18 Saturday
May 2024
2024 May 18
1445 Dhoul-Qida 10

ഹൃദയബന്ധങ്ങളുടെ ഊഷ്മളത

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


അവരുടെ ഹൃദയങ്ങളെ അവന്‍ ഇണക്കിച്ചേര്‍ത്തു. ഭൂമിയിലുള്ളത് മുഴുവന്‍ ചെലവിട്ടാല്‍ പോലും അവരുടെ ഹൃദയങ്ങളെ ഇണക്കിയെടുക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹുവാണ് അവര്‍ക്കിടയില്‍ ഇണക്കമുണ്ടാക്കിയത്. അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു. (അന്‍ഫാല്‍ 63)

സാമൂഹിക ബന്ധങ്ങളുടെ ദൈവശാസ്ത്രമാണ് ഈ ആയത്ത് നല്‍കുന്ന സന്ദേശം. വ്യക്തികള്‍ക്കിടയിലെ ഊഷ്മള ബന്ധമാണ് സമൂഹത്തിന്റെ ശക്തിയും സൗന്ദര്യവും. വൈരവും വിദ്വേഷവും ആര്‍ക്കെങ്കിലും എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി നാം കേട്ടിട്ടില്ല.
ഒരേ മാതാപിതാക്കളുടെ മക്കളായി കഴിയേണ്ടവരാണ് മനുഷ്യന്‍ എന്നതാണ് മതത്തിന്റെ മൗലിക കാഴ്ചപ്പാട്. അല്ലാഹുവിനെ റബ്ബായി ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥ തന്നെയാണ് ഏകമാനവികതക്കും വേണ്ടത്. മനസ്സുകളെ വിളക്കിച്ചേര്‍ക്കുകയെന്നതാണ് ഇതിന് ആവശ്യം. ഇതിനു പിന്നിലുള്ള രസതന്ത്രം അത്ഭുതകരമാണ്. ഭൗതികതലത്തിലുളള അത്യുന്നത മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിരവധി സുഹൃദ്ബന്ധങ്ങള്‍ നമുക്ക് കാണാം. സമ്പന്നത, സാമൂഹിക സ്വാധീനം, ഉയര്‍ന്ന തൊഴില്‍ തുടങ്ങിയ തലങ്ങളിലെല്ലാം മറ്റുള്ളവരുമായി ഹൃദയം പങ്കുവെക്കുന്നവരുണ്ട്. എന്നാല്‍ ഈ ബന്ധങ്ങളൊന്നും ദീര്‍ഘമായി നിലനില്‍ക്കാറില്ല.
ഭൗതികതലത്തില്‍ പ്രതീക്ഷിക്കുന്ന ലാഭങ്ങളും നേട്ടങ്ങളും നഷ്ടമാവുന്നതോടെ ആ ബന്ധങ്ങളും അവസാനിക്കുന്നു. ഇവിടെയാണ് അല്ലാഹുവിനു മാത്രം രൂപപ്പെടുത്താന്‍ കഴിയുന്ന ഹൃദയബന്ധങ്ങള്‍ പ്രസക്തമാകുന്നത്. ഭൂമിയിലുള്ള സര്‍വതും നീക്കിവെച്ചാല്‍ പോലും ലഭിക്കാത്ത ഈ അനുഗ്രഹം ദിവ്യാത്ഭുതങ്ങളുടെ ഭാഗമായാണ് ഖുര്‍ആന്‍ കാണുന്നത്.
മനസ്സിന്റെ പേരും പൊരുളും ഇന്നും വിസ്മയമാണ്. അത് അന്യൂനമായി രൂപപ്പെടുത്തിയത് അല്ലാഹുവാണ് (91:7). അതുകൊണ്ടുതന്നെ മനസ്സുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളുടെയും പഠന രീതിശാസ്ത്രം ദൈവദത്തമായിരിക്കണം. ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന റോക്കറ്റ് നിര്‍മിക്കുന്നതിനേക്കാള്‍ ശ്രമകരമാണ് മനസ്സിനെ നിയന്ത്രിക്കുകയെന്നത്. മറ്റൊരാളുടെ മനസ്സാകുമ്പോള്‍ അത് കൂടുതല്‍ പ്രയാസകരമായിരിക്കും. വളരെ ലളിതമായും എളുപ്പത്തിലും മനസ്സിനെ നിയന്ത്രിക്കാനും നന്നാക്കിയെടുക്കാനുമുള്ള കഴിവ് ദൈവിക പാഠങ്ങളിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. വിശ്വസിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരില്‍ അല്ലാഹു സ്‌നേഹബന്ധം ഉണ്ടാക്കുന്നതായിരിക്കും (15:96) എന്നതാണ് ഈ ദൈവിക പാഠം.
ദീര്‍ഘകാലം പിണങ്ങിക്കഴിഞ്ഞിരുന്ന രണ്ട് ഗോത്രവിഭാഗങ്ങളെ ഇണക്കിയെടുത്ത ചരിത്രം ഖുര്‍ആന്‍ (3:103) വിവരിക്കുന്നുണ്ട്. ‘നിങ്ങള്‍ അഗ്‌നികുണ്ഠത്തിന്റെ വക്കിലായിരുന്നു’ എന്നാണ് അവര്‍ക്കിടയിലെ വിദ്വേഷത്തെ അല്ലാഹു വിശേഷിപ്പിച്ചത്. പരസ്പരമുള്ള സ്‌നേഹബഹുമാനങ്ങള്‍ കൈമാറുന്ന ഹൃദയബന്ധങ്ങളുടെ പവിത്രതയും ഊഷ്മളതയും ഇബ്‌നു അബ്ബാസിന്റെ ഉപദേശങ്ങളില്‍ ഇങ്ങനെ വായിക്കാം: ”കുടുംബബന്ധങ്ങള്‍ മുറിഞ്ഞേക്കും. ഉപകാര-പ്രത്യുപകാരങ്ങള്‍ വിസ്മരിച്ചേക്കാം. ഹൃദയബന്ധങ്ങള്‍ക്ക് സമാനമായത് നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.”
അനിഷ്ടകരമായ കാര്യങ്ങള്‍ സംഭവിച്ചാല്‍ പോലും ഈ ഊഷ്മളതയില്‍ വെറുപ്പും അകല്‍ച്ചയും വ്യക്തികള്‍ക്കിടയില്‍ ഉണ്ടാവില്ല. പൊറുക്കാനും മറക്കാനുമുള്ള ഹൃദയവിശാലത മനുഷ്യസഹജമായ ന്യൂനതകളെ മറച്ചുപിടിക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x