ഓപണ്‍ എ ഐക്കും മൈക്രോസോഫ്റ്റിനുമെതിരെ എഴുത്തുകാര്‍
ചാറ്റ്ജിപിടി സ്രഷ്ടാക്കളായ ഓപണ്‍ എ ഐക്കും മൈക്രോസോഫ്റ്റിനുമെതിരെ യു എസില്‍ കേസ് കൊടുത്തിരിക്കുകയാണ് ഒരു കൂട്ടം എഴുത്തുകാര്‍. ആറ്റംബോംബിന്റെ പിതാവായി കണക്കാക്കുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജെ. റോബര്‍ട്ട് ഓപണ്‍ ഹൈമറുടെ ജീവചരിത്രമായ ‘അമേരിക്കന്‍ പ്രൊമിത്യൂസ്’ന്റെ സഹരചയിതാവ് കായ് ബേഡ് ഉള്‍പ്പെടെയുള്ള 11 എഴുത്തുകാരാണ് ടെക് ഭീമന്‍മാര്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. എ ഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ എഴുത്തുകാരുടെ സൃഷ്ടികള്‍ അവരുടെ അനുമതിയില്ലാതെ ഉപയോഗിച്ചതായാണ് രണ്ട് സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള ആരോപണം. ‘ഇരു കമ്പനികളും നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങളുടെ അനധികൃത ഉപയോഗത്തിലൂടെ കോടിക്കണക്കിന് വരുമാനം നേടുന്ന’തായി എഴുത്തുകാരുടെ അഭിഭാഷകന്‍ ആരോപിക്കുന്നു. ഓപണ്‍ എ ഐയുടെ ജനപ്രിയ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്കും നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള മറ്റ് സോഫ്റ്റ്വെയറുകള്‍ക്കും പിന്നിലെ എ.ഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഓപണ്‍എഐയും മൈക്രോസോഫ്റ്റും ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് 11 നോണ്‍ ഫിക്ഷന്‍ എഴുത്തുകാരാണ് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി കയറിയത്.