7 Saturday
December 2024
2024 December 7
1446 Joumada II 5

കൊറോണ കാലത്തെ നമസ്കാരം -നൂറുദ്ദീന്‍ ഖലാല

കൊറോണ വൈറസ് പ്രത്യക്ഷപ്പെടുകയും 100-ലധികം രാജ്യങ്ങളില്‍ വ്യാപിക്കുകയും ചെയ്തതോടെ നിരവധി ഇസ്ലാമിക്, ഇസ്ലാമികേതര രാജ്യങ്ങള്‍ മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ടു പ്രത്യേക നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വൈറസിനെ ആഗോള പകര്‍ച്ചവ്യാധിയായി കണക്കാക്കുകയും ചെയ്ത സാഹചര്യത്തില്‍. അന്താരാഷ്ട്ര തലത്തില്‍ അപകടസാധ്യത ഒരേരീതിയില്‍ തന്നെയാണെങ്കിലും, ഓരോ രാജ്യത്തിന്‍റെയും പ്രകൃതി, ആരോഗ്യം, മതവിശ്വാസങ്ങള്‍ എന്നിവ ആശ്രയിച്ചാണ് അതിന്‍റെ രൗദ്രവും വ്യാപനവും ഉണ്ടാകുന്നത്.
‘കൊറോണ’ പകര്‍ച്ചവ്യാധി ശരിയായ രീതിയില്‍ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും വീക്ഷണത്തിലും മതപണ്ഡിതന്മാരും ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും തമ്മില്‍ ചില അഭിപ്രായ ഭിന്നതകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, പ്രത്യേകിച്ചും കൂട്ടായ ആരാധനാകര്‍മങ്ങളില്‍ പങ്കെടുക്കുന്ന കാര്യത്തില്‍. ഈ അഭിപ്രായ ഭിന്നതകള്‍ ഇസ്ലാമിക ലോകത്ത് മാത്രമല്ല ദക്ഷിണ കൊറിയയില്‍ സംഭവിച്ചത് പോലെ ഇസ്ലാമികേതര രാജ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
രോഗം പടരുന്നത് പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ വെള്ളിയാഴ്ചയും അല്ലാത്ത ദിവസങ്ങളിലും കൂട്ടായ ആരാധനാകര്‍മങ്ങള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ ഔദ്യോഗിക വൃത്തങ്ങള്‍ ജനങ്ങളെ അറിയിച്ചിട്ടുണ്ട്. കൂട്ടായ നമസ്കാരങ്ങള്‍ക്ക് പള്ളികളിലേക്ക് പോകരുതെന്നും വീട്ടില്‍ മാത്രം പ്രാര്‍ഥിക്കണമെന്നും കൂട്ടായ പ്രാര്‍ഥനകളും ഒരുമിച്ച് കൂടലുകളും ഒഴിവാക്കണമെന്നും മറ്റു ഇസ്ലാമികേതര രാജ്യങ്ങളിലെ ഇമാമുമാരും പണ്ഡിതന്മാരും ജനങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട്.
‘വൈറസ്’ പടര്‍ന്നുപിടിച്ചു തുടങ്ങിയതോടെ ജനങ്ങള്‍ ഒരുമിച്ച് കൂടുന്നതെല്ലാം ഉപേക്ഷിക്കണമെന്ന ഡോക്ടര്‍മാരുടെയും ആരോഗ്യ സ്പെഷ്യലിസ്റ്റുകളുടെയും ഉപദേശം മുസ്ലിംകള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയത്. കാരണം, ഒരു ദിവസം അഞ്ച് നേരവും പള്ളികളില്‍ നമസ്കാരം നടത്തുകയും ധാരാളം ആളുകള്‍ പങ്കെടുക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും വെള്ളിയാഴ്ച ദിവസം ജുമുഅ നമസ്കാര സമയത്ത് മിക്ക പള്ളികളും നിറഞ്ഞുകവിയുന്നു. എന്നിരുന്നാലും, മൊത്തത്തില്‍ അധിക മുസ്ലിം പണ്ഡിതന്മാരും സ്വകാര്യ പ്രസ്താവനകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പള്ളിയില്‍ ജമാഅത്തിന് പങ്കെടുക്കാതിരിക്കുന്നതിനും വീട്ടില്‍ നിന്ന് നമസ്കാരം നടത്തുന്നതിനും ഒരു കുഴപ്പവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങളും ഫത്വകളും
‘കൊറോണ’ പകര്‍ച്ചവ്യാധി വ്യാപകമായിരിക്കുന്ന ഏതൊരു രാജ്യത്തും പകര്‍ച്ചവ്യാധി നിയന്ത്രണ വിധേയമാകുന്നതുവരെ വെള്ളിയാഴ്ച നടക്കുന്ന ആരാധനാ കര്‍മങ്ങളും നിര്‍ത്തലാക്കാന്‍ ആഗോള മുസ്ലിം പണ്ഡിതസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  അതുപോലെത്തന്നെ ഉംറ, ഹജ്ജ് കര്‍മങ്ങളും താല്‍ക്കാലികമായി നിരോധിക്കുന്ന ഒരു പ്രസ്താവനയും അതിനോട് കൂടെ അവര്‍ ചേര്‍ത്തിട്ടുണ്ട്. എന്നിരുന്നാലും, ‘പകര്‍ച്ചവ്യാധി വരാത്ത കാലത്തോളം ഒരു പള്ളിയും ആരാധനാ കര്‍മങ്ങള്‍ നടത്താതെ അടച്ചിടരുതെന്നും’ പണ്ഡിതസഭ നിര്‍ദേശിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്കൂളുകളും യൂണിവേഴ്സിറ്റികളും അടച്ച സാഹചര്യത്തില്‍ പട്ടണങ്ങള്‍ ശൂന്യമായി നമസ്കാരത്തിന് പള്ളികളില്‍ ഒരാളുപോലും വരാതിരിക്കുന്ന സാഹചര്യം ഉണ്ടായതായിരുന്നു കാരണം.
മക്കയിലെ ഗ്രാന്‍ഡ് പള്ളിയിലും മദീനയിലെ മസ്ജിദുന്നബവിയിലും ‘കൊറോണ വൈറസ്’ എത്തുമെന്ന് ഭയന്ന് ഉംറക്ക് വന്ന ‘പൗരന്മാരെയും താമസക്കാരെയും’ താല്‍ക്കാലികമായി തിരിച്ചയക്കാന്‍ സഊദി അധികൃതര്‍  തീരുമാനിച്ചിരിക്കുന്നു. കൊറോണ വൈറസ് പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കുവൈത്തില്‍ വെള്ളിയാഴ്ച ദിവസത്തെ ജുമുഅ ഉള്‍പ്പെടെയുള്ള പള്ളികളിലെ ആരാധനാ കര്‍മ്മങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഔഖാഫ് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
കൊറോണയ്ക്കെതിരായ മുന്‍കരുതല്‍ നടപടിയായി ഖത്തറില്‍ ഔഖാഫും ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയവും പള്ളികളും മതസ്ഥാപനങ്ങളും അടച്ചുപൂട്ടുകയും പള്ളികളിലെ ആരാധനാ കര്‍മങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. കൊറോണ വൈറസിന്‍റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി പ്രതിരോധ നടപടികളും മുന്‍കരുതലുകളും ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആരാധകര്‍ക്ക് സുരക്ഷിതത്വവും സമാധാനവും ഉറപ്പാക്കുന്നത് വരെ ഈ തീരുമാനം തുടരുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. “മഖാസിദു ശരീഅക്ക് അനുസൃതമായി ആണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. ആത്മ സംരക്ഷണമാണ് അതില്‍ പ്രധാനം. ആരാധകര്‍ക്കും സമൂഹത്തിനും പകര്‍ച്ചവ്യാധികള്‍ വരാതെ സൂക്ഷിക്കുക, പൊതുജനാരോഗ്യ മന്ത്രാലയത്തെ സാമ്പത്തികമായി പ്രാപ്തമാക്കുക എന്നിവയാണ് ഈ മേഖലയിലെ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള ഉത്തമമായ മാര്‍ഗം” -എന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, രാജ്യത്തെ എല്ലാ പള്ളികളിലും പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനം തുടരുമെന്നും കൊറോണ ബാധിച്ചവര്‍ വെള്ളിയാഴ്ച ജുമഅക്ക് വരേണ്ടതില്ലെന്നും പകര്‍ച്ചവ്യാധി പടര്‍ന്നാല്‍ പള്ളികള്‍ അടയ്ക്കുന്നത് അനുവദനീയമാണെന്നും ഖത്തറിലെ നിരവധി പണ്ഡിതന്മാര്‍ ഫത്വ നല്‍കിയിട്ടുണ്ട്.
പേമാരിയും കൊടുങ്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങളും അതുപോലെ തന്നെ പകര്‍ച്ചവ്യാധികളും ഉണ്ടാകുന്ന സാഹചര്യത്തില്‍ വീടുകളില്‍ പ്രാര്‍ഥനയ്ക്ക് ഇസ്ലാം അനുമതി നല്‍കിയതായി ഈജിപ്തില്‍ ദാറുല്‍ ഇഫ്താ ഫത്വ നല്‍കിയിട്ടുണ്ട്. ആരോഗ്യം സംരക്ഷിക്കാനും ഒരു പകര്‍ച്ചവ്യാധി ഉണ്ടായാല്‍ രോഗങ്ങള്‍ പടരാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഇസ്ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.
പള്ളികളിലും പൊതു ഇടങ്ങളിലും പ്രാര്‍ഥന നടത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തലാക്കാനും കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ ആരാധനാ കര്‍മങ്ങള്‍ വീടുകളില്‍ പരിമിതപ്പെടുത്താനും ഫലസ്തീന്‍ മതകാര്യ മന്ത്രാലയവും തീരുമാനിച്ചിട്ടുണ്ട്. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെയും അണുബാധ പകരാന്‍ സഹായിക്കുന്ന ഒത്തുചേരലുകള്‍ തടയുന്നതില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
അതേസമയം, ജറൂസലമിലെ അല്‍അക്സാ പള്ളിയിലെ പ്രാര്‍ഥനയുടെ കാര്യം ജറൂസലമിലെ എന്‍ഡോവ്മെന്‍റ് ഡയറക്ടറേറ്റിന് വിട്ടുകൊടുത്തിട്ടുണ്ടെന്ന് ഫലസ്തീന്‍ മതകാര്യ മന്ത്രാലയത്തിന്‍റെ സെക്രട്ടറി വ്യക്തമാക്കി: “ഹെബ്രോണിലെ ഇബ്രാഹീമി പള്ളി കൃത്യമായ ചില ക്രമീകരണങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കി തുറന്നിരിക്കും.”

വൃത്തിയും മഹാമാരികളില്‍ നിന്നുള്ള സുരക്ഷയും
അതുപോലെത്തന്നെ ഇറാനിലെ ദേശീയ ആന്‍റി കൊറോണ വൈറസ് കമ്മിറ്റി എല്ലാ ഇറാനിയന്‍ നഗരങ്ങളിലെയും വെള്ളിയാഴ്ച പ്രാര്‍ഥന റദ്ദാക്കിയിട്ടുണ്ട്. അധികാരികളുടെ തീരുമാനത്തെ ധിക്കരിച്ചുകൊണ്ട് കോം, മഷ്ഹദ് നഗരങ്ങളിലെ പുണ്യ ആരാധനാലയങ്ങള്‍ തീര്‍ഥാടനം നടത്തുന്ന വീഡിയോകള്‍ പ്രചരിച്ചത് അവരില്‍ ചിലരെ അറസ്റ്റ് ചെയ്യാന്‍ കാരണമായി.
മുസ്ലിം ഭൂരിപക്ഷമുള്ള താജിക്കിസ്ഥാനില്‍ ഇതുവരെ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും മുന്‍കരുതലായി വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി പള്ളികളില്‍ പോകുന്നത് ഒഴിവാക്കണമെന്ന് താജ് സര്‍ക്കാറും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വൈറസ് വ്യാപിക്കാന്‍ കാരണമായ കൊറിയന്‍ ആരാധനാലയം
ഇസ്ലാമിക ലോകത്തെ ചില മത സ്ഥാപനങ്ങള്‍ കൂട്ടായ ആരാധനാ കര്‍മങ്ങള്‍ക്കിടയിലും ജുമുഅ നമസ്കാരത്തിനിടയിലും വന്നേക്കാവുന്ന വൈറസിനെ തടയാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ വലിയ ആശങ്കയിലാണ്. കൊറോണയുടെ ആപത്തിനെക്കുറിച്ചും ശക്തിയെക്കുറിച്ചും അവര്‍ക്ക് മനസ്സിലാക്കാനുള്ള വ്യക്തമായ ഉദാഹരണം ഇസ്ലാമികേതര രാജ്യമായ ദക്ഷിണ കൊറിയയാണ്. കൊറോണ ബാധിതരില്‍ രണ്ടാം സ്ഥാനത്ത് എത്തി നിന്ന രാജ്യമായിരുന്നു ദക്ഷിണ കൊറിയ. ഒരു മതവിഭാഗം ആരാധനാലയങ്ങളില്‍ വെച്ചുള്ള ആരാധനാകര്‍മങ്ങള്‍ താല്‍ക്കാലികമായി പോലും നിര്‍ത്തലാക്കാതിരിക്കുകയും വൈറസ് പടര്‍ന്ന് പിടിക്കുന്ന സമയത്ത് അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വില കല്‍പ്പിക്കാതിരിക്കുകയും ചെയ്തതാണ് കൊറോണ ബാധിതര്‍ ദക്ഷിണ കൊറിയയില്‍ അധികരിക്കാന്‍ കാരണമായത്. ചിന്‍ചോഞ്ചി ആരാധനാലയത്തിന്‍റെ നേതാവായ ലീ മാന്‍ ഹീ പിന്നീടുണ്ടായ ഒരു വാര്‍ത്താ സമ്മേളനത്തില്‍ കൊറിയന്‍ ജനതയോട് മാപ്പ് പറഞ്ഞു. അതുകൊണ്ടൊന്നും ലീ മാന്‍ ഹീ രക്ഷപ്പെട്ടില്ല. സിയോള്‍ പട്ടണത്തിലെ ഗവണ്‍മെന്‍റ് കൊലപാതകക്കുറ്റം ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇത് എഴുതുന്നത് വരെയുള്ള (17-03-2020) കണക്ക് പ്രകാരം ദക്ഷിണ കൊറിയയില്‍ 3730 ആളുകളുടെ കൊറോണ വൈറസ് ബാധയും 21 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിണ്ട്. അതിലധികവും ചിന്‍ചോഞ്ചി ആരാധനാലയത്തില്‍ മതകീയ ആചാരങ്ങള്‍ക്ക് പങ്കെടുത്തവരായിരുന്നു.

Back to Top