എന്നെ ആര്‍ക്കും ഇഷ്ടമല്ല!
ഡോ. മന്‍സൂര്‍ ഒതായി
മറ്റുള്ളവര്‍ നമ്മെ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മാതാപിതാക്കളും കുട്ടികളും കൂടപ്പിറപ്പുകളും കൂട്ടുകാരും സഹപാഠികളും സഹപ്രവര്‍ത്തകരുമൊക്കെ നാം ഇഷ്ടപ്പെടും വിധം പെരുമാറിയാല്‍ വലിയ സന്തോഷമായിരിക്കും. എന്നാല്‍ ഓരോരുത്തരും പ്രതികരിക്കുന്നതും പെരുമാറുന്നതും അവരുടെ ചിന്താഗതിയും കാഴ്ചപ്പാടും അനുസരിച്ചായിരിക്കും. ഞാന്‍ ചിന്തിക്കുന്നതേ നീയും ചിന്തിക്കാവൂ എന്ന് കൂടെയുള്ളവരെ നിര്‍ബന്ധിക്കാന്‍ നമുക്കാവില്ലല്ലോ. വേറിട്ട കഴിവുകളും അഭിരുചികളുമുള്ളവരാണ് നമ്മള്‍ മനുഷ്യര്‍. ഈ വ്യത്യാസം പെരുമാറ്റത്തിലും പ്രതികരണത്തിലും ഉണ്ടാവുകയും ചെയ്യും.
എന്നെ ആര്‍ക്കും ഇഷ്ടമല്ല എന്ന മനോഭാവത്തോടെ എല്ലാ കാര്യങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നവരെ കണ്ടിട്ടില്ലേ? നല്ല ബുദ്ധിശക്തിയുള്ളവരും മികച്ച കഴിവുള്ളവരുമായിരിക്കും ഇവര്‍. വിചാരിക്കുന്ന കാര്യങ്ങള്‍ അതുപോലെ നടപ്പാക്കണമെന്ന നിര്‍ബന്ധബുദ്ധിയുള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ നൂറു ശതമാനം ശരിയായാല്‍ മാത്രം തൃപ്തരാവുന്ന പെര്‍ഫക്ഷനിസ്റ്റുകളാവും ഇത്തരക്കാരില്‍ ഭൂരിഭാഗം പേരും. ചെറിയ കാര്യങ്ങളില്‍ പോലും വിട്ടുവീഴ്ച ചെയ്യാന്‍ പ്രയാസമായിരിക്കും ഈ ചിന്താഗതിയുള്ളവര്‍ക്ക്. മറ്റുള്ളവര്‍ കേവലം തമാശയ്ക്ക് ചെയ്യുന്ന കാര്യങ്ങള്‍ പോലും ഇവര്‍ക്ക് വലിയ അസ്വസ്ഥതയുണ്ടാക്കും. അതുകൊണ്ട് ഈ മനോഭാവക്കാര്‍ വീട്ടിലും നാട്ടിലും പ്രശ്‌നക്കാരായിരിക്കും.
കടുംപിടിത്തക്കാരും ഒട്ടും വിശാലമനസ്‌കതയില്ലാത്തവരുമായി അടുപ്പം കാണിക്കാന്‍ ആരും ഇഷ്ടപ്പെടില്ല. ആളുകള്‍ എന്തുകൊണ്ടാണ് നിങ്ങളോട് സൗഹൃദം കാണിക്കാത്തത് എന്നു ചോദിച്ചുനോക്കൂ. അല്‍പം അഭിമാനത്തോടെ തന്നെ അയാള്‍ പറയും: എന്നെ ആര്‍ക്കും വലിയ ഇഷ്ടമല്ല. ഞാന്‍ അല്‍പം കണിശക്കാരനാണ്. ഏത് തോന്ന്യാസത്തിനും കൂട്ടുനില്‍ക്കാന്‍ എന്നെ കിട്ടില്ല… ഇപ്രകാരം നീണ്ടുപോകും വിശദീകരണം. ഒരുപക്ഷേ അയാള്‍ സംസാരം നിര്‍ത്തുന്നത് ഇപ്രകാരമായിരിക്കും. നമുക്ക് പറ്റുന്ന കാര്യങ്ങളില്‍ സഹകരിക്കണം. അല്ലെങ്കില്‍ എല്ലാം ഒഴിവാക്കി മാറിനില്‍ക്കണം.
എന്നെ ആര്‍ക്കും ഇഷ്ടമല്ല എന്നു ചിന്തിക്കുന്നവരേ, നിങ്ങള്‍ സ്വയം ചോദിക്കുക: നിങ്ങളെ ആര്‍ക്കും ഇഷ്ടമല്ലേ? സത്യത്തില്‍ പലര്‍ക്കും നിങ്ങളെ ഇഷ്ടമാണ്. നിങ്ങളുടെ ആത്മാര്‍ഥതയെ ആളുകള്‍ അംഗീകരിക്കും. പക്ഷേ, എനിക്ക് എന്റെ രീതി, ഇത് പറ്റുന്നവര്‍ എന്നോടൊപ്പം നിന്നാല്‍ മതി, അല്ലാത്തവര്‍ക്ക് പോകാം തുടങ്ങിയ നിങ്ങളുടെ ശൈലിയാണ് മാറേണ്ടത്. കൂടെയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ പ്രയാസമുള്ളത് ഇത്തരം പരുക്കന്‍ രീതികളാണ്. ഗണിതശാസ്ത്ര സമവാക്യങ്ങള്‍ പോലെ മനുഷ്യര്‍ പെരുമാറണമെന്ന് പ്രതീക്ഷിക്കുന്നത് മണ്ടത്തരമല്ലേ?
വ്യത്യസ്തതകള്‍ ഉള്‍ക്കൊള്ളുന്നിടത്താണ് ജീവിതവിജയം. സദാ വാശിയും വഴക്കും പിണക്കവുമൊക്കെയായി ജീവിച്ചിട്ട് നമുക്കെന്ത് പ്രയോജനം? ആളുകളെ അറിഞ്ഞും അംഗീകരിച്ചും പെരുമാറിയാല്‍ എല്ലാവരും നമ്മെ ഇഷ്ടപ്പെടും. നമ്മള്‍ മാത്രം ശരി എന്ന ചിന്തയാണ് മാറേണ്ടത്. മുഹമ്മദ് നബി(സ)യുടെ സ്വഭാവമഹിമ പരാമര്‍ശിക്കുന്നേടത്ത് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ച കാര്യം ഏറെ പ്രസക്തമാണ്: ”നീ വളരെ സൗമ്യശീലനായത് അല്ലാഹുവില്‍ നിന്നുള്ള മഹത്തായ അനുഗ്രഹമാകുന്നു. നീ കഠിനഹൃദയനായ പരുഷസ്വഭാവിയായിരുന്നുവെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരെല്ലാം പിരിഞ്ഞുപോയതുതന്നെ” (ഖുര്‍ആന്‍ 3:159).