മുസ്‌ലിംകളുടെ മാത്രം വിഷയമല്ല
ഏക സിവില്‍കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുകയാണ്. ഈ വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കുമെന്നാണ് ഭരണകൂട വൃത്തങ്ങള്‍ പറയുന്നത്. ഏക സിവില്‍ കോഡ് സംബന്ധിച്ച് നിയമ കമ്മീഷന്‍ പൊതുജനാഭിപ്രായം സ്വീകരിക്കുകയും ലക്ഷക്കണക്കിന് പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏക സിവില്‍ കോഡ് ചര്‍ച്ച എന്നത് ബാബരിക്കു ശേഷമുള്ള മറ്റൊരു ധ്രുവീകരണ തന്ത്രം മാത്രമാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വൈവിധ്യമാണ്. ഈ രാജ്യത്ത് അസംഖ്യം മതങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും നിലനില്‍ക്കുന്നുണ്ട്. ഓരോന്നിനും അതിന്റേതായ നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. വ്യക്തിനിയമങ്ങള്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത് വിവാഹം, വിവാഹമോചനം, ജീവനാംശം, അനന്തരാവകാശം, ദത്തെടുക്കല്‍, രക്ഷാകര്‍തൃത്വം എന്നീ മേഖലകളിലാണ്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ജൂത വിഭാഗങ്ങള്‍ക്ക് പ്രത്യേകം വ്യക്തിനിയമങ്ങളുണ്ട്. ഗോത്ര-ആദിവാസി വിഭാഗങ്ങള്‍ക്കു മാത്രം ബാധകമായ സിവില്‍ നിയമങ്ങളും ഇന്ത്യയിലുണ്ട്. ആ നിയമങ്ങള്‍ അനുസരിച്ചാണ് അതത് വിഭാഗങ്ങളിലെ സിവില്‍ സംബന്ധിയായ കാര്യങ്ങള്‍ക്ക് പ്രാബല്യമുണ്ടാവുന്നത്. അതിനാല്‍ തന്നെ എല്ലാവര്‍ക്കും ബാധകമായ ഒരു സിവില്‍ കോഡ് അവതരിപ്പിക്കുക എന്നത് പ്രായോഗികമല്ല. എല്ലാവരും സവര്‍ണ ഹിന്ദു കോഡിലേക്ക് ചുരുങ്ങണമെന്ന് നിയമമുണ്ടാക്കിയാല്‍ അതിനെ യൂണിഫോം സിവില്‍ കോഡ് എന്നു വിളിക്കാനും സാധിക്കില്ല.
യുസിസി അവതരിപ്പിക്കുന്നതിലൂടെ ബിജെപിയുടെ ശ്രമം ഈ സാംസ്‌കാരിക വൈവിധ്യത്തെ തുരങ്കം വയ്ക്കുക എന്നതാണ്. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ജനസംഖ്യയെ മാനിക്കാതെ, അതിന്റെ ബഹുസ്വര സ്വത്വത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഭരണഘടനാ നിര്‍മാണവേളയില്‍ തന്നെ ഇക്കാര്യം അറിയുന്നതുകൊണ്ടാണ് അന്നതിനെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയത്. ഒരു മനുഷ്യന്റെ ജീവിതത്തില്‍ നിര്‍ബന്ധമായും കടന്നുവരാന്‍ സാധ്യതയുള്ള നിയമങ്ങളാണ് വ്യക്തിനിയമങ്ങള്‍. ഇഷ്ടമുള്ള മതം പ്രാക്ടീസ് ചെയ്യുക എന്നത് മൗലികാവകാശമായി രേഖപ്പെടുത്തിയ ഒരു ഭരണഘടനക്ക്, വ്യക്തിനിയമങ്ങളില്‍ മതവിരുദ്ധമായത് ചെയ്യണമെന്ന് നിര്‍ബന്ധിക്കാനാവില്ല.
അടുത്ത പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ധ്രുവീകരണ തന്ത്രം മാത്രമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒരു രാജ്യത്ത് രണ്ട് നിയമമോ എന്ന് ഉത്തരവാദപ്പെട്ടവര്‍ തന്നെ ചോദിക്കുമ്പോള്‍, രണ്ടല്ല, ഒരുപാട് സിവില്‍ നിയമങ്ങള്‍ ഈ രാജ്യത്തുണ്ട് എന്ന് അറിയാത്തതുകൊണ്ടല്ല. മറിച്ച്, മുസ്‌ലിംകളെ മുന്‍നിര്‍ത്തി വിദ്വേഷ-ധ്രുവീകരണ പ്രചാരണങ്ങള്‍ക്ക് തുടക്കമിടാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഏകീകൃത സിവില്‍ കോഡ് എന്നത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഈ രാജ്യത്തെ മുഴുവന്‍ മതവിശ്വാസികളെയും ബാധിക്കുന്നതാണ്. അവരാണ് രാജ്യത്തെ ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ, മതപരമായ വൈവിധ്യം ഇല്ലാതാക്കുന്ന ഒരു നിയമത്തെ ബഹുജന പ്രക്ഷോഭത്തിലൂടെ നേരിടാന്‍ സാധിക്കണം. ഇക്കാര്യത്തില്‍ കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ ഏകോപന സമിതി എടുത്ത തീരുമാനം മാതൃകാപരമാണ്. രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരതയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ജനാധിപത്യ മതേതര ശക്തികളും ഒരുമിച്ചുനിന്നുകൊണ്ട് ഇതിനെതിരെ പോരാട്ടം നയിക്കണം. ഇത് കേവലം ഒരു പ്രബല ന്യൂനപക്ഷത്തെ മാത്രം ബാധിക്കുന്ന വിഷയമായി കണ്ട് അത്തരത്തില്‍ ഭീതി പരത്താന്‍ ആര് ശ്രമിച്ചാലും അതിന് അനുവദിക്കാന്‍ പാടില്ല.
രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ സമത്വം കൊണ്ടുവരാന്‍ യുസിസി ആവശ്യമാണ് എന്നു വാദിക്കുന്നവരുണ്ട്. ഒരു കാര്യത്തെ ഏകീകരിച്ചാല്‍ അതുവഴി തീര്‍ച്ചയായും സമത്വമുണ്ടാകുമെന്നത് ഒരു മിഥ്യാധാരണയാണ്. ഏക സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ച പലപ്പോഴും നിഴല്‍യുദ്ധമായി മാറാറുണ്ട് എന്നത് സത്യമാണ്. കാരണം, നിയമം സംബന്ധിച്ച ഒരു കരട് പോലും മുന്നിലില്ല. കരട് വന്നാല്‍ മാത്രമേ ഏതെങ്കിലും തരത്തില്‍ ഫലപ്രദമായ ചര്‍ച്ച സാധ്യമാവുകയുള്ളൂ. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വരാനിരിക്കുന്ന കരട് ഏതെങ്കിലും തരത്തില്‍ ഗുണാത്മകമാവുമോ എന്നു പ്രതീക്ഷിക്കാനേ ആവില്ല. അതിനാല്‍ തന്നെ, ഏക സിവില്‍കോഡിനെ എതിര്‍ക്കാന്‍ കരട് കാത്തുനില്‍ക്കേണ്ടതില്ല.