27 Saturday
July 2024
2024 July 27
1446 Mouharrem 20

ഈമാനും യഖീനും

നൗഷാദ് ചേനപ്പാടി

വിശ്വാസം എന്നതിന് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത് ഈമാന്‍ എന്നും യഖീന്‍ (ദൃഢബോധ്യം) എന്നുമാണ്. വിശ്വാസത്തിന് നാം പറയുന്ന അഖീദ, ഇഅ്ത്തിഖാദ് എന്നീ പ്രയോഗങ്ങള്‍ ഖുര്‍ആനികമല്ല. സലഫുസ്സാലിഹീങ്ങള്‍ ഈ പദങ്ങള്‍ പ്രയോഗിച്ചിട്ടുമില്ല.
ഈമാനുണ്ടാകാം. പക്ഷേ യഖീനുണ്ടായിക്കൊള്ളണമെന്നില്ല. അഥവാ താന്‍ വിശ്വസിച്ചിരിക്കുന്ന ഈമാന്‍ കാര്യങ്ങളില്‍ ദൃഢബോധ്യമുണ്ടായിക്കൊള്ളണമെന്നില്ല എന്നര്‍ഥം. നേരെ മറിച്ചും യഖീനുണ്ടാകാം പക്ഷേ അതില്‍ വിശ്വസിച്ചു കൊള്ളണമെന്നില്ല. ഫറോവക്കും കൂട്ടര്‍ക്കും മൂസ(അ) വളരെ വ്യക്തമായ ഒമ്പത് ആയത്തുകള്‍ കാണിച്ചുകൊടുക്കുകയുണ്ടായി എന്ന് അല്ലാഹു സൂറതുന്നംലില്‍ പറയുന്നു. എന്നിട്ട് അല്ലാഹു പറയുന്നു: ”അവര്‍ക്കതില്‍ യഖീന്‍ (ദൃഢബോധ്യം) ഉണ്ടായിരുന്നു. എന്നാലോ അക്രമത്താലും അഹങ്കാരത്താലും അവരതിനെ നിഷേധിച്ചു തള്ളി” (നംല് 14). ഇതെല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് അവര്‍ക്ക് ദൃഢബോധ്യമുണ്ടായിരുന്നുവെന്നും പക്ഷേ അവരതില്‍ വിശ്വസിച്ചില്ല എന്നും സാരം.
പരലോകത്തിലുള്ള വിശ്വാസം ഗൈ്വബില്‍ പെടുമല്ലോ. എന്നിട്ടും ഗൈ്വബില്‍ വിശ്വസിക്കുന്നവര്‍ എന്നു പറഞ്ഞതിനു ശേഷം വബില്‍ ആഖിറത്തിഹും യൂഖിനൂന്‍ (പരലോകത്തില്‍ ദൃഢബോധ്യമുള്ളവര്‍) എന്ന് സൂറതുല്‍ ബഖറയുടെ ആദ്യത്തില്‍ തന്നെ അല്ലാഹു പറഞ്ഞത് ശ്രദ്ധിക്കുക. ഇത് സൂറതു ലുഖ്മാനിന്റെയും, നംലിന്റെയും ആദ്യത്തിലും വന്നിട്ടുണ്ട്. ഈമാന്‍ കാര്യത്തിലെല്ലാം യഖീന്‍ വേണം. പരലോകത്തില്‍ വിശേഷിച്ചും. അത് എടുത്തുപറയാന്‍ കാരണവുമതാണ്. പരലോകത്തില്‍ ദൃഢബോധ്യമില്ലാതെ, ഒരു കേവല വിശ്വാസമായോ അഭിപ്രായമായോ കൊണ്ടുനടക്കുന്നവനും അതില്‍ തീര്‍ത്തും വിശ്വാസമില്ലാത്തവനും ചിന്താ കര്‍മ്മരംഗത്ത് തുല്യരായിരിക്കും.

”അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. അന്ത്യദിനം സംഭവിച്ച് പുനരുദ്ധാനം ഉണ്ടാകും. അതിലൊരു സംശയവുമില്ല എന്ന് നിങ്ങളോട് പറഞ്ഞിരുന്നപ്പോള്‍ പുനരുദ്ധാനം എന്താണെന്ന് ഞങ്ങള്‍ക്കറിയില്ല, ഞങ്ങള്‍ക്കതൊരു ‘ഉറപ്പു’മില്ലാത്ത ഊഹം മാത്രമായിരുന്നു” (അല്‍ജാസിയ 32) എന്നായിരുന്നല്ലോ നിങ്ങള്‍ ന്യായീകരിച്ചിരുന്നത്.
അപ്പോള്‍ ആഖിറത്തില്‍ ദൃഢബോധ്യമുള്ള വിശ്വാസമുണ്ടെങ്കിലേ ഈ ദുനിയാവിലെ എല്ലാ പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും നിരന്തരം നേരിട്ടുകൊണ്ട് സഹനത്തോടെയും ക്ഷമയോടെയും ഒരിസ്‌ലാമിക ജീവിതം നയിക്കാനും മുസ്‌ലിമെന്ന നിലക്കുള്ള ബാധ്യതകള്‍ നിറവേറ്റാനും ഒരു വിശ്വാസിക്കു സാധ്യമാകുകയുള്ളൂ.
മുസ്‌ലിംകളിലെ ബഹുഭൂരിപക്ഷത്തിനും ആഖിറത്തിലുള്ള ദൃഢബോധ്യാധിഷ്ഠിതമായ ഈമാന്‍ ഇല്ലാതെ പോയതാണ് എന്നും ഇന്നും അവരുടെ ദുഷിപ്പിനും അധപ്പതനത്തിനും അടിസ്ഥാന കാരണം. നബി(സ) നീണ്ട പതിമൂന്നു വര്‍ഷം മക്കയില്‍ അശ്രാന്ത പരിശ്രമം നടത്തിയത് തന്റെ അനുയായികളില്‍ ഈ യഖീന്‍ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയായിരുന്നു. മക്കയില്‍ ഇറങ്ങിയ സൂറത്തുകള്‍ ഇക്കാര്യം വ്യക്തമായും വിളിച്ചോതുന്നു. അതിന്റെ അനന്തരഫലമായിരുന്നു ബദ്‌റും ഉഹദും ഖന്‍ദഖും തബൂക്കും അവസാനം മക്കംഫത്ഹും വരെ എന്നത് നാം മറക്കരുത്.
പ്രബോധന സംസ്‌കരണ പ്രവര്‍ത്തകര്‍ മുസ്‌ലിം ഉമ്മത്തിന്റെ ബുദ്ധിയിലും ഹൃദയത്തിലും ഈ ഈമാനിയായ യഖീന്‍ സ്ഥാപിച്ചെടുക്കുന്നതില്‍ അക്ഷന്തവ്യമായ അപരാധം വരുത്തിയതിലുള്ള അനന്തരഫലം കൂടിയാണ് ഖൈറു ഉമ്മത്ത് എന്ന അവസ്ഥയില്‍ നിന്നു അവരെ പിന്നോട്ടടിപ്പിച്ചത് എന്നതും ഓര്‍ക്കണം. നമ്മുടെ ഉദ്‌ബോധനങ്ങളും ഖുതുബകളും ശ്രോതാക്കളില്‍ ഇത്തരത്തിലുള്ള മാറ്റത്തിന് സഹായകമാകണം.

വിശ്വാസത്തെ സൂചിപ്പിക്കുന്ന അഖീദ, ഇഅ്തിഖാദ് എന്നീ പദങ്ങള്‍ ഖുര്‍ആനില്‍ വന്നിട്ടില്ല. അഖദ എന്നാല്‍ കെട്ടുക, കെട്ടിടുക, ഉറപ്പിക്കുക എന്നിവയാണ് അടിസ്ഥാനാര്‍ഥം. ഉഖ്ദത്ത് എന്നാല്‍ കെട്ട് എന്നും. ഈ പദത്തില്‍ നിന്ന് നിഷ്പന്നമായതാണ് അഖീദയും ഇഅ്തിഖാദും. ഈമാന്‍ (വിശ്വാസം) എന്ന ആശയവുമായി ഈ വാക്കിന് ഭാഷാപരമായി ഒരു ബന്ധവുമില്ല. നമുക്ക് ഏതെങ്കിലും ഒരു ആദര്‍ശത്തോടോ ആശയത്തോടോ ചായ്‌വോ താല്‍പര്യമോ ഉണ്ടാകുന്നു. എന്നിട്ടത് സ്വീകരിക്കുകയും അതിന്മേല്‍ ഒരു കെട്ടിടുകയും ചെയ്യുന്നു. ആ കെട്ട് ഒരു പുനര്‍വിചിന്തനത്തിനു വിധേയമാകാത്തവണ്ണം ഉറപ്പുള്ള ഒരു വിശ്വാസമായി നമ്മുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കുന്നു. ഈ രീതിയിലുള്ള വിശ്വാസം പാരമ്പര്യമായ ഒന്നാവാം. അത് ശരിയോ തെറ്റോ ആവാം. ബുദ്ധിപരമായി സ്വീകാര്യമോ അസ്വീകാരമോ ആയിരിക്കാം. അത് ഏകദൈവവിശ്വാസമോ ബഹുദൈവ വിശ്വാസമോ ആയിരിക്കാം. നീരീശ്വരത്വമോ തനി വിഡ്ഢിത്വപരമായതോ ആയ വിശ്വാസമാകാം. ഇങ്ങനെ കെട്ടിട്ടു മനസ്സില്‍ പ്രതിഷ്ഠിച്ച വിശ്വാസത്തെ ശരിയാണോ തെറ്റാണോ, പ്രയോജനകരമാണോ ദോഷകരമാണോ എന്ന വീണ്ടുവിചാരത്തിനു വിധേയമാക്കേണ്ടതുണ്ട്.
മുസ്‌ലിംകളില്‍ തന്നെയുള്ള ചില വിഭാഗങ്ങളുടെയും അഖീദ പരിശോധിച്ചാല്‍ നമുക്കിത് വ്യക്തമാകും. അവര്‍ കൊണ്ടുനടക്കുന്ന വികലമായ അഖീദക്കെതിരില്‍ ഖുര്‍ആനില്‍ നിന്നോ സ്വഹീഹായ ഹദീസുകളില്‍ നിന്നോ ശക്തമായ എത്ര തെളിവു കൊണ്ടു വന്നാലും, സംര്‍വാംഗീകൃതമായ ഭാഷയുടെ പിന്‍ബലമുണ്ടായാലും അവരത് പുനര്‍വിചിന്തനത്തിനു വിധേയമാക്കുകയില്ല. ഖത്തമല്ലാഹു അലാ ഖുലൂബിഹിം എന്ന് അല്ലാഹു പറഞ്ഞ അവസ്ഥയിലേക്കെത്തുമാറ് അവര്‍ പക്ഷപാതികളായിരിക്കും.
ഈ രീതിയിലുള്ള വിശ്വാസത്തെ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. പ്രപഞ്ചത്തിലും മനുഷ്യനില്‍ തന്നെയുമുള്ള അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കണ്ടും കേട്ടും അതിനെപ്പറ്റി ചിന്തിച്ചും അങ്ങനെ ബോധ്യപ്പെട്ടും വേണം ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന വിശ്വാസത്തെ സീകരിക്കാനെന്നാണ് അല്ലാഹു ആവശ്യപ്പെടുന്നത്. ഈ ദൃഷ്ടാന്തങ്ങളെക്കൊണ്ട് നിര്‍ഭരമാണ് ഖുര്‍ആന്‍. ഈ രീതിയിലുള്ള വിശ്വാസം സ്വീകരിച്ച ഒരു മനുഷ്യനും പക്ഷപാതിയാകാന്‍ കഴിയില്ല. ഈ ലോകത്ത് ഖലീഫ എന്ന നിലക്കുള്ള മനുഷ്യന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാനും ദഅ്‌വത്തും തബ്‌ലീഗും നടത്തിക്കൊണ്ട് ഒരിസ്‌ലാമിക ജീവിതം നയിക്കാനും ഈ രീതിയിലുള്ള വിശ്വാസിക്കേ സാധിക്കുകയുള്ളൂ.
ഈമാന്‍ അംന് എന്ന ധാതുവില്‍ നിന്ന് നിഷ്പന്നമായ പദമാണ്. മനസ്സ് നിര്‍ഭയവും പ്രശാന്തവുമാവുക എന്നാണ് അംനിന്റെ അടിസ്ഥാനപരമായ അര്‍ഥം. അമാനത്ത് (വിശ്വസ്തത) എന്ന പദം ഇതില്‍ നിന്ന് ഉത്ഭവിച്ചതാണ്. അമീനിനെ വിശ്വസ്തന്‍ (അമീന്‍) എന്നു പറയുന്നത് അയാളുടെ സത്യസന്ധമായ ഇടപാട് മനസ്സിനു സമാധാനമുണ്ടാക്കുകയും അയാള്‍ ചതിക്കുകയില്ലെന്ന് ഉറപ്പുണ്ടാവുകയും ചെയ്യുന്നതുകൊണ്ടാണ്.
ഇണക്കവും മെരുക്കവുമുള്ള ഒട്ടകത്തെ അമൂന്‍ എന്നു പറയും. എന്തെന്നാല്‍ അത് വികൃതി കാണിക്കുമെന്ന് ഭയപ്പെടേണ്ടതില്ല. ഇതേ ധാതുവില്‍ നിന്ന് രൂപം കൊണ്ടതാണ് ഈമാന്‍. മനസ്സില്‍ ഒരു സംഗതിയുടെ അംഗീകാരം, അതിനു വിപരീതമായ മറ്റേതെങ്കിലും ഇനി കടന്നുവരുമെന്ന ഭയം അവശേഷിക്കാത്ത മട്ടില്‍ ദൃഢപ്രതിഷ്ഠിതമായിരിക്കുക എന്നാണ് അതിന്റെ വിവക്ഷ. ഈമാന്‍ ദുര്‍ബലമാവുകയെന്നാല്‍, മനസ്സ് ആ കാര്യത്തില്‍ പൂര്‍ണ്ണ സംതൃപ്തിയും സമാധാനവും കൈവരിച്ചിട്ടില്ലെന്നും അതിനു വിപരീതമായ കാര്യങ്ങള്‍ക്കും മനസ്സില്‍ കടന്നുവരാന്‍ അവസരം ലഭിച്ചിരിക്കുന്നുവെന്നുമാണര്‍ഥം. അതുമൂലമാണ് സ്വഭാവചര്യ ദുര്‍ബലമാവുന്നത്. കര്‍മജീവിതം താറുമാറാകുന്നതും അതുകൊണ്ടുതന്നെ. ഈമാന്‍ ശക്തവും ഭദ്രമാവുകയുമെന്നാല്‍ ഇതിനു വിപരീതമാണ്.
യഖീന്‍ അതിന്റെ വിവിധ രൂപങ്ങളില്‍ 28 തവണ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. യഖീനല്‍ അംറു എന്നാല്‍ ഥബത വ വളുഹ അഥവാ ഉറപ്പാവുകയും വ്യക്തമാവുകയും ചെയ്യല്‍ എന്നര്‍ഥം. യഖിനല്‍ മാഉ എന്നാല്‍ സകന വ ളഹറ മാ തഹ്തഹു അഥവാ വെള്ളം തിരയും ഓളവുമില്ലാതെ നിശ്ചലമാവുകയും അതിനടിയിലുള്ളത് വ്യക്തമായി കാണാനും കഴിയുക എന്നര്‍ഥം. ഇതാണ് ഭാഷാര്‍ഥം. സംശയത്തെ പൂര്‍ണമായും ദൂരീകരിച്ച അറിവ്, അറിയപ്പെട്ട കാര്യം കൊണ്ട് മനസ്സ് ശാന്തമാകുകയും കുളിരണിയുകയും ചെയ്യല്‍, ഒരു കാര്യത്തിന്റെ ഉറപ്പും, സംരക്ഷിക്കപ്പെട്ടുകൊണ്ട് ഒരു സ്ഥലത്ത് അത് സ്ഥിരമാവുകയും ചെയ്യുക എന്നീ അര്‍ത്ഥങ്ങളാണ് അതുകൊണ്ട് വിവക്ഷിക്കുന്നതായി അറബിഭാഷയിലെ ആധികാരിക ഗ്രന്ഥങ്ങളിലുള്ളത്. മരണത്തെ യഖീന്‍ എന്നു ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. യാതൊരു സംശയവുമില്ലാത്ത ഉറപ്പായ കാര്യമാണല്ലോ അത്. യഖീനിന് മൂന്നു ദറജയുള്ളതായി ഖുര്‍ആന്‍ പറയുന്നു.
(1). ഇല്‍മുല്‍ യഖീന്‍: ഉറപ്പായ അറിവില്‍ നിന്നു ലഭിക്കുന്ന ദൃഢബോധ്യം. (2). ഐനുല്‍ യഖീന്‍: നേര്‍ക്കുനേരെയുള്ള കാഴ്ചയില്‍ക്കൂടി ലഭിക്കുന്ന ദൃഢബോധ്യം. (3). ഹഖുല്‍ യഖീന്‍: അനുഭവിച്ചറിയുന്നതില്‍ നിന്നുള്ള ദൃഢബോധ്യം. ഇതിനപ്പുറം മറ്റൊരു യഖീനില്ല. ഇതില്‍ ഒന്നാമത്തെയും രണ്ടാമത്തെയും യഖീന്‍ സൂറതുത്തകാഥുറിലാണ് വന്നിട്ടുള്ളത്.
”സമ്പത്തിലും സന്താനങ്ങളിലും മറ്റും പരസ്പരമുള്ള പെരുമകാണിക്കല്‍ നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. ഇത് നിങ്ങള്‍ ഖബറിടങ്ങള്‍ സന്ദര്‍ശിക്കുന്നത് വരെ മാത്രമാണ്. കാര്യം അങ്ങനെയല്ല, യാഥാര്‍ഥ്യം ഉടനെ തന്നെ നിങ്ങള്‍ അറിയും. വീണ്ടും പറയട്ടെ, കാര്യം അങ്ങനെയൊന്നുമല്ല, നിജസ്ഥിതി ഉടനെ തന്നെ നിങ്ങള്‍ അറിയും. ഈ പെരുമ കാണിക്കല്‍ വേണ്ടേവേണ്ട. നിങ്ങള്‍ക്ക് ഇല്‍മുല്‍ യഖീന്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഈ അശ്രദ്ധയില്‍പ്പെട്ടു പോകുമായിരുന്നില്ല. നിങ്ങള്‍ നരകത്തെ കാണുകതന്നെ ചെയ്യും. പിന്നീട് ഐനുല്‍ യഖീനായിത്തന്നെ നിങ്ങളതിനെ കാണും. ഒരു സംശയവും വേണ്ട. പിന്നീടുണ്ടല്ലോ, അന്നാളില്‍ എന്തുകൊണ്ട് നിങ്ങളീ സ്വര്‍ഗീയ അനുഗ്രഹങ്ങള്‍ നഷ്ടപ്പെടുത്തി എന്നതിനെപ്പറ്റി ചോദിക്കപ്പെടുകതന്നെ ചെയ്യും.”
സൂറതുസ്സജദയിലെ ഈ ആയത്തു കൂടി കാണുക. പാപികള്‍ പരലോകത്തെ കണ്ടും കേട്ടും ഐനുല്‍ യഖീനുള്ളവരായിക്കുന്നു എന്ന് അവര്‍ തന്നെ പറയുന്നു.

”അന്ത്യദിനത്തില്‍ ഈ കൊടുംപാപികള്‍ തങ്ങളുടെ റബ്ബിന്റെ മുമ്പില്‍ തല കുമ്പിട്ടു നില്‍ക്കുന്ന രംഗം നീ കാണുകയാണെങ്കില്‍, അവരിങ്ങനെ വിലപിച്ചു കൊണ്ടിരിക്കുകയായിരിക്കും. ഞങ്ങളുടെ നാഥാ ഞങ്ങളെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തുകൊണ്ട് യാഥാര്‍ഥ്യം അറിഞ്ഞിരിക്കുന്നു. അതിനാല്‍ നീ ഞങ്ങളെ ദുനിയാവിലേക്കു തിരിച്ചയക്കേണമേ. ഞങ്ങള്‍ സ്വാലിഹായതു മാത്രം ചെയ്തുകൊള്ളാം, തീര്‍ച്ചയായും ഞങ്ങളിപ്പോള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നു.” (അസ്സജദ 12)
ഹഖുല്‍ യഖീനിനെപ്പറ്റിയുള്ള പരാമര്‍ശം സൂറതുല്‍ വാഖിഅയുടെ അവസാനവും വന്നിരിക്കുന്നു.

”എന്നാല്‍ വഴിപിഴച്ച കള്ളവാദികളില്‍പ്പെട്ടവരുണ്ടല്ലോ, അവര്‍ക്ക് ചുട്ടുതിളച്ച പാനീയമാണ് സല്‍ക്കാരം. പിന്നെ നരകത്തിന്റെ കൊടുംതീയില്‍ ചുട്ടെരിക്കലും. തീര്‍ച്ചയായും ഇതുതന്നെയാണ് ഹഖുല്‍ യഖീന്‍. അതിനാല്‍ മഹോന്നതനായ നിന്റെ റബ്ബിന്റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക.” (വാഖിഅ 92-96)
യഖീനിന്റെ ഈ മൂന്നു വിഭാഗങ്ങളെ ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കാം. ചൈന സന്ദര്‍ശിച്ച ഒരാള്‍ അവിടെയുള്ള ഒരു പഴത്തെക്കുറിച്ച് പറയുന്നു: മത്തങ്ങയുടെ വലിപ്പം. മാമ്പഴത്തിന്റെ ഗന്ധം. ഓറഞ്ചിന്റെ നിറം. വാഴപ്പഴത്തിന്റെ രുചി. നിങ്ങളാവട്ടെ അതൊരിക്കലും കണ്ടിട്ടുമില്ല. അതിനെക്കുറിച്ചു കേട്ടിട്ടുമില്ല. എന്നാല്‍ പറയുന്ന ആളിലുള്ള വിശ്വാസത്താല്‍ നിങ്ങളത് വിശ്വസിക്കുന്നു. ഈ അവസ്ഥക്കാണ് ഇല്‍മുല്‍ യഖീന്‍ എന്നു പറയുക.
മറ്റൊരിക്കല്‍ അയാള്‍ നിങ്ങളുടെ മുമ്പില്‍ ഈ പഴം പ്രദര്‍ശിപ്പിക്കുന്നു. നിങ്ങളത് നേരില്‍ കാണുന്നു. ഇപ്പോള്‍ നിങ്ങള്‍ ഇല്‍മുല്‍ യഖീനില്‍ നിന്ന് ഐനുല്‍ യഖീനിലേക്കെത്തി. കണ്ടു ബോധ്യപ്പെട്ടല്ലോ. ഇനിയും ഒരു സംശയം, ഇതെങ്ങാനും വല്ല മെഴുകോ പ്ലാസ്റ്റിക്കോ അതുപോലെ വല്ലതും കൊണ്ടുണ്ടാക്കിയതാണോ? അപ്പോള്‍ അയാള്‍ ഒരു കത്തിയെടുത്ത് മുറിച്ച് ഓരോ കഷ്ണം നിങ്ങള്‍ക്കു തരുന്നു. നിങ്ങളത് തിന്നുന്നു. അങ്ങനെ അനുഭവിച്ചറിയുന്നു. പൂര്‍ണമായും ശരിയെന്നു ബോധ്യപ്പെടുന്നു. ഇപ്പോള്‍ ഐനുല്‍ യഖീനും വിട്ടുകടന്ന് നിങ്ങള്‍ ഹഖുല്‍ യഖീനിലെത്തിയിരിക്കുന്നു. ഇതിനപ്പുറം ഒരു യഖീനില്ല.
ശ്രദ്ധേയമായ മറ്റൊരു കാര്യം: ഹഖുല്‍ യഖീന്‍ നരകാവകാശികളുടെ കാര്യത്തിലാണ് വന്നിട്ടുള്ളത്. സൂറതുല്‍ വാഖിഅയുടെ അവസാനം ഹഖുല്‍ യഖീനിനെപ്പറ്റി പറഞ്ഞ ഭാഗം നോക്കുക. കാരണം നിഷേധി സംശയിച്ചു സംശയിച്ചു നരകത്തില്‍ എത്തുമ്പോഴേ അവനതു ബോധ്യപ്പെടൂ. നേരെ മറിച്ചാണ് സത്യവിശ്വാസിയുടെ അവസ്ഥ. അവന് ഇല്‍മുല്‍ യഖീന്‍ തന്നെ ധാരാളം. അല്ലാഹുവും റസൂലും പറഞ്ഞത് അപ്പടി വിശ്വസിച്ച് അവന്‍ ഐനുല്‍യഖീനും കടന്ന് ഹഖുല്‍ യഖീനിലെത്തിച്ചേരുന്നു. ഇതാണ് വിശ്വാസത്തിന്റെ പരമകാഷ്ഠ. ഇതിലൊന്നാം സ്ഥാനത്ത് നില്‍ക്കുന്നു സ്വഹാബത്ത്. പിന്നീട് അവരെ തുടര്‍ന്നുള്ളവരും.
മറ്റൊരു ഉദാഹരണം: നാം ദൂരെ ഒരിടത്ത് പുക കാണുന്നു. അവിടെ തീ ഉള്ളതുകൊണ്ടാണ് പുക എന്നു നാം മനസ്സിലാക്കുന്നു. ഈ അവസ്ഥക്ക് ഇല്‍മുല്‍ യഖീന്‍ എന്നു പറയുന്നു. എന്നിട്ടു ബോധ്യമായില്ലെങ്കില്‍ അവിടെ പോയി നാമത് നേരിട്ടു കാണുന്നു. ഇപ്പോള്‍ ഇല്‍മുല്‍ യഖീനിനില്‍ നിന്ന് ഐനുല്‍ യഖീനിനിലേക്ക് നാമെത്തി. കണ്ടു ബോധ്യപ്പെട്ടു. ഇനിയും സംശയമുണ്ടെങ്കില്‍ നാം തൊട്ടുനോക്കും. അപ്പോള്‍ കൈ പൊള്ളുകയും പിന്‍വലിക്കുകയും ചെയ്യും. ഇതാണ് ഹഖുല്‍ യഖീന്‍. അനുഭവച്ചറിയുന്നതില്‍ക്കൂടിയുള്ള ദൃഢബോധ്യം. യഖീനിന്റെ എല്ലാ വിഭാഗങ്ങളിലും എത്തണമെങ്കില്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കണ്ടും കേട്ടും പഠിച്ചും മനസ്സിലാക്കണം. നബിമാരെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കണ്ട് ഹഖുല്‍ യഖീന്‍ ലഭിച്ചവരായിരുന്നു. ഇബ്‌റാഹീം നബി(അ)യെ കുറിച്ച് അല്ലാഹു പറയുന്നു:

 

 

”അപ്രകാരം നാം ഇബ്‌റാഹീമിന് ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യ സംവിധാനം കാണിച്ചു കൊടുത്തു. അദ്ദേഹം ദൃഢബോധ്യമുള്ളവരില്‍പ്പെട്ടവനായിരിക്കാനും വേണ്ടി.” (അന്‍ആം 75)
റസൂലിന്റെ(സ) ഇസ്‌റാഉം മിഅ്‌റാജും നടത്തിയതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു. നബിമാരുടെ ദൗത്യം ഏറ്റെടുത്ത ഇസ്‌ലാമിക പ്രബോധകരുടെയും മാര്‍ഗം മറ്റൊന്നല്ല. അതാണ് ഖിയാമംവരെയും നിലനില്‍ക്കുന്ന അല്ലാഹുവിന്റെ കലാമായ ഖുര്‍ആന്‍. റസൂലിന്(സ) ലഭിച്ച മുഅ്ജിസത്ത് അതേപടി നമ്മെ അവിടുന്ന് ഏല്‍പിച്ചിരിക്കുന്നു. അത് പഠിച്ചും മനനം ചെയ്തും ഹഖുല്‍ യഖീനിന്റെ ദറജയിലെത്തി, ഖിയാമം വരെയുള്ള സകല അക്രമകാരികളെയും നേരിടാന്‍. അങ്ങനെ അവന്റെ കലിമത്തിനെ ഈ ദുനിയാവില്‍ ഏറ്റവും ഉന്നതമാക്കാന്‍.

അനുബന്ധം
സൂറതു തകാസുറില്‍ പ്രയോഗിച്ച ഹത്താ സുര്‍ത്തുമുല്‍ മഖാബിറ (നിങ്ങള്‍ ഖബറിടങ്ങള്‍ സന്ദര്‍ശിക്കുന്നതുവരെ) എന്ന പരാമര്‍ശം ശ്രദ്ധേയമാണ്. മരണപ്പെട്ടു പോയവരുടെ സ്ഥിരവാസ സങ്കേതമല്ലല്ലോ ഖബര്‍. അവിടെനിന്നു വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിച്ചു, വിചാരണക്കു ശേഷം സ്വര്‍ഗമോ നരകമോ ആണല്ലോ ശാശ്വതമായ താമസസ്ഥലം. അപ്പോള്‍ ഖബര്‍ സന്ദര്‍ശനസ്ഥലം മാത്രമാണ്. അതുകൊണ്ടാണ് സുര്‍ത്തും (സന്ദര്‍ശിക്കുന്നതുവരെ) എന്നു പ്രയോഗിച്ചത്. സുമ്മ ലതുസ്അലുന്ന യൗമഇദിന്‍ അനിന്നഈം (പിന്നീട് അന്നാളില്‍ അനുഗ്രഹങ്ങളെപ്പറ്റി ചോദിക്കപ്പെടുകതന്നെ ചെയ്യും). ഇവിടെ പറഞ്ഞിട്ടുള്ള അനുഗ്രഹം (നഈം) ദുന്‍യാവിലെ അനുഗ്രഹമല്ല. സ്വര്‍ഗീയ അനുഗ്രഹങ്ങളാണ്. നഈം എന്ന പദം ഖുര്‍ആനില്‍ പതിനാറു തവണ വന്നിട്ടുണ്ട്. മറ്റു പതിനഞ്ചു സ്ഥലങ്ങളിലും സ്വര്‍ഗീയ അനുഗ്രഹങ്ങളെക്കുറിക്കാനാണത് പ്രയോഗിച്ചിട്ടുള്ളത്.
നഈം ഭാഷയില്‍ ഫഈല്‍ എന്ന രൂപത്തിലാണ് വന്നിട്ടുള്ളത്. ഈ രൂപത്തില്‍ വസ്‌നില്‍ വരുന്ന നാമങ്ങള്‍ക്ക് ഒരു സ്ഥിരതയുണ്ടായിരിക്കും. ദുനിയാവിലെ അനുഗ്രഹങ്ങള്‍ക്ക് സ്ഥിരതയില്ലല്ലോ. അതുകൊണ്ട് ഈ സ്വര്‍ഗീയമായ സ്ഥിരാനുഗ്രഹങ്ങള്‍ എന്തുകൊണ്ട് നിങ്ങള്‍ നഷ്ടപ്പെടുത്തി? അതിന്റെ കാരണങ്ങള്‍ എന്തായിരുന്നു? എന്നതിനെപ്പറ്റിയാണ് ചോദിക്കപ്പെടുക എന്ന് ഖുര്‍ആനിക പദങ്ങളെപ്പറ്റി സൂക്ഷ്മ പഠനം നടത്തിയ ഭാഷാപണ്ഡിതര്‍ വ്യാഖ്യാനിക്കുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x