നിസ്സാരം
നൗഫല്‍ പനങ്ങാട്
തൊട്ടാവാടി തൊടുത്തു വിട്ട
മൗനങ്ങളുടെ വിരല്‍ത്തുമ്പില്‍
അട്ടഹാസങ്ങളുടെ അടയാളങ്ങളുണ്ടാവും
മേഘങ്ങള്‍ക്കു മുകളില്‍
രണ്ടിതളുകള്‍
കൊഴിഞ്ഞു തീരുമ്പോഴും
അന്യമാവാത്ത ഗന്ധം പോലെ
പൂക്കളെല്ലാം വിടര്‍ന്നുകൊണ്ടേയിരിക്കും
വാടിയ വിത്തുകള്‍
മരത്തെ കെട്ടിപ്പിടിച്ചുകിടക്കും
ഉണങ്ങിയെന്നുറപ്പു വരുത്തിയാല്‍
പച്ചിലക്കാടുകള്‍ മരത്തെ പൊതിയും
മഴ പെയ്യുമ്പോള്‍ കുടഞ്ഞിട്ട
പൂക്കളോടൊട്ടിപ്പിടിച്ച്
വസന്തം വളര്‍ത്തിയ വിത്തുകള്‍
ജാതിപ്പേര് ചോദിക്കും
ജാതിയില്ലാത്ത മരമപ്പോള്‍
നാണത്തെ ഇലകൊണ്ട് ചുറ്റിവരിഞ്ഞ്
നഗ്‌നത മറക്കും
ഏകാന്തതയിലെ ഇരുട്ട്
ആള്‍മറയില്ലാത്ത
കിണറ് പോലെ മാടിവിളിക്കും
ആര്‍ക്കോ വേണ്ടിയുള്ള ചില തോന്നലുകള്‍
കൂടെ പാര്‍ക്കും
പറയാതെ പിരിഞ്ഞു പോകും
പ്രാരാബ്ധങ്ങളുടെ പാലത്തിനു മുകളിലൂടെ
പച്ച ഞരമ്പുകള്‍ ഓടിക്കളിക്കും
ഇന്നലെയുറങ്ങിപ്പോയതിന്റെ കരിഞ്ഞുണങ്ങിപ്പോയ
പാടുണ്ട്
ഉറങ്ങാതെ കാവലിരിക്കാന്‍
വെറുതെയിരിക്കുമ്പോള്‍
മൗനം കൂട്ടികൊണ്ടുപോകും
സ്വമേധയാ മരിച്ചു പോയവര്‍
നിസാരമായി ഒളിച്ചോടിപ്പോകും