പരാജയങ്ങളില്ല, ഫലമേയുള്ളൂ
മന്‍സൂര്‍ ഒതായി
പോസിറ്റീവായ ചിന്തകളും വികാരങ്ങളും മനസിന് ഉന്മേഷവും ഊര്‍ജവും പകരും. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ആനന്ദത്തിനും ശുഭചിന്തകള്‍ ഒഴിച്ചുകൂടാനാവാത്തതാണ്. ടെക്‌സസ് യൂണിവേഴ്‌സിറ്റി ഗവേഷകരുടെ പഠനത്തില്‍ ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുന്നവരില്‍ പ്രതിരോധ ശേഷി കൂടുതലുള്ളതായി കണ്ടെത്തി. വാര്‍ധക്യത്തിന്റെ അവശതകള്‍ കുറവുള്ളവരും ആയു ര്‍ദൈര്‍ഘ്യം കൂടുതലുള്ളവരുമാണ് ശുഭാപ്തി വിശ്വാസക്കാര്‍.
നമ്മെ ശക്തിപ്പെടുത്തുകയും തളര്‍ത്തുകയും ചെയ്യുന്നതില്‍ ശാരീരിക ഘടനകളെക്കാള്‍ പങ്കുവഹിക്കുന്നത് മാനസിക ചിന്തകളാണ്. നല്ല ചിന്തകളും അറിവും അനുഭവങ്ങളും നമുക്ക് സന്തോഷം പകരും. മനസിന്റെ ഉന്മേഷം വീണ്ടെടുക്കാന്‍ മരുന്നുകളെക്കാള്‍ ഫലം ചെയ്യുന്നത് പോസിറ്റീവ് വികാരങ്ങളും നല്ല അനുഭവങ്ങളുമാണ്. സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുന്ന ചിന്തകളെയാണ് നാം വളര്‍ത്തേണ്ടത്. വിശ്വാസത്തിന്റെ കരുത്തുകൊണ്ട് നിഷേധാത്മക ചിന്തകളെ ഒഴിവാക്കണമെന്നാണ് ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നത്. ദൈവമാര്‍ഗത്തില്‍ ചരിക്കുന്നവര്‍ ഭയപ്പെടുകയോ ദു:ഖിതരാവുകയോ വേണ്ടെന്നു വിശ്വവേദം പഠിപ്പിക്കുന്നു. ”പിന്നീട് നിങ്ങള്‍ക്ക് എന്നില്‍ നിന്ന് മാര്‍ഗദര്‍ശനം ലഭിക്കുമ്പോള്‍, ആര്‍ ആ മാര്‍ഗദര്‍ശനത്തെ പിന്തുടരുന്നുവോ അവര്‍ ഭയപ്പെടേണ്ടതില്ല, ദു:ഖിക്കേണ്ടതുമില്ല (ഖുര്‍ആന്‍ 2:38).
ശുഭാപ്തി വിശ്വാസമുള്ളവര്‍ ഏതൊരു കാര്യത്തിലും സാധ്യത കാണുന്നവരാണ്. ലഭ്യമായ വിഭവങ്ങളില്‍ സംതൃപ്തിയും കിട്ടിയ നേട്ടങ്ങളില്‍ സന്തോഷവുമുള്ളവരാണവര്‍. മറ്റുള്ളവരുടെ ജീവിതവിഭവങ്ങളെ നോക്കി എനിക്കൊന്നുമില്ലല്ലോ എന്ന് പരിഭവിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവുന്നില്ല. ഓരോരുത്തര്‍ക്കും ദൈവഹിത പ്രകാരം കിട്ടിയ അനുഗ്രഹങ്ങളും നേട്ടങ്ങളുമാണ് ഏറ്റവും ഉത്തമം. ”അവരില്‍/ മനുഷ്യരില്‍ പല വിഭാഗങ്ങള്‍ക്ക് ജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്റെ ദൃഷ്ടികള്‍ നീ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു). നിന്റെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും”. (ഖുര്‍ആന്‍ 20:131)
സുഖവും ദു:ഖവും ജീവിതത്തിന്റെ അനിവാര്യതയാണ്. സുഖങ്ങള്‍ നമ്മെ സന്തോഷിപ്പിക്കുന്നു. ദു:ഖങ്ങളും പരാജയങ്ങളും നമ്മെ പ്രയാസപ്പെടുത്തുന്നു. ഓരോ പരാജയങ്ങളും ഒരുപാട് അനുഭവങ്ങള്‍ നല്‍കിയാണ് കടന്നുപോവുന്നത്. എന്‍ എല്‍ പി സൈക്കോളജി പ്രകാരം പരാജയം ഇല്ല തന്നെ. ഫലം മാത്രമേയുള്ളൂ. (There is no failure, but only the result). പരാജയങ്ങള്‍ താല്‍ക്കാലികമായി നമ്മെ വിഷമിപ്പിക്കുമെങ്കിലും ആത്യന്തികമായി അവയില്‍ എന്തെങ്കിലും ഗുണമുണ്ടാവും. നാം നമ്മുടെ പരിമിതമായ അറിവിന്റെ അടിസ്ഥാനത്തിലാണല്ലോ കാര്യങ്ങളെ വിലയിരുത്തുന്നത്. എല്ലാറ്റിനെക്കുറിച്ചും വ്യക്തമായി അറിയുന്നവന്‍ അല്ലാഹു മാത്രം. ”എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ദോഷകരമായിരിക്കുകയും ചെയ്‌തെന്നും വരാം. അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല.” (വി.ഖു 2:216)
ഒരാള്‍ സ്വന്തത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും നല്ല ചിന്തകള്‍ വെച്ചുപുലര്‍ത്തണം. തെളിമയാര്‍ന്ന വിശ്വാസമുണ്ടാകുമ്പോള്‍ ചിന്തകള്‍ പരിശുദ്ധമാവും. അവന് മുമ്പില്‍ ജീവിതം അര്‍ഥമുള്ളതും ലോകം നിറമുള്ളതുമായി മാറും. എന്നാല്‍ വിശ്വാസത്തിന് കളങ്കം വരുമ്പോള്‍ ഭയവും നിരാശയും കൂടെയുണ്ടാവും. അപ്പോള്‍ ലോകം അവന് മുമ്പില്‍ ഇരുണ്ടതായി മാറും. അതിനാല്‍ വിശ്വാസത്തിന്റെ വിശുദ്ധിയാല്‍ നമുക്ക് ജീവിതം മനോഹരമാക്കാം.