29 Sunday
June 2025
2025 June 29
1447 Mouharrem 3

ന്യൂനപക്ഷ അവകാശങ്ങള്‍ തട്ടിയെടുക്കരുത്‌

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധി മറികടക്കുന്നതിനും മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട ആനുകൂല്യം പുനഃസ്ഥാപിക്കുന്നതിനും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാവേണ്ടിയിരിക്കുന്നു. ഹൈക്കോടതി വിധി തത്വത്തില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയെ തന്നെ അനിശ്ചിതത്വത്തില്‍ ആക്കിയിരിക്കുകയാണ്. മുസ്്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം വിഭാവനം ചെയ്യപ്പെട്ട ഒരു പദ്ധതിയില്‍ ഇതിന്റെ ചട്ടക്കൂട് മറികടന്ന് മറ്റു ചില വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പൊതുവല്‍ക്കരിക്കാന്‍ നടത്തിയ ശ്രമത്തിന്റെ അനന്തര ഫലമാണ് ഇപ്പോഴത്തെ ഹൈക്കോടതി വിധി. ക്രിസ്ത്യന്‍ സംഘടനകള്‍ നല്‍കിയ ഹര്‍ജിയില്‍ കാര്യങ്ങളുടെ തൊലിപ്പുറം മാത്രം പരിശോധിച്ചാണ് ഹൈക്കോടതിയില്‍ നിന്ന് വിധിയുണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്.
മുസ്്‌ലിം ന്യൂനപക്ഷ പിന്നാക്കാസ്ഥയെക്കുറിച്ച് പഠിക്കാന്‍ ഡോ. മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മറ്റിയുടെ ശിപര്‍ശയാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ അടിസ്ഥാനം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മു്‌സ്്‌ലിം സാമൂഹികാവസ്ഥയെക്കുറിച്ച് നടന്ന ഏറ്റവും ആധികാരികവും ആഴത്തിലുള്ളതുമായ പഠനമായിരുന്നു ജസ്റ്റിസ് സച്ചാറിന്റേത്. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ രംഗങ്ങളിലും സര്‍ക്കാര്‍ സര്‍വീസിലും രാജ്യത്തെ മുസ്്‌ലിം പ്രാതിനിധ്യം എസ് സി, എസ് ടി വിഭാഗങ്ങളേക്കാള്‍ താഴെയാണെന്നാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. കേന്ദ്ര സര്‍വീസിലേയും സംസ്ഥാന സര്‍വീസുകളിലേയും മത ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം പരിശോധിച്ച് കൃത്യമായ കണക്കുകള്‍ ശേഖരിച്ചതിന്റെ പിന്‍ബലത്തിലായിരുന്നു ഇത്തരമൊരു നിഗമനം. ഈ പിന്നാക്കാവസ്ഥ മറികടക്കുന്നതിന് കമ്മിറ്റി സമര്‍പ്പിച്ച ശിപാര്‍ശകളില്‍ ഒന്നായിരുന്നു ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്. മദ്രസകളുടെ ആധുനിക വല്‍ക്കരണം അടക്കമുള്ള മറ്റു പദ്ധതികള്‍ വേറേയും. ഈ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് അന്നത്തെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കുകയും സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. മുസ്്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം നടപ്പാക്കിയ പദ്ധതിയുടെ നൂറു ശതമാനം ഗുണഭോക്താക്കളും യഥാര്‍ഥത്തില്‍ മുസ്്‌ലിംകള്‍ തന്നെയാണ് ആവേണ്ടിയിരുന്നത്. എന്നാല്‍ പദ്ധതി നടപ്പാക്കിയപ്പോള്‍ 20 ശതമാനം ലത്തീന്‍ കത്തോലിക്ക വിഭാഗത്തിനും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കുമായി നീക്കിവെച്ചു. ഇതാണ് ഇപ്പോള്‍ ക്രിസ്ത്യന്‍ സമൂഹത്തോട് വിവേചനം കാണിച്ചുവെന്ന തരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുകുയും യുക്തിസഹമായ പരിഹാരം നീതിപീഠത്തില്‍ നിന്ന് ഉണ്ടാവുകയും ചെയ്താല്‍ സ്‌കോളര്‍ഷിപ്പിന്റെ 100 ശതമാനവും മുസ്്‌ലിം വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് തന്നെ ലഭിക്കും. ഇതോടെ ക്രൈസ്തവ വിശ്വാസികള്‍ക്ക് നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന 20 ശതമാനം കൂടി നഷ്ടമാകും. കുറുക്കന്റെ അതിബുദ്ധി കാണിച്ച ക്രൈസ്തവ സഭകള്‍ മലര്‍ന്നു കിടന്ന് തുപ്പുകയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നടപടി സംബന്ധിച്ച് ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല. പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. സ്‌കോളര്‍ഷിപ്പ് അനുപാതം തുല്യപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ ഒരു സമൂഹത്തോട് ചെയ്യുന്ന വലിയ അപരാധവും നീതി നിഷേധവുമായിരിക്കും അത്. ഇതിനു പകരം മേല്‍ക്കോടതിയെ സമീപിച്ച് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തി ഹൈക്കോടതി വിധി റദ്ദാക്കാനാണ് ശ്രമിക്കേണ്ടത്.
80:20 അനുപാതവും മുസ്്‌ലിം വിദ്യാഭ്യാസ, ഉദ്യോഗ പ്രാതിനിധ്യവും സംബന്ധിച്ച് ധവളപത്രമിറക്കണമെന്ന മുസ്്‌ലിം സംഘടനകളുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സാമൂഹ്യ, വിദ്യാഭ്യാസ രംഗത്ത് താരതമ്യേന ഭേദപ്പെട്ട നിലയിലുള്ള കേരളീയ മുസ്്‌ലിം സമൂഹം പോലും ഉന്നത വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ സര്‍വീസിലും ഏറെ പിന്നിലാണെന്ന് ധവളപത്രം പുറത്തിറക്കിയാല്‍ ബോധ്യപ്പെടും. മറ്റു സംസ്ഥാനങ്ങളിലെ കഥ പിന്നെ പറയേണ്ടതില്ലല്ലോ. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്രസാ ആധുനികവല്‍ക്കരണ പദ്ധതിയേയും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുകയാണ്. മദ്രസാ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്നാണ് പ്രചാരണം. മദ്രസകള്‍ വഴി ഇംഗ്ഗീഷും കണക്കും ശാസ്ത്ര വിഷയങ്ങളും പഠിപ്പിക്കുന്നതിന്, പ്രത്യേകം നിയോഗിക്കപ്പെട്ട ഇന്‍സ്ട്രക്ടര്‍മാരുടെ വേതനം മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതുതന്നെ പരിമിതവുമാണ്. ലഭ്യവും സാര്‍വത്രികവുമായ അടിസ്ഥാന സൗകര്യത്തെ ഉപയോഗപ്പെടുത്തി പിന്നാക്കം നില്‍ക്കുന്ന ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് ഇതിലൂടെ തുരങ്കംവെക്കുന്നത്. അതിനു പിന്നിലെ വര്‍ഗീയ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്നത് മതേതര ജനാധിപത്യ ഭരണകൂടത്തിന് ഒരിക്കലും ഭൂഷണമല്ല.

Back to Top