‘നോട്ട് ഇന്‍ മൈ നെയിം’; ഇസ്രായേല്‍ ക്രൂരതകളെ അപലപിച്ച് യൂറോപ്യന്‍ ജൂതര്‍
ഫലസ്തീനില്‍ ഇസ്രായേല്‍ ചെയ്യുന്ന യുദ്ധക്രൂരതകളെ ശക്തമായി അപലപിച്ച് യൂറോപ്യന്‍ ജൂതര്‍ രംഗത്ത്. യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ ഫലസ്തീന്‍ അനുകൂല റാലിയില്‍ നിരവധി ജൂതരാണ് അണിനിരന്നത്. ഗ്ലാസ്ഗോ മുതല്‍ ലണ്ടന്‍ വരെയും പാരിസ് മുതല്‍ ബാഴ്സലോണ വരെയും നടന്ന സംയുക്ത ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിരവധി ജൂതരാണ് ഇസ്രയേലിനെതിരെ മുദ്രാവാക്യം വിളിച്ചത്. ‘നോട്ട് ഇന്‍ മൈ നെയിം’ ഇത് എന്റെ പേരില്‍ അല്ല എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു ജൂത മതവിശ്വാസികള്‍ റാലിയില്‍ അണിചേര്‍ന്നത്. ‘ഫലസ്തീനില്‍ നടക്കുന്ന കൂട്ടക്കൊല അവസാനിപ്പിക്കാന്‍ ജൂതര്‍ പറയുന്നു’ എന്നായിരുന്നു യു എസ്സിലെ ലോസ് ആഞ്ചല്‍സില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഉയര്‍ന്ന പ്ലക്കാര്‍ഡ്. ‘ഒരു വംശീയ രാഷ്ട്രത്തില്‍ ഒരു ഇസ്രായേല്‍ പൗരനായിരിക്കുന്നതിന്റെ ഭാരം താങ്ങാനാവാതെ ഞാന്‍ ഇസ്രായേല്‍ വിട്ടതെന്ന്’ ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഇസ്രായേലില്‍ നിന്നും വിട്ട് ഡച്ച് പൗരനായ ഒഫിര്‍ പറഞ്ഞു. യൂറോപ്പില്‍ ഫലസ്തീന്‍ അനുകൂല ക്യാംപയിനര്‍ കൂടിയാണ് ഇന്ന് ഒഫിര്‍. ‘ദിവസേന എന്റെ ഫലസ്തീന്‍ സഹപൗരന്മാര്‍ക്ക് നേരെയുള്ള ഇസ്രായേല്‍ അധിനിവേശത്തിലും വിവേചനത്തിലും താന്‍ രോഷാകുലനാണ്’ -സ്പെയിനിലെ വലന്‍സിയയിലേക്ക് കുടിയേറിയ ജൂതവിശ്വാസിയായ നാമ ഫര്‍ജൂന്‍ അല്‍ജസീറയോട് പറഞ്ഞു.