1 Tuesday
July 2025
2025 July 1
1447 Mouharrem 5

മുസ്‌ലിംലീഗിന്റെ മുമ്പിലുള്ള ചോദ്യം കേരളീയ നവോത്ഥാനത്തെ മുന്‍നിര്‍ത്തി ഒരാലോചന

എന്‍ പി ആഷ്‌ലി

ക്രിയാത്മകമായ സാമുദായികവാദം(communitarianism) കേരളീയ സമൂഹത്തിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നാണ് എന്ന് വിചാരിക്കാനുള്ള സാധ്യതയുണ്ട്. കേരളീയ നവോത്ഥാനം എന്ന പേരില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ 1970-കള്‍ വരെ സജീവമായിരുന്ന പ്രവര്‍ത്തന രീതിയുടെ ഒരു സവിശേഷത സാമൂഹ്യനീതിക്കു (social justice) വേണ്ടിയുള്ള രാഷ്ട്രീയ പ്രചാരണവും അവബോധവും സാമൂഹികവികസനവുമായി (social development) ബന്ധിപ്പിക്കാന്‍ സാമൂഹികപ്രവര്‍ത്തകര്‍ കാണിച്ച ശ്രദ്ധയാണ്.
ഓരോ സമുദായവും സ്വന്തം നിലക്ക് വളരുകയും അങ്ങനെ സംസ്ഥാനത്തിന്റെയും രാഷ്ട്രത്തിന്റെയും വളര്‍ച്ചക്ക് മുതല്‍കൂട്ടണമെന്നുമുള്ള ഒരു അലിഖിതമായ ഒരു ധാരണ ഉണ്ടെന്നു തോന്നും ആ പാരസ്പര്യം കണ്ടാല്‍. ഈ ധാരണ കൊണ്ടാണ് സാമുദായികവാദം അവകാശബദ്ധമായതും വര്‍ഗീയവാദമായി (communalism) മാറാതിരുന്നതും.
ഇതിനൊരു കാരണം കേരളീയ നവോത്ഥാനം ഏതെങ്കിലും തരത്തില്‍ കീഴാളരായിരുന്നവരുടെ ഒരു രാഷ്ട്രീയ മുന്നേറ്റമായിരുന്നു എന്നതാവാം. നമ്പൂതിരിയായ വി ടി ഭട്ടതിരിപ്പാട് സ്വത്തവകാശവും വിവാഹാവകാശവും ഇല്ലാത്ത അപ്ഫന്‍ നമ്പൂതിരിയാണ്. തിരുവിതാംകൂറില്‍ തമിഴ് ബ്രാഹ്മണര്‍ക്കു ഉദ്യോഗങ്ങളില്‍ ഉണ്ടായിരുന്ന കുത്തകയെ ചോദ്യം ചെയ്തുകൊണ്ടു മലയാളി മെമ്മോറിയലുമായാണ് നായന്മാര്‍ വരുന്നത്. അച്ഛന്‍ നമ്പൂതിരിയാല്‍ തൊട്ടു കൂടാനാവാത്ത സംബന്ധത്തിലെ നായര്‍ കുട്ടികളുടെ അപമാനവും ഒരു കാലത്തിലെ കീഴാളപ്രശ്‌നം തന്നെയാണ്.
ഒരു ഭാഗത്തു അവര്‍ണ ആത്മീയതയുടെയും സാംസ്‌കാരികതയുടെയും ഒരു സാമുദായിക കാഴ്ചപ്പാട് ഉണ്ടാക്കുമ്പോള്‍ മറുവശത്തു വ്യാവസായിക പ്രദര്‍ശനവും സാമ്പത്തികവളര്‍ച്ചക്കുള്ള പ്രവര്‍ത്തനവും നടത്തിയാണ് ഡോ. പല്‍പ്പു ഇന്ത്യയിലെ ഏതൊരു സമുദായത്തിനും മാതൃകയാക്കാവുന്ന വളര്‍ച്ച ഈഴവര്‍ക്കുണ്ടാക്കിക്കൊടുത്ത ഒരു പദ്ധതി രൂപീകരിച്ചത്. തന്റെ സമുദായത്തില്‍ നിന്ന് അഞ്ചു ബി എ കാര്‍ ഉണ്ടായിക്കണ്ടാല്‍ മതിയെന്ന് പറയുന്ന അയ്യങ്കാളി സാമൂഹിക വികസനത്തിന്റെ തലം ആദ്യമേ തിരിച്ചറിഞ്ഞ ക്രാന്തദര്‍ശിയാണ്. ഈഴവ ദളിത് പ്രസ്ഥാനങ്ങളുടെ അടിത്തറയിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പോലും കെട്ടിപ്പൊക്കിയിട്ടുള്ളത് (സാമൂഹിക സാമ്പത്തിക കാരണങ്ങളാല്‍ ദളിത് സാമുദായികത മറ്റുള്ളവരാല്‍ അദൃശ്യമാക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുന്നത് തുടര്‍ന്ന് പോരുകയും ചെയ്തു എന്നത് മറ്റൊരു കാര്യം).
ഈ സാമുദായികത ഒരിക്കലും മറ്റൊരു സമുദായത്തിന് എതിരായിരുന്നില്ല. നമ്പൂതിരി യുവാക്കളുടെ ഇടയില്‍ സാമൂഹ്യ പരിഷ്‌ക്കരണത്തിനുള്ള നീക്കങ്ങള്‍ നടക്കുമ്പോള്‍ അത് കണ്ടു മുസ്‌ലിം സമുദായത്തില്‍ അങ്ങിനെ നടക്കണമെന്ന് അതിയായ ആഗ്രഹം പ്രകടിപ്പിക്കുന്ന വക്കം മൗലവിയുടെ ലേഖനം പ്രസിദ്ധമാണ്. പാരസ്പര്യം പങ്കിട്ടെടുക്കുന്ന ജനതകളുടെ വിധിയെപ്പറ്റിയുള്ള ധാരണയും അതിന്റെ മൂല്യമാണ്. ഒരേ സമയം സ്വസമുദായത്തിലെ ജീര്‍ണതകള്‍ക്കെതിരെ പൊരുതുകയും എന്നാല്‍ സമുദായത്തിന്റെ സാമൂഹികവികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് അതിന്റെ രീതി.
ഈ ധാരയില്‍ കേരളീയ മുസ്‌ലിംകളുടെ ഒരു രാഷ്ട്രീയവംശാവലി ഉണ്ടാക്കിയാല്‍ അത് മുഹമ്മദ് അബ്ദുറഹിമാനില്‍ തുടങ്ങി സീതി സാഹിബിലൂടെ സി എച്ച് മുഹമ്മദ് കോയയില്‍ എത്തി നില്‍ക്കുന്ന ഒന്നാണെന്ന് കാണാം.
കേരളത്തിലെ ദേശീയ സമരത്തെ ഫ്യൂഡല്‍ ഞായറാഴ്ച കോണ്‍ഗ്രസ്സുകാരില്‍ നിന്ന് മോചിപ്പിക്കുകയും അതിനു ബഹുജനാടിത്തറ ഉണ്ടാക്കാന്‍ പരിശ്രമിക്കുകയും ചെയ്ത മുഹമ്മദ് അബ്ദുറഹിമാന്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റ് ആവുമ്പോള്‍ ജനറല്‍ സെക്രട്ടറി ആണ് ഇ എം എസ്. ഒരു ഭാഗത്തു ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ മുന്നോട്ടു വന്ന അബ്ദുറഹിമാന്‍ ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ ഒരു സമരം അക്രമങ്ങളിലേക്കു വഴിതിരിക്കുമ്പോള്‍ അതിനെ ഏറ്റവും വിമര്‍ശിച്ചു മുന്നോട്ടു വരുന്നു. പാക്കിസ്താന്‍ വാദത്തെയും ഇദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. ഒരു ഭാഗത്തു ഐക്യസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമുദായിക പരിഷ്‌കരണങ്ങള്‍, മലബാര്‍ ലഹളയ്ക്ക് ശേഷം അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കായി കസൂരി സഹോദരങ്ങളുമായി ചേര്‍ന്ന് ജെ ഡി ടി മുസ്‌ലിം എന്ന അനാഥശാല സ്ഥാപിക്കുന്നതിന് കാണിച്ച മനസ്സ്, സ്വയം ഒരു മതവിശ്വാസി ആവുമ്പോഴും ആരും അച്ചടിക്കാന്‍ കൂട്ടാക്കാതിരുന്ന ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ’യുടെ മലയാള പരിഭാഷ അല്‍അമീന്‍ പ്രസ്സില്‍ അടിച്ചു കൊടുക്കാന്‍ കാണിച്ച ബൗദ്ധിക പക്വത… മുഹമ്മദ് അബ്ദുറഹിമാന്റെ കാഴ്ച്ചപ്പപ്പാട് ഇന്ന് നോക്കുമ്പോള്‍ ഗംഭീരവും ശക്തവുമാണെങ്കിലും അത് ഏറ്റെടുക്കാന്‍ ആരുമുണ്ടായില്ല എന്നതിനാല്‍ തീര്‍ത്തും ദുര്‍ബലമാക്കപ്പെട്ടു.
എവിടെയാണ് ഈ ധാര തീര്‍ത്തും ദുര്‍ബലമായതിന്റെ കാരണങ്ങള്‍ നാം അന്വേഷിക്കേണ്ടത്? കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹ്യ അടിത്തറയിലാണ് അത് കിടക്കുന്നതു എന്ന് എനിക്ക് തോന്നുന്നു. കേരളത്തില്‍ പതിനെട്ടാം നൂറ്റാണ്ടു വരെ രണ്ടു തരം മുസ്‌ലിംകള്‍ ഉണ്ട്: ഒന്ന്, തീരദേശത്തുള്ള അറബികളുമായി വ്യാപാര ബന്ധങ്ങളിലൂടെ ഉണ്ടായിവന്ന മേല്‍ജാതി മുസ്‌ലിംകള്‍. രണ്ട്, ഉള്‍നാടുകളില്‍ ദളിത് വിഭാഗങ്ങളില്‍ നിന്ന് മതം മാറിവന്ന കീഴ്ജാതി മുസ്‌ലിംകള്‍. ഇത് രണ്ടും രണ്ടു വ്യത്യസ്ത വിഭാഗങ്ങള്‍ ആയിരുന്നു. കച്ചവടരംഗത്തെ പങ്കാളികള്‍ എന്ന നിലക്കും കൃഷിരംഗത്തെ അടിയാളര്‍ എന്ന നിലക്കും സാമൂഹിക ഘടനയില്‍ അവര്‍ക്കു കൃത്യമായ സ്ഥാനം ഉണ്ടായിരുന്നു താനും.
ഈ ക്രമം തെറ്റുന്നത് പറങ്കിപ്പടകളുടെ വരവോടെയാണ്. സാമൂതിരിയുടെ പരാജയത്തോടെ തീരദേശമുസ്‌ലിംകള്‍ക്ക് അവിടങ്ങളില്‍ നില്‍ക്കാന്‍ കഴിയാതെ വരികയും അവര്‍ ഉള്‍നാടുകളിലേക്കു പോവുകയുമാണ്. അവിടെയെത്തി ജന്മി ബ്രിട്ടീഷ് ചൂഷണത്തിനും അധികാരപ്രയോഗത്തിനെതിരെയുള്ള ഒരുപാട് ചെറിയ ചെറിയ കലാപങ്ങള്‍ക്കു കാരണമാവുന്ന രാഷ്ട്രീയ നേതൃത്വമായി മാറുന്നു. ഇവിടെ മുസ്‌ലിം എന്ന സ്വത്വമാണ്, അടിയാളര്‍ എന്ന സ്വത്വമല്ല മുന്നില്‍ കാണുന്നത്. ഇതിന്റെ മുകളിലേക്കാണ് ഗാന്ധി അവതരിപ്പിക്കുന്ന ഖിലാഫത്ത് പ്രസ്ഥാനവും വരുന്നത്.
ഇങ്ങനെ ഉണ്ടായ സമുദായത്തില്‍ വലിയ ആശയക്കുഴപ്പമാണ് പാകിസ്താന്‍ വാദം ഉണ്ടാക്കിയത്.
ഇവിടെ മൂന്നു നിലപാടുകള്‍ എടുക്കാമായിരുന്നു: ഒന്ന്, പാക്കിസ്താന്‍ വാദത്തെ തള്ളിക്കളഞ്ഞു കോണ്‍ഗ്രസിനൊപ്പം നില്‍ക്കുക, രണ്ട്, പാകിസ്താന്‍ വാദത്തെ തള്ളിപ്പറയുമ്പോഴും മുസ്‌ലിം സമുദായത്തിന്റെ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയനിലപാട് എടുക്കുക, മൂന്ന്, പാകിസ്താന് വേണ്ടി നിലകൊണ്ടു ഇന്ത്യ വിടുക.

അപൂര്‍വം ചില മുസ്‌ലിം പ്രമാണിമാരൊഴികെ ആരും മൂന്നാമത്തെ പാത തിരഞ്ഞെടുത്തില്ല. എന്ന് പറഞ്ഞാല്‍ ഒന്നും രണ്ടും ധാരകള്‍ തമ്മിലായിരുന്നു കേരളത്തില്‍ തര്‍ക്കം. കോണ്‍ഗ്രസ്സും ലീഗും തമ്മില്‍. അത് പക്ഷെ സാമൂഹിക വികസനത്തിന്റെയും സാമുദായിക പരിഷ്‌ക്കരണത്തിന്റെയും ധാരകളുടെ കൂടി വിഭജനത്തിലേക്കാണ് നയിച്ചത്. മുഹമ്മദ് അബ്ദുറഹിമാന്റെ രാഷ്ട്രീയ ചിന്താപ്രവര്‍ത്തനധാര വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു.
സാമൂഹ്യവും രാഷ്ട്രീയവുമായ ഈ പകപ്പില്‍ നിന്ന് വീണ്ടും കേരളീയ നവോത്ഥാന മാതൃകയുടെ സാധ്യതകളും സമുദായത്തിന്റെ സവിശേഷതകളും മനസ്സിലാക്കി സ്ഥൈര്യത്തോടെ മുന്നോട്ടു പോകാനുള്ള വഴിയാണ് സീതിസാഹിബിന്റെ ശിഷ്യനായ സി എച്ച് മുഹമ്മദ് കോയയുടെ നേതൃത്വം മലബാറിലെ മുസ്‌ലിം സമുദായത്തിന് നല്‍കിയത്.
ദേശീയ രാഷ്ട്രീയത്തിലെ തര്‍ക്കങ്ങളുടെ ഭാരം എന്നും തലയില്‍ വരുമായിരുന്ന ഒരു പേരുപയോഗിക്കാന്‍ തീരുമാനിച്ചെങ്കിലും തികച്ചും വരേണ്യമായിരുന്ന ഉത്തരേന്ത്യന്‍ ലീഗിന്റെ രീതിയില്‍ നിന്നുള്ള വലിയൊരു മാറ്റമായിരുന്നു കീഴാള വിഭാഗത്തില്‍ നിന്നുള്ള മുഹമ്മദ് കോയയുടെ നേതൃത്വത്തിലേക്കുള്ള വരവ്. 1960 -കളില്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനു അവസരം ഉണ്ടാക്കുക, ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടാക്കുക (ഉണ്ടാക്കിയ കാലത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഗുണമേന്മ നോക്കിയാല്‍ ഇതറിയാം), തികച്ചും അവകാശബദ്ധവും എന്നാല്‍ ഒരിക്കലും ഇതരസമുദായ വിദ്വേഷമില്ലാത്തതും ആയ ഒരു രാഷ്ട്രീയഭാഷ ഉണ്ടാക്കുക എന്നത് മാത്രമല്ല, വിശ്വാസകാര്യങ്ങളില്‍ പല വൈരുധ്യങ്ങളും ഉള്ള സുന്നി മുജാഹിദ് വിഭാഗങ്ങളെ ഒരേ രാഷ്ട്രീയ കാഴ്ചപ്പാട് ഉള്ളവര്‍ എന്ന നിലക്ക് പാണക്കാട് തങ്ങള്‍ കുടുംബത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയമായി ഒരുമിപ്പിക്കാനും അദ്ദേഹത്തിനായി. സാമൂഹിക നീതിയെപ്പറ്റിയും സാമൂഹിക വികസനത്തെപ്പറ്റിയും ഉള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാന്‍ കഴിയുക ഭൂപരിഷ്‌കരണം നടപ്പാക്കുന്നത് സംബന്ധിച്ച് നിയമസഭയില്‍ ഇ എം എസ് മന്ത്രിസഭയില്‍ മന്ത്രിയായ സി എച്ച് നടത്തുന്ന പ്രസംഗങ്ങളില്‍ ആണ്. ലീഗ് ഭൂപരിഷ്‌ക്കരണത്തിനു പിന്തുണ നല്‍കുന്നത് ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ആയിരക്കണക്കിനായ അടിയാള കര്‍ഷകരുടെ പാര്‍ട്ടി ആയതു കൊണ്ടാണ് എന്ന് അദ്ദേഹം പറയുന്നുണ്ട്.

ഇതിലെ ഒരു സങ്കടം മുഹമ്മദ് അബ്ദുറഹിമാന്റെ ക്രാന്തദര്‍ശിത്വവും സി എച്ചിന്റെ പ്രായോഗികവും ബഹുജനപങ്കാളിത്തമുള്ളതുമായ പദ്ധതിയും ഒരുമിച്ചു പോവുക എന്നതുണ്ടായില്ല എന്നതാണ്. ഹിന്ദുത്വവാദത്തിന്റെ അക്രമോല്‌സുകമായ ഒരു ഘട്ടത്തില്‍ ഹിന്ദുത്വ ശക്തികള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹിക വികസനം ശ്രദ്ധയോടെ നടത്താനും ആത്മവിശ്വാസത്തോടെ സാമുദായിക പരിഷ്‌ക്കരണം നടത്താനും അങ്ങിനെ ജനതയുടെ അജണ്ട തന്നെ നിശ്ചയിക്കുന്നതിലും ദേശീയ മാതൃക ആവേണ്ട ലീഗ് പ്രാദേശിക തലത്തില്‍ ഒതുങ്ങിപ്പോയതില്‍ സ്വന്തം പ്രവര്‍ത്തനത്തെ ഒരു ആശയധാരയായി അവതരിപ്പിക്കുന്നതില്‍ കാണിച്ച അമാന്തത്തിനു വലിയ പങ്കുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്.
ഈ ധാരയെ അവകാശപ്പെട്ടില്ലെങ്കിലും, പലപ്പോഴും തിരിച്ചറിഞ്ഞില്ലെങ്കിലും മറ്റു സമയങ്ങളില്‍ നേതാക്കളാല്‍ ധൂര്‍ത്തടിച്ചു കളയപ്പെട്ടു എങ്കിലും ലീഗില്‍ സാമൂഹ്യവികസനത്തിന്റെയും ക്രിയാത്മക രാഷ്ട്രീയത്തിന്റെയും ഒരു ധാര എപ്പോഴും ഉണ്ടായിരുന്നു. ആ സാധ്യത കൊണ്ടാണ് ഭരണഘടനാ ദേശീയതയുടെ വഴിയില്‍ മതരാഷ്ട്രവാദത്തിന്റെയോ പ്രതിരോധവല്‍ക്കരണത്തിന്റെയോ എളുപ്പത്തിലുള്ള ഇരവല്‍ക്കരണത്തിന്റെയോ ചര്‍ച്ചകളില്‍ കുടുങ്ങി ആത്മഹത്യാപരമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കു ലീഗ് ഒരുങ്ങാതിരുന്നത്.
മതരാഷ്ട്രവാദവുമായി ഒരു രാഷ്ട്രീയ ബാന്ധവവും ഇത്ര കാലവും ആലോചിക്കാതിരുന്നതിലും ഈ ധാരണ ആണൂള്ളത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
മതരാഷ്ട്രവാദത്തിന്റെ അടിത്തറ രണ്ടു കാര്യങ്ങളാണ്: മതം സമഗ്രമായൊരു ഭരണപദ്ധതി ആണെന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത്, ഇങ്ങനെ ഒരു വ്യവസ്ഥ സംസ്ഥാപിതമാവുന്നത് വരെ അതിനായി പ്രവര്‍ത്തിക്കണം എന്നാണ്. അതിനിടക്കുള്ള ഇടക്കാല പ്രവര്‍ത്തനം താത്കാലികമായ നയം ആവുകയും സാമൂഹ്യചര്‍ച്ചകളില്‍ ആത്മാര്‍ഥത നഷ്ടപ്പെടുകയും പരസ്പരവിശ്വാസം നഷ്ടപ്പെടുകയും ചെയ്യും എന്നതാണ് അതിന്റെ പ്രശ്‌നം.
അവിടെ സാമൂഹികതയെ മാറ്റി പകരം യുദ്ധോല്‍ത്സുകമായ, ഇരകളും അക്രമികളും മാത്രമുള്ള സാമുദായികത കടന്നു വരുന്നു. ഓരോ മതവും ആത്മീയധാര്‍മിക സഞ്ചയമല്ല, ഒരു നാഗരികത തന്നെയാണ് എന്ന മധ്യകാല യൂറോപ്യന്‍ കാഴ്ചപ്പാട് ഇസ്‌ലാമോഫോബുകള്‍ക്കും ഇസ്‌ലാമിസ്റ്റുകള്‍ക്കും ഒരു പോലെ ഉണ്ട് താനും.
സ്വന്തം നിലയില്‍ ഒരു ആശയധാര ഉണ്ടാക്കിയെടുക്കാനോ അണികള്‍ക്ക് രാഷ്ട്രീയശിക്ഷണം നല്‍കുന്നതിനോ കഴിയാതിരുന്ന ലീഗ് തങ്ങളുടെ ബുദ്ധികേന്ദ്രമായി മാറാന്‍ മതരാഷ്ട്രവാദികളെ അനുവദിക്കുന്നതിലേക്കാവും ലീഗും ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ഏതു സഹകരണവും നീങ്ങുക. മാധ്യമരംഗത്തു കാണിച്ച പ്രൊഫഷണലിസത്തിലൂടെയും യുവാക്കള്‍ക്കിടയില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും ദൃശ്യത ഉണ്ടാക്കിയ ജമാഅത്തെ ഇസ്‌ലാമി പക്ഷേ ജനപിന്തുണ ഏറ്റവും കുറഞ്ഞ മുസ്‌ലിം പാര്‍ട്ടിയും സംഘടനയും ആണ് എന്നതിനാല്‍ അവര്‍ക്കു ലീഗിന്റെ ബഹുജനാടിത്തറ ഏറെ ആവശ്യമുണ്ട് താനും.
ലീഗ് ആരോട് സഹകരിക്കണം എന്നത് അവരുടെ കാര്യമാണ്. പക്ഷെ ആ സഹകരണത്തില്‍ അവര്‍ തള്ളിക്കളയുന്നത് അവരുടെ ചരിത്രപരമായ പ്രത്യേകതകളെയും രാഷ്ട്രീയ പൈതൃകത്തെയും ആശയപരമായ സാധ്യതകളെയും തന്നെയാണ്. അത് ചെയ്യണമോ എന്നതാണ് ലീഗിന്റെ മുമ്പിലുള്ള ചോദ്യം.`

Back to Top