21 Thursday
November 2024
2024 November 21
1446 Joumada I 19

നോമ്പുകാലം അറബി സാഹിത്യത്തില്‍

ഡോ. പി എം മുസ്തഫ കൊച്ചിന്‍


റമദാനും അനുബന്ധ കാര്യങ്ങളും പശ്ചാത്തലവും ഇതിവൃത്തമായി ഒട്ടേറെ രചനകള്‍ അറബി സാഹിത്യത്തിലെ കഥകളിലും കവിതകളിലും കാണാം. റമദാനിന്റെ സമാരംഭവും വിടവാങ്ങലും നോമ്പും, നോമ്പുതുറ വിഭവങ്ങള്‍, ശവ്വാല്‍ ചന്ദ്രക്കല, റമദാന്‍ അമ്പിളിപ്പിറ, പെരുന്നാള്‍, തറാവീഹ്, ബദ്ര്‍ യുദ്ധം, റമദാന്‍ ഫാനൂസ് വിളക്ക്, റമദാനിലെ ബാങ്ക് തുടങ്ങിയവയൊക്കെ രചനകളില്‍ വിഷയമായി വന്നിട്ടുണ്ട്. നബി(സ)യുടെ കാലം മുതല്‍ തന്നെ അറബി കവിതകളില്‍ റമദാന്‍ ഇതിവൃത്തമായി വന്നിട്ടുണ്ട്. കഅ്ബുബ്‌നു മാലികിന്റെ (ഹി.മു. 26 ഹി.ശേ. 51) കവിതാവരികള്‍ അതിന് ഉദാഹരണമാണ്:
ഞാനും എന്റെ കുടുംബവും
സുഹൃത്തുക്കളുമാണെ സത്യം,
എന്റേത് പുണ്യവാന്മാരായ
സൂക്ഷ്മാലുക്കളുടെ വ്രതമാണ്.
ഈ വ്രതം തുടരെ
ഞാനെടുക്കുകയാണെങ്കില്‍
അന്ത്യനാളിലെ നിന്റെ
സംപ്രീതിക്ക് ഞാന്‍ അര്‍ഹനാകും
ശത്രുക്കളായവര്‍ ഒരിക്കല്‍ പോലും
മുഖംകുത്തിവീണിട്ടില്ല
പരിഭവം, പതിത്വം ഇവ
രണ്ടിനുമിടയില്‍ ഉഴറിയതു
കൊണ്ടല്ലാതെ സംരക്ഷകന്‍
ഉദ്ദേശിച്ചെങ്കില്‍
തുടര്‍ച്ചയായി കൊല്ലത്തില്‍
ഒരു മാസമല്ലാതെ
എനിക്ക് വ്രതമനുഷ്ഠിക്കാമായിരുന്നു.
ഇസ്‌ലാമിക ചരിത്രത്തില്‍ റമദാന്‍ മാസത്തില്‍ നടന്ന ബദ്ര്‍ പോരാട്ടത്തില്‍ വധിക്കപ്പെട്ട ഖുറൈശി പ്രമുഖര്‍ക്ക് വിലാപകാവ്യം രചിക്കുകയും മുസ്‌ലിംകളോടുള്ള പ്രതികാരദാഹം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന രംഗങ്ങളുള്ള അറബി കവിതയാണ് സുഊദി അറേബ്യന്‍ കവിയായ ഉമയ്യതുബ്‌നു അബീസ്വല്‍തിന്റേത് (മരണം എഡി 626). അദ്ദേഹത്തിന്റെ കവിതയിതാ:
ചാഞ്ഞുനില്‍ക്കുന്ന ഓക്ക്
വൃക്ഷക്കൊമ്പിലുള്ള
അമ്പലപ്രാവിന്റെ കരച്ചില്‍ പോലെ
പുകള്‍പെറ്റ മാന്യരുടെ മക്കളായ
മാന്യരെയോര്‍ത്ത് നീ കരയുന്നില്ലേ?
ദുഃഖത്താലാണ് അവരെയോര്‍ത്ത് കരയുന്നത്.
അവരെ സംബന്ധിച്ച് പ്രശംസ
മുഴുവന്‍ യാഥാര്‍ഥ്യമാണ്.”(1)
രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്താബിന്റെ (583-644) കാലത്ത് പ്രഥമ റമദാന്‍ തറാവീഹിനു വേണ്ടി ഒരു ഇമാമിന്റെ പിറകില്‍ മുസ്‌ലിംകളെ അണിനിരത്തി. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണം ഹഠാദാകര്‍ഷിച്ച മുസ്‌ലിംകളുടെ സ്ഥിതിയെക്കുറിച്ച് ഒരു കവി പറഞ്ഞതിങ്ങനെയാണ്:
നോമ്പു വന്നു, എല്ലാ നന്മകളും വന്നു
ഖുര്‍ആന്‍ ഓതലും വന്നു,
കീര്‍ത്തനങ്ങളും വന്നു.
പകലിന്റെ വ്രതവും രാവിന്റെ
തറാവീഹും കൊണ്ട്
മനസാ വാചാ കര്‍മണാ പാകപ്പെടുന്നു.
നാലാം ഖലീഫ അലിയ്യുബ്‌നു അബീത്വാലിബിന്റെ(റ) (599-661) വധത്തെപ്പറ്റി അറബി വ്യാകരണശാസ്ത്രത്തിന്റെ പിതാവായ അബുല്‍ അസ്‌വദുദ്ദൂഅലി (603-688) വരികള്‍ രചിച്ചിട്ടുണ്ട്. ഹിജ്‌റ 40ല്‍ റമദാന്‍ 13 വെള്ളിയാഴ്ചയാണ് അബ്ദുര്‍റഹ്മാനുബ്‌നു മുല്‍ജിം (മരണം 661) അലി(റ)യെ വധിച്ചത്. താരിഖുത്ത്വബരിയില്‍ ഉദ്ധരിച്ച വരികളാണിത്:
വ്രതമാസത്തിലാണോ
ഞങ്ങളെ സങ്കടപ്പെടുത്തുന്നത്.
വാഹനത്തിന്റെ സാരഥിയും ഞങ്ങളില്‍ ഏറ്റവും
ശ്രേഷ്ഠനായവനെയുമാണ് നീ വധിച്ചത്.
അവിചാരിതമായി വാഹനത്തില്‍
കയറിയവരെയും നീ മ്ലേച്ഛരാക്കി.
മദ്യാസക്തരായ ചില അറബി കവികള്‍ മതസംസ്‌കാരത്തെ അവഹേളിക്കാനായി റമദാനിനെ വികൃതമായി ചിത്രീകരിച്ചിട്ടുണ്ട്. മദ്യപിക്കാനായി ഹീറായില്‍ പോയിരുന്ന കവി അല്‍ഉഖൈശുറുല്‍ അസദീ (മരണം 700) റമദാന്‍ ആഗതമായപ്പോള്‍ അമ്മാവന്റെ മകന്‍ ഉസൈദുബ്‌നു ഹുദൈറിനെപ്പറ്റി (മരണം 640) പാടിയതിങ്ങനെ:
ഞാന്‍ നശിച്ചവനായി നീ കാണുന്നുവെങ്കില്‍
റമദാന്‍ മാസവും ഉസൈദിന്റെ
മതവുമാണ് എന്നെ നശിപ്പിച്ചത്.
തടിയനായിരുന്ന ബശ്ശാറുബ്‌നു ബുര്‍ദ് (714-784) റമദാന്‍ വ്രതം നിമിത്തം മെലിഞ്ഞുവെന്നു തോന്നിയപ്പോള്‍ എഴുതിയ വരികള്‍:
വ്രതത്തോട് നീ ചോദിക്കുക
എന്റെ ശരീരം നീ മെലിയിച്ചോ?
ഞങ്ങളുടെ സമയം മാസപ്പിറ
കാണുംവരേയുള്ളൂ.
ഞങ്ങളില്‍ അതുവരെ നിനക്ക്
ചെയ്യാവുന്നതൊക്കെ നീ ചെയ്‌തോ,
ശവ്വാലില്‍ എന്താണ് സംഭവിക്കുന്നതെന്ന്
നിനക്ക് കാണാം.
റമദാന്‍ സമാഗതമായപ്പോള്‍ രോഗിയായ ഇമാം ശാഫിഈയുടെ(768-820) അടുക്കല്‍ ചെന്ന പണ്ഡിതനായ ഇസ്മാഈലുബ്‌നു യഹ്‌യല്‍ മുസ്‌നീയുടെ(791-878) സാന്നിധ്യത്തില്‍ ഇമാം ശാഫിഈ പറഞ്ഞ വരികളിതാണ്:
സ്രഷ്ടാവായ നിന്നില്‍
എന്റെ ആഗ്രഹങ്ങള്‍ സമര്‍പ്പിക്കുന്നു
അനുഗ്രഹം നല്‍കുന്നവനേ,
ഞാന്‍ പാപിയും എന്റെ ഹൃദയം പരുക്കനും
കാഴ്ചപ്പാടുകള്‍ കുടുസ്സാവുകയും
ചെയ്‌തെങ്കില്‍
നിന്റെ വിട്ടുവീഴ്ചയ്ക്കുള്ള ഏണിയായി
പ്രതീക്ഷ നിലനിര്‍ത്തട്ടെ.
എന്റെ കുറ്റങ്ങള്‍ വര്‍ധിച്ചു
അത് നിന്റെ വിട്ടുവീഴ്ചയുമായി
തട്ടിച്ചുനോക്കുമ്പോള്‍ നിന്റെ
വീഴ്ചയാണ് മഹത്തരം.
എനിക്കു നീ വിട്ടുവീഴ്ച നല്‍കുന്നെങ്കില്‍
അക്രമിയും കുറ്റവാളിയുമായവനോടാണ്
എന്നോട് നീ പ്രതികാരം ചെയ്യുന്നുണ്ടെങ്കില്‍
ഞാന്‍ നിരാശപ്പെടുകയില്ല; എന്റെ പാപം
കാരണം നരകത്തില്‍ പ്രവേശിച്ചാലും.
ഇറാഖി അറബി കവിയായ ഇബ്‌നു റൂമിയുടെ (836-896) നര്‍മഭാവത്തോടെയുള്ള കവിതാ വരികള്‍:
അത്യുഷ്ണമായ ആഗസ്ത്
മാസത്തിലല്ലെങ്കില്‍
നോമ്പുമാസം അനുഗ്രഹപൂര്‍ണമാണ്.
പരലോകശിക്ഷ ഭയന്ന് ഞാന്‍ വ്രതമനുഷ്ഠിച്ചു
പക്ഷേ, സമാന ശിക്ഷ നോമ്പിലൂടെ
ഈ ലോകത്ത് അനുഭവിക്കേണ്ടിവരുന്നു.(2)
വെള്ളിനിറത്തില്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ശവ്വാല്‍ ചന്ദ്രക്കലയെ വൃദ്ധരുടെ വെളുത്തു നരച്ച പുരികത്തോട് ഇബ്‌നു റൂമി ഉപമിച്ചിരിക്കുന്നു:
അല്ലാഹുവിന്റെ ഔദാര്യത്തില്‍
നോമ്പുമാസം കഴിഞ്ഞുപോയപ്പോള്‍
പടിഞ്ഞാറന്‍ ചക്രവാളത്തില്‍
പെരുന്നാള്‍ അമ്പിളിക്കല കാണുന്ന
വയോധികന്റെ പ്രായമേറിയ നരച്ച പുരികം
പോലിരിക്കുന്നു അത്.
കുടിക്കാനും കഴിക്കാനും
ആംഗ്യം കാണിക്കുന്നയാള്‍.(3)
ഇറാഖി അറബി കവിയായ അബ്ദുല്ലാഹിബ്‌നുല്‍ മുഅ്തസ്സ് (861-908) ശവ്വാല്‍ അമ്പിളിപ്പിറയെ വ്യതിരിക്ത ഉപമയിലൂടെ ചിത്രീകരിക്കുന്നു:
ചെറിയ പെരുന്നാളിന് സ്വാഗതം
അതിന്റെ പിറയാണ് നിന്റെയടുക്കല്‍
വന്നിരിക്കുന്നത്.
ആകയാല്‍ പുലരിയില്‍ തന്നെ
സന്തോഷത്തിലേക്ക് പോവുക.
ആ പെരുന്നാള്‍ ചന്ദ്രക്കല അംബര്‍
സുഗന്ധദ്രവത്തിന്റെ ഭാരത്താല്‍
വളഞ്ഞുപോയ വെള്ളിവള്ളം പോലെയുണ്ട്(4)
സ്പാനിഷ് അറബി കവിയായ ഇബ്‌നു റുശ്ദ് ഖസ്ത്വലീ (938-1030) റമദാന്‍ മാസത്തെ കവിതയിലൂടെ വരവേല്‍ക്കുന്നുണ്ട്:
പാവ പോലുള്ളവയാണ് സമ്മാനങ്ങളായി
നിനക്കവിടെ ലഭിച്ചതെങ്കില്‍
ഇവിടെയുള്ളത് കസ്തൂരി ഭവനങ്ങളാണ്
അത് നീ സമ്മാനമായി സ്വീകരിച്ചാലും.
റജബ് മാസം നിനക്ക് ദര്‍ശനം നല്‍കിയ
ശഅ്ബാന്‍ മാസത്തിന്റെ സമ്മാനങ്ങള്‍
നീ സ്വീകരിച്ചാലും.
ശേഷം വ്രതകാലത്തേക്ക് നിന്നെ
വിധി എത്തിക്കുന്നു
അപ്പോള്‍ അതിന്റെ പരിമളവും ശോഭയും
ഒന്നും നഷ്ടപ്പെടാതെ നീ കരസ്ഥമാക്കിയാലും.
റമദാന്‍ മാസം സമാഗതമായാല്‍
സാഷ്ടാംഗത്തിലൂടെ
ദൈവസാമീപ്യം നീ കരസ്ഥമാക്കിയാലും.(5)

പ്രേയസിയെക്കുറിച്ചുള്ള ഓര്‍മയില്‍ സ്വദേഹം ഹോമിച്ച അനുരാഗിയെ മാതിരി മെലിഞ്ഞുണങ്ങി വളഞ്ഞിരിക്കുന്നുവെന്നും, അറബിയില്‍ റമദാന്‍ എന്നെഴുതുമ്പോള്‍ ആ വാക്കിലെ പ്രഥമ അക്ഷരമായ റാഅ് പോലെയാണ് അമ്പിളിക്കീറിന്റെ വളവ് എന്നും ഉപമിക്കുകയാണ് സ്പാനിഷ് അറബി കവിയായ ഇബ്‌നു ഹംദീസ് സ്വഖ്‌ലീ (1053-1133):
മനുഷ്യര്‍ ചന്ദ്രക്കല വീക്ഷിച്ചുകൊണ്ടിരിക്കുന്ന
സന്ദര്‍ഭത്തില്‍ ഞാന്‍ പറഞ്ഞു:
പ്രണയാവേശത്താല്‍ ശരീരം
മെലിഞ്ഞൊട്ടിയവനെപ്പോലെയാണ്
ആ അമ്പിളിക്കീറ്.
നോമ്പുകാരന്‍ അറിയണം:
മാനവര്‍ ദര്‍ശിക്കും വിധം
റമദാന്‍ സ്വന്തം പേരിന്റെ പ്രഥമാക്ഷരം
വെളിച്ചത്താല്‍ രേഖപ്പെടുത്തിയിരിക്കുന്നു.(6)
സ്പാനിഷ് അറബി കവിയായ അബൂബക്ര്‍ അത്വിയ്യ (1088-1146) നോമ്പിന്റെ ചൈതന്യം വരികളില്‍ കുറിച്ചിട്ടു:
എന്റെ കേള്‍വിയില്‍ ബധിരതയില്ലെങ്കില്‍
എന്റെ കണ്ണിമകള്‍ക്ക് മൂടി വീണില്ലെങ്കില്‍
എന്റെ സംസാരത്തില്‍ അടക്കവുമില്ലെങ്കില്‍
പിന്നെ എന്റെ നോമ്പില്‍ നിന്ന്
എനിക്കുള്ള ഓഹരി
വിശപ്പും ദാഹവും മാത്രമേ ഉണ്ടാവൂ.
ഞാന്‍ നോമ്പെടുത്തിരിക്കുന്നുവെന്ന്
പറഞ്ഞാല്‍ പോലും ഒറ്റ ദിവസവും
ഞാന്‍ യഥാര്‍ഥ വ്രതമനുഷ്ഠിച്ചിട്ടില്ല.(7)
ഈജിപ്ഷ്യന്‍ അറബി കവിയായ അലിയ്യുബ്‌നു ളാഫിര്‍ (1171-1216) മുസ്‌ലിം പ്രദേശങ്ങളിലെ തെരുവുകളിലും വീടുകളിലും മസ്ജിദുകളിലും റമദാനില്‍ തിളങ്ങുന്ന ഫാനൂസ് വിളക്കിനെപ്പറ്റി പറയുന്നുണ്ട്:
ഒരു ഫാനൂസ് വിളക്ക്
നക്ഷത്രവെളിച്ചം ചൊരിയുന്നു
അമ്മാതിരി ഒരു നക്ഷത്രം
ഇതുവരെ ഞാന്‍ ദര്‍ശിച്ചിട്ടില്ല
എന്നാല്‍ ഇതര ഗോളങ്ങളെപ്പോലെ
അത് സഞ്ചരിക്കുന്നില്ല.
അതിന്റെ തിരിയണഞ്ഞാല്‍
നോമ്പുകാരന്റെ വ്രതവും തീരും.
റമദാനിയ്യാത് കവിതകള്‍ രചിച്ച ഈജിപ്ഷ്യന്‍ അറബി കവിയാണ് അഹ്മദ് ശൗഖീ (1868-1932). അന്നപാനീയങ്ങള്‍ വെടിയുന്നതിനുപരിയായി റമദാന്‍ നോമ്പിനെ യഥാവിധി ഉള്‍ക്കൊണ്ട് നിര്‍വഹിക്കാന്‍ പ്രേരണ നല്‍കുന്നതാണ് അദ്ദേഹത്തിന്റെ വരികള്‍:
ആദരണീയ മാസത്തില്‍
ഉപവാസം പതിവാക്കിയവനേ,
അതില്‍ ഒരു ദിനമെങ്കിലും പരദൂഷണവും
ഏഷണിയും മുക്തമായ വ്രതമാകട്ടെ.
നമസ്‌കാരം നിലനിര്‍ത്തുക, വ്രതത്തിനു മുമ്പ്
എല്ലാ വൃത്തികേടില്‍ നിന്നും മുക്തനാവുക.(8)
ഇറാഖി അറബി കവിയായ മഅ്‌റൂഫുര്‍റുസ്വാഫി (1875-1945) റമദാനെക്കുറിച്ച് വിമര്‍ശനം നടത്തുന്നുണ്ട്. റമദാനിന്റെ ചൈതന്യത്തിന് നിരക്കാത്ത അമിതഭോജനം പോലുള്ള കാര്യങ്ങള്‍ക്കെതിരെയാണ് കവി പ്രതികരിക്കുന്നത്:
അമിതഭോജനം നടത്തുന്നവനാണ്
മാനവരില്‍ ഏറ്റവും വലിയ വിഡ്ഢി.
അവന്റെ നിറവയറിനു മുമ്പില്‍
ബുദ്ധി തോല്‍ക്കുന്നു.
വര്‍ഷമാസകലം നോമ്പെടുക്കല്‍ പറ്റുമെങ്കില്‍
ഞാനതൊരു പതിവാക്കുമായിരുന്നു.
എന്നാല്‍ നോമ്പുതുറ വിഭവങ്ങളില്‍
ധാരാളിത്തം കാട്ടുന്നവരെപ്പോലെ
ഞാന്‍ നോമ്പനുഷ്ഠിക്കില്ല.
പകല്‍ തെളിയുമ്പോള്‍ വിശപ്പ്
അകത്തൊതുക്കി
ഇരുട്ടിയെങ്കിലെന്ന് ആഗ്രഹിച്ചുകൊണ്ടവര്‍
സ്വയം പറയും: പകല്‍വേള
ഞങ്ങളെ പട്ടിണിക്കിട്ടിട്ടുണ്ടെങ്കില്‍
രാത്രിവേളയില്‍ നിന്നോട്
ഞങ്ങള്‍ പ്രതികാരം ചെയ്യും.
നിറവയറോട് നിദ്രാവേളയില്‍ ഇടയ്ക്കിടെ
ഏമ്പക്കം വിട്ട് അവന്‍ കിടന്നുറങ്ങുന്നു.
നോമ്പെടുക്കുന്നവനോട് പറയുക:
നോമ്പുകാര്‍ വീട്ടേണ്ട ബാധ്യത
ഇങ്ങനെയാണോ നിറവേറ്റുന്നത്?

അടിക്കുറിപ്പുകള്‍

(1). അല ബകയ്തി അലല്‍ കിറാമി
ബനില്‍ കിറാമി ഊലില്‍ മമാദിന്
ക ബുകാല്‍ ഹമാമി അലാ ഫുറൂഇല്‍
ഐകി ഫില്‍ ഗുസ്‌നില്‍ ജവാനിഹ്
യബ്കീന ഹര്‍റന്‍ മുസ്തകീനാതിന്‍
യറുഹ്‌ന മഅര്‍റവാഇഹ്.
(2). ശഹ്‌റുസ്സ്വിയാമി മുബാറകുന്‍
മാലം യകുന്‍ ഫീ ശഹ്‌രി ആബ്
ഖിഫ്തുല്‍ അദാബ ഫസ്വുംതുഹു ഫ
വഖഅ്തു ഫീ നഫ്‌സില്‍ അദാബ്.
(3). വലമ്മന്‍ ഖദാ ശഹ്‌റുസ്സ്വിയാമി ബി
ഫദ്‌ലിഹി തഹല്ലാ
ഹിലാലുല്‍ ഇദ്മിന്‍ ജാനിബില്‍ ഗര്‍ബീ
കഹാജീബി ശൈഖിന്‍ ശാബ്ബ മിന്‍ ത്വൂലി ഉംരിഹീ
യുശീറു ലനാ ബിര്‍റംസി ലില്‍ അക്‌ലി വശ്ശുര്‍ബി.
(4). അഹ്‌ലന്‍ ബി ഫിത്വ്‌രിന്‍ ഖദ്അതാക ഹിലാലുഹു
ഫല്‍ ആന ഫഗ്ദൂ ഇലസ്സുറൂരി ബക്കിരി
ഫ കഅന്നമാ ഹുവ സൗറഖുന്‍ മിന്‍ ഫിദ്ദതിന്‍
ഖദ് അഥ്ഖലത്ഹു ഹമൂലതുന്‍ മിന്‍ അമ്പരി.
(5). വലഇന്‍ ഗനിംത ഹുനാക അംഥാലദ്ദുമാ
ഫഹുനാ ബുയൂതുന്‍ മിസ്‌കി ഫഗ്‌നം വന്‍തഹിബ്
തുഹ്ഫന്‍ ലിശഅ്ബാന ജലാലക വജ്ഹുഹു
ഇവദന്‍ മിനല്‍ വര്‍ദില്ലദീ അഹ്ദാ റജബ്
ഫഖ്ബല്‍ ഹദ്‌യതനാ ഫഖദ് വാഫാബിഹാ
ഖദ്‌റന്‍ ഇലാ അമദിസ്സ്വിയാമി ഇദാ വജബ്
വസ്തൗഫി ബഹ്ജതഹാ വത്വീബ നസീമിഹാ
ഫഇദാ ദനാ റമദാനു ഫസ്ജുദ് വഖ്തരിബ്
(6). ഖുല്‍തു: വന്‍നാസു യര്‍ഖുബൂന ഹിലാലന്‍
യുശ്ബുഹുസ്സ്വബ്ബ മിന്‍ നഹാഫതി ജിസ്മിഹി
മന്‍ യകുന്‍ സ്വാഇമന്‍ ഫദാ റമദാനു
ഖത്ത്വബിന്‍നൂരി ലില്‍ വറാ അവ്വലസ്മിഹി.
(7). ഇദാ ലം യകുന്‍ ഫിസ്സംഇ മിന്‍നീ
തസ്വാമുമുന്‍,
വഫീ ബസ്വരീ ഗദ്ദുന്‍, വഫീ വന്‍ത്വിഖീ സ്വുംതുന്‍
ഫഹള്ളീ ഇദന്‍ മിന്‍ സൗമീ യര്‍ജൂഉ വള്ളിമാ
വഇന്‍ ഖുല്‍തു: ഇന്‍നീ സ്വുംതു യൗമന്‍ഫമാസ്വുതു.
(8). യാമുദീമസ്‌സൗമി ഫിശ്ശഹ്‌രില്‍ കരീം
സ്വുംതു അനില്‍ ഗീബതി യൗമന്‍ വന്‍നമീം
വസ്വല്ലി സ്വലാതന്‍ മന്‍യര്‍ജൂ വയഖ്ശാ
വഖബ്‌ലസ്സൗമി സ്വൂഅന്‍ കുല്ലി ഫഹ്ശാ…

Back to Top