20 Saturday
April 2024
2024 April 20
1445 Chawwâl 11

നോമ്പ് ഇതിവൃത്തമായ അറബി കവിതകള്‍

ഡോ. പി എം മുസ്തഫ കൊച്ചിന്‍


റമദാനും അനുബന്ധ കാര്യങ്ങളും പശ്ചാത്തലവും ഇതിവൃത്തമായി ഒട്ടേറെ രചനകള്‍ അറബി സാഹിത്യത്തിലെ കഥകളിലും കവിതകളിലും കാണാം. റമദാനിന്റെ സമാരംഭവും വിടവാങ്ങലും നോമ്പും, നോമ്പുതുറ വിഭവങ്ങള്‍, ശവ്വാല്‍ ചന്ദ്രക്കല, റമദാന്‍ അമ്പിളിപ്പിറ, പെരുന്നാള്‍, തറാവീഹ്, ബദ്ര്‍ യുദ്ധം, റമദാന്‍ പാനൂസ് വിളക്ക്, റമദാനിലെ ബാങ്ക് തുടങ്ങിയവയൊക്കെ രചനകളില്‍ വിഷയമായി വന്നിട്ടുണ്ട്. നബി(സ)യുടെ കാലം മുതല്‍ തന്നെ അറബി കവിതകളില്‍ റമദാന്‍ ഇതിവൃത്തമായി വന്നിട്ടുണ്ട്. ഈജിപ്ഷ്യന്‍ അറബി സാഹിത്യകാരനായ മുസ്തഫാ സ്വാദിഖുര്‍റാഫിഈ (1880-1937) റമദാനെന്ന മഴയ്ക്കു വേണ്ടി കേഴുന്ന മനുഷ്യരെയും റമദാന്‍ മഴയെ ശപിക്കുന്നവരെയും കുറിച്ച് പറയുന്നു:
എല്ലാ കൊല്ലവും സന്ദര്‍ശകനായി
വരുന്ന നിനക്ക് ഞാന്‍ വിധേയന്‍.
ശാന്തിയിലും സമാധാനത്തിലും
എന്നും നീ നീണാള്‍ വാഴട്ടെ.
വെണ്‍മേഘം മഴ ചൊരിയുന്നതുപോലെ
നിന്റെ വരവ്.
അതിനു ശേഷം വെണ്‍മേഘത്തിന്റെ
ശേഷിപ്പുകള്‍ ബാക്കിയാവുന്നു.
താല്‍പര്യത്തോടെ നിന്നെ കാത്തിരിക്കുന്ന
എത്രയോ അനുരാഗികള്‍ മനുഷ്യരിലുണ്ട്.
നിന്റെ വരവില്‍ അസ്വസ്ഥത പ്രകടിപ്പിച്ച്
വ്യസനിക്കുന്നവരുമുണ്ട്.(9)
ഈജിപ്ഷ്യന്‍ അറബി കവിയായ മുസ്തഫാ ഹമ്മാം (1906-1964) റമദാന്‍ നോമ്പിനെ സമീപിക്കുന്ന രീതി അദ്ദേഹത്തിന്റെ വരികളില്‍ പ്രകടമാണ്:
നോമ്പിലെ നിയന്ത്രണസുഖം
ഞങ്ങളോട് പറയുക
വിലക്കെന്ന അനുഗ്രഹത്തെക്കുറിച്ച് പറയുക
സ്വേച്ഛാധിപതിയാവാതെ ഭരിക്കുന്ന
അധികാരിയാണ് റമദാന്‍.
അധീശത്വം കൈയടക്കുന്ന അവരുടെ
ചക്രവര്‍ത്തിയായി പറയുന്നു:
പകലില്‍ വിശപ്പനുഭവിക്കുക.
ഭക്തിയോടെയും നന്ദിയോടെയും
അവര്‍ അനുസരിച്ചു.
നിന്റെ 30 ദിനരാത്രങ്ങള്‍
ഉറങ്ങുന്നവന്റെ സ്വപ്‌നങ്ങള്‍ മാതിരിയാണ്.
നിന്റെ സമാഗമം എനിക്ക്
സന്തോഷവാര്‍ത്തയാകുമ്പോള്‍
വിടവാങ്ങല്‍ മുന്നറിയിപ്പ്
എന്നെ ദുഃഖിപ്പിക്കുന്നു.
ഈജിപ്ഷ്യന്‍ അറബി കവിയായ മഹ്മൂദ് ഹസന്‍ ഇസ്മാഈല്‍ (1910-1977) ഉപവസിക്കുന്നവര്‍ ആദരവോടെ ബാങ്ക്‌വിളി കാതോര്‍ക്കുന്ന രംഗം ചിത്രീകരിക്കുന്നുണ്ട്:
അസമയത്ത് നിന്റെ വിളി ശ്രവിക്കുന്ന
അനുഗാമികളാക്കി നീ ജനങ്ങളെ,
മുറിവ് പറ്റിയാല്‍ ഭിഷഗ്വരനെ
പ്രതീക്ഷിച്ചിരിക്കുന്നതു
പോലെയാണ് ബാങ്കൊലി ശ്രദ്ധിക്കുന്നത്.
അവരുടെ തല അന്യദേശ
സഞ്ചാരികളെപ്പോലെ
നീ പുറത്തേക്ക് നീട്ടിയിട്ടു.
കൊല്ലത്തിലൊരിക്കല്‍ ഓരോ ഭവനത്തിലും അതിഥിയായെത്തുന്ന റമദാന്‍ മാസം ലോകത്തിലേറ്റവും ചെലവ് കുറച്ച അതിഥിയാണ്. മാന്യമായി താമസിക്കാനൊരിടം ഒരു മാസം നല്‍കുന്നതോടെ ആതിഥേയ കടമ അവസാനിക്കുന്നു. യഥാര്‍ഥ അതിഥിയായ റമദാനിനു വേണ്ടി ഒരുക്കുന്ന വിഭവങ്ങള്‍ അതിഥിയെ സല്‍ക്കരിക്കാനെന്ന ഭാവേന ആതിഥേയര്‍ തന്നെ തിന്നുമുടിക്കുന്ന വിരോധാഭാസമായി പരിണമിച്ചതിനെക്കുറിച്ച് കവി പറയുന്നതിങ്ങനെയാണ്:
നീ മനുഷ്യവംശത്തില്‍
സന്നിഹിതനായ അതിഥിയാണോ?
നോമ്പുകൊണ്ടേ ജീവിക്കൂ,
നീ സത്യം ചെയ്തുവല്ലോ.
വാക്ക് ലംഘിക്കാത്ത
സഞ്ചാരിയായി കാലങ്ങളായി നീ
സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
സന്ദര്‍ശനയിടങ്ങളിലെല്ലാം ഓരോ കൊല്ലവും
നീ തിരിച്ചെത്തുന്നു; നീ തങ്ങിക്കൊള്ളുക.
നിന്റെ സുരക്ഷിത പ്രദേശത്തിന്
അതിരു നിശ്ചയിക്കാന്‍
ഒരു ഭൂപ്രദേശവും മുന്നോട്ടുവരില്ല.
ഭൂവനം മുഴുവന്‍ നിന്റെ കൂടാരങ്ങള്‍ക്ക്
ഉചിതമായതാണ്
അതിഥിമര്യാദയുടെ സീമകളെല്ലാം
നീ അതിലംഘിച്ചു.
ആതിഥേയ ഗൃഹത്തില്‍ തങ്ങാനൊരിടം
നേടിയെടുത്തതില്‍ നീ
സംപ്രീതിയടഞ്ഞുവല്ലോ. (10)
നൊബേല്‍ ജേതാവായ ഈജിപ്ഷ്യന്‍ അറബി സാഹിത്യകാരനായ നജീബ് മഹ്ഫൂസ് (1911- 2006) 1946ല്‍ രചിച്ച ‘ഖാനുല്‍ ഖലീലി’യില്‍ റമദാന്‍ മാസം ഒരു കഥാപാത്രം കണക്കേ സന്നിഹിതമാവുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധ(1939-45) കാലത്തെ കൈറോ പട്ടണത്തിലെ റമദാനാണ് നോവലിലെ കാലം.
സുഊദി അറേബ്യന്‍ കവി മുഹമ്മദ് ഹസന്‍ ഹഖ്ഖീ (1914-2004) റമദാന്‍ കവിതയില്‍ വശ്യമായ രീതിയില്‍ സ്വാനുഭവം പങ്കുവെക്കുന്നുണ്ട്. നോമ്പുവേളയില്‍ സായന്തനത്തില്‍ വ്രതക്കാരന്റെ വായയില്‍ നിന്ന് വരുന്ന വാസന കസ്തൂരി സുഗന്ധത്തെക്കാള്‍ ദൈവത്തിന് പ്രിയങ്കരമാണെന്ന തിരുവചനം അദ്ദേഹം പ്രമേയമാക്കുന്നുണ്ട്:
റമദാനിന്റെ പ്രഭയുള്ള മുഖം കാണുമ്പോള്‍
എന്റെ ഹൃത്തില്‍ ഉണര്‍വാകും.
പച്ചപ്പുള്ള സ്വര്‍ഗത്തോപ്പിന്റേത് പോലെയാണ്
എന്റെ വായിലെ സ്വാദ് എന്ന്
എനിക്ക് തോന്നുന്നത്.
അത് ഇഹലോക സ്വാദല്ല,
അത് പിന്‍ഗാമികള്‍ക്ക് സമര്‍പ്പിക്കാനുമാവില്ല.
അതും അതിന് തുല്യമായതുമായ ഒരു സ്വാദും
ഇതേവരെ ഞാന്‍ രൂചിച്ചിട്ടില്ല.
ആ സ്വാദും രുചിച്ചറിഞ്ഞ
ഞാന്‍ സൗഭാഗ്യവാനല്ലേ?(11)
റമദാന്‍ ചന്ദ്രക്കലയ്ക്ക് അല്‍ജീരിയന്‍ അറബി കവി മുഹമ്മദുല്‍ അഖ്ദര്‍ (1918-2005) സ്വാഗതമോതുന്നതിങ്ങനെയാണ്:
പ്രിയ വെളിച്ചമേ,
ലോകത്ത് പ്രകാശരശ്മി നിറക്കുക.
ജനങ്ങള്‍ അക്രമിയായിരിക്കുന്നു.
ഭീതിജനകമായ രാത്രി പോലെയാണത്.
തിരിച്ചറിയാന്‍ കഴിയാത്ത വിധം
കൂരിരുട്ട് പരന്നിരിക്കുന്നു.
ദൈവവുമായുള്ള ഉടമ്പടികള്‍
മാനവരെ ഉണര്‍ത്തുക.
വ്രതലക്ഷ്യം ഉന്നതമാണ്.
ഭൂമിയിലത് കരുണ ചൊരിയും.
സമ്പൂര്‍ണ സത്യവിശ്വാസലോകത്തെ റമദാന്‍ സ്വാധീനം വിവരിക്കുന്നുണ്ട് സുഊദി അറേബ്യന്‍ കവി ഹുസൈന്‍ അറബ് (1919-2002):
റമദാന്‍ മാസം,
സകല ലോകങ്ങളുടെയും
സന്തോഷവാര്‍ത്തയാണ് നീ.
പ്രപഞ്ചങ്ങളും ചക്രവാളങ്ങളും
നിന്നാല്‍ മുദ്രാവാക്യം വിളിക്കുന്നു,
ആകാശത്ത് തിളങ്ങുന്ന നക്ഷത്രമാണ് നീ.
സത്യവിശ്വാസിയുടെ മാനസത്തില്‍
നിനക്കാണ് സ്ഥാനം.
സമ്പൂര്‍ണ സത്യത്തിന്റെ ജ്വാല
വഹിക്കുന്ന വെളിച്ചമേ,
നിന്നാല്‍ ഹൃദയങ്ങള്‍ പുളകം കൊള്ളുന്നു.
സുഊദി അറേബ്യന്‍ കവിയായ മുഹമ്മദ് ബ്ന്‍ അലിയ്യിസ്സനുസിയുടെ(1924-87) ഒരു കവിത തുടങ്ങുന്നതുതന്നെ റമദാന്‍ കൊണ്ടാണ്:
സ്വച്ഛമാനസങ്ങളുടെ പ്രതീക്ഷയായ
റമദാന്‍ മാസമേ,
മനുഷ്യര്‍ മധു നുകരുന്ന ഉറവ,
സ്തുതിച്ചുകൊണ്ട് പ്രാവിന്‍കൂട്ടങ്ങളെപ്പോലെ
ആത്മാക്കള്‍ നിന്നെ ചുറ്റുന്നു
സത്യവിശ്വാസികള്‍ക്ക് നീ സ്വകാര്യം പറച്ചില്‍,
നേര്‍മാര്‍ഗികള്‍ക്ക് നീ വിവേകിയുമാണ്.
സുഊദി അറേബ്യന്‍ കവി അബ്ദുല്ലാഹ് മുഹമ്മദ് ഖഹ്ത്വാനി(1935-80)യുടെ വ്രതവരികളാണ് ഇത്:
അശ്ലീലതകളില്‍ നിന്ന് മൗനിയായി
നോമ്പിനെ നീ സംരക്ഷിക്കുക
നയനങ്ങള്‍ക്ക് മീതെ
കണ്‍പോളകള്‍ ഇറുമ്മുക
മനുഷ്യര്‍ക്കിടയില്‍ ദ്വിമുഖത വെടിയുക
ദ്വിമുഖികളേക്കാള്‍ ഹീനനായ
മറ്റൊരു സൃഷ്ടിയുമില്ല. (12)
1940കളിലെ യമനീ റമദാന്‍ ദിവസങ്ങള്‍ ഇതിവൃത്തമാക്കിയുള്ള കഥയാണ് യമന്‍ അറബി കഥാകൃത്തായ സൈദ് മുത്വീഅ് ദമ്മാജിന്റെ (1943- 2000) അര്‍റഹീനാ (ഒീേെമഴല). നേതാക്കളുടെയും യോദ്ധാക്കളുടെയും പാവപ്പെട്ടവരുടെയും റമദാന്‍ ആചരണരീതികളാണ് ഇതില്‍ ചിത്രീകരിക്കുന്നത്.
റമദാന്‍ ഇതിവൃത്തമാക്കി ഈജിപ്ഷ്യന്‍ അറബി കഥാകൃത്തായ ഇഹ്‌സാന്‍ അബ്ദുല്‍ ഖുദ്ദൂസ് (1919-90) 1961ല്‍ എഴുതിയ നോവലാണ് ‘നമ്മുടെ വീട്ടില്‍ ഒരു മനുഷ്യനുണ്ട്’ (ഫീ ബയ്തിനാ റജുലുന്‍).
ഈജിപ്ഷ്യന്‍ അറബി നോവലിസ്റ്റ് മുഹമ്മദ് ജിബ്‌രീല്‍ (ജനനം: 1938). 2000ല്‍ രചിച്ച നോവലാണ് ‘തിരയുടെ വേലിയേറ്റം’ (മദ്ദുല്‍ മൗജ്). റമദാന്‍ നാളിലെ കഥാകാരന്റെ ബാല്യകാല സ്മരണകള്‍ ഇതില്‍ അയവിറക്കുന്നുണ്ട്. അന്ന് അലക്‌സാന്‍ഡ്രിയയില്‍ പാനൂസ് വിളക്കുകള്‍ എടുത്തുനടക്കേണ്ട ഉത്തരവാദിത്തം കുട്ടികള്‍ക്കായതിനാല്‍ അവര്‍ക്ക് കളിക്കാന്‍ സമയം ലഭിക്കുമായിരുന്നില്ലെന്ന് പരിതപിക്കുന്നുണ്ട്.
റമദാനിനെപ്പറ്റി അജ്ഞാതകവിയുടെ ഒരു അറബി കവിതാശകലം ഒടുവില്‍ രേഖപ്പെടുത്തുന്നു:
ദൈവദാസരേ,
ഏത് മാസമാണ് നമ്മില്‍നിന്ന്
പിരിഞ്ഞുപോയത്?
ചിന്തിച്ചാല്‍ രക്തക്കണ്ണീര്‍
ഉതിര്‍ത്ത് നാം കരഞ്ഞിടും
നമ്മുടെ അവഗണനയാല്‍ നീങ്ങിപ്പോയ
മാസത്തെക്കുറിച്ച് എങ്ങനെ
നാം കരയാതിരിക്കും?
നമ്മള്‍ സ്വീകാര്യരോ
തിരസ്‌കൃതരോ എന്നൊന്നും
നമുക്കറിയില്ലല്ലോ?
നമ്മിലെ നിരാകരിക്കപ്പെട്ടവരും
വിലക്കപ്പെട്ടവരും
ആരെന്ന് അറിഞ്ഞിരുന്നുവെങ്കില്‍
എത്ര നന്നായിരുന്നേനെ?(13)

കുറിപ്പുകള്‍
(9). ഫദയ്തുക സാഇറന്‍ ഫീ കുല്ലി ആമിന്‍
തഹിയാ ബിസ്സലാമതി വസ്സലാമി
വതുഖ്ബിലു കല്‍ഗമാമി യഫീദു ഹിനന്‍
വയബ്ഖാ ബഅ്ദഹു അഥറുല്‍ ഗമാമി
വകം ഫിന്‍നാസി മിന്‍കലിഫില്‍ മശൂഖിന്‍
ഇലൈക വകം ശജിയ്യിന്‍ മുസ്തഹാമി.
(10). അദൈഫുന്‍ അന്‍ത ഹല്ല അലല്‍ അനാമി
വ അഖ്‌സമ അന്‍ യഹ്‌യാ ബിസ്സ്വിയാമി
ഖത്വഅ്ത ദ്ദഹ്‌റ ജവ്വബന്‍ വഫിയ്യന്‍
യഊദി മസാറഹു ഫീ കുല്ലി ആമി
തഖയ്യം ലായുഹിദ്ദു ഹിമാക റുക്‌നുന്‍
ഫകുല്ലുല്‍ അര്‍ദി മഹ്ദുന്‍ ലില്‍ ഖിയാമി
ഫസഖ്ത ശആഇറദ്ദീഫാനി ലമ്മാ
ഖനിഅ്ത മിനദ്ദിയാഫതി ബില്‍ മുഖാമി.
(11). റമദാനു ഫീ ഖല്‍ബീ ഹമാനിമു നശ്‌വതിന്‍
മിന്‍ ഖബ്‌ലി റുഅ്‌യതി വജ്ഹികല്‍ വദ്ദാഇ
വഅലാ ഫമീത്വഅ്മുന്‍ ഉഹിസ്സു ബിഅന്നഹു
മിന്‍ത്വഅ്മി തില്‍കല്‍ ജന്‍നത്തില്‍ ഖദ്‌റാഇ
ലാ ത്വഅ്മ ദുന്‍യാനാ ഫലൈസ ബി വുസ്ഇഹാ
തഖ്ദീമി ഹാദത്ത്വഅ്മി ലില്‍ ഖുലഫാഇ
മാ ദുഖ്തു ഖത്ത്വൂ വലാ ശഅര്‍തു ബിമിഥ്‌ലിഹി
അല്ലാ അകൂന ബിഹി മിനസ്സുഅദാഇ.
(12). ഹസ്സിന്‍ സ്വിയാമക ബിസ്സുകൂതി അനില്‍ ഖതാ
അത്വ്ബിഖ് അലാ ഐനയ്ക ബില്‍ അജ്ഫാനി
ലാ തംശി ധാ വജ്ഹയ്‌നി മിന്‍ ബൈനില്‍ വറ
ശര്‍റുല്‍ ബരിയ്യതാ മന്‍ ലഹു വജ്ഹാനി.
(13). അയ്യു ശഹ്‌രിന്‍ ഖദ്തവല്ലാ
യാ ഇബാദല്ലാഹി അന്‍നാ
ഹഖ്ഖുന്‍ അന്‍ നബ്കീ അലൈഹി
ബിദിമാഇല്‍ ലൗ അഖില്‍നാ
കയ്ഫാ ലാ നബ്കീ ലിശഹ്‌രിന്‍
മര്‍റ ബില്‍ ഗഫ്‌ലതി അന്നാ
ഥുമ്മ ലാ നഅ്‌ലമു അന്നാ
ഖദ് ഖുബില്‍നാ അം ഹുര്‍രിംനാ
ലൈത ശിഅ്‌രീ മന്‍ഹുവല്‍
മഹ്‌റൂമി വല്‍ മത്വ്‌റൂദു മിന്‍നാ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x