2 Monday
December 2024
2024 December 2
1446 Joumada II 0

‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്’ മുന്നോട്ടുവെക്കുന്ന പരിഷ്‌കരണ ശ്രമങ്ങള്‍

ജമാല്‍ അത്തോളി


സമുദായ പരിഷ്‌കരണത്തിനുള്ള ശ്രമം ജ്വലിച്ചുനില്‍ക്കുന്ന കൃതിയാണ് ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്!’ ടി പത്മനാഭന്‍ പറഞ്ഞതുപോലെ, ഇതില്‍ ബഷീര്‍ സമുദായ പരിഷ്‌കര്‍ത്താവിന്റെ മേലങ്കിയണിഞ്ഞ എഴുത്തുകാരനായി മാറുന്നു (അല്ലെങ്കില്‍ എഴുത്തുകാരന്റെ മേലങ്കിയണിഞ്ഞ പരിഷ്‌കര്‍ത്താവോ?). ബഷീര്‍ തന്നെ പറയുന്നു: ‘ഇസ്‌ലാമിന്റെ പഴയ പ്രൗഢിയെ വരച്ചുകാട്ടുക എന്നുള്ളതായിരുന്നു എന്റെ ഉദ്ദേശ്യം. അതേസമയം ഭൂതകാലത്തിന്റെ ചുമടും താങ്ങിക്കൊണ്ട് ഇക്കാലത്തെ മുസ്‌ലിംകള്‍ വര്‍ത്തമാനകാല ജീവിതത്തോട് പൊരുത്തപ്പെടാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്നതിനെയും ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പിച്ചക്കാരനായാലും ശരി, മഹാനായ അക്ബര്‍ ചക്രവര്‍ത്തിയുടെ നേര്‍താവഴിയാണ് തങ്ങള്‍ എന്ന് അവകാശപ്പെടുന്നവരാണ് അധികവും. ആന ഭൂതകാല പാരമ്പര്യത്തിന്റെ ചിഹ്നമാണ്’ (ആഷറിന് അയച്ച കത്തില്‍നിന്ന്). (അന്ധമായ കുലമഹിമയെ നിരാകരിക്കാന്‍ ക്ഷുരകവൃത്തിയെ പരാമര്‍ശിക്കുന്നുണ്ട് മറ്റൊരിടത്ത്).
‘മനുഷ്യനെ മൃഗത്തില്‍ നിന്ന് മനുഷ്യത്വത്തിലേക്ക് ഉയര്‍ത്തുന്നത് മതങ്ങളാണ്. എന്നാല്‍ മതങ്ങളില്‍ ഏറ്റവും സരളവും ലളിതവുമാണ് ഇസ്‌ലാം. നബിക്കു ശേഷം അഞ്ചാറു നൂറ്റാണ്ടുകള്‍ സുവര്‍ണകാലമായിരുന്നു. പിന്നീട് മുസ്‌ലിംകള്‍ ഉറങ്ങി. ആയിരം കൊല്ലത്തെ ഉറക്കം. പതുക്കെ ചിലര്‍ ഉണര്‍ന്ന്, ഇപ്പോ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു’ എന്നു പറഞ്ഞ് അഭിമാനം കൊള്ളുകയാണ്. ശാസ്ത്ര സാങ്കേതികരംഗങ്ങളില്‍ ആദ്യമായി മുസ്‌ലിംകളായിരുന്നു ലോകത്തിനു സംഭാവനകള്‍ അര്‍പ്പിച്ചവര്‍. ഇത് ഞാന്‍ പറഞ്ഞതാണോ? ഇപ്പോള്‍ മുസ്‌ലിംകള്‍ കഅ്ബക്ക് സ്വര്‍ണവാതില്‍ പണിയുകയാണ്’ (തുടര്‍ന്ന് മുസ്‌ലിം രാജാക്കന്മാരുടെ ആഡംബരത്തെയും ധൂര്‍ത്തിനെയും വിവരിക്കുന്നു). ‘പ്രവാചകനായ മുഹമ്മദിന് കിടക്ക പോലും ഉണ്ടായിരുന്നില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഈത്തപ്പനയുടെ ഓല കൊണ്ട് നിര്‍മിച്ച പായയുടെ അടയാളങ്ങള്‍ മുഹമ്മദിന്റെ ദേഹത്ത് കാണാമായിരുന്നു.
ഖുര്‍ആനിലെ ആദ്യ വാക്ക് വായിക്കുക എന്നാണ് (എന്നിട്ടും ഭൂരിപക്ഷം എഴുത്തും വായനയും അറിയാത്തവരായതില്‍ ബഷീര്‍ പരിതപിക്കുന്നു). ഇപ്പോള്‍ (1984) ആറു കോടിയോളം മുസ്‌ലിംകളുണ്ട്. സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, ഖാദിയാനി, അലി അല്ലാഹ് മുതല്‍ 22 വിഭാഗം ശിയാക്കള്‍, മുഅ്തസില, ദുറൂസി, ശാഫി, ഹനഫി… ഇങ്ങനെ പോകുന്നു. ഇതില്‍ യഥാര്‍ഥ മുസ്‌ലിം ഏത്? ഇസ്‌ലാമില്‍ കിങ്ഡം ഉണ്ടോ? ലോകത്തില്‍ വെച്ച് ഏറ്റവുമധികം മുസ്‌ലിംകള്‍ ഉണ്ടായിരുന്ന രാജ്യമാണ് ഇന്ത്യ എന്ന ഭാരതം. പട്ടാളം, പോലീസ് രണ്ടിലും പകുതിയിലധികം മുസ്‌ലിംകളായിരുന്നു വിഭജനത്തിനു മുമ്പ്. ഇപ്പോള്‍ പട്ടാളത്തിലും പോലീസിലും ആരാണുള്ളത് കാക്കാമാരേ, കാക്കാത്തികളേ. റബ്ബേ, തലച്ചോര്‍ ഉപയോഗിക്കാത്ത ഈ മുസ്‌ലിം ജനതയെ ആരു രക്ഷിക്കും?’ (ഓര്‍മയുടെ അറകള്‍). ന്റുപ്പുപ്പായുടെ ബഷീര്‍ ഭൂമിക ഇതില്‍ കൂടുതല്‍ എന്തു പറയണം!
നിസാര്‍ അഹ്മദിനെയും അദ്ദേഹത്തിന്റെ പിതാവായ കോളജ് പ്രൊഫസര്‍ സൈനുല്‍ ആബിദീന്‍ സാഹിബിനെയും അന്ധവിശ്വാസങ്ങളാല്‍ അന്ധകാരനിബിഡമായ സമുദായത്തിന്റെ അടഞ്ഞ മുറിയുടെ കിളിവാതില്‍ മലര്‍ക്കെ തുറക്കാന്‍ ബഷീര്‍ പറഞ്ഞുവിടുന്ന തമോമയമായ കാലമോര്‍ക്കുക. വിറകുവെട്ടികളും വെള്ളംകോരികളും മുട്ടിനു താഴെ നില്‍ക്കുന്ന കള്ളിത്തുണിയും അരയില്‍ പച്ച ബെല്‍റ്റും കെട്ടിയ അറവുകാരായി മാത്രം മുസ്‌ലിമിനെ പരിചയിച്ച സാഹിത്യലോകത്തേക്ക് ഒരു കോളജ് പ്രൊഫസറായ മാപ്പിളയെ പറഞ്ഞയക്കാന്‍ ബഷീര്‍ അണിയറയിലെത്ര ഒരുങ്ങിയിരിക്കും! സ്വീകരിച്ച പേരുകളില്‍ പോലും ഒരു പരിഷ്‌കരണ ശ്രമമുണ്ടായിരുന്നു. കുഞ്ഞുതാച്ചുമ്മയും വട്ടനടിമയുമുള്ള സമൂഹത്തിലാണ് നിസാര്‍ അഹ്മദെന്ന സുന്ദരനാമം പിറക്കുന്നത്.
നിരര്‍ഥകവും സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നതുമായ ദുരാചാരങ്ങളില്‍ വിശ്വസിക്കാത്ത നിസാര്‍ മതവിശ്വാസി തന്നെയായിരുന്നു. (അങ്ങനെയൊരു വിശ്വാസി സമുദായത്തിന്റെ ഭൂരിപക്ഷത്തിന്റെയും സങ്കല്‍പത്തില്‍ പോലുമുണ്ടായിരുന്നില്ല). തടുത്തുനിര്‍ത്താനാവാത്ത കാലത്തിനോടൊപ്പം പുരോഗതിപ്പെടാന്‍ അറിയുന്ന ബാപ്പയും മകനും. ഇസ്‌ലാമിന്റെ നന്മയെല്ലാം ത്യജിച്ച് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുരുങ്ങി, അതാണ് മതമെന്ന് ധരിച്ച കുഞ്ഞിപ്പാത്തുമ്മയുടെ കുടുംബം. സ്വത്തുക്കള്‍ നശിച്ച് ദരിദ്രരായിട്ടും പൂര്‍വകാല പ്രൗഢിയില്‍ ആനക്കാര്യം പറയുന്ന അവര്‍ യാഥാസ്ഥിതികതയുടെ തനിപ്പകര്‍പ്പുകളായിരുന്നു. സമുദായത്തിന്റെ 98 ശതമാനവും നിറഞ്ഞുനില്‍ക്കുന്ന ഈ പഴമയുടെ പരിച്ഛേദം ഇലയ്ക്കും മുള്ളിനും കേടില്ലാതെ നിരീക്ഷകരുടെ സൂക്ഷ്മദര്‍ശിനിയിലെത്തിച്ചു ബഷീര്‍. ‘വെളിച്ചത്തിനെന്തൊരു വെളിച്ചം’ എന്ന് ആശ്ചര്യചിഹ്നമിട്ട് കുഞ്ഞിപ്പാത്തുമ്മ ദീനമായി കിടക്കുന്ന മുറിയിലേക്ക് ഗുണകാംക്ഷയോടെയും ധൈര്യത്തോടെയും കടന്നുചെന്ന് ജാലകം തുറന്നിടുന്നതിനെ ഒരു നവയുഗം പിറക്കുന്ന പ്രവൃത്തിയെന്നാണ് വിശാരദന്മാര്‍ വിശേഷിപ്പിച്ചത്.
കാളവണ്ടിക്കാരനായ പിതാവ് രാപകല്‍ അധ്വാനിച്ചാണ് സൈനുല്‍ ആബിദിനെ കോളജ് പ്രൊഫസറാക്കുന്നത്. ഉന്നത വിദ്യാഭ്യാസം ലഭിച്ച നിസാര്‍ അഹ്മദിനെ സ്വന്തം കൈ കൊണ്ട് ഭൂമിയില്‍ അധ്വാനിക്കാനും വീട്ടുവളപ്പില്‍ ഫലവൃക്ഷങ്ങളും പൂച്ചെടികളും നട്ടുവളര്‍ത്താനും, എന്തിന് അയല്‍പക്കക്കാര്‍ക്ക് കക്കൂസ് കുഴിച്ച് മറകെട്ടിക്കൊടുക്കാനും തയ്യാറാക്കിയ ബഷീര്‍ ‘സമുദായമേ തയ്യാറാവൂ’ എന്നു വിളംബരം ചെയ്യുന്നില്ലേ? കുഞ്ഞിപാത്തുമ്മയെ വിവാഹം കഴിക്കുന്നതിനു മുമ്പ് അനുജത്തിയെക്കൊണ്ട് അവള്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കുന്നു നിസാര്‍. മാതൃകാ പരിഷ്‌കര്‍ത്താവിന്റെ ചിത്രമെത്ര ഉജ്ജ്വലം!
യാഥാസ്ഥിതിക കുടുംബമായിരുന്നെങ്കിലും കുഞ്ഞുപാത്തുമ്മ നിഷ്‌കളങ്കയായിരുന്നു. കളവ് പറയാനോ ഒളിച്ചുവെക്കാനോ അവള്‍ക്ക് കഴിയില്ല. ‘കള്ളസാക്ഷി പറയാങ്കയ്യേല’ എന്നവള്‍ ഉറപ്പിക്കുന്നു. ‘ന്റെ കരളില് വേദന’ എന്നാണ് മനസ്സില്‍ നിസാറിനോട് തോന്നുന്ന പ്രേമനൊമ്പരത്തിന് അവളുടെ നിഷ്‌കളങ്ക ഭാഷ്യം. രണ്ട് കുരുവികള്‍ തമ്മിലുള്ള വഴക്കിലും കരുണാര്‍ദ്രമായി അവള്‍ ഇടപെടുന്നു. (അട്ടയെ കണ്ടപ്പോള്‍) ‘അട്ടക്ക് ഉമ്മയും ബാപ്പയും കാണും. പെണ്ണട്ടയോ ആണട്ടയോ എന്നറിഞ്ഞുകൂടാ. മക്കളും കാണും. അല്ലാഹു സൃഷ്ടിച്ചതാണ്. കുഞ്ഞുപാത്തുമ്മയെയും സൃഷ്ടിച്ചത് അല്ലാഹുവാണ്. കൊല്ലാന്‍ പാടില്ല’ എന്നാണവളുടെ ആത്മഗതം. റബ്ബുല്‍ ആലമീനായ തമ്പുരാന്റെ സൃഷ്ടികളില്‍ ഒന്നിനെയും അവള്‍ വെറുത്തിട്ടില്ല.

രസകരമാണവളുടെ- അന്നത്തെ ഏത് പെണ്ണിന്റെയും- വിശ്വാസങ്ങള്‍: ‘കെട്ടിക്കാത്ത മുസ്‌ലിം വനിത വെറ്റില മുറുക്കുന്നത് ശരിയല്ല. അല്ലാഹുവും മുഹമ്മദ് നബിയും അതു സംബന്ധമായി വല്ലതും പറഞ്ഞിട്ടുണ്ടോന്ന് കുഞ്ഞുപാത്തുമ്മക്ക് അറിഞ്ഞുകൂടാ. എന്നാലും നാട്ടുനടപ്പനുസരിച്ച് പാടില്ല. അന്യപുരുഷന്മാരുടെ മുമ്പിലും മുസ്‌ലിം സ്ത്രീകള്‍ പോയിക്കൂടാ. ലോകത്തില്‍ രണ്ട് വര്‍ഗമേയുള്ളൂ, ഇസ്‌ലാമും കാഫിറും. പെണ്ണായാലും ആണായാലും മരിച്ചുകഴിഞ്ഞാല്‍ കാഫിറെല്ലാം നരകത്തില്‍ പോകും. അവരെല്ലാം തെറ്റിയ കൂട്ടരാണ്. ഇസ്‌ലാമീങ്ങള് അവരെ അനുകരിച്ചാല്‍ നരകപാപികളായിത്തീരും. കുഞ്ഞുപാത്തുമ്മ കണ്ട കാഫ്രിച്ചികള്‍ പള്ളിക്കൂട മിസ്ട്രസുമാരായിരുന്നു. അവര് കാഫ്രിച്ചികളുടെ ലിബാസ്- സാരി- ധരിക്കും. ഞമ്മക്കതൊന്നും പാങ്ങില്ല.’ (തെറ്റുശരികള്‍ വ്യവഛേദിച്ചറിയാത്ത ഇത്തരം അറിവുകളേ മതമായുള്ളൂ!).
ശേഷം നമസ്‌കാരം, നോമ്പ് തുടങ്ങിയ ആരാധനകളുടെ വിശദമായ വിവരണമുണ്ട്. ആ കര്‍മങ്ങള്‍ ബാപ്പ ചെയ്യുന്നത് കാണുന്ന കുഞ്ഞുപാത്തുമ്മയുടെ കണ്ണിലൂടെ 14 വയസ്സിലെത്തിയ അവള്‍ക്ക് കല്യാണാലോചനകള് ശറുപിറാ നടന്നുകൊണ്ടിരിക്കുന്നു. ‘അവളെ കെട്ടിച്ച ഉടനെ ബാപ്പ മക്കത്ത് ഹജ്ജിന് പോകും. അത് അറേബ്യയിലാണ്. അവിടെ മക്കം എന്ന പുണ്യസ്ഥലത്താണ് മുഹമ്മദ് നബി ജനിച്ചത്. അവിടെ കഅ്ബ എന്ന പുണ്യ ആരാധനാലയമുണ്ട്. ഈ ലോകത്തെ ആദ്യത്തെ പള്ളിയാണത്. പണ്ടുപണ്ടേ ഉള്ളതാണ്. ഇബ്‌റാഹീം നബിയാണത് പുതുക്കിപ്പണിയിച്ചത്. (പാതിരാ വഅള് കേള്‍ക്കാന്‍ വരാത്ത രാമന്‍ നായര്‍ക്കും ജോണിനും വിവരങ്ങള്‍ നല്‍കുന്നു).
മാനുഷകുലത്തിന്റെ ആരംഭത്തില്‍ ആദം നബി ഹവ്വാ ബീവിയെ കെട്ടി. ആദം നബിക്കും ഹവ്വാ ബീവിക്കും ബാപ്പായും ഉമ്മായും ഉണ്ടായിരുന്നില്ല. ആയതിനാല്‍ അവരുടെ വിവാഹം നടത്തിക്കൊടുത്തത് റബ്ബുല്‍ ആലമീനായ തമ്പുരാനാണ്. ആദം നബിയും ഹവ്വാ ബീവിയുമാണ് ഇന്ന് ലോകത്തിലുള്ളവരുടെയും മരിച്ചുപോയവരുടെയും ആദ്യത്തെ ഉമ്മായും ബാപ്പായും. ആദം നബിക്കുശേഷം ഈ ലോകത്ത് കോടിക്കണക്കിന് നബിമാരുണ്ടായി. അവരില്‍ 25ഓളം പ്രവാചകന്മാരുടെ പേരുകളേ ഖുര്‍ആനിലുള്ളൂ. ഭൂഗോളത്തിലുണ്ടായ ജനവിഭാഗങ്ങളുടെ അടുത്തേക്കെല്ലാം ഓരോ പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. ഉപദേഷ്ടാക്കള്‍. നൂഹ്, ഇബ്‌റാഹീം, ദാവൂദ്, മൂസാ, ഈസാ…. മുഹമ്മദ് നബി ഒടുവിലത്തെ പ്രവാചകനാണ്. ഇനി നബിമാരാരും ഉണ്ടാവുന്നതല്ല. മുഹമ്മദ് നബിയോടുകൂടി എല്ലാം നിറവടിയായിരിക്കുന്നു.
മുഹമ്മദ് നബിയുടെ മൂത്ത മകളുടെ പേര് ഫാത്തിമ എന്നായിരുന്നു. ഫാത്തിമാ ബീവിയെ ഖലീഫ അലിക്കാണ് മുഹമ്മദ് നബി കല്യാണം കഴിച്ചുകൊടുത്തത്. അലി വലിയ ധീരവീരശൂര പരാക്രമിയായിരുന്നു. ദുല്‍ഫുഖാര്‍ എന്ന ലങ്കുന്ന ഒരു വാളുണ്ടായിരുന്നു അലിക്ക്. റബ്ബുല്‍ ആലമീനായ തമ്പുരാന്റെ ആജ്ഞപ്രകാരം അലി ആ വാള്‍ കടലിലെറിഞ്ഞു. എല്ലാ മത്സ്യങ്ങളുടെയും കഴുത്ത് അറുത്തു. അതാണ് മീനിന്റെയെല്ലാം കഴുത്ത് രണ്ടുവശം അറുത്തതായി കാണുന്നത്. അന്നു മുതലാണ് മീന്‍ ഇസ്‌ലാമിന് ഹലാലായത്. ഖലീഫാ അലിക്കു മുമ്പ് ഭൂമിയിലെ ജലാശയങ്ങളില്‍ ചെകിളകളുള്ള മീന്‍ ഉണ്ടായിരുന്നില്ലേ? കടലിലേക്ക് വാള്‍ എറിയാന്‍ ദൈവം പറയുമോ? ഐതിഹ്യമായി വരാം. സത്യമേത് പൊയ് ഏത്? കുഞ്ഞുപാത്തുമ്മക്ക് അറിഞ്ഞൂടാ…
ഐതിഹ്യങ്ങള്‍ പലതുണ്ട്. എല്ലാറ്റിനും മുമ്പ് അല്ലാഹു മുഹമ്മദ് നബിയുടെ ഒളിവിനെ സൃഷ്ടിച്ചു. ഈ അറിവ് എവിടെ നിന്നു കിട്ടി? ഖുര്‍ആനില്‍ ഉള്ളതല്ല. ആ ഒളിവ് ആദം നബി വഴി കോടിക്കണക്കിന് പ്രവാചകന്മാര്‍ വഴി നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ എന്നീ നബിമാരിലൂടെ അബ്ദുല്ലയുടെ മുതുകില്‍ എത്തി. അബ്ദുല്ലയുടെയും ആമിനയുടെയും മകനായി മുഹമ്മദ് ജനിച്ചു. ഐതിഹ്യങ്ങള്‍ എങ്ങനെ ഉണ്ടായി?
മുഹമ്മദ് നബിക്ക് എന്ത് പ്രത്യേകത? ഭൂഗോളത്തില്‍ മനുഷ്യരാശി ഉണ്ടായ ശേഷം, പറഞ്ഞില്ലേ കോടാനുകോടി പ്രവാചകന്മാരുണ്ടായിട്ടുണ്ട്, അവരില്‍ ഒരാള്‍ മാത്രമാണ് മുഹമ്മദ് നബി. ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ് എന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ആദിസൃഷ്ടിയുടെ ഐതിഹ്യം…? ആരോട് ചോദിക്കാനാണ്! മുസ്‌ലിം ജനതയില്‍ കുറേയധികം പേര്‍ വിശ്വസിക്കുന്നു. (അങ്ങനെ അല്ലാത്തവരുമുണ്ട്).
അങ്ങനെ പോകും. ചോദ്യമില്ല. കേട്ടതെല്ലാം വിശ്വസിക്കും. പള്ളിയില്‍ വെച്ചുള്ള മുസ്‌ല്യാക്കന്മാരുടെ രാപ്രസംഗങ്ങളില്‍ നിന്നാണ് മുസ്‌ലിം സമുദായം മതകാര്യങ്ങള്‍ മിക്കപ്പോഴും പഠിക്കുന്നത്. അതൊക്കെ ശരിയാണെന്ന് കുഞ്ഞുപാത്തുമ്മയോട് ഉമ്മ പറഞ്ഞിട്ടുണ്ട്. മുസ്‌ല്യാക്കന്മാരോട് (ഇതൊക്കെ ശരിയാണോ എന്ന്) ആരും ചോദിക്കുകയില്ല. കേട്ടത് വിശ്വസിക്കും.
മലക്ക്, ആദം, ഇബ്‌ലീസ് സൃഷ്ടി സംഭവങ്ങളും അന്ധവിശ്വാസങ്ങളും തുടര്‍ന്നും ബഷീര്‍ മട്ടത്തില്‍ വിവരിക്കുന്നു. കുഞ്ഞുപാത്തുമ്മയുടെ മനോവ്യാപാരങ്ങളായിട്ട്.
ഇസ്‌ലാമിന് പ്രത്യേക വേഷമുണ്ടോ? ആണാണെങ്കില്‍ മുണ്ടുടുക്കുന്നവര്‍ ഇടതുവശം വെച്ച് മുണ്ടുടുക്കണം. തല മൊട്ടയാക്കണം. പാടത്തിന് വരമ്പുവെച്ച മാതിരി താടി അപ്പുറവും ഇപ്പുറവും കത്തികൊണ്ട് വടിച്ചുവെക്കണം. പെണ്ണാണെങ്കില്‍ കാതുകുത്ത് അലിക്കത്ത് ഇടണം. തലയില്‍ തട്ടവും ഇടണം. മുടി ചീകാം. പക്ഷേ വകഞ്ഞുവെക്കരുത്. ഇതിനെതിരായി ഒരു മുസ്‌ലിം യുവാവ് പ്രവര്‍ത്തിച്ചു. അയാള്‍ മുടി വളര്‍ത്തി. ക്രോപ് ചെയ്തു. അതു വകഞ്ഞും വെച്ചു.
ബാപ്പ ആ ചെറുപ്പക്കാരനെ വിളിപ്പിച്ച് ഒസ്സാനെക്കൊണ്ട് മുടി വടിപ്പിച്ചുകളഞ്ഞു. എന്തിന്? മുടി ആരു സൃഷ്ടിച്ചു? എന്തിന് സൃഷ്ടിച്ചു? ആരും ചോദിക്കുകയില്ല. (ഒന്നാലോചിച്ചുകൂടേ?). വട്ടനടിമേന്റെ റൂഹ് ഉള്ളിടത്തോളം കാലം പടശ്ശോന്റേം മുത്തുനബിന്റേം ഒതക്കോണ്ടായിട്ട് ഇസ്‌ലാംദീനിനെ പൊളിക്കാന്‍ വട്ടനടിമ സമ്മതിക്കേല. എന്താണെന്നുവെച്ചാല്‍ മുടി വളര്‍ത്തി ക്രോപ് ചെയ്യിക്കുന്നത് ഇബ്‌ലീസിന്റെ കൂട്ടരാണ്. കാഫിരീങ്ങള്‍! അതുകൊണ്ട് സൂക്ഷിക്കണം. അവന്‍ തലയില്‍ കയറിയിരിക്കും. അതിനാണ് തൊപ്പി. തൊപ്പിയില്ലെങ്കില്‍ തലയില്‍ കെട്ടിയാലും മതി.
എല്ലാം മുസ്‌ലിയാക്കള്‍ രാപ്രസംഗത്തില്‍ പറഞ്ഞുകൊടുത്തപോലെ. നുജ്ജിഫത്തില്‍ ജീവിച്ചുവരുന്നു. ആര്‍ക്കും ഒരറിവുമില്ല. എഴുത്തും വായനയും അറിഞ്ഞുകൂടാ. ഗ്രന്ഥങ്ങളുണ്ട്. അത് അറബി ഭാഷയിലാണ്. അറബി ഭാഷ പഠിച്ചവരാണ് മുസ്‌ല്യാക്കന്മാര്‍. അവര്‍ പറയുന്നത് വിശ്വസിക്കുക. അവരെ അനുസരിക്കുക (അന്ധമായ മതം).

Back to Top