്ട്രയിലും ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ വലിയ ശക്തിയായി ബിജെപി വളരുന്നു എന്ന പ്രത്യേകത കൂടി ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന സൂചനയാണ്.
രാഷ്ട്രീയമായി ബി ജെ പിക്ക് ഇതു സമ്മാനിക്കുന്ന ആത്മവിശ്വാസം ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കും. നിതീഷ്‌കുമാറും ചന്ദ്രബാബു നായിഡുവുമൊന്നും ഇനി മറുകണ്ടം ചാടുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ പിന്നേക്കു നീട്ടി വെച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, യൂനിഫോം സിവില്‍ കോഡ് തുടങ്ങിയ ലക്ഷ്യങ്ങളിലേക്കു കൂടി ബി ജെ പി കൈവെക്കാന്‍ ധൈര്യപ്പെട്ടേക്കും. രാഷ്ട്രീയമായി ബി ജെ പിയെ എതിരിടുന്നതിന് ഇനിയും സാധ്യമായില്ലെങ്കില്‍ മത്സരിക്കാന്‍ പോലും പാര്‍ടികളില്‍ ആളുകളുണ്ടായിക്കൊള്ളണമെന്നില്ല എന്നു പ്രതിപക്ഷ നിര മനസിലാക്കിയാല്‍ നന്ന്.