26 Tuesday
September 2023
2023 September 26
1445 Rabie Al-Awwal 11

ഒറ്റ തെരഞ്ഞെടുപ്പെന്ന തന്ത്രം


രാജ്യത്തെ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പല തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാറുണ്ട്. പല താല്‍പ്പര്യങ്ങളുള്ള അനേകം പാര്‍ട്ടികള്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുന്ന രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ ഉറച്ച വോട്ടുകള്‍ എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്ന നിശ്ചിത ശതമാനം വോട്ടുകള്‍ ഓരോ പാര്‍ട്ടിക്കുമുണ്ടാകും. അതിന് ശേഷം വരുന്ന എങ്ങോട്ടും ചായാവുന്ന വലിയൊരു ശതമാനം വോട്ടുകളുണ്ട്. അതിനെ സ്വാധീനിക്കാന്‍ സാധിക്കുന്നവര്‍ക്കാണ് വിജയമുണ്ടാവുക. അതിനായി പല തരത്തിലുള്ള പ്രചാരണങ്ങളാണ് തെരഞ്ഞെടുപ്പ് തന്ത്രമായി ഓരോ പാര്‍ട്ടിയും സ്വീകരിക്കുക.
ദേശീയതലത്തില്‍ ബി ജെ പിക്കൊപ്പവും കോണ്‍ഗ്രസിനൊപ്പവും നില്‍ക്കുന്ന, മാറി മാറി വോട്ട് ചെയ്യുന്ന വലിയൊരു ജനസംഖ്യയുണ്ട്. തെരഞ്ഞെടുപ്പ് കാലയളവിലെ വാര്‍ത്തകളും പ്രചാരണങ്ങളും സ്വാധീനിക്കുന്നത് ഈ വിഭാഗത്തെയാണ്. ഉറച്ച വോട്ടുകള്‍ക്ക് പുറമെ ഈ വിഭാഗത്തില്‍ നിന്ന് നിശ്ചിത ശതമാനം വോട്ടുകള്‍ കൂടി ഉറപ്പിക്കാനാണ് എല്ലാ പാര്‍ട്ടികളും ശ്രമിക്കാറുള്ളത്. ലോക്‌സഭാ മണ്ഡലങ്ങളെ വിശകലനം ചെയ്താലും ഇതേ രീതിയില്‍ ആടിയുലയുന്ന വോട്ടിംഗ് ഷെയര്‍ കാണാനാവും.
ബി ജെ പിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് തുടരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. രണ്ട് തവണ ഭരണത്തുടര്‍ച്ച ലഭിച്ച എന്‍ ഡി എ സഖ്യത്തിന് അത്ര ആത്മവിശ്വാസം ഇപ്പോഴില്ല എന്നാണ് നിരീക്ഷകര്‍ കരുതുന്നത്. കഴിഞ്ഞ തവണ ബി ജെ പി പരാജയപ്പെട്ട 160-ലധികം മണ്ഡലങ്ങളിലേക്ക് ഇപ്പോള്‍ തന്നെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനാണ് ബി ജെ പി തീരുമാനമെടുത്തിരിക്കുന്നത്. ‘ഇന്‍ഡ്യ’ സഖ്യമാവട്ടെ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. നേരത്തെ സൂചിപ്പിച്ച നിഷ്പക്ഷ വോട്ടുകളില്‍ ആദ്യഘട്ട സ്വാധീനം ചെലുത്താന്‍ ‘ഇന്‍ഡ്യ’ സഖ്യത്തിന് സാധിച്ചിട്ടുണ്ട്. സഖ്യത്തിന്റെ മുദ്രാവാക്യവും കക്ഷികള്‍ക്കതീതമായ രാഷ്ട്രീയവുമാണ് അതിന് സഹായിച്ചത്. ബി ജെ പിയെ വിറളി പിടിപ്പിക്കുന്നതില്‍ ഇത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ‘ഇന്‍ഡ്യ’ സഖ്യം ഓരോ തവണ യോഗം ചേരുമ്പോഴേക്കും ബി ജെ പി, വോട്ടര്‍മാര്‍ക്ക് പാചകവാതക വിലകുറയ്ക്കല്‍ പോലെയുള്ള ഓഫറുകള്‍ നല്‍കുകയാണെന്ന് സോഷ്യല്‍ മീഡിയ ഇപ്പോള്‍ തന്നെ പരിഹസിക്കുന്നുണ്ട്. ‘ഭാരതം ജയിക്കും, ഇന്ത്യ ഒന്നാകും’ എന്ന പുതിയ ക്യാപ്ഷന്‍ പ്രഖ്യാപനത്തോട് കൂടിയാണ് സഖ്യത്തിന്റെ മൂന്നാമത്തെ യോഗം അവസാനിച്ചത്. അതിനിടയിലാണ് സപ്തംബര്‍ രണ്ടാം വാരത്തില്‍ പ്രത്യേക പാര്‍ലമെന്റ് സെഷന്‍ വിളിച്ചുചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
വരാനിരിക്കുന്ന പാര്‍ലമെന്റ് സെഷന്റെ അജണ്ട സംബന്ധിച്ച് പല ചര്‍ച്ചകളും നടക്കുന്നുണ്ട്. അതിലൊന്ന്, ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരുമോ എന്ന കാര്യമാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം കുറച്ചുകാലമായി ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും ഒറ്റഘട്ടമായി നടത്തുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഒട്ടേറെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഈ നയം വിളിച്ചുവരുത്തുക.
ബഹുകക്ഷി സംസ്‌കാരമുള്ള ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണിയായി ഇത് മാറും എന്നതില്‍ സംശയമില്ല. പല വിധ താല്‍പ്പര്യങ്ങളും മുന്‍ഗണനകളും അജണ്ടയാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസക്തി ചോര്‍ന്ന് പോകാന്‍ ഇത് കാരണമാകും. മാറിമാറി വോട്ട് ചെയ്യുന്ന വലിയൊരു ശതമാനത്തെ ദേശീയ പ്രശ്‌നങ്ങളിലേക്ക് മാത്രം ശ്രദ്ധ കൊണ്ടുവരാനും അതുവഴി വോട്ട് വരുതിയിലാക്കാനും സാധിക്കും. പ്രാദേശിക പ്രശ്‌നങ്ങളോ അതത് സാമൂഹ്യവിഭാഗങ്ങളുടെ സവിശേഷമായ പ്രശ്‌നങ്ങളോ തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ ഉണ്ടാവില്ല. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനമനുസരിച്ച്, അമ്പത് ശതമാനത്തിലധികം പിന്തുണ ജയിക്കാന്‍ വേണ്ടതില്ല. മത്സരിച്ച സ്ഥാനാര്‍ഥികളില്‍ കൂടുതല്‍ വോട്ട് ഷെയര്‍ ലഭിക്കുക എന്നതാണ് മാനദണ്ഡം. അതുകൊണ്ട് തന്നെ, ഉറച്ച വോട്ടുകള്‍ക്ക് പുറമെ ആവശ്യമായ ശതമാനം വോട്ടര്‍മാരെ മാനിപുലേറ്റ് ചെയ്യാന്‍ ദേശീയ പ്രശ്‌നങ്ങള്‍ മാത്രം വിഷയീഭവിക്കുന്നതിലൂടെ സാധ്യമാണ്. 2024 തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബി ജെ പി ഇത്തരമൊരു ഭേദഗതിക്ക് കൂടി പരിശ്രമിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട ഭരണകക്ഷികള്‍ ഏത് തരത്തിലുമുള്ള തന്ത്രങ്ങളും പയറ്റുമെന്നതാണ് പ്രായോഗിക രാഷ്ട്രീയം പറയുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x