ഇമാം റാസിയുടെ ‘മഫാതീഹുല്‍ ഗൈബ്’
നൗഷാദ് ചേനപ്പാടി
നബി(സ)യുടെ വിയോഗ ശേഷം സച്ചരിതരായ ഖലീഫമാരുടെ കാലത്ത് ഇസ്‌ലാമിക രാഷ്ട്രം കൂടുതല്‍ വിപുലമായിക്കൊണ്ടിരുന്നു. മുസ്‌ലിംകള്‍ ജയിച്ചടക്കിയ രാജ്യങ്ങളിലെ ജനങ്ങള്‍ ഇസ്‌ലാമിലേക്കു കടന്നുവരാനും ഇതു കാരണമായി. ഇവര്‍ തങ്ങളുടെ വൈജ്ഞാനിക ശേഖരവുമായാണ് ഇസ്‌ലാമിക സമുദായത്തിലേക്ക് കടന്നു വന്നത്. അങ്ങനെ റോമാ- പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളില്‍ നിലനിന്നിരുന്ന ചിന്താ വൈജ്ഞാനിക സാംസ്‌കാരിക പൈതൃകങ്ങള്‍ ഇസ്‌ലാമിക ലോകത്തേക്കും പ്രവഹിച്ചു. ഇത് മുസ്‌ലിംകള്‍ക്കിടയില്‍ ചിന്താപരമായ പല പരിവര്‍ത്തനങ്ങളുമുണ്ടാക്കി. ഇതുകൂടാതെ ഖുലഫാഉര്‍റാശിദുകളുടെ ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ ഉണ്ടായ ഉസ്മാന്റെ(റ) വധം, ജമല്‍ യുദ്ധം, സ്വിഫ്ഫീന്‍ യുദ്ധം, മധ്യസ്ഥ പ്രശ്‌നം, നഹ്‌റുവാന്‍ യുദ്ധം എന്നീ ദുരന്തപര്യവസായിയായ സംഭവങ്ങള്‍ ചില രാഷ്ട്രീയ ഗ്രൂപ്പുകള്‍ക്കും ജന്മം നല്‍കി.
പിന്നീട് ഈ ഗ്രൂപ്പുകള്‍ തങ്ങളുടെ നിലനില്‍പ് ന്യായീകരിക്കാന്‍ മതപരവും ന്യായശാസ്ത്രവുമായ വാദഗതികള്‍ മുന്നോട്ടുവെച്ചപ്പോള്‍ ദാര്‍ശനിക മാനങ്ങളുള്ള പുതിയ കക്ഷികളായി അവ പരിണമിച്ചു. അങ്ങനെയാണ് ഖവാരിജ്, ശീഅ, മുഅ്തസില, മുര്‍ജിഅ എന്നീ കക്ഷികള്‍ ഉദയം കൊള്ളുന്നത് (ഇത് സംബന്ധിച്ച് ശൈഖ് അബൂസഹ്‌റയുടെ താരീഖു മദാഹിബുല്‍ ഇസ്‌ലാമിയ്യ കൃതിയില്‍ വിശദമായ പ്രതിപാദ്യമുണ്ട്)
ഈ പാര്‍ട്ടികള്‍ ഖുര്‍ആനിന് അന്യമായ പല വികല വിശ്വാസങ്ങളും വെച്ചുപുലര്‍ത്തി. ഇതിനെല്ലാം പുറമെ, അബ്ബാസിയ ഭരണകര്‍ത്താക്കള്‍ ഈ വിജ്ഞാന കലാശാസ്ത്രങ്ങള്‍ വിപുലമായ തോതില്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വ്യാപൃതരായിരുന്നു. അങ്ങനെ യവന റോമന്‍ തത്ത്വചിന്തകളും വിജ്ഞാനീയങ്ങളും മുസ്‌ലിംകളിലേക്കും പകര്‍ന്നു. ഇത് മുസ്‌ലിംകള്‍ക്കിടയില്‍ പല പുതിയ ചര്‍ച്ചകളുടെയും ചിന്തകളുടെയും കവാടം തുറന്നു. ഇസ്‌ലാമിന്റെ പല അടിസ്ഥാന പ്രമാണങ്ങള്‍ക്കും വിരുദ്ധമായ ധാരാളം കാര്യങ്ങള്‍ പ്രസ്തുത വിജ്ഞാനങ്ങളിലുണ്ടായിരുന്നു. അവയുടെ അതിപ്രസരണത്തിനിരയായ പിഴച്ച പല വിഭാഗങ്ങളും മുസ്‌ലിംകള്‍ക്കിടയില്‍ ഉടലെടുത്തു. ഈ വിഭാഗങ്ങളുടെ വാദഗതികളെ ഖണ്ഡിക്കാനും പ്രസ്തുത തത്ത്വചിന്തകളും വിജ്ഞാനങ്ങളും ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളുടെ നേരെയുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനും ഒരു വിഭാഗം പണ്ഡിതന്മാര്‍ ഉദ്യുക്തരായി.
ഇത്തരക്കാരുടെ വാദമുഖങ്ങള്‍ക്ക് മറുപടി കൂടി നല്‍കുന്നതായിരുന്നു ഇക്കാലത്ത് എഴുതിയ പല ഖുര്‍ആന്‍ വ്യാഖ്യാന കൃതികളും. അതിനാലാണ് ഇവയെ ധൈഷണിക വ്യാഖ്യാനങ്ങളെന്ന് പറഞ്ഞത്. തത്ത്വചിന്താപരമായ ചര്‍ച്ചകളായിരിക്കും ഇത്തരം തഫ്‌സീറുകളുടെ പ്രത്യേകത. ചിന്താമണ്ഡലത്തില്‍ ഇസ്‌ലാമിനെ പ്രതിരോധിക്കുകയായിരുന്നു വ്യാഖ്യാതാക്കളുടെ ലക്ഷ്യമെങ്കിലും, ക്രമേണ ഈ ചിന്താരീതി അതിരുകടന്ന് ഖുര്‍ആന് പരിചിതമല്ലാത്തതും അതിന്റെ സ്വാഭാവികതക്ക് നിരക്കാത്തതുമായ പലതരം ബൗദ്ധിക വ്യായാമങ്ങളിലേക്ക് കാടു കയറി. അതേസമയം ഇന്നും വളരെയേറെ വായിക്കപ്പെടുന്ന തഫ്‌സീറുകളും കൂട്ടത്തില്‍ രചിക്കുകയുണ്ടായി. അതില്‍ രണ്ടു വ്യാഖ്യാന ഗ്രന്ഥങ്ങളാണ് പണ്ഡിതലോകത്ത് ഏറെ ശ്രദ്ധേയമായത്. അതിലൊന്ന് ഇമാം ഫഖ്‌റുദ്ദീന്‍ റാസിയുടെ (544-606) തഫ്‌സീറുല്‍ കബീര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മഫാതീഹുല്‍ ഗൈബ് (അദൃശ്യത്തിന്റെ താക്കോലുകള്‍) എന്ന തഫ്‌സീറാണ്.
മറ്റൊന്ന് ഹി. 728-ല്‍ മരണമടഞ്ഞ നിളാമുദ്ദീന്‍ അല്‍ഖുമ്മി നൈസാബൂരിയുടെ ഗറാഇബുല്‍ ഖുര്‍ആന്‍ വ റഗാഇബുല്‍ ഫുര്‍ഖാന്‍ എന്ന കൃതിയും. ഖുമ്മ് ശീഈകളുടെ കേന്ദ്രമാണെങ്കിലും ഇദ്ദേഹം അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആളായിരുന്നു. ഈ തഫ്‌സീറിന്റെ രീതിശാസ്ത്രം മുഖവുരയില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. തഫ്‌സീര്‍ റാസിയുടെയും സമഖ്ശരിയുടെ കശ്ശാഫിന്റെയും ഏതാണ്ടൊരു സംഗ്രഹമാണീ കൃതി എന്നു പറയാം. പഠിതാക്കളും ഗവേഷകരും താല്‍പര്യപൂര്‍വം അവലംബിച്ചിരുന്ന ഒരു തഫ്‌സീറാണിത്. അറബ് ലോകത്തെ ഉസ്താദുമാര്‍ തങ്ങളുടെ ശിഷ്യന്മാര്‍ക്ക് പഠനത്തിനായി ഇത് നിര്‍ദേശിച്ചുകൊടുക്കുമായിരുന്നു. ഈ തഫ്‌സീറിന്റെ ഏറ്റവും നല്ല പതിപ്പ് ശൈഖ് ഇബ്‌റാഹീം ഇവദ് സംശോധന നടത്തി ഈജിപ്തിലെ മുസ്ഫല്‍ ബാബി അല്‍ ഹലബി പ്രസിദ്ധീകരിച്ചതാണ്.
ഇമാം റാസി(റ) ഹി. 544- ല്‍ ഇന്നത്തെ തെഹ്‌റാന് വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്തിരുന്ന റയ്യ് എന്ന പട്ടണത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബ വംശപരമ്പര അബൂബക്കര്‍ സിദ്ദീഖിലേക്കാണ് എത്തിച്ചേരുന്നത്. അദ്ദേഹത്തിന്റെ പിതാവ് ദിയാഉദ്ദീന്‍ ഉമര്‍ അവിടത്തെ മഹാപണ്ഡിതനും ഖത്വീബുമായിരുന്നു. ഇമാം റാസി തന്റെ കാലഘട്ടത്തിലെ പണ്ഡിതന്മാരില്‍ നിന്ന് തഫ്‌സീര്‍, ഇല്‍മുല്‍ കലാം, മറ്റു ബുദ്ധിപരമായ വിജ്ഞാനങ്ങള്‍, ഭാഷാശാസ്ത്രം, ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ് എന്നീ വിജ്ഞാനശാഖകളില്‍ അഗാധമായ പാണ്ഡിത്യം നേടി. ഉസ്വൂലുല്‍ ഫിഖ്ഹില്‍ അദ്ദേഹം രചിച്ച പ്രസിദ്ധ കൃതിയാണ് അല്‍ മഹ്‌സൂല്‍ ഫീ ഉസൂലില്‍ ഫിഖ്ഹ്. അതുപോലെ തന്നെ വിശ്വാസ ശാസ്ത്രത്തില്‍ അല്‍മത്വാലിബുല്‍ ആലിയാ ഫില്‍ ഇല്‍മില്‍ ഇലാഹിയ്യ എന്നൊരു കൃതിയും അദ്ദേഹത്തിന്റേതായിട്ടുണ്ട്. തുഹ്ഫത്തുല്‍ മുഹ്തദീന്‍ ബി അഖ്ബാരില്‍ മുജദ്ദിദീന്‍ എന്ന ഗ്രന്ഥത്തില്‍ ഇമാം സുയൂത്വി(റ) അദ്ദേഹത്തെ ആറാം നൂറ്റാണ്ടിലെ മുജദ്ദിദായി എണ്ണിയിരിക്കുന്നു. ഇമാം റാസിയെപ്പറ്റിയും അദ്ദേഹത്തിന്റെ തഫ്‌സീറിനെപ്പറ്റിയും നിരവധി കൃതികള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അവയില്‍ എല്ലാം കൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കുന്നു ഡോ. മുഹ്‌സ്വിന്‍ അബ്ദുല്‍ ഹമീദ് രചിച്ച അര്‍റാസി മുഫസ്സിറന്‍ എന്ന കൃതി. കയ്‌റോ യൂനിവേഴ്‌സിറ്റിയില്‍ അദ്ദേഹം സമര്‍പ്പിച്ച ഡോക്ടറേറ്റ് തിസീസാണത്.
നിരവധി വാല്യങ്ങളുള്ള റാസി വ്യാഖ്യാനം അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭാ വിലാസത്തെ വിളംബരം ചെയ്യുന്നു. മറ്റൊരു തഫ്‌സീറിലും ലഭ്യമല്ലാത്ത പലയിനം വ്യാഖ്യാന അടരുകളാല്‍ സമ്പന്നമാണീ ഗ്രന്ഥം. ഈ തഫ്‌സീര്‍ പൂര്‍ണമായും ഇമാമിന്റേതല്ല എന്നൊരു തെറ്റിദ്ധാരണ പണ്ഡിത ലോകത്ത് മുമ്പേയുണ്ട്. പകര്‍ത്തിയെഴുത്തില്‍ സംഭവിച്ച പിഴവാണ് അങ്ങനെയൊരു ധാരണക്കു കാരണമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അല്‍ ഫാതിഹ മുതല്‍ അന്നാസ് വരെ ക്രമപ്രകാരമല്ല അദ്ദേഹം തന്റെ തഫ്‌സീര്‍ രചിച്ചിട്ടുള്ളത്. പല വാല്യങ്ങളില്‍ ഈ കൃതി ഇപ്പോള്‍ ലഭ്യമാണ്. സയ്യിദ് ഇംറാന്‍ സംശോധനയും ഹദീസുകളുടെ തഖ്‌രീജും നടത്തി കയ്‌റോയിലെ ദാറുല്‍ ഹദീസ് പ്രസിദ്ധീകരിച്ച പതിനാറു വാല്യത്തിലുള്ള പതിപ്പാണ് കണ്ടതില്‍ വെച്ച് ഏറെ മെച്ചപ്പെട്ടത്.
‘തഫ്‌സീറു റാസി’യുടെ ലക്ഷ്യങ്ങള്‍
1. തന്റെ കാലത്ത് ലഭ്യമായിരുന്ന ശാസ്ത്രീയ വിജ്ഞാനങ്ങളുടെ പിന്‍ബലത്തോടെ ഖുര്‍ആനിന് ശക്തമായ പ്രതിരോധം തീര്‍ക്കുക.
2. ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന വിശ്വാസങ്ങള്‍ക്കെതിരില്‍ അക്കാലത്തെ നിരീശ്വര ഭൗതികവാദികള്‍ അഴിച്ചുവിട്ട വാദങ്ങളെ ഖണ്ഡിക്കുകയും അവരുയര്‍ത്തിവിട്ട സംശയങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടി പറയുകയും ചെയ്യുക.
3. ആയത്തുകളും സൂറത്തുകളും തമ്മിലുള്ള പരസ്പര ബന്ധം വിശദീകരിക്കുകയും ഖുര്‍ആന്റെ ഉള്ളടക്കത്തിലെ ഏകീഭാവം വിവരിക്കുകയും ചെയ്യുക.
4. ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത് മുഅ്തസിലികള്‍ക്കുണ്ടായിരുന്ന കുത്തക അവസാനിപ്പിക്കുക. അക്കാലത്ത് മുസ്‌ലിംകളില്‍ ബുദ്ധിപരമായ നിലവാരം പുലര്‍ത്തിയിരുന്നത് മുഅ്തസിലികളായിരുന്നു എന്നാണ് കരുതിയിരുന്നത്. ഖുര്‍ആനെ ബുദ്ധിപരമായി വ്യാഖ്യാനിക്കാനുള്ള അര്‍ഹത തങ്ങള്‍ക്കാണെന്ന് അവര്‍ വാദിക്കുകയും ചെയ്തിരുന്നു. ജുബാഈ, അസമ്മ്, അസ്വ്ഫഹാനി, ഹാകിമുല്‍ ജശമി, ഖാദി അബ്ദുല്‍ ഖാദിര്‍, സമഖ്ശരി തുടങ്ങിയ ബുദ്ധിരാക്ഷസന്മാരായ പണ്ഡിതന്മാര്‍ അക്കാലത്ത് അവരിലുണ്ടായിരുന്നു.
ഇമാം റാസി അവരുടെ വാദമുഖങ്ങളെ ഖണ്ഡിക്കുകയും അവരുടെ ‘തെളിവുകളെ’ നിഷ്പ്രഭമാക്കുകയും ചെയ്തു. ഒരു പരിധിവരെ അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ഇമാം റാസിക്കുശേഷം മുഅ്തസിലികളില്‍ അറിയപ്പെടുന്ന മുഫസ്സിറുകളാരും രംഗപ്രവേശം ചെയ്തിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണ്. അങ്ങനെ ആ രംഗത്ത് അവരുടെ കുത്തകക്ക് വിരാമമായി.
5. അബ്ദുല്‍ഖാഹിര്‍ ജുര്‍ജാനി ഖുര്‍ആനിലെ ഘടനാപരമായ അമാനുഷികതയെപ്പറ്റി ഗ്രന്ഥമെഴുതിയ ആളാണ്. ഈ അമാനുഷികതയെ പ്രതിഫലിപ്പിക്കുന്ന പൂര്‍ണമായ ഒരു തഫ്‌സീര്‍ അദ്ദേഹം രചിച്ചിട്ടുമില്ല. ജുര്‍ജാനിയുടെ ചുവടുപിടിച്ച് ഖുര്‍ആന്റെ ഈ വിഷയത്തിലുള്ള അമാനുഷികതയെ വ്യക്തമാക്കി അവതരിപ്പിക്കുക.
ഇമാം ബൈദാവി, അബൂഹയ്യാന്‍ ഉന്‍ദുലൂസി, അല്‍ ഖുമ്മി നൈസാബൂരി, ആലൂസി തുടങ്ങി ആധുനിക കാലക്കാരനായ ശൈഖ് റശീദ് രിദാ വരെയുള്ള മുഫസ്സിറുകളില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ ഇമാം റാസിക്കു സാധിച്ചു.
മറ്റു തഫ്‌സീറുകളെ അപേക്ഷിച്ച് നിരവധി സവിശേഷതകള്‍ ഈ തഫ്‌സീറിനുണ്ടെങ്കിലും പോരായ്മകള്‍ ഇതിനുമുണ്ട്. പലപ്പോഴും വിശ്വാസ കാര്യങ്ങളെ വചനശാസ്ത്രത്തിന്റെ മൂശയിലാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഇത് ഖുര്‍ആന്റെ രീതിശാസ്ത്രത്തിനെതിരാണ്. ഖുര്‍ആന്‍ വ്യാഖ്യാനവുമായി ബന്ധമില്ലാത്ത ശാസ്ത്ര വിഷയങ്ങള്‍ നീട്ടിപ്പരത്തി പറയുക എന്നതും ഈ തഫ്‌സീറിന്റെ പ്രകടമായ ഒരു ന്യൂനതയാണ്. അതുപോലെ ആയത്തുകളുടെ വ്യാഖ്യാനത്തില്‍ തത്ത്വശാസ്ത്രകാരന്മാരുടെയും വചനശാസ്ത്രകാരന്മാരുടെയും അഭിപ്രായങ്ങള്‍ ധാരാളമായി ഉദ്ധരിക്കുന്നു എന്നതും. തെളിവുകളെ അപേക്ഷിച്ച് ബുദ്ധിപരമായ നിഗമനങ്ങള്‍ക്ക് പലയിടത്തും അദ്ദേഹം മുന്‍ഗണന നല്‍കിയിരിക്കുന്നു, ഗൈബിയായ കാര്യങ്ങളില്‍ പോലും. താരതമ്യേന കുറഞ്ഞ ഹദീസുകളേ ഇതില്‍ അദ്ദേഹം ഉദ്ധരിച്ചിട്ടുള്ളൂ. ദുര്‍ബലവും വ്യാജവുമായ ഹദീസുകള്‍ വരെ എടുത്തു ചേര്‍ത്തിട്ടുണ്ട്.
ഇതേക്കുറിച്ച് ഇമാം ദഹബി (റ) പറയുന്നു: ”നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഫഖ്‌റുദ്ദീന്‍ റാസി ബുദ്ധിശക്തിയിലും ബൗദ്ധിക വിഷയങ്ങളിലും തലയെടുപ്പുള്ള ആളായിരുന്നു. പക്ഷേ, ഹദീസ് വിജ്ഞാനത്തില്‍ പൂജ്യവും.”
മുഅ്തസില പോലുള്ള കക്ഷികളുടെ ശക്തമായ വാദങ്ങള്‍ക്ക് പലപ്പോഴും ദുര്‍ബലമായ മറുപടിയാണ് അദ്ദേഹം നല്‍കിയിട്ടുള്ളത് എന്നും ചില പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അബൂ ഹയ്യാന്‍ ഉന്‍ദുലുസി അല്‍ബഹ്‌റുല്‍ മുഹീത്വില്‍ എഴുതി: ”ഇമാം റാസി തന്റെ തഫ്‌സീറില്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തിന് ആവശ്യമില്ലാത്തതും അതിദീര്‍ഘവുമായ പലതും ശേഖരിച്ചു വെച്ചിരിക്കുന്നു. അതുകൊണ്ടാണ് ചില പണ്ഡിതന്മാര്‍ പറഞ്ഞത്, ഫീഹി കുല്ലു ശൈഇന്‍ ഇല്ലത്തഫ്‌സീര്‍ (അതിലെല്ലാമുണ്ട്, തഫ്‌സീര്‍ മാത്രമില്ല) എന്ന്.”
ഈ തഫ്‌സീര്‍ ഒരാവര്‍ ത്തിയെങ്കിലും വായിച്ചവര്‍ക്ക് ഇതൊരു അതിരുകവിഞ്ഞ പറച്ചിലായേ തോന്നൂ. മറ്റെങ്ങും ലഭ്യമല്ലാത്ത ഒരുപാട് പോയിന്റുകള്‍ ഈ ബൃഹദ് വ്യാഖ്യാന കൃതിയില്‍ നിന്ന് നമുക്ക് ലഭിക്കും. ആവശ്യാഭിലാഷ കാര്യസാധ്യത്തിനായി ഇന്നും ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഖബര്‍ സിയാറത്തിനെ വിഗ്രഹപൂജകരോടാണ് അദ്ദേഹം ഉപമിച്ചത്; സൂറത്തു യൂനുസ് പതിനെട്ടാമത്തെ ആയത്തിന്റെ വ്യാഖ്യാനത്തില്‍. (വാല്യം 9, പേജ് 59. ദാറുല്‍ ഹദീസ് പതിപ്പ്).
അതുപോലെ പ്രാര്‍ഥനയുടെ കാര്യത്തില്‍ ഒരു മധ്യവര്‍ത്തിയും പാടില്ല എന്നും അദ്ദേഹം പറയുന്നു. സൂറതുല്‍ ബഖറ 186-ാ മത്തെ ആയത്തിന്റെ വ്യാഖ്യാനത്തില്‍ (അതേ പതിപ്പ് വാല്യം 3, പേജ് 107) വഇദാ സഅലക ഇബാദീ അന്നീ ഫഇന്നീ ഖരീബ് എന്ന ആയത്തിന് എല്ലാ പരിഭാഷകളിലും ഇങ്ങനെയാണര്‍ഥം കൊടുത്തത്; ”എന്റെ അടിമകള്‍ എന്നെക്കുറിച്ച് നിന്നോട് ചോദിച്ചാല്‍ (പറയുക:) ഞാന്‍ സമീപസ്ഥനാണ്.” ബ്രാക്കറ്റില്‍ കൊടുക്കുന്ന ‘പറയുക’ എന്നോ ‘നീ പറയുക’ എന്നത് ഗുരുതരമായ തെറ്റാണ്. കാരണം ഖുല്‍ ഫഇന്നീ ഖരീബ് എന്ന് അല്ലാഹു പറഞ്ഞിട്ടില്ല. അത് പരിഭാഷകന്റെ വകയാണ്. ‘പറയുക’ എന്ന് പറയാതിരിക്കലാണ് അവിടത്തെ മര്‍മപ്രധാനമായ പോയന്റ്.
യസ്അലൂനക അവര്‍ നിന്നോടു ചോദിക്കുന്നു എന്നു പറയുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഖുല്‍ എന്നോ ഫഖുല്‍ എന്നോ പറയുന്നതായി പതിമൂന്ന് സ്ഥലങ്ങളില്‍ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. കാരണം അതൊന്നും പ്രാര്‍ഥനയുടെ സന്ദര്‍ഭങ്ങളല്ല. അവിടെ പറഞ്ഞുകൊടുക്കാന്‍ ഒരു മധ്യവര്‍ത്തി വേണം. എന്നാല്‍ ഇവിടെ പ്രാര്‍ഥനയുടെ സന്ദര്‍ഭത്തില്‍ ഒരു മധ്യവര്‍ത്തിയുടെ ആവശ്യമില്ലെന്നും അതുകൊണ്ടാണ് അല്ലാഹു ഖുല്‍ എന്നു പറയാതിരുന്നതെന്നും ഇമാം റാസി തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നു. തഫ്‌സീര്‍ റാസിയുടെ മലയാള പരിഭാഷയില്‍ ഈ ഭാഗം ഒഴിവാക്കിയിരിക്കുന്നു!
മുസ്‌ലിംകളിലെ എല്ലാ വിഭാഗം പണ്ഡിതന്മാരും അംഗീകരിക്കുന്നതാണ് ഈ തഫ്‌സീറിനെയും അതിന്റെ കര്‍ത്താവായ ഇമാം റാസിയെയും എന്നോര്‍ക്കുക. സൂറതുര്‍റൂമിലെ ലി തസ്‌കുനൂ ഇലൈഹാ എന്ന ആയത്തിലെ സക്കീനത്ത് നഫ്‌സിയാണ് ജസദിയല്ല. അഥവാ മാനസിക സമാധാനമാണ് ശാരീരികമല്ല എന്നു ഇമാം റാസി സമര്‍ഥിക്കുന്നു. ശാരീരികമായിരുന്നുവെങ്കില്‍ ഇലൈഹാ എന്നല്ല ഇന്‍ദഹാ എന്നായിരുന്നു പറയേണ്ടിയിരുന്നതെന്നും അദ്ദേഹം പറയുന്നു.
അതേപോലെ സൂറത്തുന്നഹ്‌ലിലെ 125-ാ മത്തെ ആയത്തില്‍ ഉദ്ഉ ഇലാ സബീലി റബ്ബിക്ക ബില്‍ ഹിക്മത്തി വല്‍ മൗഇളത്തില്‍ ഹസന: വ ജാദില്‍ഹും ബില്ലത്തീ ഹിയ അഹ്‌സന്‍ എന്നതിലെ ഹിക്മത്തിന് നാം സാധാരണ പറയുന്ന ‘യുക്തി’ എന്നല്ല അര്‍ഥം പറഞ്ഞിരിക്കുന്നത് മറിച്ച് ‘യഖീനിയ്യായ അഥവാ ഉറപ്പായ വിശ്വാസത്തെ പ്രദാനം ചെയ്യുന്ന ഖണ്ഡിതമായ പ്രമാണങ്ങള്‍’ എന്നാണ് അദ്ദേഹം അര്‍ഥം പറഞ്ഞിരിക്കുന്നത്. (അതായത് മനുഷ്യനിലും പ്രപഞ്ചത്തിലും പരന്നുകിടക്കുന്ന അല്ലാഹുവിന്റ ദൃഷ്ടാന്തങ്ങള്‍ എന്നര്‍ഥം. മനുഷ്യന്‍ ബുദ്ധിയുപയോഗിച്ച് അവയെപ്പറ്റി ചിന്തിക്കുമ്പോള്‍ അല്ലാഹുവിനെയും അവന്റെ ഖുദ്‌റത്തിനെയും കണ്ടെത്തി ഇസ്‌ലാം ശരിയും സത്യവുമായ മതമാണ് എന്ന അവസ്ഥയിലേക്കെത്തിച്ചേരും എന്ന് സാരം.)
അതുപോലെ ഹിക്മത്തും മൗഇളത്തും മാത്രമാണ് ദഅ്‌വത്തിന്റെ മാധ്യമം എന്നും ജദല്‍ അതിന്റെ മാര്‍ഗമല്ല എന്നും ഇമാം സമര്‍ഥിക്കുന്നു. ജദല്‍ ദഅ്‌വത്തിന്റെ മാധ്യമം ആയിരുന്നുവെങ്കില്‍ ‘വ ജാദില്‍ഹും ബില്ലത്തീ ഹിയ അഹ്‌സന്‍’ എന്നതിനു പകരം ‘വ ജദലില്‍ അഹ്‌സന്‍’ എന്നായിരുന്നു പറയേണ്ടിയിരുന്നതെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെ എടുത്തുപറയേണ്ട നിരവധി പോയിന്റുകള്‍ ഇനിയുമുണ്ട്. ഖുര്‍ആന്റെ ആഴത്തിലേക്കിറങ്ങി പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും ഒഴിച്ചുകൂടാനാവാത്ത തഫ്‌സീറാണ് ഇമാം റാസിയുടെ തഫ്‌സീര്‍. അത്രമാത്രം ഖുര്‍ആന്റെ ഭാഷാപരവും ആശയപരവും യുക്തിപരവുമായ ഒരുപാട് വ്യാഖ്യാന ബിന്ദുക്കള്‍ ഈ മഹത്തായ തഫ്‌സീറില്‍ നിന്നു ലഭ്യമാണ്. ചില ആയത്തുകളുടെ വിശദീകരണം ഒരു കൃതി തന്നെ രചിക്കാന്‍ മാത്രം ദീര്‍ഘിച്ചതാണ്. ഉദാഹരണമായി സൂറ: ബഖറയിലെ മുപ്പതി ഒന്നാമത്തെ ആയത്ത് ‘വ അല്ലമ ആദമല്‍ അസ്മാഅ കുല്ലഹാ’ എന്നതിന്റെ വ്യാഖ്യാനത്തില്‍ ഇല്‍മിനേയും അതിന്റെ ശ്രേഷ്ടതയേയുപറ്റി ഏതാണ്ട് മുപ്പത് പേജുവരും. അതേ സൂറ:യിലെ ഹാറൂത്തിന്റേയും മാറൂത്തിന്റേയും സംഭവം വിശദീകരിക്കുന്നിടത്ത് ‘സിഹ്‌റി’നെപ്പറ്റിയും ദീര്‍ഘമായ ചര്‍ച്ച കാണാം. സിഹ്‌റിനെപ്പറ്റിയുള്ള ആ പഠനം ഒരു സ്വതന്ത്ര കൃതിയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് വന്ന തഫ്‌സീര്‍ ബൈളാവി, തഫ്‌സീര്‍ നസഫി തുടങ്ങി മിക്കവാറും തഫ്‌സീറുകളില്‍ ഇമാം റാസിയുടെ തഫ്‌സീറിന്റെ സ്വാധീനം പ്രകടമാണ്. ഏത് വിഷയത്തിലും ബുദ്ധിപരമായി ഉന്നതിയിലെത്തിയവരാണല്ലോ എവിടേയും ആരിലും സ്വാധീനം ചെലുത്തുക.
ഈ തഫ്‌സീറിന്റെ ഒരു പരിഭാഷ മലയാളത്തില്‍ വന്നിട്ടുണ്ട്. ‘ഇതാണോ ഇമാം റാസിയുടെ തഫ്‌സീര്‍’ എന്നു ചിന്തിച്ചു പോകുമാറ് ദയനീയമാണ് അതിന്റെ അവസ്ഥ എന്നു മാത്രം പറയട്ടെ. ഈ ഗ്രന്ഥത്തില്‍ വന്ന തത്ത്വശാസ്ത്ര വചനശാസ്ത്ര ചര്‍ച്ചകളും മുഅ്തസിലി പോലുള്ള അന്നത്തെ കാലത്ത് നിലവിലുണ്ടായിരുന്ന കക്ഷികളുടെ വാദങ്ങള്‍ക്കുള്ള മറുപടികളും മറ്റും ഒഴിവാക്കി സംഗ്രഹിച്ചിരുന്നുവെങ്കില്‍ പഠിതാക്കള്‍ക്കും ഗവേഷന്മാര്‍ക്കും ഇത് ഒന്നാംതരം അവലംബ കൃതിയാകുമായിരുന്നു. ഡോ. സ്വലാഹ് ഖാലിദിക്ക് അങ്ങനെയൊരു പദ്ധതിയുണ്ടായിരുന്നു. അതെന്തായെന്ന് അറിയില്ല. സൂറ: അല്‍ഫലഖും സൂറ: അന്നാസും തമ്മിലൊരു താരതമ്യ പഠനത്തോടെയാണ് ഈ അമൂല്യമായ തഫ്‌സീര്‍ അവസാനിക്കുന്നത്. സൂറ:അല്‍ഫലഖില്‍ അല്ലാഹുവിന്റെ ഒരു വിശേഷണമായ ‘റബ്ബില്‍ ഫലഖി’നെ മുന്‍നിര്‍ത്തി നാലു കാര്യത്തില്‍ നിന്നുമാണ് അവനോട് അഭയം തേടുന്നത്. അത് നാലും ദുന്‍യാവിലെ കാര്യവുമാണ്. എന്നാല്‍ സൂറ: അന്നാസില്‍ അല്ലാഹുവിന്റെ അതിപ്രധാനമായ മുന്നു വിശേഷണങ്ങളെ റബ്ബുന്നാസ്, മലിക്കുന്നാസ്, ഇലാഹുന്നാസ് മുന്‍നിര്‍ത്തി ഒരു കാര്യത്തില്‍ നിന്നുമാണ് അവനോട് അഭയം തേടുന്നത്. അത് ശൈത്വാന്റെ വസ്‌വാസില്‍ നിന്നുമാണ്. ആ വസ്‌വാസില്‍ നിന്നു രക്ഷപ്പെട്ടാലേ ഒരുവന്റെ ദീന്‍ സുരക്ഷിതമാവുകയുള്ളു. ദുനിയാവിനേക്കാള്‍ ദീന്‍ ശരിയാവുന്നതിനു അല്ലാഹു മുന്‍ഗണന കല്‍പിച്ചു എന്നര്‍ഥം.( മനുഷ്യമനസ്സിനെ തെറ്റിച്ചു കളയുന്നതും എന്നാല്‍ ആകര്‍ഷിപ്പിക്കുന്നതുമായ ദുര്‍ബോധനമാണ് വസ്‌വാസ്. ആഭരണത്തിന്റെ കിലുക്കത്താലുണ്ടാവുന്ന നേര്‍ത്ത ശബ്ദത്തിനാണ് വസ്‌വാസ് എന്ന പദം അടിസ്ഥാനമായി പ്രയോഗിക്കുക. ആഭരണത്തിന്റെ ശബ്ദം മനുഷ്യനെ മോഹിപ്പിക്കുന്നതാണല്ലോ?)