25 Thursday
July 2024
2024 July 25
1446 Mouharrem 18

കോണ്‍ഗ്രസിന്റെ ന്യായ് യാത്ര


രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം കിഴക്കു നിന്ന് പശ്ചിമഭാഗത്തേക്ക് ആരംഭിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ നിന്നാണ് തുടക്കം. 2023-ലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍, മണിപ്പൂരില്‍ നിന്ന് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തന്ത്രപരമായ നീക്കം വംശീയ സംഘര്‍ഷങ്ങളാല്‍ മുറിവേറ്റ പ്രദേശത്തിന്റെ മുറിവുണക്കാനുള്ള പ്രശംസനീയമായ ശ്രമമാണ്. ആയിരക്കണക്കിനാളുകളുടെ മരണത്തിലും പലായനത്തിലും കലാശിച്ച അക്രമം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഒന്നാകെ തന്നെ ബാധിക്കുകയുണ്ടായി. അതിനാല്‍ തന്നെ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി കോണ്‍ഗ്രസ് കടന്നുവരുമ്പോള്‍ അത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. പതിവുപോലെ ഈ രണ്ടാംഘട്ട യാത്ര രാഹുല്‍ ഗാന്ധിയുടെ കേവല പാര്‍ട്ടി പ്രചാരണമല്ല, മറിച്ച് സൗഹാര്‍ദം വളര്‍ത്തുന്നതിനും സമൂഹങ്ങളെ പുനര്‍നിര്‍മിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു മാനവിക യാത്രയാണ്. ഇതൊരു തെരഞ്ഞെടുപ്പ് പ്രചരണമല്ല, പ്രത്യയശാസ്ത്രപരമായ യാത്രയാണ് എന്ന് രാഹുല്‍ ഇടക്കിടെ ഓര്‍മിപ്പിക്കുന്നുണ്ട്.
ന്യായ് യാത്രയാണിത്. അഥവാ നീതിയുടെ സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. സാമൂഹികനീതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, വിഭാഗീയ പ്രശ്‌നങ്ങളില്‍ നിന്നു പൗരന്മാരുടെ ക്ഷേമത്തിലേക്ക് രാഷ്ട്രീയ ആഖ്യാനത്തെ ഗതിമാറ്റുകയാണ് രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നത്. 2023-ലെ കലാപത്തിന്റെ അനന്തരഫലങ്ങള്‍ രാഷ്ട്രീയ ബന്ധങ്ങള്‍ക്കപ്പുറമുള്ള മുറിവുകള്‍ അവശേഷിപ്പിക്കുന്നുണ്ട്. ഈ അവസ്ഥയില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് നിസ്സംഗത ഭാവിക്കാനേ സാധിക്കൂ. എന്നാല്‍ ഈ മുറിവുകള്‍ പരിഹരിക്കാനുള്ള രാഹുലിന്റെ ദൗത്യം പൊതുമനസ്സാക്ഷിയുമായി യോജിക്കുന്നുവെന്നതാണ് പ്രത്യേകത.
ഹിന്ദി ബെല്‍റ്റില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളായ ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ യാത്ര പുരോഗമിക്കുമ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടി സാമൂഹിക നീതിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് സന്ദേശ പ്രചാരണം ജനകീയമാക്കുന്നത്. ജാതി സെന്‍സസ്, ഒ ബി സികളുടെ സാമൂഹിക വികസനം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗുണകരമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് മുദ്രാവാക്യമായി ഉയര്‍ത്തിയിരുന്നെങ്കിലും സംസ്ഥാന നേതാക്കള്‍ അതില്‍ മൗനം പാലിക്കുകയാണ് ചെയ്തത്. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍, അക്കാര്യം ഒരു രാഷ്ട്രീയ മുദ്രാവാക്യമായി ഉയര്‍ത്താന്‍ ഈ യാത്രയിലൂടെ സാധിക്കുകയാണെങ്കില്‍ 2024 തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കുറച്ചധികം വിയര്‍ക്കേണ്ടി വരും. പ്രത്യേകിച്ച് ബീഹാര്‍ പോലെയുള്ള സംസ്ഥാനങ്ങള്‍ ജാതി സെന്‍സസ് പ്രായോഗികമായി നടപ്പിലാക്കിയ പ്രദേശങ്ങള്‍ കൂടിയാണ് എന്നത് കണക്കിലെടുക്കുമ്പോള്‍ ഒ ബി സി പിന്നാക്ക രാഷ്ട്രീയം നിര്‍ണായക ശക്തിയാണ് എന്ന് രാഹുല്‍ ഗാന്ധി മനസ്സിലാക്കുന്നുണ്ട്.
അതേസമയം, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ഒരു രാഷ്ട്രീയ അജണ്ടയാണെന്ന് തിരിച്ചറിഞ്ഞ് ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും യാത്രയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കോണ്‍ഗ്രസ് എടുത്ത തീരുമാനം ശ്രദ്ധേയമാണ്. ക്ഷേത്ര ഉദ്ഘാടനം മാത്രമല്ല, അയോധ്യയിലെ ക്ഷേത്രം തന്നെ ബി ജെ പിയുടെ ഒരു രാഷ്ട്രീയ അജണ്ടയാണ്. വര്‍ഷങ്ങളായി പ്രകടന പത്രികയിലെ സ്ഥിരം വാഗ്ദാനമാണത്. അതുകൊണ്ട് തന്നെ ഇതിലെ രാഷ്ട്രീയ ഭവിഷ്യത്ത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കണം.
രാജ്യത്തെ മുഖ്യ വിഷയങ്ങളായി രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു പറയുന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന ആയുധമാക്കാന്‍ ഈ യാത്ര കൊണ്ട് സാധിക്കണം. ഈ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി യുവാക്കള്‍ നേരിടുന്ന വെല്ലുവിളികളെ മുന്‍നിര്‍ത്തി സംസാരിക്കാന്‍ രാഹുലിന് സാധിക്കും. യുവാക്കളുടെ സാമ്പത്തിക അരക്ഷിതാവസ്ഥ വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഈ പ്രശ്നങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിബദ്ധത രാജ്യത്തിന് സമൃദ്ധവും സുസ്ഥിരവുമായ ഭാവി വളര്‍ത്തിയെടുക്കാനുള്ള സമര്‍പ്പണത്തെ പ്രകടമാക്കുന്നുണ്ട്.
‘ഇന്‍ഡ്യ’ സഖ്യത്തിലെ നേതാക്കള്‍ അവരുടെ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ കൂടെ അണിനിരക്കുമെന്ന് പ്രതീക്ഷിക്കാം. ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ വലിയ വിട്ടുവീഴ്ചക്കാണ് കോണ്‍ഗ്രസ് ഒരുങ്ങിയിട്ടുള്ളത്. ചരിത്രത്തിലാദ്യമായി 255-ഓളം സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നത്. രാഷ്ട്രീയ സഖ്യത്തിന് കോണ്‍ഗ്രസ് നല്‍കുന്ന ഈ പ്രാധാന്യം വരുംനാളുകളില്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രത്യാശിക്കാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x