രാഷ്ട്രീയ ധാര്‍മികതയും മലയാളി മുസ്ലിംകളും
എന്‍ പി ആഷ്‌ലി
നാസിസം ജര്‍മന്‍ ക്രിസ്ത്യാനികളുടെ മാത്രമല്ല, അതിന്റെ ഇരകളായിരുന്ന ജൂതന്മാരുടെയും ധാര്‍മികബോധത്തെ തകര്‍ത്തു കളഞ്ഞു എന്ന് ഹന്നാ ആറന്‍ഡ് നിരീക്ഷിച്ചിട്ടുണ്ട്. യാതൊരു ധാര്‍മിക ശ്രദ്ധയുമില്ലാതെ അതിജീവനം എന്ന അടിസ്ഥാന ആവശ്യം മാത്രം മുന്നോട്ടു വെച്ച് പോകുന്ന ഏതു ജനതക്കും വരാവുന്ന വലിയ ഒരപകടം ആണ് അത്. ആദ്യം ഹിറ്റ്‌ലര്‍ ജൂതരോട് ജര്‍മനി വിട്ടു പോകാന്‍ പറഞ്ഞു. അങ്ങനെ പോകാന്‍ കഴിയുന്നവര്‍ എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോഴാണ് ശേഷിക്കുന്നവരുടെ ഉന്മൂലനം എന്ന പദ്ധതി തികച്ചും ശാസ്ത്രീയമായി നടപ്പിലാക്കപ്പെടുന്നത്.
ഹിറ്റ്‌ലറുടെ ക്രൂരമായ വിജയം ജീവനോടെ ഇരിക്കുക എന്ന ഒറ്റ അജണ്ടയിലേക്കു ജൂതരെ ചവിട്ടിത്താഴ്ത്താന്‍ മാത്രം പേടി ജൂതമനസ്സുകളില്‍ ആഴത്തില്‍ പതിപ്പിക്കുക എന്നതിലായിരുന്നു. ഈ ധാര്‍മികച്യുതി കൊണ്ട് മര്‍ദ്ദനം, ചൂഷണം എന്നിവയെ ലോകക്രമം ആയി അംഗീകരിച്ചതു കൊണ്ട് കൂടിയാണ് ഇസ്രായേലിലെ ജൂതര്‍ക്ക് (ഇസ്രായേലിലെ ഏറ്റവും വലിയ പലസ്തീന്‍ വിരുദ്ധര്‍ 1948 ന് ശേഷം മറ്റിടങ്ങളില്‍ നിന്ന് വന്നു ഇസ്രായേലില്‍ താമസമാക്കിയവര്‍ ആണെന്ന് പറയാറുണ്ട്) തങ്ങളോട് യൂറോപ്പ് ചെയ്തത് പലസ്തീനികളോടും ചെയ്യാന്‍ കഴിഞ്ഞത്. ഹിംസ തുടരുക എന്നത് മാത്രമായിരുന്നു അവരുടെ ധാര്‍മിക ദുര്‍ബലത.
ഇതില്‍ നിന്ന് വ്യത്യസ്തമാണ് സിഖുകാരുടെ കാര്യം. ഭൂരിപക്ഷ വര്‍ഗീയതയുടെ വലിയ ഇരകള്‍ സിഖുകാര്‍ ആയിരിക്കും (ഇന്ദിരാ ഗാന്ധി കൊലപാതകത്തിനെതിരെ 8000 സിഖുകാരാണ് ഉത്തരേന്ത്യയില്‍ കൊല്ലപ്പെട്ടത് എന്നാണല്ലോ പൊതുവെയുള്ള ധാരണ). എന്നാല്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഫാസിസ്റ്റു വിരുദ്ധ മുന്നേറ്റങ്ങളില്‍ ഏറ്റവും വലിയ സാന്നിധ്യം സിഖുകാരാണ്. തൊപ്പിയും തലപ്പാവുമൊക്കെയുള്ളതു കൊണ്ട് മുസ്ലിംകളാണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ടു എന്നും ആക്രമിക്കപ്പെടുന്ന സിഖുകാരോട് ‘നിങ്ങള്‍ മുസ്ലിംകളല്ല’ എന്ന് എന്തുകൊണ്ട് പറയുന്നില്ല എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ‘അത് ഞങ്ങളുടെ സഹോദരങ്ങളെ ഒറ്റിക്കൊടുക്കുന്നതിനു തുല്യമാണ്. അതിനു മതം ഞങ്ങളെ അനുവദിക്കുന്നില്ല’ എന്നാണ്. വിഭജനകാലത്ത് പഞ്ചാബില്‍ സിഖ്-മുസ്ലിം കൂട്ടക്കൊലകള്‍ക്കു ശേഷവും ഇത്തരം ഒരു മനസ്സ് സിഖുകാര്‍ക്കു ഉണ്ടായെങ്കില്‍ അത് ധാര്‍മികതയുടെ ശക്തി കൊണ്ട് വളര്‍ത്തിയെടുത്തതാണ്. ആ ധാര്‍മികത മാത്രമേ ഏതു ജനതയെയും സമൂഹത്തെയും ചരിത്രത്തെയും സഹായിക്കൂ.
ലോകചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തോട് യുദ്ധം ചെയ്യുമ്പോഴും തങ്ങളോട് എന്ത് ചെയ്യുന്നു എന്നല്ല, തങ്ങള്‍ തിരിച്ചു എന്ത് ചെയ്യില്ല എന്ന ആലോചനയിലാണ് ഗാന്ധിയുടെ ധാര്‍മികതയുടെ അടിത്തറ. ആ ശക്തിയെക്കുറിച്ചുള്ള ബോധമാണ് ഗാന്ധിയില്‍ നിന്ന് കിട്ടുന്ന ഏറ്റവും വലിയ പാഠവും.
ലോകത്ത് രണ്ടാമത്തെ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ മുമ്പിലുള്ള ചോദ്യവും ഈ ധാര്‍മികതയാവുന്നു. ഫ്രഞ്ച് ചിന്തകനും ഹിറ്റ്‌ലറുടെ യുദ്ധത്തടവുകാരുടെ ക്യാംപുകളില്‍ വിറകെടുത്തു ജീവിക്കേണ്ടി വരികയും ചെയ്ത ഇമ്മാനുവല്‍ ലെവിനാസ് പറയുന്നത് ‘രാഷ്ട്രീയം എപ്പോഴും ധാര്‍മികതയാല്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്’ എന്നാണ്. ഈ ധാര്‍മികതയുടെ നിയതമായ രൂപം എന്താണ്?
ഒന്നാമതായി, അത് രാഷ്ട്രീയ സിദ്ധാന്തത്തിന്റേതാണ്. ഇന്ത്യയില്‍ ഇന്ന് രണ്ടു രാഷ്ട്രീയസിദ്ധാന്തങ്ങള്‍ തമ്മിലുള്ള വ്യക്തമായ ഒരു പോരാട്ടം നടക്കുകയാണ്. ഷഹീന്‍ ബാഗിനും പൗരത്വബില്ലിനെതിരെയുള്ള സ്ത്രീ-വിദ്യാര്‍ഥി സമരങ്ങള്‍ ഭരണഘടനാ ദേശീയത എന്ന ആശയത്തെ വളരെ ആഴത്തില്‍ തെരുവുകളില്‍ കൂടി എത്തിച്ചു. ഇന്ത്യന്‍ പതാകയും ദേശീയഗാനവും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് നടന്ന സമരം മതദേശീയതയും ഭരണഘടനാ ദേശീയതയും തമ്മിലുള്ള വൈരുധ്യത്തെ വ്യക്തമാക്കി (തെരുവിലേക്ക് കൊടുക്കുകയല്ല, ജീവിതാനുഭവത്തില്‍ നിന്ന് ഉണ്ടാക്കിയതും തെരുവില്‍ എടുക്കേണ്ടതും ആണ് ഈ ആശയം എന്നര്‍ഥം).
മതദേശീയതയെ, മതരാഷ്ട്രവാദത്തെ, അത് ഏതു മതത്തിന്റെ പേരില്‍ നടന്നാലും തള്ളിക്കളയുക എന്നത് സൈദ്ധാന്തികതലത്തില്‍ ധാര്‍മികമായി അനിവാര്യമാണ്. അല്ലാത്ത ഏതു നീക്കവും അവസരവാദപരവും അധാര്‍മികവും ആണ്. മലയാളികളെ സംബന്ധിച്ചാണെങ്കില്‍ മുഹമ്മദ് അബ്ദുറഹിമാന്റെ ധൈര്യവും ആത്മവിശ്വാസവും ഇവിടെ ഉപകാരപ്പെടുന്നതാണ്.
രണ്ടാമതായി, സ്വന്തം സമുദായത്തിന്റെ സാമൂഹിക വികസനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ്. അതിനു സമുദായ ശാക്തീകരണത്തിലൂടെ സമൂഹത്തിന്റെ മൊത്തം പുരോഗതി മുന്നോട്ടു വെക്കണമെങ്കില്‍, സാമൂഹ്യപ്രശ്‌നങ്ങളെ സത്യസന്ധമായി വിശകലനം ചെയ്യാന്‍ പറ്റണം. അതിന്ന് സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങളെ ചരിത്രപരമായി മനസ്സിലാക്കാനുള്ള ആര്‍ജവം വേണം. മുസ്ലിം സമുദായത്തിലെ ജാതിയെക്കുറിച്ചൊക്കെ സത്യസന്ധമായി സംസാരിക്കണം. അങ്ങിനെയുള്ള വിശകലനത്തിലൂടെ സാമൂഹികമായ ഒരു കാഴ്ചപ്പാട് എങ്ങനെ വളര്‍ത്തിയെടുക്കാം എന്ന് ആലോചിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും വേണം. വിദ്യാഭ്യാസം, ആരോഗ്യം, പോഷണം, ലോകബോധം എന്നിവ മുന്നോട്ടു വെക്കാന്‍ സാധിക്കണം. ഇത് സാധിച്ചിരുന്ന സി എച്ച് മുഹമ്മദ് കോയയെപ്പോലുള്ള നേതാക്കളുടെ പൈതൃകം കേരളത്തില്‍ അനാഥമാക്കപ്പെട്ടതാണ്. അത് തിരിച്ചു പിടിച്ചേ പറ്റൂ. സാമൂഹിക വികസനം ഒരു അജണ്ട പോലുമല്ലാത്തതു കൊണ്ടാണ് ഒവൈസിയുടെ രാഷ്ട്രീയം തീര്‍ത്തും വ്യര്‍ഥമാവുന്നത്.
മൂന്നാമതായി, രാഷ്ട്രീയനൈതികതയിലും സാമൂഹികവികസനത്തിലും അധിഷ്ഠിതമാക്കി ഉണ്ടാവുന്ന രാഷ്ട്രീയസിദ്ധാന്തത്തെ സമുദായങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും അപ്പുറം പ്രസരിപ്പിക്കാനുള്ള ശ്രമം, അതിനുള്ള സ്ട്രാറ്റജി. ലോകത്തെ ‘മുസ്ലിം-അമുസ്ലിം’ എന്ന് രണ്ടായി ശത്രുതാപരമായി കാണുന്ന നശീകരണവാദങ്ങളെ പാടെ തള്ളിക്കളഞ്ഞു മത-ജാതി-ലിംഗവിഭാഗം ഏതായാലും അവരുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന, സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി തങ്ങളുടെ സ്വതം മുറുക്കെപ്പിടിച്ചു കൊണ്ട് തന്നെ രാഷ്ട്രീയസഖ്യത്തിന്റെ ഭാഗമാകാനുള്ള ആത്മവിശ്വാസം. കാര്‍ഷിക-സ്ത്രീ-പാരിസ്ഥിതിക-വിദ്യാര്‍ഥി പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് മാത്രമേ ആഗോള വത്കരണാനന്തരലോകത്തു എന്തെങ്കിലും ചെയ്യാനാവൂ എന്ന് വരുന്നത് അത് മാത്രമാണ് ധാര്‍മികമായി ശരി എന്നത് കൊണ്ടാണ്.
നാലാമതായി, ഇന്നത്തെ ലോകത്തെപ്പറ്റി, കാലത്തെപ്പറ്റി സൂക്ഷ്മവും ധാര്‍മികവുമായ ബോധമുള്ള മതപഠനവും ഗവേഷണവും സമുദായത്തിലെ പണ്ഡിതന്മാരില്‍ നിന്ന് ഉയര്‍ന്നുവരേണ്ടതുണ്ട്. പഠനവും ഗവേഷണവും മാത്രമാണ് അതിനുള്ള വഴി.
ഇന്ന് ഇന്ത്യയിലെ സാമ്പത്തികമായും രാഷ്ട്രീയമായും ഏറ്റവും ശക്തരായ മുസ്ലിം സമുദായം എന്ന നിലയില്‍ കേരളത്തിലെ മുസ്ലിംകള്‍ക്ക് ഇങ്ങനെ ഒരു നീക്കത്തിന് നേതൃത്വം കൊടുക്കാന്‍ കഴിയേണ്ടതാണ്. പക്ഷെ സാമ്പത്തികമായി സ്വാര്‍ഥതയും രാഷ്ട്രീയമായി ഭീതിയും ഭാവനാപരമായി തീര്‍ത്തും പരിമിതവും ആയ രീതിയില്‍, മധ്യവര്‍ഗത്തിന്റെ സ്ഥിരം രീതികള്‍ പകര്‍ത്തിയാണോ ഇന്നത്തെ കേരളീയമുസ്ലിം സമൂഹം പെരുമാറുന്നത് എന്ന് ആശങ്കപ്പെടാവുന്ന അവസ്ഥ ഇന്നുണ്ട്. അത് സമുദായ നേതാക്കള്‍ ശ്രദ്ധയോടെ കാണണം.
മാറാടിനും ജോസഫ് മാഷുടെ കൈ വെട്ടിയതിനും ശേഷം കേരളത്തില്‍ മുസ്ലിം ഭീകരവാദത്തിന്റെയും മതരാഷ്ട്രവാദത്തിന്റെയും സാധുതയെ ഏറ്റവും ദുര്‍ബലമാക്കിയത് തീര്‍ച്ചയായും ആളെണ്ണത്തില്‍ പ്രാമുഖ്യമുള്ള മുസ്ലിം സംഘടനകളുടെ ജാഗ്രതയും സൂക്ഷ്മതയും ആണ് എന്ന് മനസ്സിലാക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ ഈ ആലോചനയെ ഏതെങ്കിലും സംഘടനക്കെതിരായുള്ള പ്രവര്‍ത്തനം എന്ന താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനമാക്കാതെ ഒരു ബൗദ്ധികപദ്ധതിയോ ഒരു ആശയധാരയോ ആക്കി അതിനു പൊതുസമൂഹത്തിനു മുന്നില്‍ ദൃശ്യത നേടിക്കൊടുക്കുന്നതില്‍ ഇവരൊന്നും വേണ്ട അളവില്‍ വിജയിച്ചിട്ടില്ല എന്നതാണ് എന്റെ വിമര്‍ശനം. ഇത് ഒരു പൊതുസമൂഹത്തിന്റെ വിഷയമായിക്കണ്ടു തന്നെ അവതരിപ്പിക്കപ്പെടണം. അല്ലെങ്കില്‍ രാഷ്ട്രീയതാല്‍പര്യങ്ങളില്‍ ഇത്തരം ആലോചനകള്‍ വിസ്മരിക്കപ്പെട്ടേക്കാം.
വലിയ പ്രതീക്ഷയാണ് ഷഹീന്‍ ബാഗിലെ സ്ത്രീകള്‍ ഇന്ത്യ എന്ന ആശയത്തില്‍ വിശ്വസിക്കുന്ന എല്ലാ മനുഷ്യര്‍ക്കും നല്‍കിയിട്ടുള്ളത്. ആ സ്ത്രീകളും വിദ്യാര്‍ ഥിനികളും പറയുന്നത് നമ്മുടെ രാഷ്ട്രത്തിന്റെ മഹത്തായ ഒരു സാക്ഷാത്ക്കാരം ഇനിയും സാധ്യമാണെന്നാണ്. അതിനു സൗഹാര്‍ദ്ദവും നീതിയും പ്രധാനമാണ്. ചുറ്റുപാടുകളെ നോക്കി നിരാശപ്പെടാനല്ല, ഭാവിയിലേക്ക് നോക്കി പുതിയൊരു കാലത്തെ വിഭാവനം ചെയ്യാനും അതിന്റെ ഊര്‍ജത്തില്‍ ജീവിക്കാനുമാണ് ആവേണ്ടത് എന്ന സന്ദേശമാണ് അവ ബാക്കിയാക്കുന്നത്. ഇത്തരം ഒരു നീക്കത്തില്‍ കേരളത്തിലെ മുസ്ലിം സമുദായത്തിന് പലതും ചെയ്യാനുണ്ട്.
(ഡല്‍ഹി സെയിന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനാണ് ലേഖകന്‍)