നിതീഷിന്റെ കളംമാറ്റം
രാജ്യം മറ്റൊരു പൊതു തെരഞ്ഞെടുപ്പിന്റെ വക്കില്‍ നില്‍ക്കെ രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ മഹാസഖ്യവുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുകയാണ്. നിതീഷ് കുമാറിന്റെ നാളിതുവരെയുള്ള രാഷ്ട്രീയ യാത്രയുടെ ചരിത്രം പരിശോധിക്കുന്നവര്‍ക്ക് ഈ കൂടുമാറ്റം അത്ഭുതമോ ആശ്ചര്യമോ ആയി തോന്നില്ലെങ്കിലും ബിജെപിക്കെതിരെ ദേശീയാടിസ്ഥാനത്തില്‍ രൂപം കൊണ്ട ഇന്ത്യ രാഷ്ട്രീയ സഖ്യത്തിനായി തുടക്കം മുതല്‍ ചരടു വലി നടത്തിയ നേതാവ് തന്നെ മറുകണ്ടം ചാടുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത കാണാതിരിക്കാന്‍ ആവില്ല. അതും നിര്‍ണായകഘട്ടത്തില്‍. മൂല്യങ്ങള്‍ക്കു മേല്‍ അധികാരഭ്രമം അധീശത്വം സ്ഥാപിക്കുന്ന രാഷ്ട്രീയത്തിലെ അപകടകരമായ കീഴ്‌വഴക്കം ദക്ഷിണേന്ത്യയില്‍ താരതമ്യേന കുറവാണെങ്കിലും ഉത്തരേന്ത്യയില്‍ അത്ര പുതുമയല്ല. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് നിതീഷ് കുമാര്‍. പല്‍തുറാം (നിലപാടില്ലാത്ത നേതാവ്) എന്നൊരു പേരു തന്നെയുണ്ട് നിതീഷിന്.
ജനതാ പാര്‍ട്ടിയിലൂടെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ചുവടുവെച്ച നിതീഷ് സമതാ പാര്‍ട്ടി രൂപീകരിച്ചാണ് സ്വന്തമായ രാഷ്ട്രീയ ചരടുവലികള്‍ക്ക് തുടക്കമിട്ടത്. പിന്നീട് ജെഡിയു രൂപീകരിച്ച് കളികള്‍ തുടര്‍ന്നു. വാജ്‌പേയ് സര്‍ക്കാറില്‍ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്ത കേന്ദ്രമന്ത്രിയായി. 14 വര്‍ഷം തുടര്‍ച്ചയായി എന്‍ ഡി എ ഘടകകക്ഷിയായി. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ള ബിജെപി തീരുമാനത്തില്‍ പ്രതിഷേധിച്ച് 2013 ല്‍ നിതീഷ് എന്‍ഡിഎ വിട്ടത് വലിയ രാഷ്ട്രീയ പ്രാധാന്യം നേടി. മോദി വിരുദ്ധവും മോദി അനുകൂലവും എന്നിങ്ങനെ ദേശീയ രാഷ്ട്രീയം രണ്ടായി വിഭജിക്കപ്പെടാന്‍ തുടങ്ങിയ കാലം. നിതീഷിന്റെ രാഷ്ട്രീയ ചുവടുമാറ്റം വലിയ ആഘോഷമാക്കപ്പെട്ടു. മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനായി സ്വയം വേഷം കെട്ടി. എന്നാല്‍ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിതീഷിനെ കാത്തിരുന്നത് വലിയ പരാജയമായിരുന്നു. ഇതോടെ തൊട്ടടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് മഹാസഖ്യം എന്ന ചരടു വലിക്ക് നിതീഷ് തുടക്കം കുറിച്ചു. ബദ്ധവൈരിയായ ലാലുപ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയേയും കോണ്‍ഗ്രസിനേയും കൂടെ നിര്‍ത്തി ബിജെപിക്കെതിരെ ബദല്‍ സഖ്യം രൂപീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. നീക്കം ഫലം കണ്ടു. മഹാസഖ്യം ബിഹാറില്‍ അധികാരത്തില്‍ എത്തി. നിതീഷ് മുഖ്യമന്ത്രിയായി.
എന്നാല്‍ രണ്ടു വര്‍ഷത്തിനുശേഷം 2017ല്‍ യൂടേണ്‍ അടിച്ച് നിതീഷ് ബി ജെ പിക്കൊപ്പം കൂടി. 2020ലെ തിരത്തെടുപ്പില്‍ ബി ജെ പിക്കൊപ്പം നിന്ന് തെരഞ്ഞെടുപ്പു നേരിട്ടു വിജയിച്ചു. 43 സീറ്റ് മാത്രം ഉണ്ടായിരുന്ന നിതീഷ് 74 സീറ്റുണ്ടായിരുന്ന ബിജെപിയില്‍ നിന്ന് മുഖ്യമന്ത്രി പദം വിലപേശി വാങ്ങി. മുഖ്യമന്ത്രിപദം ഏറ്റെടുക്കാന്‍ ബി ജെ പി രഹസ്യ നീക്കം നടത്തുന്നുണ്ടെന്ന് സൂചന ലഭിച്ചതോടെ 2022 ല്‍ നിതീഷ് വീണ്ടും മറുകണ്ടം ചാടി. ആര്‍ജെഡിക്കൊപ്പം ചേര്‍ന്നു സര്‍ക്കാറുണ്ടാക്കി മുഖ്യമന്ത്രിപദം നിതീഷ് ഭദ്രമാക്കി. പിന്നാലെ ദേശീയതലത്തില്‍ ബിജെപി വിരുദ്ധ ബദല്‍ രാഷ്ട്രീയത്തിനായി ചരടു വലികള്‍. സോണിയയേയും രാഹുല്‍ഗാന്ധിയെയും കണ്ട് വിശാല മതേതര സഖ്യത്തിനു വേണ്ടി ശ്രമം തുടങ്ങി. ബിജെപി വിരുദ്ധ രാഷ്ട്രീയ കക്ഷികളെ എല്ലാം ഒരു കുടക്കീഴില്‍ എത്തിച്ചു. പുതിയ സഖ്യമായി ഇന്ത്യ പിറന്നു. പുതിയ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനവും അതുവഴി പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വവും ആയിരുന്നു നിതീഷിന്റെ മോഹം. എന്നാല്‍ മമതാ ബാനര്‍ജി അടക്കം ഉയര്‍ത്തിയ കടുത്ത എതിര്‍പ്പില്‍ ആ മോഹം സഫലമാകില്ലെന്ന് ഉറപ്പായതോടെ വീണ്ടും കളം മാറ്റം. പ്രത്യേകിച്ച് കാരണമൊന്നും നിരത്താതെ തന്നെ മഹാസഖ്യത്തെ തള്ളി എന്‍ഡിഎക്കൊപ്പം ചേര്‍ന്ന് ബിഹാറില്‍ പുതിയ സര്‍ക്കാരുണ്ടാക്കി. അതും ഒരു പകലില്‍ തന്നെ രണ്ടു മുന്നണിയില്‍ രണ്ടു സര്‍ക്കാര്‍. ശരിക്കും ഒരു പല്‍തുറാം രാഷ്ട്രീയക്കാരനാണെന്ന് നിതീഷ് ആവര്‍ത്തിച്ചു തെളിയിച്ചു. നിധീഷ് ശരിക്കും ഒരു രാഷ്ട്രീയ പുസ്തകം തന്നെയാണ്.
സ്വജനപക്ഷപാതമോ അഴിമതിയോ ഇല്ലാത്ത ഭരണം കാഴ്ചവെക്കുന്ന മികച്ച രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ബീഹാറി ബാബു എന്ന് നിതീഷ് കുമാറിനെ വിളിച്ച ഒരു കാലമുണ്ടായിരുന്നു. അവിടെ നിന്ന് പല്‍തുറാം രാഷ്ട്രീയത്തിലേക്കുള്ള യാത്ര നിതീഷിന്റേതു മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അപചയത്തിന്റേതു കൂടിയാണ്. ഒരു രാത്രി കൊണ്ടാണ് താന്‍ പറഞ്ഞത് അത്രയും അയാള്‍ വിഴുങ്ങിയത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ ബിജെപി തയ്യാറാകുമെന്ന് കരുതുന്നില്ല. അതുകൊണ്ടുതന്നെ നിതീഷിന്റെ കളമാറ്റം ഒടുവിലത്തെതായി കാണാനുമാവില്ല. നെറികേടിന്റെ ഇത്തരം രാഷ്ട്രീയ നീക്കങ്ങളെ കാലം എങ്ങനെ വിലയിരുത്തപ്പെടുന്നു എന്നത് മാത്രമാണ്പ്രസക്തം.