26 Thursday
December 2024
2024 December 26
1446 Joumada II 24

ഒരു നോമ്പുതുറയുടെ ഓർമ

ഡോ. സോമന്‍ കടലൂര്‍


മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കടലൂരിലാണ് എന്റെ ജനനം. കടലോരത്തുള്ള കോടിക്കല്‍ എയ്ഡഡ് മാപ്പിള യു പി സ്‌കൂളിലായിരുന്നു ഏഴാം ക്ലാസുവരെ വിദ്യാഭ്യാസം. കൂട്ടുകാര്‍ അധികവും ഇസ്‌ലാം മതവിശ്വാസികള്‍. പഠിപ്പിച്ച അധ്യാപകര്‍ ഏറെയും അങ്ങനെ തന്നെ. വലിയ പെരുന്നാളിന്റെയും ചെറിയ പെരുന്നാളിന്റെയും ആഘോഷങ്ങള്‍ക്ക് നടുവില്‍ കഴിച്ചുകൂട്ടിയ ബാല്യകാലം.
മദ്‌റസ വിട്ടു സ്‌കൂളിലേക്ക് വരുന്ന കൂട്ടുകാരെ പ്രതീക്ഷിച്ചിരുന്ന നാളുകള്‍. മതപണ്ഡിതന്മാര്‍ നടത്തുന്ന രാപ്രഭാഷണങ്ങള്‍ക്ക് കാതുകൂര്‍പ്പിച്ച കാലങ്ങള്‍. കോല്‍ക്കളിയും ദഫ്മുട്ടും കണ്ടും കേട്ടും സാംസ്‌കാരികാഭിവൃദ്ധി നേടിയ കൗമാരം. ബാങ്ക് വിളിയും പ്രാര്‍ഥനകളും എന്റെയും ജീവിതത്തിന്റെ താളമായി മാറിയതിന്റെ ഓര്‍മകള്‍. നബിദിനാഘോഷ യാത്രകള്‍ നോക്കി നിന്നതിന്റെ വിസ്മയം നിറഞ്ഞ സ്മരണകള്‍.
എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ അബ്ദുല്‍ ഗഫൂറിന്റെ ഉമ്മ വിളമ്പിത്തന്ന ഭക്ഷണത്തിന്റെ രുചി. ഇസ്‌ലാം മതത്തിന്റെ ഗ്രാമീണമായ സ്‌നേഹവും കാരുണ്യവും സാഹോദര്യവും ഏറെ അനുഭവിച്ച വ്യക്തിയാണ് ഞാന്‍ എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നു. ഒരു വര്‍ഷം മുമ്പ് നാട്ടില്‍ ഒരു മത പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടന ദിനത്തില്‍ ആശംസ പറയാന്‍ എന്നെയും ക്ഷണിച്ചതിലെ അത്ഭുത വികാരം ഇപ്പോഴും മാറിയിട്ടില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും ഞാന്‍ ആദ്യമായി ഔപചാരികമായൊരു നോമ്പുതുറയില്‍ പങ്കെടുത്തത് കോഴിക്കോട് ജില്ലയിലെ തന്നെ മുയിപ്പോത്ത് എന്ന പ്രദേശത്തെ വീട്ടില്‍ വെച്ചായിരുന്നു. 1997-ലാണ് അതെന്നാണ് ഓര്‍മ. അക്കാലത്ത് ഞാന്‍ വടകര മേഴ്‌സി കോളെജില്‍ മലയാളം അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. അവിടെ ബി എ മലയാളത്തിന് പഠിച്ചിരുന്ന ഇബ്‌റാഹീം എന്ന വിദ്യാര്‍ഥിയാണ് അവന്റെ വീട്ടില്‍ വെച്ച് നടക്കുന്ന നോമ്പുതുറയ്ക്ക് എന്നെ ക്ഷണിച്ചത്. എന്നെ മാത്രമല്ല, അവന്റെ ക്ലാസിലെ ഏറ്റവും അടുത്ത കൂട്ടുകാരെയും ക്ഷണിച്ചിട്ടുണ്ട്.
അരവിന്ദന്‍ മാഷ്, ദിലീപന്‍ മാഷ് തുടങ്ങിയ അധ്യാപകരും ഞാനും വടകരയില്‍ നിന്ന് ജീപ്പില്‍ മുയിപ്പോത്ത് ജംഗ്ഷനില്‍ ഇറങ്ങി. ഇബ്‌റായി അവിടെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. ചെറിയ ഇടവഴിയിലൂടെ ഇബ്‌റായി എല്ലാവരെയും വീട്ടിലേക്ക് ആനയിച്ചു. വീട്ടില്‍ ഒരാള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നു. ബന്ധുക്കള്‍, സ്ഥലത്തെ പ്രധാനപ്പെട്ടവര്‍, പിന്നെ പള്ളിയിലെ മുസ്‌ല്യാരും. മതപരമായ വിശുദ്ധിയാര്‍ന്ന ഒരു ചടങ്ങിനുള്ള ഒരുക്കമായി തോന്നി.
ചെറിയ വീടിന്റെ മുറ്റം പന്തലിട്ടിരിക്കുന്നു. അതിന് ചുവട്ടില്‍ വാടകക്ക് എടുത്ത ടേബിളും കസേരകളും നിരനിരയായി ഇട്ടിരിക്കുന്നു. വീടിന്റെ വേറൊരു സൈഡില്‍ ഞങ്ങള്‍ക്ക് ഇരിക്കാന്‍ കുറച്ച് കസേര ഇട്ടു. ഇബ്‌റായി തിരക്കിലേക്ക് ഊളിയിട്ടു. ഞങ്ങള്‍ അധ്യാപകരും വിദ്യാര്‍ഥികളും പല കഥകളും പറഞ്ഞു സമയം കഴിച്ചുകൂട്ടി. നോമ്പ് തുറയുടെ ബാങ്ക് വിളി ആരംഭിക്കുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പ് ഞങ്ങളെ ഉമ്മറത്തേക്ക് വിളിച്ചു.
അപ്പോഴേക്കും പഴങ്ങളും പലഹാരങ്ങളും വെള്ളവും ജ്യൂസുമൊക്കെ ടേബിളില്‍ നിരത്തിയിരിക്കുന്നു. ഞങ്ങള്‍ ഓരോ കസേരയിലായി ഇരുന്നു. എന്റെ നേരെ എതിര്‍വശത്തായിരുന്നു മുസ്‌ല്യാര്‍ ഇരുന്നത്. ബാങ്ക് വിളിച്ചാല്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ എന്ന കാര്യം അറിയാമെങ്കിലും എന്താണ്് എങ്ങനെയാണ് തുടങ്ങേണ്ടതെന്ന ആധിയിലായിരിക്കുമ്പോള്‍ മനസ്സില്‍ ഒരു മിന്നല്‍ പാഞ്ഞു.
മുമ്പിലിരിക്കുന്ന മത പുരോഹിതന്‍ എങ്ങനെയാണ് ചെയ്യുന്നത് അതുപോലെ ചെയ്യുക. തൊട്ടടുത്ത പള്ളിയില്‍ നിന്ന് ബാങ്കിന്റെ ശബ്ദം മുഴങ്ങി. മുസ്‌ല്യാര്‍ വെള്ളമെടുത്ത് കുടിച്ചു ശേഷം ഒരു കാരക്കയും ചില പലഹാരങ്ങളും എടുത്തു. ഞാനും പലഹാരം എടുത്തു. പിന്നീട് ഞാന്‍ ആരെയും നോക്കിയില്ല. ഉന്നക്കായും പഴംപൊരിയും ഉള്ളിവടയും ചട്ടിപ്പത്തിരിയും കോഴിയടയും വത്തക്കയും കൈതച്ചക്കയും മുന്തിരിയുമെല്ലാം ആവോളം കഴിച്ചു. ഏലക്കയിട്ട ചൂടുള്ള തരിപ്പായസം ഊതിക്കുടിച്ചതിന്റെ മധുരസ്മരണ ഇപ്പോഴും നാവിലുണ്ട്.
കൈകഴുകി വന്നപ്പോള്‍, എന്നാല്‍ പോയ്‌ക്കോട്ടെ എന്ന മട്ടില്‍ നിന്നപ്പോള്‍, ഇബ്‌റായി ചിരിച്ചുകൊണ്ട് പറയുന്നു, ‘എവിടെ പോകാന്‍ ഇത് ഒന്നാം റൗണ്ട് ആയിട്ടേയുള്ളൂ. ടയറ് പത്തരീം കോഴിക്കറീം പിന്നെ ആര്‍ക്ക് വേണ്ടിയാ വെച്ചത്?’
‘പടച്ചോനേ ഇതറിയുമായിരുന്നെങ്കില്‍ ആദ്യ റൗണ്ട് ഇത്രയധികം കഴിക്കില്ലായിരുന്നു.’ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
ഒരു പത്ത് പതിനഞ്ച് മിനിറ്റ് ഞങ്ങള്‍ സൊറ പറഞ്ഞിരിക്കുമ്പോഴേക്കും ടയറ് പത്തിരിയും ചിക്കന്‍ കറിയും ടേബിളില്‍ നിരന്നു. രുചികരമായ ചിക്കന്‍ കറി കൂട്ടി രണ്ട് ടയറ് പത്തിരി എങ്ങനെയോ ഞാന്‍ തിന്നു തീര്‍ത്തു. അപ്പോഴേക്കും ഇബ്‌റായി എന്റെ പ്ലേറ്റിലേക്ക് നെയ്‌ച്ചോര്‍ കോരിയിട്ടിരുന്നു. ഉരുളക്കിഴങ്ങിട്ട് വറുത്തരച്ച തേങ്ങയില്‍ വേവിച്ച ചൂടുള്ള കോഴിക്കറി അതില്‍ ഒഴിച്ചു. അതീവ രുചിപ്രദമായതിനാല്‍ അതും കഴിച്ചു. അപ്പോഴേക്കും വയറ് പൊട്ടാന്‍ പാകത്തിലായി.
അന്ന് ഊട്ടിയുറപ്പിച്ചതാണ് ഇബ്‌റായിയും ഞാനും തമ്മിലുള്ള ബന്ധം. പിന്നീട് എത്രയോ സന്ദര്‍ഭങ്ങള്‍, എത്രയോ പ്രഗത്ഭരോടൊത്ത് നോമ്പ് തുറയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതുപോലെ ഊഷ്മളവും വിസ്മയജനകവുമായ നോമ്പുതുറ എന്റെ ജീവിതത്തിലുണ്ടായിട്ടില്ല.
ബി എ പഠനത്തിനു ശേഷം ഇബ്‌റായി കച്ചവടക്കാരനായും പ്രവാസിയായുമൊക്കെ ജീവിതത്തിരക്കിലായി. എന്നാലും ഇടമുറിയാതെ ഒരു സവിശേഷ ബന്ധം കാത്തുസൂക്ഷിക്കാന്‍ അവന്‍ മറന്നില്ല. ഒരിക്കല്‍ അവന്‍ എന്നെ അന്വേഷിച്ചു വന്നപ്പോള്‍ എന്റെ വീടുപണി നടക്കുകയായിരുന്നു. മരത്തിന് ക്ഷാമം നേരിട്ട സന്ദര്‍ഭമായിരുന്നു അത്. ഏതാണ്ട് ഒന്നരലക്ഷം രൂപയുടെ മരം കേവലം അറുപതിനായിരം രൂപയ്ക്ക് നാട്ടിലെ ഒരാളുടെ കൈയില്‍ നിന്ന് വാങ്ങിത്തന്നത് ഇബ്‌റായിയാണ്. രണ്ട് വര്‍ഷം മുമ്പ് ഒരു നോമ്പുകാലത്ത് ഇബ്‌റായി വിളിച്ചു: ‘മാഷേ തിങ്കളാഴ്ച വീട്ടില്‍ നോമ്പുതുറയുണ്ട്, മാഷാണ് മുഖ്യാതിഥി, ഷാജിയുണ്ടാവും. ങ്ങള് വരാതിരിക്കരുത്.’ അത്രയും പറഞ്ഞ് അല്പം നിര്‍ത്തി ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ പുതിയ വീട് വച്ചു. മാഷ്‌ക്ക് വീട് കാണുകയും ചെയ്യാം. മ്മളെ ടയറ് പത്തിരിക്ക് പണ്ടത്തെ ടേസ്റ്റുണ്ടാവണമെന്നില്ല. എന്നാലും മാഷ് വരണം.’ നോമ്പ് കാലമാവുമ്പോഴും പെരുന്നാള്‍ അടുക്കുമ്പോഴും ആ പഴയ നോമ്പുതുറ മനസ്സില്‍ വിശുദ്ധമായൊരോര്‍മയായി നിറയും.

Back to Top