3 Tuesday
December 2024
2024 December 3
1446 Joumada II 1

നിശ്ശബ്ദതയുടെ നിലവിളി

എന്‍ പി ഹാഫിസ് മുഹമ്മദ്‌

ഉള്‍ക്കാഴ്ചകള്‍
(കവിതാസമാഹാരം)
നസ്‌റിന്‍ ഫിറോസ്
പ്രിന്റ്ഹൗസ് പബ്ലിക്കേഷന്‍സ്
വില 90 രൂപ


യാദൃച്ഛികമായാണ് ‘ഉള്‍ക്കാഴ്ചകള്‍’ എന്ന നസ്‌റീന്‍ ഫിറോസിന്റെ കവിതാസമാഹാരം കൈയിലെത്തുന്നത്. ഫാറൂഖ് കോളെജില്‍ പഠിച്ച 1980-82 പ്രീഡിഗ്രി ബാച്ചിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരാളിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു. നാല്‍പത് കൊല്ലക്കാലം മുമ്പ് സഹപാഠി കവിതയെഴുതിയിട്ടില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ അമ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞാണ് അവര്‍ ഇതെഴുതിയതെന്ന്, അതും കഴിഞ്ഞ രണ്ടുകൊല്ലക്കാലത്തിന്നിടയ്ക്കാണ് ഇരുപത്തിയഞ്ച് കവിതകളെഴുതിയത് എന്ന്, അപ്പോഴാണറിയുന്നത്. പഴയ സഹപാഠിയെ ആദരിക്കാനും അംഗീകരിക്കാനും ആ ബാച്ചിലെ സുഹൃത്തുക്കള്‍ തയ്യറാവുകയായിരുന്നു. പ്രിന്റ് ഹൗസ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘ഉള്‍ക്കാഴ്ചകള്‍’ കാണാനിടയായത് അങ്ങനെയാണ്. ഗ്രന്ഥകര്‍ത്താവ് നസ്‌റീന്‍ ഫിറോസ്.
ചില വിത്തുകള്‍ ഏത് ഭൂമിക്കടിയിലും എത്രയും കാലം കിടന്നാലും ഒരിക്കല്‍ മുളക്കാതിരിക്കില്ല. പാറകള്‍ക്കിടയില്‍ കിടന്നാലും വെള്ളമേതും കിട്ടാതിരുന്നാലും അത് മുളയ്ക്കും, ചെടിയാവും, മരമാവും. അതുവെര ഒരടയാളവും കാണിക്കാതെ ഭൂമണ്ഡലം സ്വയം പിളര്‍ന്ന് മുകുളത്തെ വെളിപ്പെടുത്തുകയായിരുന്നു. കവയത്രിയുടെ ജീവിതത്തിന്റെ ഗതിവിഗതികളും ദുരന്തവും അതിജീവനവും കവിതകളായി മാറുകയായിരുന്നു എന്ന് സഹൃദയര്‍ മനസ്സിലാക്കും.
വേറൊരര്‍ഥത്തില്‍ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശ്രമമായി മാറുകയായിരുന്നു നസ്‌റീന്‍ ഫിറോസിന് കവിതയെഴുത്ത്. ഒരാളിന്റെ ഹൃദയമിടിപ്പുകളാണ് ഈ കവിതകളെന്ന് വരുന്നത് അതുകൊണ്ടാണ്. ജീവിതത്തിലെ ആകസ്മികമായി വന്നെത്തുന്ന ആഘാതങ്ങളും പ്രതികൂല സാഹചര്യങ്ങളും അഭിമുഖീകരിക്കാനും അതിജീവിക്കാനും കൂടിയുള്ള ശ്രമമായിരുന്നു നസ്‌റീന്‍ ഫിറോസിന് കവിതയെഴുത്ത്.
കാമുകിയുടെ, ഭാര്യയുടെ, കുടുംബിനിയുടെ, അമ്മയുടെ, ചങ്ങാതിയുടെ, വിധവയുടെ ഗദ്ഗദങ്ങളാണ് വേദനയില്‍ വിരിയുന്ന നറുപുഷ്പങ്ങളായി ഈ കവിതാഗ്രന്ഥത്തില്‍ പരിണമിക്കുന്നത്. അറിവിന്റെ വേദന, പുകച്ചെറിഞ്ഞ ജീവിതങ്ങള്‍, ബന്ധനസ്ഥരായ ആത്മാക്കള്‍, ഹൃദയമിടിപ്പുകള്‍, ഹൃദയത്തിന്റെ നുറുങ്ങുകള്‍ തുടങ്ങിയ കവിതകള്‍ ഈയൊരു അനുഭവത്തിന്റെ നേര്‍ച്ചിത്രങ്ങളാണ്.
‘ഭ്രാന്തീ’ എന്ന കവിതയില്‍, ഒരു സ്ത്രീ കാത്തുസൂക്ഷിച്ച മാറാപ്പ് മറ്റുള്ളോര്‍ തുറന്നുനോക്കിയപ്പോള്‍ സ്വപ്‌നങ്ങളുടെ വര്‍ണപുഷ്പങ്ങളാണ് കാണുന്നത്. കടലിന്നടിയില്‍ കാലം കാത്തുസൂക്ഷിച്ച അത്ഭുത ഖനികളാണ് കവയത്രി വെളിപ്പെടുത്തുന്നത്.
വര്‍ണാഭയുടെ കടലാഴങ്ങളില്‍ മുങ്ങിത്തപ്പുന്നവരാണല്ലോ കവികള്‍. തനിക്ക് കവിതയെഴുത്ത് എന്താണെന്ന് നസ്‌റീന്‍ ഫിറോസ് ഒരു വിലാസത്തില്‍ അറിയിക്കുന്നുണ്ട്. ഞാനെന്നക്കാണാതെ പോയല്ലോ എന്ന ആത്മഗതം തന്റെ സര്‍ഗശേഷിയെക്കുറിച്ചുള്ള പ്രഖ്യാപനം കൂടിയാണ്. പഴമയില്‍ നിന്ന് പുതുമയിലേക്കുള്ള വളര്‍ച്ചയോ പുനര്‍ജന്മമോ ആണ് നസ്‌റീന്‍ ഫിറോസിന് കവിത.
അത് അവരുടെ കയ്യൊപ്പ് തന്നെയാണ്. അതവര്‍ക്ക് അണയാന്‍ പോകുന്ന വിളക്കിന്റെ ജ്വലനമാണ്. പുറംകാഴ്ചകള്‍ക്കൊപ്പം വര്‍ണാഭ ചൊരിയുന്ന കാഴ്ചയാണത്. കവിത ചിലര്‍ക്ക് ജരാനരയെ നിശ്ചലമാക്കുന്ന ഔഷധമോ ബാല്യകാലത്തെ തിരിച്ചുപിടിക്കുന്ന ദിവ്യ ഉപകരണമോ ഇരുട്ടിനെ കീറിമുറിക്കുന്ന അഗ്നിജ്വാലകളോ ആണ്.
കവിതയെഴുതിക്കഴിയുമ്പോള്‍ നസ്‌റീന്‍ ഫിറോസ് ചോദിക്കുന്നു. കണ്ണാടിയിലെ ഞാന്‍, ഞാന്‍ തന്നെയോ? മനസ്സ് ഒരു കണ്ണാടിയായി മാറുന്നു. ചുറ്റുപാടുകളിലെ ഭൗതിക കാര്യങ്ങളോട് അഭിമുഖം നടത്തുമ്പോള്‍, ഗര്‍ത്തങ്ങളും കഷ്ടപ്പാടുകളും താണ്ടുമ്പോള്‍, കല്‍പനകളില്‍ രൂപംകൊള്ളുന്ന ബിംബങ്ങള്‍ കാടിനുള്ളിലെ നീരൊഴുക്കാണ്. നീര്‍കണികകളാണ്. അവ ചാലുകളായി, പുഴയായി, സമുദ്രത്തില്‍ വന്നുചേരുമ്പോള്‍, ആഞ്ഞടിച്ച് ചിതറുന്ന ജലകണികകളില്‍ വെളിച്ചം മഴവില്ലുകള്‍ പണിയുന്നു. ഏഴാകാശങ്ങളിലൊളിഞ്ഞ് നില്‍ക്കുന്ന അത്ഭുത മഴവില്ലുകളെ കാഴ്ചയാക്കുന്ന യാന്ത്രികവിദ്യയാണ് കവികളുടേത്. കവയത്രി ജലകണികകളിലെ മാരിവില്ലുകളെ പുറത്തുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു.
നസ്‌റീന്‍ ഫിറോസിന് കവിതയെഴുത്ത് ആത്മഭാഷണമാണ്. കവയത്രി മുഴുവനാകാത്ത പകലിനോടും ചുവന്നുകത്തുന്ന അസ്തമയത്തോടും പൂര്‍ത്തിയാവാത്ത ജീവിതത്തോടും കാലൊച്ച കേള്‍പ്പിക്കുന്ന മരണത്തോടും ഭാഷണം നടത്തുന്നു. പഴമകളിലെ പതിരുകള്‍ ഉപേക്ഷിക്കുന്ന, പുത്തനായതൊന്നിനെ സ്വീകരിക്കുന്ന ശ്രമം കവിതയില്‍ തെളിയുന്നു. ‘എന്റെ പെണ്‍സുഹൃത്തുക്കള്‍ക്ക് നല്‍കുന്ന സന്ദേശം കവചങ്ങള്‍ തകര്‍ത്ത് പുറത്തുവരിക’ – നസ്‌റീന്റെ കവിതകളില്‍ ഇത്തരമൊരു സന്ദേശം ആഹ്വാനമോ മുദ്രാവാക്യമോ ആകുന്നില്ല. ധ്വന്യാത്മകമായ സൂചനകളിലാണ് കവയത്രി സന്ദേശം കൈമാറുന്നത്. ആരെയും നോവിക്കാതെ, ആരെയും കുറ്റപ്പെടുത്താതെ നടത്തുന്ന ആത്മഭാഷണത്തിലാണിവ, പിറവിയെക്കുറിച്ച് പറയുമ്പോഴും വിടര്‍ന്നു നില്‍ക്കുന്നത്.
ഈ കവിതകളില്‍ പലതും പൂവിരിയും പോലെ, മഴത്തുള്ളി പിടഞ്ഞ് വീഴും പോലെ, ജലവര്‍ഷം മണല്‍ നനയ്ക്കും പോലെ, തീനാളം ഇലകള്‍ വിഴുങ്ങും പോലെ നൈസര്‍ഗികമായി നടക്കുന്ന അനുഭവങ്ങളാണ് പ്രമേയമാക്കപ്പെടുന്നത്. കവിതയില്‍ നസ്‌റീന്‍ ഫിറോസ് ഉണ്ട്. നസ്‌റീന്‍ ഫിറോസില്‍ സഹൃദയരെയും പ്രതിഫലിപ്പിക്കുന്നു. അത് ചിലപ്പോള്‍ നിശ്ശബ്ദതയുടെ നിലവിളിയായി മാറുന്നു. സര്‍ഗസൃഷ്ടി നടത്തുന്നയാള്‍ എപ്പോഴും വേറിട്ട ശബ്ദം തിരയുന്നുണ്ട്. അമ്പത്തിയഞ്ച് കഴിഞ്ഞ് കവിതയെഴുതുമ്പോള്‍ നസ്‌റീന്‍ ഫിറോസും ശ്രമിക്കുന്നത് മറ്റൊന്നിനല്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിപ്പിച്ച അധ്യാപകര്‍ക്കോ കൂടെപ്പഠിച്ച വിദ്യാര്‍ഥികള്‍ക്കോ, കവയത്രിക്ക് തന്നെയുമോ താന്‍ കവിതയുള്ളില്‍ കൊണ്ടുനടക്കുകയായിരുന്നുവെന്നറിയില്ലായിരുന്നു. ആയൊരത്ഭുതം കൂടിയാണ് ‘ഉള്‍ക്കാഴ്ചകള്‍’ ഉള്‍ക്കൊള്ളുന്നത്. കഴിഞ്ഞവര്‍ഷം വായിച്ച ഗ്രന്ഥങ്ങളില്‍ പ്രിയപ്പെട്ടതാകുന്നത്, ആ അധ്യാപകക്കൂട്ടത്തില്‍ ഞാനുണ്ടായിരുന്നല്ലോ എന്നതുകൊണ്ടു കൂടിയാണ്.

Back to Top