9 Sunday
May 2021
2021 May 9
1442 Ramadân 26

ജമാഅത്തും യു ഡി എഫും ഒന്നിച്ചപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്

എന്‍ പി ആഷ്‌ലി

തങ്ങളുടെ ചെറുപ്പകാലത്ത് നഗരവാസികളും കച്ചവടക്കാരും മേലാളരുമായ കോഴിക്കോട്ടുകാര്‍ പുച്ഛിച്ച് ‘കിഴക്കന്‍മാര്‍’ എന്നാണ് കൃഷിക്കാരും അടിയാളരും ഗ്രാമീണവാസികളും ആയിരുന്ന മുക്കത്തുകാരെയും മുക്കത്തിനപ്പുറത്തുള്ള മലപ്പുറം ജില്ലക്കാരെയും വിളിച്ചിരുന്നത് എന്ന് പ്രായമായവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയുള്ള മുക്കം മുനിസിപ്പാലിറ്റിക്ക് ഈ തിരഞ്ഞെടുപ്പില്‍ പ്രത്യേക ശ്രദ്ധ കിട്ടാന്‍ ഒരു കാരണമുണ്ട്. അര നൂറ്റാണ്ടിലധികമായി ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ ശക്തി ദുര്‍ഗങ്ങള്‍ എന്ന് പറയപ്പെടുന്ന മൂന്നേ മൂന്നു ഗ്രാമങ്ങളില്‍ ഒന്നാണ് ചേന്ദമംഗല്ലൂര്‍.
മുക്കം മുനിസിപ്പാലിറ്റിയിലെ മൂന്നുനാല് വാര്‍ഡുകള്‍ ചേര്‍ന്ന ഒരു ഗ്രാമമാണിത്. 2015-ല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ജയിച്ചാണ് എല്‍ ഡി എഫ് ഇത് വരെ ഭരിച്ചിരുന്നത്. അവിടെ ജമാഅത്തെ ഇസ്‌ലാമി എങ്ങനെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കും എന്നതായിരുന്നു മറ്റൊരു ചോദ്യം. ഇതൊക്കെച്ചേര്‍ന്നു ജമാഅത്തെ ഇസ്‌ലാമിയുടെ ‘നെക്സ്റ്റ് ലെവല്‍ പൊളിറ്റിക്കല്‍ ലോഞ്ച്’ നടക്കുന്ന സ്ഥലങ്ങളില്‍ ഒന്ന് മുക്കം മുനിസിപ്പാലിറ്റി ആകും എന്നുള്ള തോന്നല്‍ ഉണ്ടാക്കിച്ചു. മുക്കം മുനിസിപ്പാലിറ്റിയില്‍ കിട്ടിയ മൂന്നു സീറ്റുകളും വെല്‍ഫെയര്‍ പാര്‍ട്ടി ജയിക്കുകയും ചെയ്തു.

മുക്കത്തെ രാഷ്ട്രീയ കൗതുകങ്ങള്‍


ചില കൗതുകങ്ങള്‍ ബാക്കിയുണ്ട്. ഇവിടങ്ങളില്‍ ഇത്രയും കാലമായി തെരഞ്ഞെടുപ്പ് മത്സരം നടക്കാറ് മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ യു ഡി എഫും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മിലാണ്. മുക്കം മുനിസിപ്പാലിറ്റിയിലെ പുല്‍പറമ്പില്‍ കഴിഞ്ഞ പ്രാവശ്യം 36% വോട്ടു നേടിയ യു ഡി എഫും എല്‍ ഡി എഫിനൊപ്പം ചേര്‍ന്ന് 49% വോട്ടു നേടിയ വെല്‍ഫെയറും ഒന്നിക്കുമ്പോള്‍ (എല്‍ ഡി എഫിന് 16% മാത്രം വോട്ടുള്ള ഒരു വാര്‍ഡാണിത്) വളരെ വലിയ ഒരു വിജയം അവര്‍ക്കുണ്ടാവും എന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ പ്രാവശ്യം എല്‍ ഡി എഫിന്റെ കൂടെ നിന്ന് കിട്ടിയ 49 ശതമാനം മാത്രമേ ഇപ്രാവശ്യം യു ഡി എഫ്- വെല്‍ഫെയര്‍ ബന്ധത്തിന് കിട്ടിയിട്ടുള്ളൂ. ബാക്കി ഇരുപത്തിനാലോളം ശതമാനം വോട്ടു നഷ്ടപ്പെട്ടു.
വെല്‍ഫെയര്‍ ബന്ധം ഇന്നോളം സ്വീകരിച്ചു വന്ന ലീഗ് സാമുദായിക രാഷ്ട്രീയത്തിന്റെയും കോണ്‍ഗ്രസിന്റെ ഭരണഘടനാ ദേശീയതയുടെയും തള്ളിക്കളയലാണ് എന്ന വാദത്തോടെ കോണ്‍ഗ്രസ്സും ലീഗും വിട്ടിറങ്ങി പുല്‍പറമ്പില്‍ മത്സരിച്ച ചെറുപ്പക്കാരുടെ ജനകീയ മുന്നണി (ഇവര്‍ക്ക് എല്‍ ഡി എഫ് പിന്തുണ ഉണ്ടായിരുന്നു) 41 ശതമാനം വോട്ടാണ് നേടിയത്. ചേന്ദമംഗലൂരിലെ മറ്റു വാര്‍ഡുകളിലും ഇതാവര്‍ത്തിച്ചിട്ടുണ്ട്.
ഇരു കൂട്ടര്‍ക്കും സമം സീറ്റുകള്‍ കിട്ടിയ മുനിസിപ്പാലിറ്റി ഭരണം അനിശ്ചിതത്വത്തിനു ശേഷം ഒരു ലീഗ് വിമതന്റെ സഹായത്തോടെ ഇടതുപക്ഷത്തിനു തന്നെ കിട്ടി. അങ്ങനെ ജമാഅത്തെ ഇസ്‌ലാമിയുടെ ലോഞ്ചിന് പകരം ഒരു പുതിയ രാഷ്ട്രീയ നീക്കത്തിന്റെ തുടക്കമാവാം ചേന്ദമംഗല്ലൂരില്‍ കണ്ടത്. ചില പരാജയങ്ങള്‍ തുടക്കങ്ങള്‍ കൂടി ആവാനുള്ള സാധ്യതയുണ്ടല്ലോ.
കേരളത്തിലാകെയുള്ള 15,962 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 49 എണ്ണമാണ് വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ചു വിജയിച്ചിട്ടുള്ളത്. എന്ന് വെച്ചാല്‍ 00.003% വാര്‍ഡുകള്‍. 75 ഗ്രാമപഞ്ചായത്ത് സീറ്റുകള്‍ നേടിയ എസ് ഡി പി ഐക്കുള്ളത് 00.004% (എസ് ഡി പി ഐ വളരുന്നേ എന്നു പറഞ്ഞു ആ പാര്‍ട്ടിക്കാരും ഹിന്ദുത്വവാദികളും വാട്‌സ്ആപ് കാമ്പയിനുകള്‍ നടത്തി വരുന്നുണ്ട്). എന്തായാലും ഈ രണ്ടു കൂട്ടരും പരസ്പരം അഭിനന്ദിക്കുന്നതും പിന്തുണക്കുന്നതും കാണുമ്പോള്‍ അടുത്ത രാഷ്ട്രീയസഖ്യം അവര്‍ തമ്മില്‍ ആവാനാണ് സാധ്യത എന്ന് തോന്നുന്നു.
ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലക്ക് കേരളാടിസ്ഥാനത്തിലും ദേശീയാടിസ്ഥാനത്തിലും എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കേണ്ടതുള്ള മുസ്‌ലിം ലീഗിന് ഇക്കൂട്ടത്തില്‍ നിന്ന് പോവാന്‍ പ്രയാസമായിരിക്കും എന്ന് തോന്നുന്നു. പക്ഷേ അവനവനിസത്തിനപ്പുറം ദീര്‍ഘവീക്ഷണമുള്ള നേതാക്കള്‍ ഉണ്ടായാലേ അങ്ങനെ ഒരു മാറ്റം നടക്കൂ. ലോകത്തെ മുസ്‌ലിം- അമുസ്‌ലിം എന്ന് വിഭജിക്കുന്ന സിദ്ധാന്തത്തോട് സന്ധിചെയ്ത ലീഗിന് ഒരു ബഹുസ്വരസമൂഹത്തില്‍ ഒന്നും ചെയ്യാനില്ല; അതിനെ വിശ്വസിക്കാനുള്ള ബാധ്യത പൊതുസമൂഹത്തിനും ഇല്ലല്ലോ!

മുസ്‌ലിം മതസംഘടനകളുടെ സ്ഥാനം


കേരള കോണ്‍ഗ്രസ് ക്രിസ്ത്യാനികളുടേതായിരിക്കുന്ന പോലെ, ബി എസ് പി ജാതവ ദളിതുകളുടേത് ആയിരിക്കുന്ന പോലെ, ആര്‍ ജെ ഡി യാദവരുടേതായിരിക്കുന്ന പോലെ, മുസ്‌ലിംകളുടെ പാര്‍ട്ടി ആണ് മുസ്‌ലിംലീഗ് എന്നൊരു പേരാണ് ഇന്നുവരെ ഉണ്ടായിരുന്നത്.
സാമൂഹിക വികസനത്തിലും സമുദായിക സൗഹാര്‍ദ്ദത്തിലും സൈദ്ധാന്തികമായി വിശ്വസിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലക്ക് ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ ഇ കെ സുന്നിയും മുജാഹിദ് വിഭാഗങ്ങളും ലീഗിന്റെ വോട്ടര്‍മാരായി നിലനിന്നു. എന്‍ ഡി എഫിന്റെ വരവ് കേരളത്തിലെ സമുദായ മൈത്രിയെ തകര്‍ക്കും എന്ന് തോന്നിയപ്പോള്‍ എന്‍ ഡി എഫിനെതിരെ (അത് പിന്നെ പോപ്പുലര്‍ ഫ്രണ്ടും എസ് ഡി പി ഐ യുമൊക്കെയായി) അവര്‍ നടത്തിയ പരിപാടികളിലും ഇസ്‌ലാം മതരാഷ്ട്രവാദികളുമായോ, പ്രതിരോധം എന്ന പേരില്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥ പരത്തുന്നവരുമായോ യാതൊരു നീക്കുപോക്കും പാടില്ലെന്ന് ജോസഫ് മാഷുടെ കൈവെട്ടിയ ശേഷം 2011-ല്‍ നടത്തിയ കോട്ടക്കല്‍ പ്രമേയത്തിലും ലീഗിനെ അവര്‍ നിര്‍ബന്ധിച്ചു പങ്കെടുപ്പിച്ചിരുന്നു.
ജമാഅത്തിനോടുള്ള മുസ്‌ലിം സംഘടനകളുടെ എതിര്‍പ്പ് സ്വത്വവുമായി ബന്ധപ്പെട്ടതല്ല, മറ്റെല്ലാ സ്വത്വങ്ങളെയും നിരാകരിച്ചു കൊണ്ട്, സാമൂഹികമായ എല്ലാ വിഷയങ്ങളെയും തള്ളിക്കളഞ്ഞു, മതസ്വത്വത്തെ ഒരു ലക്ഷ്യമായും അധികാര സംസ്ഥാപനത്തിനുള്ള ഒരു മാര്‍ഗമായും കാണുന്നു എന്നതാണ്. അതുകൊണ്ടു ബി ജെ പിയെപ്പോലെ അവര്‍ക്കു സാമൂഹ്യമായ പദ്ധതികള്‍ ഇല്ലാതാവുന്നു. ഇത് വലിയ വ്യത്യാസമാണ്. എന്നിട്ടും ചേന്ദമംഗലൂര്‍ പോലെ ഒരു ജമാഅത്ത് കോട്ടയില്‍ ഉണ്ടായപോലെ ഒരു വോട്ടു ചോര്‍ച്ച ജമാഅത്തെ ഇസ്‌ലാമി തീര്‍ത്തും ദുര്‍ബലമായ മറ്റിടങ്ങളില്‍ ഉണ്ടാവാതിരുന്നതെന്തായിരിക്കും?
തെരഞ്ഞെടുപ്പിന് മുമ്പ് പത്രമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നതാണ് വിവിധ മുസ്‌ലിം യുവനേതാക്കളുടെ ജമാഅത്ത് വിരുദ്ധ പ്രസ്താവനകള്‍. അതൊന്നും കാര്യമായി ലീഗിനെ തകര്‍ത്തിട്ടില്ല എന്ന് വേണം മുസ്‌ലിംഭൂരിപക്ഷ മേഖലകളിലെ ഫലം കൊണ്ട് മനസ്സിലാക്കാന്‍. ചില പോക്കറ്റുകളിലൊഴികെ ജനപിന്തുണ എന്ന സംഗതിയേ ഇല്ലെങ്കിലും ദൃശ്യത ഉണ്ടാക്കുന്നതില്‍ ജമാഅത്തെ ഇസ്‌ലാമി കാണിക്കുന്ന മിടുക്ക് ഇവിടെയും ഗുണമായിരിക്കാം.
യു ഡി എഫ് നേതാക്കള്‍ വെല്‍ഫെയര്‍ ബന്ധത്തെപ്പറ്റി പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞിരുന്നുവെങ്കിലും ലീഗിനകത്തു നിന്ന് ഇങ്ങനെ ഒരു വിമര്‍ശനം പൊതുമണ്ഡലത്തില്‍ എത്തിയില്ല.
ഇവിടെ രണ്ടു കാര്യങ്ങളാണ് പറഞ്ഞു കേട്ടത്: ‘അവസാന നിമിഷം വരെ സഖ്യമുണ്ടാവില്ലെന്നും ഇടതുപക്ഷവുമായുള്ള വെല്‍ഫെയര്‍ സഖ്യം നടക്കാതിരിക്കാന്‍ വേണ്ടി മാത്രം ചര്‍ച്ച നടത്തുകയാണെന്നും’ ലീഗ് നേതൃത്വം പറഞ്ഞത് കേട്ട് ആശ്വസിച്ച ലീഗുകാരെ ഞാന്‍ മുക്കത്തു കണ്ടിട്ടുണ്ട്. എത്ര അധാര്‍മികമാണ് ആ ആലോചന!
അതുകൊണ്ടു തന്നെ അവസാനം കുഞ്ഞാലിക്കുട്ടിയുടെ പദ്ധതി തന്നെ വിജയിച്ചു. ആ പദ്ധതി സംസ്ഥാനാടിസ്ഥാനത്തില്‍ യു ഡി എഫിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് വലിയ ദോഷം ചെയ്യുകയും ചെയ്തു. അവസാനം തോല്‍വിയുടെ കുറ്റം കോണ്‍ഗ്രസിന്റെ തലയിലും! വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മാതൃസംഘടനയുടെ ദേശീയ- അന്തര്‍ദേശീയ ഇമേജ് വെച്ച് ഇത് ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസിനെ കുഴക്കാന്‍ പോകുന്ന ഒരു വിഷയമാവും. പഴയ തെരഞ്ഞെടുപ്പ് സഖ്യത്തിന് ഇന്നും ജമാഅത്തുകാരോട് തന്നെ മറുപടി പറഞ്ഞു തീര്‍ക്കാന്‍ ഇപ്പോഴും സി പി എമ്മിന് കഴിയാത്ത പോലെ!
കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ലീഗ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം ലീഗിന്റെ ചരിത്രം, നേതാക്കള്‍, രീതികള്‍ എല്ലാം പഠിപ്പിക്കുന്ന സ്റ്റഡി ക്ലാസുകള്‍ നിര്‍ത്തുകയാണ് എന്ന് നാട്ടിലെ ഒരു മുസ്‌ലിം സഘടനയുടെ ഭാരവാഹി പറഞ്ഞുകേട്ടിട്ടുണ്ട്. അതോടെ ആശയപരമായി തീര്‍ത്തും ദുര്‍ബലമായിപ്പോയ ലീഗിന് ജമാഅത്തെ ഇസ്‌ലാമിക്കാരുടെ വാദങ്ങള്‍ മാത്രമേ കേള്‍ക്കാനും ആവര്‍ത്തിക്കാനും ലഭ്യമായിരുന്നുള്ളൂ.
പിന്നെയും ലീഗിനുള്ളില്‍ പലയിടത്തും ബാക്കിയായ പ്രാദേശികമായ എതിര്‍പ്പിനെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയിലെ തന്റെ പൂര്‍ണ നിയന്ത്രണം ഉപയോഗിച്ച് നിര്‍വീര്യമാക്കി, അതാണ് മുക്കത്തെ കഥയില്‍ നിന്ന് മനസ്സിലാവുന്നത്. ജമാഅത്ത് വിരുദ്ധ മുസ്‌ലിം സംഘടനകളോട് സംസാരിച്ചു അവരെ കൂടെ കൂട്ടുന്നതിന്ന് പകരം മുസ്‌ലിംലീഗ്- വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുന്ന വിധത്തില്‍ കുളം കലക്കല്‍ പ്രസ്താവനകള്‍ നടത്താനാണ് ചില സി പി എം നേതാക്കളെങ്കിലും ശ്രമിച്ചത്.
മലയാളം സോഷ്യല്‍ മീഡിയയില്‍ ആണെങ്കില്‍ കണ്ണൂരിലെ ആര്‍ എസ് എസ്- സി പി എം ഏറ്റുമുട്ടലുകള്‍ പോലെ, ഇടത്- ഇസ്‌ലാമിസ്റ്റ് ചര്‍ച്ച ആയതുകൊണ്ട് ഒരു ന്യൂസ് സൈക്കിള്‍ ഉണ്ടാക്കിയെടുക്കാന്‍ ഇന്നും ഇത്തരം ഒരു പ്രസ്താവന മതിയല്ലോ! മുസ്‌ലിം എന്ന ശത്രുവിനെ ഉണ്ടാക്കി അതിനെതിരെ മാത്രം ഒരു രാഷ്ട്രീയ പദ്ധതി ഉണ്ടാക്കിയിട്ടുള്ള ഹിന്ദുത്വക്കാരുടെ ഭരണവും കൂടിയാവുമ്പോള്‍ ഒരു സമുദായത്തിന്റെ ധാര്‍മികശക്തിയെ ദുര്‍ബലമാക്കുവാനും അത് മതിയല്ലോ.
അങ്ങനെ അവസാന നിമിഷം ഉണ്ടായ ആശയക്കുഴപ്പത്തില്‍ ഇക്കുറി കുഞ്ഞാലിക്കുട്ടി സംഘടനകളില്‍ നിന്നുള്ള എതിര്‍പ്പിന്റെ കുറച്ചു പരിക്കോടെ രക്ഷപ്പെട്ടിട്ടുണ്ട് എന്ന് പറയണം. പക്ഷേ, ഇതാവുമോ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥിതി? വിരുദ്ധ പ്രത്യയശാസ്ത്രങ്ങള്‍ ഉള്ള ലീഗും ജമാഅത്തെ ഇസ്‌ലാമിയും എങ്ങനെയാണ് ഒന്നിച്ചു പോവുക? ആ ചോദ്യമാവും കേരള രാഷ്ട്രീയത്തിന്റെ വഴി ഒരര്‍ഥത്തില്‍ നിശ്ചയിക്കാന്‍ പോകുന്നത്.
ജമാഅത്തെ ഇസ്‌ലാമിക്ക് അവരുടെ കോട്ടകള്‍ ഭദ്രമാക്കുന്നതിലും തെരഞ്ഞെടുപ്പ് ജയിക്കുന്നതിലും പ്രധാനമാണ് തങ്ങളുടെ ലോകവീക്ഷണം ആളുകളില്‍ എത്തിക്കുക എന്നത്. ലോകത്തെ മുസ്‌ലിം- അമുസ്‌ലിം എന്ന് രണ്ടായി കാണുന്ന ലോകവീക്ഷണത്തിനു മാത്രമേ അവര്‍ക്കു വിജയം നല്‍കാന്‍ കഴിയൂ. ഈ ലോകവീക്ഷണം പ്രായോഗികമായി തിണ്ണമിടുക്കായാണ് അനുഭവപ്പെടുക.
പാലക്കാട് നഗരസഭയില്‍ അധികാരം കിട്ടിയപ്പോള്‍ നഗരസഭാ കാര്യാലയത്തിനു മുകളില്‍ ‘ജയ് ശ്രീറാം’ എന്ന ബാനര്‍ ഉയര്‍ത്തി ഹിന്ദുരാഷ്ട്രവാദത്തിന്റെ തിടുക്കം പ്രദര്‍ശിപ്പിച്ച ബി ജെ പിക്കാരെപ്പോലെ, ചേന്ദമംഗല്ലൂരില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ശക്തി ഇഷ്ടപ്പെടാത്തവര്‍ വേറെ എങ്ങോട്ടെങ്കിലും മാറിത്താമസിക്കുകയാണ് വേണ്ടത് എന്നൊരു വോയിസ് ക്ലിപ്പിനെക്കുറിച്ചുള്ള വാര്‍ത്ത പത്രമാധ്യമങ്ങളില്‍ വന്നിരുന്നു. ഭൂരിപക്ഷതാവാദം രാജ്യത്തു മാത്രമല്ല, സംസ്ഥാനത്തും ഗ്രാമങ്ങളിലും വാര്‍ഡുകളിലും ഉണ്ട് എന്ന് അത് കേട്ടാല്‍ മനസ്സിലാവും. അതൊരു മനോഭാവമാണ്!

സംവരണമോ വിശ്വാസത്തിന്റെ അധികാരവാദമോ?

സവര്‍ണ സംവരണം കൊണ്ടാണ് ക്രിസ്ത്യാനികള്‍ എല്‍ ഡി എഫിന് വോട്ടു ചെയ്തത് എന്ന് പ്രചരിപ്പിക്കുന്നവര്‍ തങ്ങളുടെ തന്നെ രാഷ്ട്രീയ ആഖ്യാനത്തെ തള്ളിക്കളയുകയാണ്. 10 ശതമാനം വരുന്ന മേല്‍ജാതി ക്രിസ്ത്യാനികളുടെ കാര്യത്തില്‍ അത് ശരിയാണ് എന്ന് തന്നെ വാദത്തിനു വേണ്ടി വെക്കുക (അങ്ങനെ അല്ല സാമുദായിക രാഷ്ട്രീയം ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുക എന്നത് വേറെ കാര്യം). പിന്നാക്ക/ദളിത് ക്രിസ്ത്യാനികളോ? ഒരു വലിയ വിഭാഗം അവര്‍ണ മുസ്‌ലിംകളില്‍ നിന്ന് വന്നിരുന്ന ലീഗ് ഇന്ന് മുസ്‌ലിം സമുദായത്തിനുള്ളിലെ ജാതിയെ കാണുന്നു പോലുമുണ്ടോ?
സംവരണത്തില്‍ എല്ലാ മതത്തിലെയും പിന്നാക്കക്കാരെയും മതന്യൂനപക്ഷാവകാശങ്ങളില്‍ എല്ലാവിധം മതന്യൂനപക്ഷക്കാരെയും ഉള്‍പ്പെടുത്താന്‍ കഴിയാത്ത രാഷ്ട്രീയ ചര്‍ച്ചകള്‍ ധാര്‍മികമായി ശൂന്യവും രാഷ്ട്രീയമായി ഏകസ്വരവും തീര്‍ത്തും ഉപദ്രവകരവും ആണ്.
സവര്‍ണ സംവരണം കൊണ്ടാണ് ക്രിസ്ത്യന്‍ വോട്ടുകള്‍ സി പി എമ്മിലേക്ക് പോയതെന്ന് കുറ്റപ്പെടുത്തുന്ന ജമാഅത്തെ ഇസ്‌ലാമിക്കാര്‍ തങ്ങളുടെ ‘ഉര്‍ദുഗാന്‍ പിന്തുണ’ ഒരു കാര്യവുമില്ലാതെ കുരിശുയുദ്ധഭാഷ തിരിച്ചു കൊണ്ടുവരുന്നതിനെപ്പറ്റി ഒട്ടും സംശയിക്കുന്നില്ല. ഒരു ഭാഗത്ത് ഇവരും മറുഭാഗത്തു പ്രണയ വിവാഹത്തിനെതിരെ നടക്കുന്ന ഭീതികാമ്പയ്ന്‍ ഏറ്റെടുത്ത ക്രിസ്ത്യന്‍ വലതുപക്ഷവും കൂടി അപകടകരമായ അകലമാണ് രണ്ടു സാമുദായങ്ങള്‍ക്കും ഇടയില്‍ ഉണ്ടാക്കിവെച്ചിട്ടുള്ളത്. അമിത്ഷാക്ക് കൊയ്യാനുള്ള പാടമാണ് നട്ടുണ്ടാക്കുന്നത്!
ഓരോരുത്തരും സ്വന്തം സമുദായത്തെ അഭിവൃദ്ധിപ്പെടുത്തുക, അതിലൂടെ സമൂഹത്തിന്റെ ഭാഗമാവുക എന്നതാണല്ലോ കേരളീയ മാതൃകയുടെ ഒരു സവിശേഷത. അങ്ങനെയാണ് അയ്യങ്കാളിയും ഡോ. പല്‍പ്പുവും സി എച്ച് മുഹമ്മദ് കോയയും കാണിച്ചുതന്നത്. അത് സാമുദായിക ശത്രുതയുടെ ഭാഷയിലേക്കു മാറിക്കഴിഞ്ഞു. ഒരു വിധി പങ്കിടുന്ന ജനത എന്ന നിലക്ക് കാര്യങ്ങള്‍ ആലോചിക്കാന്‍ നമുക്ക് കഴിയാതായിപ്പോയിരിക്കുന്നു. കേരളത്തിന്റെ സാമൂഹിക ശരീരത്തിന് പരിക്കേല്പിക്കാന്‍ പോവുന്ന ഒരു മാറ്റമാണിത്.
ഞാന്‍ വിചാരിച്ചിരുന്നത് ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പി വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നാണ്. അതുണ്ടായില്ല. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ പോലും ഹിന്ദുരാഷ്ട്രദേശീയതക്ക് ഉണ്ടാക്കാന്‍ കഴിയാത്ത നേട്ടങ്ങള്‍ അവരുടെ ചില അപര്യാപ്തതകളെയാണ് കാണിക്കുന്നത്. എന്നാല്‍ ലീഗും കോണ്‍ഗ്രസ്സും ഇപ്പോഴത്തെ നില തുടര്‍ന്നാല്‍, സി പി എം. രാഷ്ട്രീയ വൈരങ്ങള്‍ക്കപ്പുറം കേരളചരിത്രത്തിലും ഇന്ത്യന്‍ ഭരണഘടനയിലും അധിഷ്ഠിതമായൊരു രാഷ്ട്രീയചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യാതിരുന്നാല്‍ ഈ ഇടക്കാലാശ്വാസവും അവസാനിക്കും. അതിനെതിരായ ജാഗ്രത നമുക്കുണ്ടായേ പറ്റൂ.
സമത്വത്തിന്റെ, കൂട്ടുജീവിതത്തിന്റെ പാഠങ്ങള്‍ ഓരോ ഗ്രാമത്തിലും നമുക്ക് നട്ടു പിടിപ്പിക്കേണ്ടതുണ്ട്. അതിനുള്ള തുടക്കമാവണം ഇപ്പോള്‍ നടക്കേണ്ടത്.
(കടപ്പാട്: ഡ്യൂള്‍ ന്യൂസ ്)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x