ഒന്നര പതിറ്റാണ്ടിലും മായാത്ത ഓര്‍മകള്‍
റസാഖ് പള്ളിക്കര പയ്യോളി
ഓര്‍മ്മചെപ്പില്‍ എ വി അബ്ദുര്‍റഹ്മാന്‍ ഹാജിയെക്കുറിച്ച് ഹാറൂന്‍ കക്കാട് എഴുതിയ കുറിപ്പ് ശ്രദ്ധേയമായി. എ വിയെ പരിചയപ്പെട്ട ആര്‍ക്കും തന്നെ അദ്ദേഹത്തെ അത്ര പെട്ടെന്നു മറക്കാന്‍ കഴിയുകയില്ല. എത്ര വായിച്ചാലും കൊതിതീരാത്ത ഒരു പുസ്തകം പോലെയായിരുന്നു ആ മഹാമനീഷിയുടെ ജീവിതം.
എ വി എന്ന രണ്ടക്ഷരത്തില്‍ അറിയപ്പെടുന്ന എടവത്തേരി അബ്ദുറഹിമാന്‍ ഹാജി സപ്തവര്‍ണങ്ങളില്‍ ഇപ്പോഴും വിരിഞ്ഞു നില്ക്കുകയാണ് പലരുടെയും ഓര്‍മകളില്‍. മഹത്വമെന്നത് അങ്ങാടിയില്‍ വിലക്ക് വാങ്ങാന്‍ ലഭ്യമാകുന്ന പല ചരക്കുകളല്ല എന്ന് മാനവകുലത്തെ പഠിപ്പിച്ചു ആ വ്യക്തിത്വം. അത് പൊതു ഇടങ്ങള്‍ കല്പിച്ചു നല്കുന്ന മഹത്തായ മൂല്യ സാക്ഷ്യങ്ങളാണ്. ആ സാക്ഷ്യങ്ങളില്‍ എ വി ഹാജി ഇനിയും കാലങ്ങളോളം ജീവിക്കുക തന്നെ ചെയ്യും.
പതിനാറു വര്‍ഷങ്ങള്‍ എത്ര വേഗമാണ് കഴിഞ്ഞു പോയത്. എന്നിട്ടും ആ സ്മരണകളില്‍ മായാത്ത സ്‌നേഹമുദ്രകളാണ് പാറി കളിക്കുന്നത്. സാധാരണക്കാരുടെ ജനപ്രിയ നായകനായിരുന്നു. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അദ്ദേഹത്തിന്റെ മാര്‍ഗദീപമായിരുന്നു. നല്ലൊരു ഇസ്‌ലാഹി പണ്ഡിതനായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും സാധാരണക്കാര്‍ക്ക് മനസ്സിലാകുമായിരുന്നു. പഠിക്കാനും അറിവ് നേടാനും എന്നും നിറഞ്ഞ പ്രോത്സാഹനം നല്കിയിരുന്നു. അതിന്റെ ഉദാഹരണമാണ് ഇന്ന് ഉയര്‍ന്ന് നില്ക്കുന്ന മേപ്പയൂര്‍ സലഫി വിദ്യാഭ്യാസ സമുച്ചയം. എടുത്തണിയാന്‍ പൊങ്ങച്ച പ്രകടനത്തിന്റെ ഒരുപാട് വേഷങ്ങള്‍ ഉണ്ടായിട്ടും അതൊക്കെ സ്വയം തിരസ്‌കരിച്ച ഈ മനുഷ്യന്‍ ഒരു വിസ്മയമാണ്. അദ്ദേഹം സംസാരിച്ചത് കൃത്രിമത്വം ഒട്ടും കലരാത്ത സാധാരണക്കാരുടെ ഭാഷയിലായിരുന്നു. സ്വയം പൊലിമകളില്ല പൊങ്ങലുകളുമില്ല. സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ തോളുകളില്‍ ആ കൈള്‍ ചെന്ന് തലോടിയിരുന്നു അവിടെ രാഷ്ട്രീയമില്ല കൊടികളില്ല. ജീവിതം പകുത്തു നല്കിയ ആ പച്ച മനുഷ്യന് ദൈവസന്നിധിയിലും സുരലോക ചോലയാവട്ടെ.