ഇസ്‌ലാം വിരുദ്ധത ഇന്ത്യയില്‍ ഏറ്റവും മാരക രൂപം കൈവരിച്ചതായി നോം ചോംസ്‌കി

ഇന്ത്യയില്‍ ഇസ്‌ലാം വിരുദ്ധത ഏറ്റവും മാരകരൂപം കൈവരിച്ചതായി വിഖ്യാത പണ്ഡിതന്‍ നോം ചോംസ്‌കി. ഇസ്‌ലാമോഫോബിയ രാജ്യത്ത് അതിവേഗത്തില്‍ പിടിമുറുക്കുകയാണ്. മോദി സര്‍ക്കാര്‍ ജനാധിപത്യ സംവിധാനങ്ങളെ അതിവിദഗ്ധമായി മുസ്‌ലിംവിരുദ്ധതക്കായി ഉപയോഗപ്പെടുത്തുന്നു. മോദി സര്‍ക്കാര്‍ ആസൂത്രിതമായി ഇന്ത്യന്‍ മതേതര ജനാധിപത്യത്തെ തകര്‍ക്കുകയും രാജ്യത്തെ ഒരു ഹിന്ദു വംശീയതയാക്കി മാറ്റുകയും ചെയ്യുന്നു. ഇന്ത്യയിലെ വര്‍ഗീയതയെക്കുറിച്ച് യു എസ് ആസ്ഥാനമായുള്ള പ്രവാസി സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ റെക്കോര്‍ഡ് ചെയ്ത സന്ദേശത്തിലാണ് ചോംസ്‌കിയുടെ അഭിപ്രായങ്ങള്‍ വന്നത്. ചില കാര്യങ്ങളില്‍ ഇന്ത്യ അധിനിവേശ ഫലസ്തീന് സമാനമായ രീതിയില്‍ ആയിരിക്കുന്നു. ഇന്ത്യ ഇന്ന് ഭയത്തിന്റെയും വിദ്വേഷത്തിന്റെയും ഭയാനകമായ ഇരുണ്ടതും അക്രമാസക്തവുമായ ഇടത്തിലാണ് -ചോംസ്‌കി പറഞ്ഞു.
