22 Wednesday
October 2025
2025 October 22
1447 Joumada I 0

ഓ…. ഗസ്സ

ഡോ. ബാസില ഹസന്‍


നിമിഷങ്ങളിവിടെ മുറുകുന്നു
പൊട്ടുന്നു
കത്തിയമരുന്നു കുഞ്ഞുദേഹങ്ങള്‍
പച്ചമാംസ ഗന്ധം നിറയുന്നു
വായുവില്‍
തീമഴ പെയ്യിക്കുമാകാശവും
ചുടുനിണം പരക്കുന്ന ഭൂമിയും
ഘോര ഗര്‍ജനത്തില്‍
വിറങ്ങലിക്കും ബാല്യവും
ഓ…. ഗസ്സാ…
കരളലിയിക്കും കാഴ്ചകള്‍
കനവുകളെ വേട്ടയാടുന്നു

തെരുവുകളിലുയരുന്ന
പ്രതിഷേധാഗ്‌നികള്‍ പൊലിയുന്നു
അധികാര ചെങ്കോലിന്‍
സുഖസുഷുപ്തിയില്‍
നിന്‍ മാറിലെ രക്തമൂറ്റിക്കുടിക്കുവാന്‍
വെമ്പുന്ന സയണിസത്തെ
പുല്‍കുന്ന നീര്‍ക്കോലികള്‍

ഓ…. ഗസ്സ

നിന്നില്‍ നിന്നുയരുന്ന
പുകയില്‍ നീറിത്തീരട്ടെ
ദുഷ്ബുദ്ധികള്‍
നിലയ്ക്കാത്ത വെടിയൊച്ചതന്‍
കമ്പനത്തില്‍ തകരട്ടെ
ക്രൂരഹൃദയങ്ങള്‍
പുലരട്ടെ ശാന്തിതന്‍ നാളുകള്‍

Back to Top