27 Saturday
July 2024
2024 July 27
1446 Mouharrem 20

പ്രതിപക്ഷം വിജയിക്കുമോ?


രാജ്യം പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുകയാണ്. മത്സരത്തിനു വേണ്ടി ആരെയെങ്കിലും നിര്‍ത്തുന്നതിനു പകരം ജയിക്കാന്‍ വേണ്ടി ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുക എന്ന നയത്തിലാണ് ഇത്തവണ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുള്ളത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ പ്രസിഡന്റ് സ്ഥാനാര്‍ഥി എന്ന ലേബലിലാണ് ബി ജെ പിയുടെ ദ്രൗപദി മുര്‍മു മത്സരരംഗത്തുള്ളത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥി മുന്‍ ബി ജെ പി നേതാവ് കൂടിയായ യശ്വന്ത് സിന്‍ഹയാണ്. വാജ്‌പേയി മന്ത്രിസഭയിലെ അംഗമായിരുന്നു അദ്ദേഹം. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്‍ഹ, 1984ല്‍ ഐ എ എസ് രാജിവെച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. രാഷ്ട്രീയരംഗത്തെ സീനിയോറിറ്റിയും പ്രവര്‍ത്തന പരിചയവും കൊണ്ട് പ്രതിപക്ഷ സ്ഥാനാര്‍ഥി മുമ്പില്‍ തന്നെയാണ്.
2024ലാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. അതിനു മുന്നോടിയായി ബി ജെ പി വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഐക്യം എന്നത് മതേതര ഇന്ത്യ ആഗ്രഹിക്കുന്ന ഒന്നാണ്. അതിലേക്കുള്ള ചുവടുവെപ്പായി ഈ രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ വിലയിരുത്താനാവുമോ എന്നതാണ് ചോദ്യം. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, തൃണമൂല്‍, എസ് പി, ആര്‍ ജെ ഡി, ഇടതുപക്ഷ പാര്‍ട്ടികള്‍, പ്രാദേശിക കക്ഷികള്‍ തുടങ്ങിയ 17 പാര്‍ട്ടികള്‍ ഒന്നിച്ചുചേര്‍ന്നാണ് പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്ത് ഫലം ലഭിച്ചാലും ഈ ഐക്യനിര പ്രതീക്ഷ നല്‍കുന്നതാണ്. 2024ല്‍ ബി ജെ പിയെ തറപറ്റിക്കാന്‍ ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ ഐക്യനിരയ്ക്ക് സാധിക്കും എന്നത് തീര്‍ച്ചയാണ്. ഓരോ മണ്ഡലവും പ്രത്യേകമായെടുത്ത് ബി ജെ പിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാനുള്ള പ്രായോഗിക തന്ത്രങ്ങളും വിട്ടുവീഴ്ചകളും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുണ്ടാവേണ്ടതുണ്ട്.
പ്രത്യയശാസ്ത്ര പിടിവാശികളും വല്യേട്ടന്‍ മനോഭാവവും ദേശീയ പാര്‍ട്ടികളാണെന്നതിന്റെ അനാവശ്യ നടപടിക്രമങ്ങളും എല്ലാം മാറ്റിവെച്ചാണ് ഈ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് കാര്യങ്ങള്‍ തീരുമാനിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമത ബാനര്‍ജിയാണ് യോഗത്തിനു നേതൃത്വം കൊടുത്തത്. പങ്കെടുക്കാന്‍ കോണ്‍ഗ്രസിനോ ഇടതു പാര്‍ട്ടികള്‍ക്കോ വൈമനസ്യമുണ്ടായിട്ടില്ല. അടിയന്തര സാഹചര്യം വന്നാല്‍ ഒരുമിച്ചിരിക്കാമെന്ന സന്ദേശം തന്നെയാണ് യശ്വന്ത് സിന്‍ഹയുടെ സ്ഥാനാര്‍ഥിത്വം നല്‍കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്ന മറ്റ് സ്ഥാനാര്‍ഥികളെ കൂടി പരിശോധിക്കുമ്പോഴാണ് ഐക്യനിര കാണിച്ച ജനാധിപത്യബോധത്തെ നാം തിരിച്ചറിയേണ്ടത്.
കശ്മീരില്‍ നിന്നുള്ള ഫാറൂഖ് അബ്ദുല്ല, എന്‍ സി പി നേതാവ് ശരദ് പവാര്‍, മഹാത്മാഗാന്ധിയുടെ പേരമകന്‍ കൂടിയായ ഗോപാലകൃഷ്ണ ഗാന്ധി തുടങ്ങിയവര്‍ പ്രതിപക്ഷത്തിന്റെ ലിസ്റ്റില്‍ ഉണ്ടായിരുന്നു. അതായത് ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് മേല്‍ക്കൈ ലഭിക്കാന്‍ വേണ്ടി ഉണ്ടായ ഐക്യനിരയല്ല, മറിച്ച് രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിജയിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ടുതന്നെയുള്ള ആത്മാര്‍ഥമായ പരിശ്രമം തന്നെയാണ് നടക്കുന്നത്. അതുകൊണ്ടാണ് യശ്വന്ത് സിന്‍ഹ തൃണമൂലില്‍ നിന്ന് രാജിവെച്ച് പൊതുസ്വതന്ത്രനായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് എം പിമാരും എം എല്‍ എമാരുമാണ്. ഓരോ വോട്ടിനും വ്യത്യസ്തമായ മൂല്യമാണുള്ളത്. ഒരു എം പി ഒരു വോട്ട് എന്നതല്ല, മറിച്ച് എം പിമാരുടെ ഓരോ വോട്ടിനും 708 എന്ന നമ്പര്‍ മൂല്യമാണുള്ളത്.
എം എല്‍ എമാരുടേത് അതത് സംസ്ഥാനങ്ങളിലെ ജനസംഖ്യ അനുസരിച്ചാണ് മൂല്യം നിര്‍ണയിക്കുക. 1971ലെ സെന്‍സസ് അടിസ്ഥാനപ്പെടുത്തിയാണ് ജനസംഖ്യ തീരുമാനിക്കുന്നത്. എം എല്‍ എമാരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ളത് ഉത്തര്‍പ്രദേശിനാണ്. ഇങ്ങനെ വോട്ടിന് മൂല്യം അനുസരിച്ചുള്ള തെരഞ്ഞെടുപ്പുരീതി ആയതുകൊണ്ടുതന്നെ പരമാവധി രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ നേടിയെടുക്കേണ്ടതുണ്ട്. ആം ആദ്മി, ടി ആര്‍ എസ്, വൈ എസ് ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ കൂടി പ്രതിപക്ഷത്തിനു വേണ്ടതുണ്ട്. ബി ജെ പി സ്ഥാനാര്‍ഥിയായി ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡുവായിരുന്നെങ്കില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ്, ബി ജെ പിയെ പിന്തുണക്കുമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അവകാശപ്പെടുന്നത്.
ദ്രൗപദി മുര്‍മുവും യശ്വന്ത് സിന്‍ഹയുമാണ് സ്ഥാനാര്‍ഥികള്‍ എന്നതുകൊണ്ട് വൈ എസ് ആറിന്റെ നിലപാട് നിര്‍ണായകമാണ്. 2017ല്‍ രാംനാഥ് കോവിന്ദിനെ വിജയിപ്പിച്ചതില്‍ വൈ എസ് ആറിനും നിര്‍ണായക പങ്കുണ്ട്. ഇതൊക്കെയാണ് രാഷ്ട്രീയ ചിത്രമെങ്കിലും ഇലക്ടറല്‍ കോളജ് ഇപ്പോഴും ബി ജെ പിക്ക് മുന്‍തൂക്കം ലഭിക്കുന്ന വിധത്തില്‍ തന്നെയാണുള്ളത്. എന്നാല്‍, ആര്‍ എസ് എസ് രൂപീകരണത്തിന്റെ നൂറു വര്‍ഷം ആഘോഷിക്കുന്ന വേളയില്‍, ഇന്ത്യയുടെ പ്രഥമ പൗരന്‍ ആരായിരിക്കണമെന്ന രാഷ്ട്രീയ തീരുമാനം എടുക്കാന്‍ ബി ജെ പി വിരുദ്ധ കക്ഷികള്‍ ഒറ്റക്കെട്ടായി തയ്യാറാവുകയാണെങ്കില്‍ ഇത്തവണത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ചരിത്രമാകും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x