12 Thursday
December 2024
2024 December 12
1446 Joumada II 10

ഇത് അവസാനത്തെ തിരഞ്ഞെടുപ്പല്ല

ടി റിയാസ് മോന്‍


രാജ്യം ഫാസിസത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങില്ലെന്ന പ്രതീക്ഷയാണ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം നല്‍കുന്നത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ഭരണഘടന ഭേദഗതി ചെയ്യാനിരുന്ന ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനായില്ല. 240 സീറ്റുകളില്‍ ഒതുങ്ങിയ ബിജെപി മൂന്നാമതും കേന്ദ്രത്തില്‍ അധികാരത്തിലേറുമ്പോള്‍ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളില്‍ ആശങ്കയേറുന്നതിനു പകരം ശുഭാപ്തി വിശ്വാസമാണ് വര്‍ധിക്കുന്നത്. ഫാസിസത്തോട് നേര്‍ക്കുനേര്‍ പൊരുതാനുള്ള ശേഷി ഇന്ത്യയിലെ മതേതര ചേരി തിരിച്ചുപിടിച്ചിരിക്കുന്നു എന്നതാണ് ശുഭപ്രതീക്ഷയുടെ അടിസ്ഥാനം. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാലും ഘടകകക്ഷികള്‍ കൂറുമാറിയാല്‍ തകരാവുന്നതേയുള്ളൂ എന്‍ഡിഎ ഭരണം.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യം പരാജയപ്പെടുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നൂറു സീറ്റുകളില്‍ വിജയിച്ച് തിരിച്ചുവരുകയും ചെയ്തു. എങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാജ്യത്തുടനീളം അതിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. പഞ്ചായത്ത്-നഗരതലങ്ങളില്‍ അതിന്റെ സംഘടനാ സംവിധാനം അടിമുടി പരിഷ്‌കരിക്കേണ്ടതുണ്ട്. പ്രമാണിമാരും പ്രഭുക്കളും കോണ്‍ഗ്രസിനെ കൈവിട്ടിട്ട് ഒരു പതിറ്റാണ്ടിലേറെയായി. കര്‍ഷകരുടെയും കൂലിത്തൊഴിലാളികളുടെയും അവശവിഭാഗങ്ങളുടെയും ഇടയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നിലകൊള്ളുന്നത്. അവരെ രാഷ്ട്രീയമായി സംഘടിപ്പിക്കാനുള്ള വലിയ ദൗത്യം കോണ്‍ഗ്രസ് ഏറ്റെടുത്തേ മതിയാകൂ. ആര്‍എസ്എസിന്റെ കേഡര്‍-ക്രിമിനല്‍ അടിത്തറയോടാണ് രാജ്യത്ത് കോണ്‍ഗ്രസിന് പൊരുതാനുള്ളത്. ബ്രിട്ടീഷ് ഇന്ത്യയെ സ്വതന്ത്ര റിപബ്ലിക് ഇന്ത്യയാക്കി പരിവര്‍ത്തിപ്പിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ അധ്വാനം വര്‍ത്തമാനകാലത്ത് ഇന്ത്യയെ ജനാധിപത്യ റിപബ്ലിക് ആയി നിലനിര്‍ത്താന്‍ കൂടി ആ പാര്‍ട്ടി ഏറ്റെടുക്കണമെന്നാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നല്‍കുന്ന പാഠം.
കേവല ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിച്ചിരുന്ന ബിജെപിക്ക് ഒറ്റയ്ക്കുള്ള ഭൂരിപക്ഷം നഷ്ടമായതും, മുന്നണിയായി ഭരിക്കേണ്ടി വന്നതുമാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. മുന്‍കാലത്ത് ബിജെപിയോടൊപ്പം നിന്ന എഐഎഡിഎംകെയെ മത്സരിച്ച മുഴുവന്‍ സീറ്റിലും തമിഴ്‌നാട്ടിലെ ജനങ്ങള്‍ തോല്‍പിച്ചു. തമിഴ്‌നാട്ടിലെ 39 സീറ്റിലും പുതുച്ചേരിയിലും ഇന്‍ഡ്യാ മുന്നണി വിജയിച്ചു. ഇന്ത്യന്‍ മതേതരത്വത്തിന്റെ വിശുദ്ധ നാടായി തമിഴ്‌നാട് തിളങ്ങിനില്‍ക്കുന്നു.
ചതിച്ച മായാവതി
ചതഞ്ഞുപോയി

ഒരുകാലത്ത് ഇന്ത്യയിലെ മൂന്നാമത്തെ രാഷ്ട്രീയ പാര്‍ട്ടി ആയിരുന്ന ബിഎസ്പി പൂജ്യം സീറ്റിലേക്ക് ചുരുങ്ങിയെന്നതാണ് ഈ തിരഞ്ഞെടുപ്പിലെ എടുത്തുപറയേണ്ട മാറ്റം. രാജ്യത്തെ ദലിതരെ രാഷ്ട്രീയമായി ശാക്തീകരിക്കുന്നതില്‍ ചരിത്രപരമായ പങ്കാണ് കാന്‍ഷിറാമിന്റെ ബിഎസ്പി നിര്‍വഹിച്ചത്. നാലു തവണ ഉത്തര്‍പ്രദേശ് ബിഎസ്പി ഭരിച്ചിട്ടുണ്ട്. രാജ്യത്തെ ദലിത് ബഹുജന രാഷ്ട്രീയത്തിന്റെ പ്രതീകമായ മായാവതിക്ക് ഇത്തവണ കണക്കുകൂട്ടലുകളെല്ലാം തെറ്റി.
ഇന്‍ഡ്യാ മുന്നണിയില്‍ ചേരാതെ ഒറ്റയ്ക്ക് മത്സരിച്ച ബിഎസ്പി മുഴുവന്‍ സീറ്റിലും പരാജയപ്പെട്ടു. പരാജയപ്പെടുക മാത്രമല്ല, സ്വന്തം വിശ്വാസ്യത കൂടി കളഞ്ഞുകുളിച്ചു ബിഎസ്പി. ഉത്തര്‍പ്രദേശില്‍ ജയിക്കുന്നതിലേറെ കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന് ലഭിക്കേണ്ട വോട്ടുകള്‍ നഷ്ടപ്പെടുത്തി ബിജെപിയെ വിജയിപ്പിക്കുകയായിരുന്നു ബിഎസ്പിയുടെ രാഷ്ട്രീയ ദൗത്യം. ബിഎസ്പിയുടെ വഞ്ചനാ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയാണ് ഉത്തര്‍പ്രദേശിലെ ദലിത് മുസ്‌ലിം സമൂഹം നല്‍കിയത്.
ഏറ്റവും കൂടുതല്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടും ബിഎസ്പിയെ മുസ്‌ലിം സമൂഹം പിന്തുണച്ചില്ലെന്ന് തിരഞ്ഞെടുപ്പു ഫലം വന്നയുടനെ പാര്‍ട്ടി നേതാവ് മായാവതി പറഞ്ഞു. മായാവതിയുടെ കാപട്യം മുസ്‌ലിം സമുദായം തിരിച്ചറിഞ്ഞുവെന്നതാണ് ഉത്തര്‍പ്രദേശിലെ ഫലസൂചനകള്‍. 16 സീറ്റുകളിലെങ്കിലും ബിജെപിയെ വിജയത്തിലെത്തിക്കാന്‍ ബിഎസ്പിയുടെ സാന്നിധ്യം സഹായിച്ചിട്ടുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. ബിഎസ്പിയുടെ സഹായം ഇല്ലായിരുന്നുവെങ്കില്‍ രാജ്യത്ത് ബിജെപി അധികാരത്തില്‍ എത്തുമായിരുന്നില്ല എന്നും വിലയിരുത്താം.
മുസ്‌ലിംകളെ സ്ഥാനാര്‍ഥികളായി നിര്‍ത്തി മുസ്‌ലിം വോട്ട് കോണ്‍ഗ്രസ് സഖ്യത്തിനു ലഭിക്കുന്നത് തടയുക എന്നതാണ് മായാവതിയുടെ രാഷ്ട്രീയ തന്ത്രം. ഇത് ബിജെപിക്കു വേണ്ടി കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും അവര്‍ പയറ്റിയ തന്ത്രമാണ്.

രാജ്യത്തെ ദലിത് രാഷ്ട്രീയത്തിന്റെ മുഖമായ മായാവതിയെ സംഘ്പരിവാര്‍ അതിന്റെ രാഷ്ട്രീയ കോടാലിക്കൈയായി ഉപയോഗിച്ചു. എന്നാല്‍ മുന്‍വര്‍ഷത്തേക്കാള്‍ ജാഗ്രതയോടെ മുസ്‌ലിം സമുദായം അക്കാര്യം തിരിച്ചറിഞ്ഞു. കപട രാഷ്ട്രീയക്കാര്‍ ഒരു മുസ്‌ലിമിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതോടെ സമുദായ പ്രാതിനിധ്യം ഉറപ്പുവരുത്തുകയല്ല, സമുദായ വോട്ട് ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം എളുപ്പമാക്കിക്കൊടുക്കുക കൂടിയാണ്. ബിഎസ്പി മുസ്‌ലിംകള്‍ക്ക് വിശ്വസിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണെന്ന് തുടര്‍ച്ചയായ അനുഭവങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.
ബിഎസ്പിക്കും എസ്പിക്കും ഇടയില്‍ വോട്ട് ഭിന്നിച്ചുപോയതാണ് ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ രാഷ്ട്രീയ വിജയം. ജമ്മു കശ്മീരില്‍ മെഹ്ബൂബ മുഫ്തിയുടെ പിഡിപിയും പൂജ്യം സീറ്റ് നേടി. അധികാരത്തിനു വേണ്ടി ബിജെപിയോട് സന്ധി ചെയ്യുന്നവരെ മുസ്‌ലിം സമുദായം അംഗീകരിക്കില്ലെന്ന സന്ദേശമാണ് ഇതു നല്‍കുന്നത്. മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് പ്രാതിനിധ്യത്തിനു വേണ്ടി മാത്രമല്ലെന്ന തിരിച്ചറിവു കൂടി ഈ തിരഞ്ഞെടുപ്പ് നല്‍കുന്നുണ്ട്.
കോണ്‍ഗ്രസ് മുസ്‌ലിംകളെ വേണ്ടത്ര പരിഗണിച്ചില്ലെന്നത് സ്ഥിരം രാഷ്ട്രീയ ചര്‍ച്ചയായതിനാല്‍ അപ്രസക്തമാണ്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ഇന്ത്യയില്‍ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതില്‍ ആത്മാര്‍ഥതയുള്ള രാഷ്ട്രീയ പാര്‍ട്ടി. തൃണമൂല്‍ കോണ്‍ഗ്രസിന് മുസ്‌ലിം താല്‍പര്യം ഉണ്ടെന്നു പറയുമ്പോള്‍ ബംഗാളിലെ സിപിഎമ്മിന് അതൊരു കാലത്തും ഉണ്ടായിരുന്നില്ലെന്നുകൂടി കൂട്ടിവായിക്കണം.
ബംഗാളില്‍ സിപിഎം തിരിച്ചുവരിക എന്നതിനര്‍ഥം മുസ്‌ലിംകളുടെ ദുരിതകാലം തിരികെ വരുന്നു എന്നുകൂടിയാണ്. ഈ തിരഞ്ഞെടുപ്പില്‍ സിപിഎം ബംഗാളില്‍ പൂജ്യം സീറ്റില്‍ തുടര്‍ന്നു എന്നതും, മുസ്‌ലിംകള്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം നിന്നതും അതിനാല്‍ തന്നെ നല്ല രാഷ്ട്രീയ സൂചനകളാണ്.
പ്രാദേശിക
കക്ഷികളുടെ പതനം

ഇന്‍ഡ്യാ മുന്നണിയുടെ ഭരണപ്രതീക്ഷകള്‍ തല്ലിത്തകര്‍ത്തത് ആന്ധ്രപ്രദേശും ഒഡീഷയുമാണ്. നാളിതുവരെ ബിജെപിയെ അധികാരമേല്‍പിക്കാത്ത രണ്ട് സംസ്ഥാനങ്ങളില്‍ ഭരണകക്ഷികള്‍ പാടേ തകര്‍ന്നു. ഒഡീഷയില്‍ ഭരണകക്ഷിയായ ബിജു ജനതാദള്‍ പൂജ്യം സീറ്റിലൊതുങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു കൂടി നടന്ന ഒഡീഷയില്‍ കാല്‍നൂറ്റാണ്ട് കാലത്തെ നവീന്‍ പട്‌നായിക് ഭരണത്തിന് അന്ത്യം കുറിക്കുകയും ബിജെപി അധികാരത്തിലേറുകയും ചെയ്തു. ഒഡീഷയില്‍ നവീന്‍ പട്‌നായികിന്റെ ബിജു ജനതാദളുമായി സഖ്യം ചേരാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നുവെങ്കിലും നവീന്‍ പട്നായികിന് സമ്മതമായിരുന്നില്ല.
ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായി. ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമാകാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. രാജ്യത്തെ ചെറുകക്ഷികളെ വിഴുങ്ങാനും ദുര്‍ബലപ്പെടുത്താനും ബിജെപി ശ്രമിക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്‍ഡ്യാ മുന്നണി ചെറുകക്ഷികള്‍ക്ക് അഭയത്തിനും അതിജീവനത്തിനുമുള്ള ഇടം കൂടിയാണ്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ് രാജ്യത്ത് ഒറ്റയ്ക്ക് നിന്ന് അതിജീവിച്ച ഏക രാഷ്ട്രീയ പാര്‍ട്ടി. മുന്നണിയില്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് പ്രാദേശിക-സംസ്ഥാന പാര്‍ട്ടികള്‍ക്ക് തിരിച്ചറിവ് നല്‍കുന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം.
ഇന്‍ഡ്യ നല്‍കുന്ന
പ്രതീക്ഷകള്‍

രാജ്യത്തെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അസ്തിത്വവും അതിജീവനവും സംബന്ധിച്ച നിരവധി ചോദ്യങ്ങളിലൂടെയാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കഴിഞ്ഞുപോയത്. പൗരത്വ ഭേദഗതി നിയമം, ഏക സിവില്‍ കോഡ് തുടങ്ങിയവ തങ്ങളുടെ അതിജീവനത്തിനു നേര്‍ക്ക് ഭീതിയുടെ കാര്‍മേഘങ്ങളായി വട്ടമിട്ടു. ആ ഫാസിസത്തിന്റെ ഭീതി താല്‍ക്കാലികമായി ഒഴിഞ്ഞുവെന്ന ആശ്വാസം ഈ തിരഞ്ഞെടുപ്പ് നല്‍കുന്നുണ്ട്. രാജ്യത്ത് തിരഞ്ഞെടുപ്പും ജനാധിപത്യവും അവസാനിക്കുമെന്ന ആശങ്കയ്ക്കും താല്‍ക്കാലിക ശമനമായിട്ടുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും മുന്നണി രാഷ്ട്രീയത്തെ കരുത്തുറ്റതാക്കുകയും ചെയ്യുക എന്നതാണ് ഫാസിസത്തെ നേരിടാനുള്ള മാര്‍ഗം.
എന്‍ഡിഎ മുന്നണിയില്‍ നിലവിലുള്ള കക്ഷികളെ അടര്‍ത്തിയെടുത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന അജണ്ട ഇന്‍ഡ്യാ മുന്നണിക്കു മുന്നിലുണ്ട്. 293 സീറ്റില്‍ ജയിച്ച എന്‍ഡിഎ മുന്നണിയില്‍ നിന്ന് 21 എംപിമാര്‍ മറുകണ്ടം ചാടിയാല്‍ ഇന്‍ഡ്യാ മുന്നണിക്ക് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാം. 12 എംപിമാരുള്ള നിതീഷ് കുമാറിന്റെ ജനതാദള്‍ (യു), 16 എംപിമാരുള്ള തെലുഗുദേശം പാര്‍ട്ടി എന്നിവ മുന്നണി വിട്ടാല്‍ എന്‍ഡിഎ സര്‍ക്കാര്‍ നിലംപതിക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ള ശിവസേനയ്ക്ക് (ഏക്‌നാഥ് ഷിന്‍ഡേ വിഭാഗം) ഏഴ് സീറ്റുകളുണ്ട്.
മഹാരാഷ്ട്രയില്‍ നിന്നുള്ള എന്‍സിപി (അജിത് പവാര്‍) എംപിയും ഏതു നിമിഷവും കൂറുമാറിയേക്കാമെന്ന് നിരീക്ഷകര്‍ പറയുന്നു. ഭരണം വീഴാനുള്ള സാധ്യതകള്‍ പോലെ സ്വതന്ത്രരെയും ചെറുകക്ഷികളെയും മന്ത്രിസ്ഥാനം നല്‍കി കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കും. രണ്ട് ഘടകകക്ഷികള്‍ കൂറുമാറിയാല്‍ തകരുന്ന ഒരു സംവിധാനത്തെ ബലപ്പെടുത്താനുള്ള സ്വാഭാവിക പരിശ്രമം. ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കുന്നതിലേറെ ഭരണം നിലനിര്‍ത്താനാകും ബിജെപി ശ്രമിക്കുകയെന്ന് നിരീക്ഷിക്കാം.
ഇത് അവസാനത്തെ തിരഞ്ഞെടുപ്പല്ല. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മൂന്നു സംസ്ഥാനങ്ങളിലും ഭരണം നേടുക എന്നത് കോണ്‍ഗ്രസ് മുന്നണിക്ക് പ്രധാനമാണ്. കൂടുതല്‍ കരുത്തോടെ കോണ്‍ഗ്രസും ഇന്‍ഡ്യാ മുന്നണിയും നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെആവശ്യമാണ്.

Back to Top