19 Wednesday
June 2024
2024 June 19
1445 Dhoul-Hijja 12

വ്രതം എന്നെ പഠിപ്പിച്ച ഏഴു കാര്യങ്ങള്‍

വിക്‌ടോറിയ മേരി


നാലു വര്‍ഷമായി, ഒരു മുസ്ലിം അല്ലാതിരുന്നിട്ടും ഞാന്‍ റമദാനില്‍ നോമ്പ് അനുഷ്ഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും ഇസ്ലാമിനെക്കുറിച്ച് മാത്രമല്ല, എന്നെയും മറ്റുള്ളവരെയും കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിക്കുന്നു. ഈ വര്‍ഷവും വ്യത്യസ്തമായിരുന്നില്ല. റമദാനിലെ വ്രതാനുഷ്ഠാനത്തിലൂടെ ഞാന്‍ പഠിച്ച പ്രധാനപ്പെട്ട ഏഴു കാര്യങ്ങള്‍:
1. എന്റെ മനസ്സ് ഞാന്‍ വിചാരിച്ചതിലും ശക്തമാണ്
റമദാനിലേക്ക് പോകുമ്പോള്‍, എന്റെ ഉള്ളില്‍ നിന്നുള്ള നിഷേധാത്മകതയുടെ ആക്രമണത്തിനു സ്വയം തയ്യാറാകണമെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, നോമ്പ് ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ ഒരിക്കലും എന്റെ മനസ്സില്‍ കടന്നുവന്നില്ല. തിരിഞ്ഞുനോക്കുമ്പോള്‍, എന്റെ പ്രതിശ്രുത വരനെയും മുസ്ലിം സുഹൃത്തുക്കളെയും പിന്തുണയ്ക്കാനുള്ള എന്റെ ആഗ്രഹം ഇതിനു കാരണമായെന്നു ഞാന്‍ കരുതുന്നു. പക്ഷേ, ദിനേന ആവശ്യത്തിന് ഭക്ഷണമോ ശുദ്ധജലമോ ഇല്ലാത്ത ദശലക്ഷക്കണക്കിന് ആളുകളാണ് യഥാര്‍ഥത്തില്‍ എന്നെ നോമ്പെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്റെ വയറു വേദനിക്കുകയും ദാഹിക്കുകയും ചെയ്യുമ്പോഴെല്ലാം, ദിവസാവസാനം എനിക്ക് ഭക്ഷണം കഴിക്കാമെന്ന് ഞാന്‍ എന്നോടു തന്നെ പറഞ്ഞു. അതിനാല്‍ എന്നെക്കാള്‍ ഭാഗ്യമില്ലാത്തവരെ അപേക്ഷിച്ച് എന്റെ വേദന താല്‍ക്കാലികമായിരുന്നു. എന്റെ സ്വന്തം നേട്ടത്തിനു വേണ്ടിയാണെങ്കിലും, മറ്റുള്ളവരെ എന്റെ ചിന്തകളില്‍ നിലനിര്‍ത്തുന്നത് എന്നെ കൂടുതല്‍ പ്രചോദിപ്പിച്ചു.
2. ഞാന്‍ കൂടുതല്‍ ശ്രദ്ധാലുവും ഉല്‍പാദനക്ഷമവുമാണ്
ഭക്ഷണമില്ലാതെ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നമ്മുടെ കഴിവ് ഗണ്യമായി കുറയുമെന്നു നിങ്ങള്‍ കരുതുന്നുണ്ടാകും. എന്നിരുന്നാലും, എന്നെ സംബന്ധിച്ചിടത്തോളം അത് അങ്ങനെയല്ലെന്ന് ഞാന്‍ കണ്ടെത്തി, പ്രത്യേകിച്ച് ഈ മാസത്തിന്റെ അവസാന ഭാഗങ്ങളില്‍. എന്റെ ഉല്‍പാദനക്ഷമത വര്‍ധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്ന് ഭക്ഷണം തയ്യാറാക്കുന്നതിനും കഴിക്കുന്നതിനും ഞാന്‍ ഇടവേളകള്‍ എടുക്കാത്തതാണ്. (ഞാന്‍ ഒരു ഫ്രീലാന്‍സ് ഡിസൈനറും എഴുത്തുകാരിയുമായി വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നു). ഒരു ദിവസം 3 മുതല്‍ 4 നേരം വരെ ഭക്ഷണം ആസൂത്രണം ചെയ്യാനും പാചകം ചെയ്യാനും കൂടുതല്‍ സമയം പാഴാക്കാത്തതിനാല്‍, ജോലി ചെയ്യാനും ഉല്‍പാദനക്ഷമത നേടാനും എനിക്ക് കൂടുതല്‍ മസ്തിഷ്‌ക ശക്തി ഉണ്ടെന്നും ഞാന്‍ കണ്ടെത്തി. തീര്‍ച്ചയായും, ഇത് നിങ്ങളുടെ ശരീരത്തിനും സാധാരണ ദിനചര്യയ്ക്കും മാറ്റമുണ്ടാക്കുന്നതിനാല്‍ തുടക്കത്തില്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ നീണ്ട ഉപവാസത്തോട് (ദിവസം 20 മണിക്കൂറില്‍ താഴെ) നിങ്ങളുടെ ശരീരം എത്ര വേഗത്തില്‍ പൊരുത്തപ്പെടുകയും പ്രതികരിക്കുകയും ചെയ്യുന്നു എന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും.
3. എനിക്ക് എന്റെ വികാരങ്ങളെ ആരോഗ്യകരമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും
എന്റെ വൈകാരിക പ്രകടനങ്ങളെ നേരിടാനുള്ള അവസരമാണിതെന്ന് എനിക്ക് അറിയാമായിരുന്നു. പല സമയങ്ങളിലും എന്റെ സ്വഭാവം പരുക്കനായിരുന്നു. ആദ്യത്തെ രണ്ട് ആഴ്ചകളില്‍ വൈകുന്നേരം ആവുമ്പോഴേക്ക് എനിക്ക് ദേഷ്യവും നീരസവും വരും. എന്റെ കവചം അഴിച്ചുമാറ്റി, ഭീമാകാരമായ ഒരു കണ്ണാടിയില്‍ എന്നെത്തന്നെ നോക്കാന്‍ നിര്‍ബന്ധിതയായതു പോലെയാണ് അത്. എന്റെ എല്ലാ ഉത്കണ്ഠകളും അരക്ഷിതാവസ്ഥകളും ആവിയായി വന്നു, പൂര്‍ണമായും ശ്വാസം മുട്ടിക്കുകയും എന്നെ കീഴടക്കുകയും ചെയ്യും.
ഭക്ഷണം, പാനീയം, ആലിംഗനം അല്ലെങ്കില്‍ ചുംബനങ്ങള്‍ എന്നിവയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി, ആരോഗ്യകരവും കൂടുതല്‍ ക്രിയാത്മകവുമായ വഴികളിലൂടെ എനിക്ക് എന്റെ വികാരങ്ങളെ കൈകാര്യം ചെയ്യേണ്ടിവന്നു. ഞാന്‍ അതിനു കണ്ടെത്തിയ വഴി ഇതാണ്. ഞാന്‍ ജേണലിംഗിലേക്കും പെയിന്റിംഗിലേക്കും ധ്യാനത്തിലേക്കും ആത്മവിചാരണയിലേക്കും തിരിഞ്ഞു. ഇതെല്ലാം ഒരു ചോക്ലേറ്റ് ബാര്‍ പിടിച്ചെടുക്കുന്നതിനേക്കാളും ഒരു ഗ്ലാസ് വൈന്‍ ഇറക്കുന്നതിനേക്കാളും നടപ്പാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ നാല് ആഴ്ചകള്‍ പതിവായി പരിശീലിച്ചതോടെ, എന്റെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്നതിനു പകരം ഞാന്‍ അവയെ അഴിച്ചുവിടാനും മനസ്സിലാക്കാനും അവയില്‍ നിന്നുതന്നെ സുഖപ്പെടുത്താനും തുടങ്ങി.
4. ഉപവാസം വിട്ടുമാറാത്ത വേദനയെ സുഖപ്പെടുത്തും
റമദാനിനു മുമ്പുള്ള ഏകദേശം 6 മാസക്കാലം വിട്ടുമാറാത്ത നടുവേദനയാല്‍ ഞാന്‍ ദിവസവും കഷ്ടപ്പെട്ടിരുന്നു. യോഗ, നീന്തല്‍ തുടങ്ങി ഫ്‌ളാറ്റ് ഔട്ട് ബെഡ്‌റെസ്റ്റ് വരെ ചെയ്തുനോക്കി. ഒന്നും ഫലപ്രദമായി തോന്നിയില്ല. നോമ്പിന്റെ ആദ്യ ആഴ്ചയ്ക്കു ശേഷം വേദന ഗണ്യമായി കുറയുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ആവശ്യമില്ലാത്ത (ആസക്തിയുള്ള) മരുന്നിനായി ഒരു ഡോക്ടറെ സന്ദര്‍ശിക്കുന്നത് ഞാന്‍ വേണ്ടെന്നുവെച്ചു. വ്യക്തമായും ആശ്വാസവും ഉന്മേഷവും ഉള്ളതിനാല്‍, അത് എന്തുകൊണ്ടാണെന്ന് ഞാന്‍ കുറച്ച് ഗവേഷണം നടത്തി. പകല്‍സമയത്ത് ഹ്യൂമന്‍ ഗ്രോത്ത് ഹോര്‍മോണിന്റെ (എച്ച് ജി എച്ച്) ഉയര്‍ന്ന അളവിലുള്ള സ്രവമാണ് ഉപവാസത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് കണ്ടെത്തി. ഇത് പ്രധാനമാണ്, കാരണം സെല്‍ വീണ്ടെടുക്കലിനും പുനരുജ്ജീവനത്തിനും എച്ച് ജി എച്ച് നിര്‍ണായകമാണ്. മാത്രമല്ല, സാധാരണ ദിവസങ്ങളില്‍ നിങ്ങള്‍ ഉറങ്ങുമ്പോള്‍ രാത്രിയില്‍ ചെറിയ അളവില്‍ മാത്രമേ അത് പുറത്തുവിടുകയുള്ളൂ. ഇപ്പോള്‍ നാല് ആഴ്ച അവസാനിക്കുമ്പോള്‍, ഞാന്‍ വേദനയില്ലാത്തവളാണെന്ന് സന്തോഷത്തോടെ പറയാന്‍ കഴിയും. തീര്‍ച്ചയായും, ഞാന്‍ സാധാരണ ഭക്ഷണത്തിലേക്ക് തിരിച്ചെത്തിയതിനാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്ന് കാണേണ്ടതുണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ നോമ്പിന്റെ അനുഭവത്തില്‍ നിന്ന്, പതിവ് ഉപവാസം ശരീരത്തെ വിട്ടുമാറാത്ത വേദനയില്‍ നിന്നോ ഭാവിയിലെ ഗുരുതരമായ രോഗങ്ങളില്‍ നിന്നോ സംരക്ഷിക്കുന്നതിന് വളരെ പ്രയോജനകരമാണെന്ന് മനസ്സിലായി. ഉപവാസം എല്ലാവര്‍ക്കും ശരിയായ ഉത്തരമാണെന്ന് ഇതിന് അര്‍ഥമില്ല. എന്നാല്‍ ഇത് കൂടുതല്‍ ഗവേഷണം അര്‍ഹിക്കുന്ന, എല്ലാവര്‍ക്കും സാധ്യമായ, ചെലവ് കുറഞ്ഞ ഒരു ഓപ്ഷനാണെന്ന് ഞാന്‍ കരുതുന്നു.
5. ഭക്ഷണവും വെള്ളവും ഒരു ആഡംബരമാണ്
ഇതൊരു വലിയ കാര്യമാണ്. നോമ്പിന്റെ ആദ്യ ദിനത്തില്‍ പോലും, രാത്രി 9.20-ന് ഏകദേശം 22 മണിക്കൂറിനുള്ളില്‍ എനിക്ക് ആദ്യത്തെ സിപ് വെള്ളം കുടിക്കാന്‍ കഴിഞ്ഞപ്പോള്‍ എനിക്ക് എത്ര നന്ദിയുണ്ടെന്ന് ഞാന്‍ ഓര്‍ക്കുന്നു. അത് വല്ലാത്ത ആനന്ദമായിരുന്നു.
തുനീഷ്യന്‍ അറബിയില്‍ അവര്‍ക്ക് ‘സാഹ’ എന്ന് വിളിക്കപ്പെടുന്ന ഒരു പദപ്രയോഗമുണ്ട്. അതിനെ ‘നല്ല ആരോഗ്യം’ എന്നു വിവര്‍ത്തനം ചെയ്യാം. മാത്രമല്ല, ഈ പ്രയോഗം ജീവിതത്തില്‍ എന്തെങ്കിലും നേടുന്നത് മുതല്‍ എല്ലാ തരം സാഹചര്യങ്ങളിലും തികച്ചും ഉദാരമായി ഉപയോഗിക്കുന്നു. എന്നിരുന്നാലും, ആരെങ്കിലും ഒരു നല്ല ഭക്ഷണമോ തൃപ്തികരമായ പാനീയമോ ആസ്വദിച്ചതിനു ശേഷം ഉപയോഗിക്കുമ്പോഴാണ് അത് അര്‍ഥവത്താകുന്നത്. അസഹനീയമായ ചൂടുള്ള വേനല്‍ക്കാല ദിനത്തില്‍ ഒരു ഐസ് സോഡ എത്ര നല്ലതാണെന്ന് സങ്കല്‍പിക്കുക, ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.
അതിനു ശേഷം ആദ്യത്തെ സിപ് എടുത്തുകൊണ്ട് എന്റെ പ്രതിശ്രുത വരന്‍ ‘സാഹ’ എന്നു പറഞ്ഞപ്പോള്‍, എന്തുകൊണ്ടാണ് ആ പ്രയോഗം ഇത്ര ശക്തമാകുന്നത് എന്ന് എനിക്ക് മനസ്സിലായി. ദിവസേന ശുദ്ധമായ ഭക്ഷണവും ശുദ്ധജലവും ലഭിക്കുന്നത് ശരിക്കും ഒരു ആഡംബരമാണ്. മാത്രമല്ല, ഇത് ഓരോ അവസരത്തിലും ആസ്വദിക്കുകയും അഭിനന്ദിക്കുകയും വേണം.
6. അപരിചിതരില്‍ നിന്നുള്ള ദയ
ഈ വര്‍ഷം, വ്യക്തിത്വ വികസന യാത്രയുടെ ഭാഗമായി എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കാനും റമദാനിലെ എന്റെ അനുഭവത്തെക്കുറിച്ച് രണ്ടു ചെറിയ യൂട്യൂബ് വീഡിയോകള്‍ തയ്യാറാക്കാനും ഞാന്‍ തീരുമാനിച്ചു. സോഷ്യല്‍ മീഡിയയുടെ പൊതുവെയുള്ള സ്വഭാവവും ഞാന്‍ സംസാരിക്കാന്‍ തിരഞ്ഞെടുത്ത വിഷയവുമായി ബന്ധപ്പെട്ട്, അനവധി നിഷേധാത്മക അഭിപ്രായങ്ങളെ അഭിമുഖീകരിക്കാന്‍ ഞാന്‍ സ്വയം തയ്യാറായിരുന്നു. എന്നിട്ടും, എനിക്ക് ലഭിച്ച ക്രിയാത്മകമായ പ്രതികരണത്തിലും ദയയിലും ഞാന്‍ പൂര്‍ണമായും അന്ധാളിച്ചുപോയി. സത്യത്തില്‍, ആദ്യ ആഴ്ചയില്‍ എന്റെ വീഡിയോകളിലൊന്ന് ഫേസ്ബുക്കില്‍ വൈറലായി. ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ എന്റെ വീഡിയോ ഉണ്ടാക്കിയതിന് നന്ദി അറിയിക്കുകയും ഉപവാസത്തിന് എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തീര്‍ച്ചയായും ഞാന്‍ റമദാന്‍ ശരിക്കും ഇഷ്ടപ്പെടുന്നു. കാരണം നോമ്പെടുക്കുന്ന എല്ലാവരും പരസ്പരം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുസ്‌ലിമായാലും അല്ലെങ്കിലും, ആണോ പെണ്ണോ കുട്ടിയോ മുതിര്‍ന്നവരോ ആയാലും ഞങ്ങള്‍ എല്ലാവരും ഒരേ പാതയിലാണ്. ഈ വിശുദ്ധ മാസത്തില്‍ പരസ്പരം കാണിക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. അതുപോലെ, ഈ സമയത്ത് ഞാന്‍ ഓണ്‍ലൈനില്‍ കണ്ട ഏറ്റവും അത്ഭുതകരമായ വീഡിയോകളില്‍ ഒന്ന് യു എ ഇ യില്‍ നിന്നുള്ള ഒരു അജ്ഞാതനാണ്. അദ്ദേഹം തെരുവില്‍ നാപ്കിന്‍ വില്‍ക്കുന്ന പ്രായമായ ഒരു സ്ത്രീക്ക് ശമ്പളമുള്ള നല്ലൊരു ജോലി നല്‍കി. അദ്ദേഹം ചെയ്തത് മറ്റൊന്നുമല്ല. മറ്റുള്ളവര്‍ ബുദ്ധിമുട്ടുന്നത് കാണാന്‍ ആഗ്രഹിക്കാത്ത മാസമാണിത്.
7. എന്റേതല്ലാത്ത മതത്തോടും ജീവിതരീതിയോടുമുള്ള ആഴമേറിയ ബഹുമാനവും ധാരണയും
ഇസ്ലാമിനോടും ലോകമെമ്പാടുമുള്ള മുസ്ലിം സമുദായത്തോടുമുള്ള എന്റെ അഗാധമായ സ്നേഹവും ആദരവുമാണ് റമദാനില്‍ നോമ്പെടുക്കാന്‍ വര്‍ഷം തോറും എന്നെ പ്രേരിപ്പിക്കുന്നത്. സൂചിപ്പിച്ചതു പോലെ, ഞാന്‍ വളരെ ജിജ്ഞാസയുള്ള വ്യക്തിയാണ്. മറ്റുള്ളവരുടെ ജീവിതരീതികള്‍ അനുഭവിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. മറ്റൊരാളുടെ കണ്ണിലൂടെ ലോകത്തെ കാണുന്നത് നിങ്ങള്‍ക്ക് ജീവിതത്തെക്കുറിച്ച് കൂടുതല്‍ മികച്ച കാഴ്ചപ്പാട് നല്‍കും. ആഴത്തിലുള്ള ധാരണയും സഹാനുഭൂതിയും വികസിപ്പിക്കുന്നു. മറ്റൊന്നുമല്ല, മറ്റ് ആളുകളെയും മറ്റ് സംസ്‌കാരങ്ങളെയും മനസ്സിലാക്കുന്നതിലൂടെ നമ്മള്‍ മറ്റുള്ളവരെക്കുറിച്ച് മാത്രമല്ല, ഒരുപക്ഷേ നമ്മളെക്കുറിച്ചും വ്യത്യസ്തമായ എന്തെങ്കിലും പഠിക്കും. പരസ്പര ധാരണ, സഹാനുഭൂതി, സ്‌നേഹം എന്നിവയാണ് കൂടുതല്‍ സമാധാനപൂര്‍ണമായ ലോകത്തിന്റെ താക്കോല്‍.
വിവ. നാദിര്‍ ജമാല്‍

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x