13 Saturday
April 2024
2024 April 13
1445 Chawwâl 4

നൂറുമേനിയുടെ വിളവെടുപ്പ്‌

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


ആരെങ്കിലും പരലോകത്ത് വിളവെടുക്കുന്ന കൃഷിയാണ് ലക്ഷ്യമിടുന്നതെങ്കില്‍ അതില്‍ നാം അവര്‍ക്ക് വര്‍ധനവ് നല്‍കുന്നതാണ്. ഈ ലോകത്തെ കൃഷിയാണ് വല്ലവനും ഉദ്ദേശിക്കുന്നതെങ്കില്‍ അതില്‍ നിന്നുമാത്രമേ നാം അവന് നല്‍കുകയുള്ളൂ. അത്തരക്കാര്‍ക്ക് പരലോകത്ത് യാതൊരു പ്രതിഫല വിഹിതവും ഉണ്ടാവുന്നതല്ല. (ശൂറ 20)

മുസ്‌ലിമിന്റെ ജീവിത ലക്ഷ്യം എന്തായിരിക്കണമെന്നതാണ് ഈ വചനത്തിലെ മുഖ്യപ്രമേയം. ഭൗതിക ലോകത്ത് സ്വീകരിക്കേണ്ട ജീവിതവീക്ഷണവും ഇതില്‍ അടങ്ങിയിട്ടുണ്ട്. മരണാനന്തര ലോകമാണ് അനശ്വരമെന്ന ബോധവും ബോധ്യവുമാണ് നമ്മുടെ വിചാരവികാരങ്ങളെ ലക്ഷ്യത്തിലെത്തിക്കുന്നത്. വിശ്വാസ കാര്യങ്ങളില്‍ മുഖ്യമായ പരലോകബോധമാണ് എല്ലാ പുണ്യങ്ങള്‍ക്കും പ്രചോദനമായി നില്‍ക്കേണ്ടത്. ‘അല്ലാഹുവിലും അന്ത്യദിനത്തിലും ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍’ എന്ന തുടക്ക ത്തോടെയാണ് സല്‍പ്രവര്‍ത്തനങ്ങളെ നബി(സ) പരിചയപ്പെടുത്തുന്നത്.
ലക്ഷ്യബോധമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഒട്ടും വിജയത്തിലെത്തുകയില്ല. അതില്‍ ആത്മാര്‍ഥതയും മനസാന്നിധ്യവും കുറവായിരിക്കും. പലപ്പോഴും പ്രവര്‍ത്തനങ്ങള്‍ യാന്ത്രികമാകുന്നതും ലക്ഷ്യം മറക്കുമ്പോഴാണ്. മതവിശ്വാസം മാത്രമാണ് മനുഷ്യന് ഈ രംഗത്ത് കൃത്യതയും വ്യക്തതയും നല്‍കുന്നത്. താന്‍ നിര്‍വഹിക്കുന്ന ഏത് പുണ്യവും പതിന്മടങ്ങ് പ്രതിഫലത്തോടെ തനിക്ക് തിരിച്ചു ലഭിക്കുമെന്ന ചിന്ത നല്‍കുന്ന ആത്മസംതൃപ്തിയും പ്രതീക്ഷയും അതുല്യമാണ്.
ലക്ഷ്യം മറന്നുള്ള പ്രയാണമാണ് ജീവിതം ദുരന്തമാക്കുന്നത്. ഇവിടെ ലഭിച്ചതും നേടാനുള്ളതും തന്റെ അറിവും സാമര്‍ഥ്യവും കൊണ്ടാണ് എന്ന ചിന്തയിലാണ് പലരും (ഖുര്‍ആന്‍ 28:78). അവര്‍ക്ക് മുമ്പില്‍ പടച്ചവനും പാവങ്ങളും ഇല്ല, പവിത്രത കല്‍പിക്കേണ്ട ഒന്നുമില്ല. പ്രപഞ്ചത്തെയും മനുഷ്യരെയും ചൂഷണം ചെയ്ത് ജീവിക്കുകയെന്നതാണ് ഈ ചിന്തയുടെ പ്രവൃത്തി തലം. അതുണ്ടാക്കുന്നത് വിഭവദാരിദ്ര്യവും നാശവുമായിരിക്കും. ഈ ലോകം വാരിപ്പിടിക്കാന്‍ അധ്വാനിച്ച പലരുടെയും ദുരന്തപൂര്‍ണമായ ജീവിത സായാഹ്നം നമ്മുടെ അനുഭവത്തിലുണ്ട്. കൊതിച്ചത് കിട്ടിയില്ല എന്നു മാത്രമല്ല, മനുഷ്യര്‍ക്കിടയിലും പടച്ചവന്റെ പക്കലും അവര്‍ നിന്ദ്യരുമായിരിക്കും.
പരലോക നേട്ടങ്ങളെ കൃഷിയോട് ഉപമിച്ചതില്‍ പല പാഠങ്ങളുമുണ്ട്. കൃഷിയിറക്കുന്നവര്‍ സ്വാഭാവികമായി ആഗ്രഹിക്കുന്നത് കൂടുതല്‍ വിളവ് ലഭിക്കാനായിരിക്കും. അതിനാവശ്യമായ പരിചരണം കര്‍ഷകന്‍ നല്‍കുന്നു. വിളവെടുക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. അതിനിടയില്‍ ഉണ്ടാകുന്ന പ്രതികൂലങ്ങളെ ക്ഷമാപൂര്‍വം തരണം ചെയ്യണം. ഈ സങ്കല്‍പം തന്നെയാണ് പരലോകത്തെ വിളവെടുപ്പിനും വേണ്ടത്. അതിനുള്ള കൃഷിയിടമാണ് ഈ ലോകം. ഓരോരുത്തര്‍ക്കും അല്ലാഹു നല്‍കിയ ആയുസ്സാണ് കൃഷിയുടെയും കാലാവധി.
തികഞ്ഞ വിശ്വാസവും പ്രതിഫലം ലഭിക്കണമെന്ന ആഗ്രഹവുമാണ് മരണാനന്തര വിളവെടുപ്പിന് വേണ്ടത്. ഈ ലോകത്ത് കാര്‍ഷിക മേഖല പലപ്പോഴും നഷ്ടമായിരിക്കും. എന്നാല്‍ പരലോക വിളവെടുപ്പില്‍ ലാഭം മാത്രമേയുള്ളൂ. പുണ്യം വിചാരിക്കുന്നതുതന്നെ പ്രതിഫലാര്‍ഹമാണ്, അത് ചെയ്യുമ്പോള്‍ പത്തിരട്ടി ലഭിക്കുന്നു. ഉദ്ദേശ്യശുദ്ധിയനുസരിച്ച് എഴുനൂറ് ഇരട്ടി വരെ പ്രതിഫലം നബി(സ) ഉറപ്പു നല്‍കുന്നു. പരലോക വിളവെടുപ്പ് ഒരിക്കലും നഷ്ടമാവില്ല എന്നര്‍ഥം.
അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ ലോക ജീവിതത്തിനും ആശ്വാസം പകരുന്നു. ഭക്തിയും സത്യസന്ധതയും സല്‍സ്വഭാവവും തന്നെയാണ് ഇവിടുത്തെ ജീവിതവും വസന്ത ദീപ്തമാക്കുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x