23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

മുസ്ലിം രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക് – എന്‍ പി ചെക്കുട്ടി /വി കെ ജാബിര്‍

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗുണപരമായ ദിശാമാറ്റത്തിന് തുടക്കം കുറിക്കപ്പെടുന്നുവെന്ന പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു പൗരത്വ നിയമഭേദഗതിക്കെതിരായി ദേശവ്യാപകമായി നടന്ന പ്രതിഷേധ സമരങ്ങള്‍. ജനാധിപത്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കെല്പു കാണിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളെ അപ്രസക്തമാക്കി ജനങ്ങള്‍ തന്നെ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാന്‍ ഭയാശങ്കകളില്ലാതെ സമര രംഗത്തിറങ്ങിയത് വലിയ ആശയാണ് സമ്മാനിച്ചത്. മുസ്ലിംകളും ദലിതുകളും ആദിവാസികളും പിന്നാക്ക വിഭാഗങ്ങളും മതകീയ ചായ്വുകള്‍ ഉപേക്ഷിച്ച് നവ്യമായ പോര്‍മുഖം തുറന്നത് ജനാധിപത്യ സംരക്ഷണത്തിന്, കൃത്യമായ രൂപത്തോടെയല്ലെങ്കിലും പുതിയൊരു ഐക്യമുന്നണി രൂപപ്പെടുന്നതിന്‍റെ സൂചനകളാണ് നല്‍കിയത്. അതിനിടെയാണ് ലോകത്തെ തന്നെ പിടിച്ചുലച്ചുകൊണ്ട് കോവിഡ് മഹാമാരി രാജ്യത്തും പടര്‍ന്നു പിടിച്ചു തുടങ്ങിയത്. പ്രതിഷേധ കൂട്ടായ്മകളുള്‍പ്പെടെ തെരുവുകളിലെ എല്ലാ ഏര്‍പ്പാടുകളും റദ്ദു ചെയ്യപ്പെട്ടപ്പോള്‍, സി എ എ വിരുദ്ധ സമരവും തീഷ്ണതയോടെ അതിന്‍റെ മൂര്‍ധന്യതയില്‍ നില്‍ക്കെ ചാരം വീണ കനല്‍പോലെ അമര്‍ന്നു. പക്ഷെ, തെരുവുകള്‍ വിജനമാക്കപ്പെട്ടപ്പോഴും സി എ എ വിരുദ്ധ പോരാളികളെ തെരഞ്ഞുപിടിച്ച് ഭീകരവിരുദ്ധ നിയമവും രാജ്യദ്രോഹ കുറ്റവും ചാര്‍ത്തുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ദല്‍ഹി പൊലീസ് മുഖം മറയ്ക്കാതെ അത്യധ്വാനം ചെയ്തുകൊണ്ടിരിക്കയാണ്. എലിയെ പേടിച്ച് ഇല്ലം ചുടുന്നതു പോലെയാണ് പെറ്റി കേസുകള്‍ക്കു പോലും രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രതിഷേധങ്ങളെ പൊലീസിനെയും കടുത്ത വകുപ്പുകളും ഉപയോഗിച്ച് അടിച്ചൊതുക്കാമെന്നു തന്നെയാണ് ഏതൊരു ശരാശരി ഭരണാധികാരിയെയും പോലെ കേന്ദ്ര ആഭ്യന്തരമന്ത്രിയും കരുതുന്നത്.

ഈയൊരു ഘട്ടത്തില്‍, തെരുവുകള്‍ തല്‍ക്കാലത്തേക്ക് നിശ്ശബ്ദമാണെങ്കിലും പ്രതിഷേധത്തിന്‍റെ കനലുകള്‍ ജനമനസ്സുകളില്‍ അവശേഷിക്കുന്നുണ്ടോ. ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് ജനാധിപത്യ ഇന്ത്യക്ക് പ്രതികരിക്കാനുള്ള കരുത്തുണ്ടോ. പ്രതിഷേധക്കാരുടെ നേതൃത്വത്തിലേക്കുയര്‍ന്നുവന്ന പുതിയ മുഖങ്ങള്‍ക്ക് പ്രശ്നങ്ങളെ അതിജീവിക്കാനുള്ള കരളുറപ്പുണ്ടോ, മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം വരിച്ച നിശ്ശബ്ദതയില്‍ മുസ്ലിംകള്‍ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ ഏതു വഴിയിലൂടെയാണ് പോകേണ്ടത്, കോവിഡ് അനന്തര ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതവും ആശങ്കകളും എന്തൊക്കെയാകും തുടങ്ങി സമകാലിക ഇന്ത്യ ഉയര്‍ത്തുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ ചര്‍ച്ച. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ എന്‍ പി ചെക്കുട്ടി നിലപാടുകള്‍ പറയുന്നു.

? ഭരണകൂടവും ഭരണഘടനാ സ്ഥാപനങ്ങളും മുസ്ലിം വിരുദ്ധമാകുന്നുവെന്ന തോന്നല്‍ രാജ്യത്തെ മുഖ്യ ന്യൂനപക്ഷങ്ങളില്‍ ബലപ്പെടുന്നു. ഒരു അരാജകബോധം മുസ്ലിംകളില്‍, ചിലപ്പോള്‍ ബുദ്ധിജീവികളില്‍ പോലും പടരുന്നു. ഇത് രാജ്യത്തെ എങ്ങോട്ടാണെത്തിക്കുക.

ഭരണകൂടത്തിന്‍റെ മതാടിസ്ഥാനത്തിലുള്ള വിഭജന സമീപനം ഇന്ത്യയെ സംബന്ധിച്ച് പുതിയ കാര്യമല്ല. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയുടെ ആഭ്യന്തര വകുപ്പിനെ കുറിച്ചുള്ള മുഖ്യ പരാതി, അടിസ്ഥാനപരമായി അത് മുസ്ലിംവിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നു എന്നതാണ്. ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി എന്ന രാമചന്ദ്ര ഗുഹയുടെ പഠനത്തില്‍ ഇക്കാര്യം കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ നേര്‍ച്ചിത്രമാണത്. വളരെ ആഴത്തിലുള്ള മുസ്ലിം വിരുദ്ധ സമീപനം നെഹ്റുവിന്‍റെ കാലം മുതല്‍ നിലനിന്നിരുന്നു എന്നാണത് പറയുന്നത്. പിന്നീട് ഈ മനോഭാവം കാലക്രമത്തില്‍ കൂടുതല്‍ ശക്തിപ്പെടുകയായിരുന്നു. അതിനാല്‍ സ്ഥാപനവത്കൃത വര്‍ഗീയ സമീപനം ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ പൊതു സ്വഭാവമാണ്.
നെഹ്റു വ്യത്യസ്തമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരുന്നതെങ്കിലും സര്‍ദാര്‍ പട്ടേലിനെയും കെ എം മുന്‍ഷിയെയും പോലുള്ള അക്കാലത്തെ പ്രമുഖര്‍ വളരെ കൃത്യമായി മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിഭജന സമീപനം തന്നെയാണ് പുലര്‍ത്തിയത്. ഇതു വസ്തുതയാണ്. പക്ഷെ സമീപകാലത്ത് വന്നുകൊണ്ടിരിക്കുന്നത്, ഈ ദിശയിലെ പ്രകടമായ ചായ്വാണ്. സംഘ്പരിവാര്‍ ഭരണകൂടം രാജ്യത്ത് അധികാരത്തിലെത്തിയ ഈ വേളയിലും, 1999-ല്‍ വാജ്പേയ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്തും ഈ സമീപനം പ്രകടമായി കാണാമായിരുന്നു. ലാല്‍കൃഷ്ണ അദ്വാനി ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള കാലത്താണ് ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ പൊതുസ്വഭാവം തന്നെ മതാടിസ്ഥാനത്തില്‍ മാറാന്‍ തുടങ്ങിയത്. രാജ്യത്തിന്‍റെ അന്നേ വരെയുള്ള നയം മാറ്റി ഇസ്റാഈലുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതും അന്നാണ്. ഇന്ത്യയുടെ പൊതുവിലുള്ള മതേതര സമീപനം മാറി, കുറെക്കൂടി തീവ്ര ഹിന്ദുത്വ അജണ്ടകള്‍ ഭരണകൂടത്തിന്‍റെ എല്ലാ ഭാഗങ്ങളെയും സ്വാധീനിക്കാന്‍ തുടങ്ങി. അന്ന് പാഠപുസ്തകങ്ങളിലൂടെയാണ് ആ വ്യതിയാനം പ്രധാനമായി പ്രത്യക്ഷമാകാന്‍ തുടങ്ങിയത്. രാജ്യത്തിന്‍റെ ഭാവി വാഗ്ദാനങ്ങളായ കുട്ടികളും ചെറുപ്പക്കാരും പഠിക്കുന്ന ചരിത്രവും പാഠപുസ്തകങ്ങളും വര്‍ഗീയവത്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് അക്കാലത്ത് നടന്നത്. ദീര്‍ഘകാല അജണ്ടയുടെ ഭാഗമായിരുന്നു അത്.
ദേശീയ സമരമാണ് ഇന്ത്യന്‍ മതേതരത്വത്തിന്‍റെ അടിസ്ഥാനമെന്നതുകൊണ്ടുതന്നെ ഇന്ത്യന്‍ സൊസൈറ്റിയുടെ പൊതുസ്വഭാവം മതേതരത്വത്തിലൂന്നിയതായിരുന്നു. ആ ദേശീയ സമരത്തിന്‍റെ ഉജ്വലമായ പാഠങ്ങള്‍ തമസ്കരിച്ചുകൊണ്ട് വളരെ വര്‍ഗീയമായ പാഠങ്ങള്‍ പകരം വയ്ക്കാനായിരുന്നു ആ ശ്രമം. പിന്നീട്, നരേന്ദ്ര മോഡിയും അമിത് ഷായും അധികാരത്തില്‍ വന്ന ശേഷം ഈ മതാത്മകത വളരെ ആഴത്തില്‍ വന്നിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അതേസമയം, എനിക്കിപ്പോഴും തോന്നുന്ന ശ്രദ്ധേയമായ കാര്യം, ഈ വിഷയത്തോടുള്ള പ്രതികരണത്തില്‍ ഇന്ത്യന്‍ മുസ്ലിംകളില്‍ പ്രകടമായ മാറ്റം ഉണ്ടായിട്ടുണ്ട് എന്നാണ്. ഈ പ്രശ്നത്തിന്‍റെ സൈദ്ധാന്തികമായ വശത്തെ കുറിച്ച് നേരത്തെ മുസ്ലിം നേതൃത്വം കാര്യമായി ആലോചിച്ചിരുന്നില്ല. ഇത്തരം വിഷയങ്ങള്‍ വന്നാല്‍ അതൊരു മുസ്ലിം വിഷയമായി മാത്രം കണ്ടുള്ള പ്രതികരണങ്ങളാണ് ഉയര്‍ന്നിരുന്നത്. 90-കള്‍ വരെയുള്ള മുസ്ലിം രാഷ്ട്രീയ നേതൃത്വത്തിന്‍റെ പൊതുസ്വഭാവം ഇതായിരുന്നു.
ഭരണകൂട സമീപനത്തിലുണ്ടാകുന്ന രൂക്ഷമായ വ്യതിയാനത്തെ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന വിഷയങ്ങളിലുണ്ടാകുന്ന മാറ്റങ്ങളായോ ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ന്യൂനപക്ഷ, മുസ്ലിം വിരുദ്ധ സമീപനങ്ങളുമായോ, സാമ്പത്തിക മൂലധന വിഷയങ്ങളുമായി അതിനുള്ള ബന്ധമോ ഒന്നും നേതൃത്വം പരിഗണിച്ചിരുന്നില്ല. അത്തരം ഘടകങ്ങളുമായി ബന്ധപ്പെടുത്താന്‍ ശ്രമിച്ചിരുന്നുമില്ല. പകരം ഒരു മുസ്ലിം പ്രശ്നമായി മാത്രമാണ് ഇവയെ സമീപിച്ചിരുന്നത്.
എന്നാല്‍ ഈ സമീപനത്തില്‍ ശ്രദ്ധേയമായ മാറ്റം കണ്ടുതുടങ്ങിയിരിക്കുന്നു. പുതുതലമുറയിലെ മുസ്ലിം ബുദ്ധിജീവികള്‍ പ്രശ്നത്തെ വിശാലമായ തലത്തില്‍ നോക്കിക്കാണുന്നുണ്ട്. ഏറെ ബഹുമാനം തോന്നുന്ന സ്കോളേഴ്സ് യുവതലമുറയില്‍ നിന്ന് രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഉമര്‍ ഖാലിദ്, റാണ അയ്യൂബ് തുടങ്ങി നിരവധി പേര്‍ ഇവരിലുണ്ട്. ഇവര്‍ കാര്യങ്ങളെ വളരെ ആഴത്തിലുള്ള പരിശോധനയ്ക്കു വിധേയമാക്കുന്നു. ഇന്ത്യയില്‍ ഭൂരിപക്ഷത്തിന്‍റെ പേരിലുണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ മുസ്ലിം സമുദായത്തോടുള്ള വര്‍ഗീയ പ്രതികാരം മാത്രമായല്ല അവര്‍ കാണുന്നത്. മുസ്ലിംകളാണ് പ്രാഥമിക ഇരകളെങ്കിലും ഇന്ത്യയിലെ വിഭവങ്ങളുടെ അധികാരം പിടിച്ചെടുക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്.

ഇന്ത്യയുടെ അടിസ്ഥാന വിഭവങ്ങളുടെ മേലുള്ള നിയന്ത്രണത്തിനും മേധാവിത്വത്തിനും വേണ്ടിയുള്ള സമരം നടന്നുകൊണ്ടിരിക്കുകയാണ്. ഈ പോരാട്ടത്തിന്‍റെ ഒരുഭാഗത്ത് നേതൃത്വം നല്‍കുന്നത് ആഗോള കോര്‍പ്പറേറ്റുകളാണെങ്കില്‍ അവരോടൊപ്പം രാജ്യത്തെ വലിയ സാമ്പത്തിക ശക്തികള്‍ തോള്‍ ചേര്‍ന്നുനില്‍ക്കുകയാണ്. ഇവരൊക്കെ ഹിന്ദുത്വ ശക്തികളുമായി വളരെ ഐക്യപ്പെട്ടുനില്‍ക്കുന്നവരുമാണ്. ഈ വലിയ വിഭാഗത്തെ ചെറുക്കുന്നവര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളും ദലിതുകളും ആദിവാസികളുമൊക്കെയാണ്. ആ നിലയില്‍ ഈ വിഷയത്തെ സാര്‍വദേശീയവും സാമ്പത്തികവുമായ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന ഒരുപാട് സൈദ്ധാന്തികരും യുവ ചിന്തകരും രംഗത്തെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വിഷയത്തെ ഏതുവിധേന നേരിടണമെന്നതു സംബന്ധിച്ച് ഒരു വിഭ്രാന്തിയും നിരാശയും നിലനില്‍ക്കുന്നതായി കാണുന്നില്ല.
മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി, പിന്നാക്ക വിഭാഗങ്ങളുമായും ദലിത് ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളുമായും യോജിച്ചുകൊണ്ട് വളരെ വിശാലമായ മൂവ്മെന്‍റുകളിലൂടെ മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ എന്ന അവബോധമാണ് യുവതലമുറയില്‍ നിന്നുള്ള പ്രബുദ്ധരായ നേതാക്കളില്‍ കാണാന്‍ കഴിയുന്നത്. ഇത് മുന്‍കാല നേതൃത്വം കാണിക്കാത്ത അവബോധമാണ്. ഈ മാറ്റം ഇന്ത്യയെ സംബന്ധിച്ച് വളരെ ആശാവഹവും പൊസിറ്റീവുമാണ്.
എതിര്‍ക്കുന്ന ആളുകളെ പേടിപ്പിച്ച് അടക്കിനിര്‍ത്താനാണ് ഭരണകൂടം എപ്പോഴും ശ്രമിക്കാറുള്ളത്. പക്ഷെ, കാര്യങ്ങളെ കൃത്യമായി വിശകലനം ചെയ്യുമ്പോള്‍, അതിനു പിന്നിലുള്ള യഥാര്‍ഥ താല്പര്യങ്ങളെ അവലോകനം ചെയ്യാന്‍ സാധിക്കുമ്പോള്‍, ആ ഉറച്ച ബോധ്യം നിങ്ങളുടെ ആശങ്കയും പേടിയും മാറ്റും. സഖ്യകക്ഷികള്‍ ആര് എന്ന് കൃത്യമായി തിരിച്ചറിയാനും കണ്ടെത്താനും സാധിക്കും. ആ തരത്തില്‍ പുതിയൊരു അന്തരീക്ഷമാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത് എന്നാണ് മനസ്സിലാകുന്നത്.
ഇതു പറയാന്‍ കാരണം, അറസ്റ്റും കേസും ഉള്‍പ്പെടെ സര്‍ക്കാര്‍ മെഷിനറി എത്ര തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിട്ടും ചെറുത്തുനില്പ് കുറയുകയല്ല, കൂടുതല്‍ കൂടുതല്‍ പേര്‍ ശക്തമായി മുന്നോട്ടുവരികയാണ് ചെയ്യുന്നത്. ഭയപ്പെട്ട് ഭരണകൂടവുമായി സന്ധി ചെയ്യാന്‍ ഈ യുവ നേതാക്കളിലാരും, അറസ്റ്റു ചെയ്യപ്പെട്ട ഏതെങ്കിലുമൊരാളും തയ്യാറായിട്ടില്ല. അത് വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമാണ് നല്‍കുന്നത്.

? മുസ്ലിം പ്രതികരണത്തിന്‍റെ പരിപ്രേക്ഷ്യം മാറുകയും പാകത കൈവരിക്കുകയും ചെയ്തു എന്നാണോ ഉദ്ദേശിക്കുന്നത്?

ഇബ്റാഹിം സുലൈമാന്‍ സേഠ്, അസദുദ്ദീന്‍ ഉവൈസി പോലുള്ള നേതാക്കള്‍ വിഷയങ്ങളെ കണ്ടതില്‍ നിന്ന് വളരെ വ്യത്യസ്തമായ പരിപ്രേക്ഷ്യത്തിലാണ് പുതിയ തലമുറയിലെ യുവ നേതാക്കള്‍ കാര്യങ്ങളെ കാണുന്നത്. ആ മാറ്റം പൊസിറ്റീവും ശ്രദ്ധേയവുമാണ്. നേരത്തെ സാമുദായികതയുടെ അടിസ്ഥാനത്തിലായിരുന്നു രാഷ്ട്രീയ സംഘാടനം നടന്നിരുന്നത്. മുസ്ലിംകള്‍ക്കായി മുസ്ലിംകളുടെ ഒരു പാര്‍ട്ടി എന്നു പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതിലെന്തു താല്പര്യമാണുണ്ടാവുക. അവര്‍ അവരുടെ കാര്യവുമായി നീങ്ങട്ടെ എന്നു അവരല്ലാത്തവര്‍ കരുതും. മുസ്ലിംലീഗ് പാര്‍ട്ടി പോലും ഈ കാര്യം തിരിച്ചറിഞ്ഞുവെന്നു വേണം കരുതാന്‍. രാജ്യത്തു സംഭവിക്കുന്ന മതേതര വിഷയങ്ങളില്‍ കുറെക്കൂടി സക്രിയമായി ആ പാര്‍ട്ടി ഇടപെടാന്‍ തുടങ്ങിയിട്ടുണ്ട്.
ഗുജറാത്തില്‍ ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിന്‍റെയും ഭാര്യ ശ്വേത ഭട്ടിന്‍റെയും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ മുസ്ലിം ലീഗ് സജീവമായി ഇടപെടുന്നത് ഇതിനുദാഹരണമാണ്. അതുപോലെ, പുതു തലമുറയിലെ എഴുത്തുകാരെയും ചിന്തകരെയും കൊണ്ടുവന്ന് സംവാദാത്മക വേദികളില്‍ പങ്കെടുപ്പിക്കുന്നതും പാര്‍ട്ടി നേരത്തെ ചെയ്തു കാണാത്ത സംഗതിയാണ്. ഇതൊക്കെ വലിയ മാറ്റങ്ങളാണ്.
അതിനര്‍ഥം, കേവലം സാമുദായികതയില്‍ നിന്ന് കുറെക്കൂടി വിശാലവും ആഴത്തിലുള്ളതുമായ സാമൂഹിക, സാമ്പത്തിക ബന്ധങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു പുതിയ രാഷ്ട്രീയത്തിന്, അഥവാ കീഴാളവര്‍ഗ രാഷ്ട്രീയത്തിന്‍റെ (സബാള്‍ട്ടന്‍ പൊളിറ്റിക്സ്) പ്രാധാന്യം ഇന്ന് മുസ്ലിം സമുദായത്തിനകത്ത് വ്യാപകമായി സ്വാധീനം നേടിക്കൊണ്ടിരിക്കുന്നുണ്ട് എന്നാണ്. സാധാരണക്കാരുടെ വിഷയങ്ങളും പ്രശ്നങ്ങളും കേന്ദ്രീകരിച്ച് നിരവധി പ്രക്ഷോഭങ്ങളും സമരങ്ങളും രാജ്യത്ത് ഉയര്‍ന്നുവന്നത് കീഴാളവര്‍ഗ രാഷ്ട്രീയത്തിന്‍റെ പ്രസക്തി ബോധ്യപ്പെടുത്തുന്നുണ്ട്.

? സഫൂറ സൈഗാറിന്‍റെ അറസ്റ്റ്, സഫറുല്‍ ഇസ്ലാം ഖാനെതിരായ രാജ്യദ്രോഹ കേസ്, സി എ എ വിരുദ്ധ സമരമുന്നണിയിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരെ കോവിഡ് കാലത്തു പോലുമുള്ള പൊലീസ് നടപടി തുടങ്ങി ഭരണകൂടം വിഭാഗീയ നടപടി ശക്തിപ്പെടുത്തുമ്പോള്‍ സംഘടിതമായ പ്രതികരണം സാഹചര്യം ആവശ്യപ്പെടുന്നില്ലേ ?

ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്നുള്ള നടപടികള്‍ക്കു അമിത് ഷാ ആഭ്യന്തര മന്ത്രിയായ ശേഷം വേഗവും മൂര്‍ച്ചയും കൈവന്നിട്ടുണ്ട്. രാജ്നാഥ് സിംഗ് ആഭ്യന്തരം കൈകാര്യം ചെയ്തപ്പോള്‍ ഇതര വിഭാഗങ്ങള്‍ക്കെതിരെ സംഘടിത ആക്രമണം ഉണ്ടായിരുന്നില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കൈയേറ്റമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രധാന ചുമതല എന്ന് അമിത് ഷാ തീരുമാനിച്ച പോലെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ആഭ്യന്തരവകുപ്പ് ന്യൂനപക്ഷ പീഡന മന്ത്രാലയത്തിന്‍റെ സ്വഭാവം സ്വീകരിക്കാന്‍ തുടങ്ങി. ഷാ ചുമതലയേറ്റ് ആറു മാസത്തിനുള്ളിലുണ്ടായ നടപടികള്‍ പരിശോധിച്ചാല്‍ ഇതു ബോധ്യമാകും. യു എ പി എ പോലുള്ള നിയമങ്ങളില്‍ വരുത്തിയ ഗുരുതരമായ ഭേദഗതികള്‍, വിദേശ രാജ്യങ്ങളില്‍ ഭൂരിഭാഗവും എടുത്തുകളഞ്ഞ രാജ്യദ്രോഹ വകുപ്പിന്‍റെ (മുന്‍കാലത്ത്, രാജാവിനെ വിമര്‍ശിക്കുന്നത് വലിയ കുഴപ്പമാണ് എന്ന നിലയിലാണ് രാജ്യദ്രോഹ വകുപ്പ് നിയമമായി വരുന്നത്) വ്യാപകവും നിരന്തരവുമായ ദുരുപയോഗം (ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് പെറ്റി കേസുകള്‍ പോലെ ഇത്രയേറെ രാജ്യദ്രോഹ കേസുകളും യു എ പി എ വകുപ്പും ചുമത്തപ്പെടുന്നത്) തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.
ഭരണകൂടത്തിന് കാഴ്ചപ്പാട് നഷ്ടപ്പെട്ടുവെന്ന ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. സര്‍ദാര്‍ പട്ടേല്‍, വൈ ബി ചവാന്‍, പി ചിദംബരം തുടങ്ങിയവര്‍ കൈകാര്യം ചെയ്ത ഉത്തരവാദപ്പെട്ട ആഭ്യന്തര വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ കൊച്ചാക്കുകയാണ് ഷാ. ഗുജറാത്തിലെ ഒരു പ്രാദേശിക വര്‍ഗീയവാദി നേതാവിനെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. രാജ്യത്തിന്‍റെ ആഭ്യന്തര വൈവിധ്യത്തെ കുറിച്ചും സങ്കീര്‍ണതകളെ കുറിച്ചും മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്കുണ്ടായിരുന്ന അവബോധം, ഇന്ത്യയെ പോലൊരു രാജ്യത്ത് വിവിധ ജനവിഭാഗങ്ങളെ ഭരണകൂടത്തിന് എതിരാക്കിയാലുണ്ടാകാവുന്ന പ്രതിസന്ധികള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഒരു കാഴ്ചപ്പാടും ഇപ്പോഴത്തെ മന്ത്രിക്കില്ല. ഗുജറാത്തിലെ ഒരു പ്രാദേശിക നേതാവിനപ്പുറത്തേക്ക് വളരാന്‍, ഇന്ത്യ എന്നാല്‍ എന്താണെന്നു മനസ്സിലാക്കാന്‍ നിര്‍ഭാഗ്യവശാല്‍ അമിത് ഷാക്കു കഴിഞ്ഞിട്ടില്ല. ഇന്ത്യയെ ഒന്നിച്ചുനിര്‍ത്താനുള്ള ചുമതലയാണ് ആഭ്യന്തരവകുപ്പിന് എന്നദ്ദേഹത്തിനറിയില്ല. എതിരാളികളെ കൈകാര്യം ചെയ്യാനുള്ള ആയുധമായി ആ വകുപ്പ് അധപ്പതിച്ചു. ജനങ്ങളെ ഭീഷണിപ്പെടുത്താനും അടിച്ചമര്‍ത്താനും പൊലീസിനെയും സൈന്യത്തെയും ഉപയോഗിച്ച് ബ്രിട്ടീഷ് ഭരണകൂടം പ്രയോഗിച്ച പരിപാടിയാണ് ഇദ്ദേഹവും സ്വീകരിക്കുന്നത്. ആ രീതി ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കു നേരെ പ്രയോഗിക്കാന്‍ തുടങ്ങിയാല്‍ രാജ്യത്തിന്‍റെ തകര്‍ച്ചയിലേക്കാണ് അതു കൊണ്ടുചെന്നെത്തിക്കുക. ആ തിരിച്ചറിവ് നിര്‍ഭാഗ്യവശാല്‍ അമിത് ഷായെപ്പോലുള്ള ഭരണാധികാരികള്‍ക്കില്ല എന്നതാണ് ഒരു വിഷയം.
അതുകൊണ്ട് വളരെ തെറ്റായ പ്രവണതകള്‍ ഭരണകൂടം തുടര്‍ച്ചയായി സ്വീകരിക്കുന്നു. പൊലീസിന് അമിതാധികാരം നല്‍കി ഒരു യുദ്ധത്തിന്‍റെ ഭാഷയിലാണ് ഈ സര്‍ക്കാര്‍ കാര്യങ്ങളെ സമീപിക്കുന്നത്. അതിര്‍ത്തിയിലെ മിന്നലാക്രമണം പോലെയാണ് കോവിഡ് രോഗത്തെ പോലും സമീപിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധിക്കു കാരണമായ വൈറസാണ് കോവിഡ്. വൈറസ് കണ്ടെത്താനും നിയന്ത്രിക്കാനും മതിയായ ചികിത്സ കൊടുക്കുകയാണ് പരിഹാരം. ആ വൈറസ് ഇന്ത്യയെ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ വരുന്ന പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. പോരാളികള്‍ എന്നാണ് ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും വിശേഷിപ്പിക്കുന്നത്. ഏത് ഡോക്ടറാണ് പോരാളിയാകുന്നത്? അസംബന്ധ നാടകത്തിന്‍റെ രൂപത്തിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ ഗിമ്മിക്കുകള്‍ ഒരു പരിധി വരെ ചെലവാകും. ഒരു ഘട്ടം കഴിഞ്ഞാല്‍ ദേശീയതലത്തില്‍ ബാധിക്കുന്ന വളരെ ഗുരുതരമായ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരും. അത് മുസ്ലിംകളുടെ മാത്രം വിഷയമാകില്ല. ഡല്‍ഹി കേന്ദ്രിതമായി, അധികാരകേന്ദ്രത്തിന്‍റെ അകത്തളത്തില്‍ നിന്നു മാത്രം രാജ്യത്തെ വീക്ഷിക്കുകയും, ഇന്ത്യയുടെ നാനാഭാഗത്തു നിന്നുള്ള കെട്ടുപിണഞ്ഞ പ്രശ്നങ്ങളെയും വൈജാത്യങ്ങളെയും അവഗണിച്ചുകൊണ്ട് അധികാരം മാത്രം പ്രയോഗിക്കുകയുമാണ് ഭരണകൂടം. അധികം വൈകാതെ അവര്‍ ഒറ്റപ്പെടും, അതാണ് രാജ്യത്തെ സാഹചര്യം ബോധ്യപ്പെടുത്തുന്നത്.
അതിനുമാത്രം ഗുരുതരവും കുഴഞ്ഞുമറിഞ്ഞതുമായ പ്രശ്നങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ലോകത്ത് ഇത്രയേറെ സങ്കീര്‍ണതകളും വൈവിധ്യങ്ങളുമുള്ള മറ്റൊരു രാജ്യവും ഉണ്ടാകില്ല. അത് മനസ്സിലാക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാഭാവികമായ പ്രത്യാഘാതം അനിവാര്യമാണ്. അത് എപ്പോള്‍ ഉയര്‍ന്നുവരുമെന്നത് സമയത്തിന്‍റെ മാത്രം പ്രശ്നമാണ് എന്നാണ് കരുതുന്നത്.
അസമില്‍ എന്‍ ആര്‍ സി കൊണ്ടുവന്നു, ദേശീയ തലത്തില്‍ പൗരത്വ പട്ടിക നടപ്പാക്കുമെന്നു പ്രഖ്യാപിച്ചു, പൗരത്വനിയമത്തില്‍ ഭേദഗതി തുടങ്ങി ഗൗരവമുള്ള അക്രമണോത്സുക നീക്കങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായി. എന്നാല്‍ ഈ ഓരോ നീക്കത്തിനു നേരെയും അതിശക്തമായ പ്രതിഷേധവും പ്രതിരോധവും ഉണ്ടായിട്ടുണ്ട്. മോഡി ഭരണത്തിന്‍റെ ആദ്യ കാലത്ത് അതുണ്ടായിരുന്നില്ല. പാര്‍ലമെന്‍ററി രീതിക്കനുസരിച്ച് പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാകുമെന്നും അധികാരം ലഭിച്ചാല്‍ സ്വാഭാവികമായും ആളുകള്‍ക്ക് വെളിവുണ്ടാകുമെന്നുമാണ് എല്ലാവരും കരുതിയത്. നേരെ മറിച്ച് അധികാരം ലഭിച്ചപ്പോള്‍ അതിന്‍റെ മത്ത് തലയ്ക്കു പിടിച്ച മട്ടിലാണ് ഇദ്ദേഹവും ഭരണകൂടവും പെരുമാറാന്‍ തുടങ്ങിയത്. അതുകൊണ്ടാണ് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ അതിശക്തമായ പ്രതിരോധവുമായി രംഗത്തു വരാന്‍ തുടങ്ങിയത്.
ന്യൂനപക്ഷങ്ങള്‍ മാത്രമല്ല തെരുവില്‍ ഇറങ്ങിയത് എന്നു നമുക്കറിയാം. എന്‍ ആര്‍ സിയുമായി ബന്ധപ്പെട്ട് അസ്സമില്‍ രംഗത്തുവന്നതില്‍ നല്ലൊരു പങ്ക് ഹിന്ദു സമുദായാംഗങ്ങളായിരുന്നു. കാരണം പൗരത്വം ബോധ്യപ്പെടുത്താന്‍, ഇന്നാട്ടുകാരനാണെന്നു തെളിയിക്കാനുള്ള രേഖകള്‍ അവരുടെ കൈവശം ഇല്ല. ഇന്ത്യന്‍ ജനസംഖ്യയുടെ എണ്‍പതു ശതമാനത്തിലേറെ ഹിന്ദുക്കളാണ്. ഇവരില്‍ തന്നെ തൊണ്ണൂറു ശതമാനത്തോളം ആളുകള്‍ക്ക് ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ രേഖകളില്ല. അത്തരം പ്രയാസകരമായ സാഹചര്യം വരുമ്പോള്‍ അതു ബാധിക്കുന്ന എല്ലാ വിഭാഗം ആളുകളും കഴിഞ്ഞ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ദേശീയ തലത്തില്‍ തന്നെ സാധാരണ ജനങ്ങളുടെ ഒരു ഐക്യമുന്നണിയായിട്ടായിരുന്നു ആ മൂവ്മെന്‍റ് വികസിച്ചുവന്നത്. അത് കൂടുതല്‍ ശക്തിപ്പെടും. കോവിഡ് ഭീതിയുടെ കോലാഹലം മാറിയാല്‍, ഭരണകൂടം ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണെങ്കില്‍ തീര്‍ച്ചയായും നിര്‍ത്തിവെച്ച സമരങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും.

? കോവിഡ് പുതിയ സമരത്തിന് ഇന്ധനം പകരുന്ന ഘടകമാകുമോ അതോ സമരങ്ങളെ തണുപ്പിക്കുന്ന പിടിവള്ളിയാകുമോ

ജനകീയ പ്രതിരോധത്തെ കൂടുതല്‍ ശക്തമാക്കുന്ന മറ്റൊരു ഘടകം കൂടി ഉയര്‍ന്നുവന്നിരിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. നമ്മുടെ സങ്കല്പത്തിനുമപ്പുറത്തുള്ള സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യത്തെ ജനങ്ങള്‍ ഉള്ളത്. കോടിക്കണക്കിനാളുകളാണ് തൊഴില്‍ നഷ്ടപ്പെട്ട് വലയുന്നത്. അവര്‍ക്ക് പുറത്തേക്കു വരാന്‍ കഴിയാത്ത സവിശേഷ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഗൗരവതരമായ അത്തരം വിഷയങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ ഒരു വരി പോലും പറയുന്നില്ല. സര്‍ക്കാരിനെ മാത്രം പാടിപ്പുകഴ്ത്തുന്ന, ഔദ്യോഗികമായി ലഭിക്കുന്ന വാര്‍ത്തകള്‍ മാത്രം കൊടുക്കുന്ന തരം പതിതാവസ്ഥയിലേക്ക് ഭൂരിഭാഗം മാധ്യമങ്ങളും വീണുപോയിരിക്കുന്നു. അടിയന്തരാവസ്ഥയില്‍ പോലും മാധ്യമങ്ങള്‍ ഇത്രയും തരംതാണുപോയ സാഹചര്യം ഉണ്ടായിരുന്നില്ല.
ഈ കാലാവസ്ഥ മാറി കോവിഡ് ഭീതി ഒഴിഞ്ഞാല്‍, ജനങ്ങളുടെ തൊഴില്‍ നഷ്ടവും സ്ഥാപനം അടച്ചുപൂട്ടിയതും വരുമാന നഷ്ടവും സമ്പാദ്യമെല്ലാം വിറ്റു കാശാക്കി ചെലഴിക്കേണ്ടിവന്നതും വലിയ പ്രശ്നമായി ഉയര്‍ന്നുവരും. വരും മാസങ്ങളില്‍ അതിന്‍റെ ഭീകരമായ കെടുതി രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കണം. സ്വാഭാവികമായും ജനങ്ങള്‍ക്ക് പുറത്തേക്കു വന്നേ പറ്റൂ. സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് നേരത്തെയുണ്ടായ അത്യാചാരങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും പുറമെ ഈ ഘട്ടത്തിലെ നിഷ്ക്രിയതയും വലിയ ജനരോഷം ക്ഷണിച്ചു വരുത്തും.
ഇയ്യിടെ കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജു കൊണ്ട് സാധാരണക്കാരന് എന്തു നേട്ടമാണ് ഉണ്ടായിട്ടുള്ളത്. 1,70,000 കോടി പ്രഖ്യാപിച്ചതില്‍ സാധാരണക്കാരന് കാര്യമായൊരു ആനുകൂല്യവും ലഭിക്കുന്നില്ല. അതേസമയം, അമേരിക്കയിലും ഇംഗ്ലണ്ടിലും മൊത്തം വരുമാനത്തിന്‍റെ (ജി ഡി പി) പത്തു ശതമാനമാണ് കോവിഡ് നേരിടാന്‍ വേണ്ടി ചെലവാക്കുന്നത്. ഇന്ത്യയിലാകട്ടെ അത് ജി ഡി പിയുടെ രണ്ടു ശതമാനം മാത്രമാണ്. അതില്‍ തന്നെ വളരെ പരിമിതമായ വിഹിതമാണ് സാധാരണക്കാരന് കിട്ടുന്നത്. ഈ പ്രശ്നങ്ങള്‍ രൂക്ഷമായ സമരത്തിലേക്കു നയിക്കും. അമിത് ഷാ ആളുകളെ മുഴുവന്‍ പട്ടാളത്തിലെടുത്ത് അടിച്ചമര്‍ത്തിയാല്‍ പോലും രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധം ഇല്ലാതാക്കാന്‍ സാധിക്കില്ല. എത്ര പേരെ അവര്‍ക്കു വെടിവെച്ചു കൊല്ലാന്‍ കഴിയും? (തുടരും)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x