24 Friday
May 2024
2024 May 24
1445 Dhoul-Qida 16

നിരോധനം ഫലപ്രദമാവുമോ?


സപ്തംബര്‍ 27-ന് പോപുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. നിരോധനത്തിനു മുമ്പ് പോപുലര്‍ ഫ്രണ്ടിന്റെ നിരവധി നേതാക്കളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുംവിധം സമൂഹത്തിലെ ഒരു വിഭാഗത്തെ റാഡിക്കലൈസ് ചെയ്യുകയും അനധികൃതമായി പണപ്പിരിവ് നടത്തുകയും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനായി അക്രമസംഭവങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ കുറ്റം. ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളെ സംബന്ധിച്ചേടത്തോളവും പോപുലര്‍ ഫ്രണ്ടിനെതിരായ ഈ കുറ്റാരോപണങ്ങള്‍ ഏറെ ഗൗരവം അര്‍ഹിക്കുന്നതാണ്. അത്തരമൊരു സംഘത്തിന് പ്രവര്‍ത്തനാനുമതി ലഭിച്ചുകൂടാ എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അതേസമയം, സമൂഹത്തെ റാഡിക്കലൈസ് ചെയ്യുക എന്ന കാര്യം പ്രത്യയശാസ്ത്രപരമായ സമീപനമാണ്. നിരോധനം കൊണ്ട് ഒരു പ്രത്യയശാസ്ത്രത്തെ നേരിടാനാവുമോ എന്ന കാര്യം സംശയമാണ്. 9/11നു ശേഷം അമേരിക്ക നടത്തിയ ‘വാര്‍ ഓണ്‍ ടെറര്‍’ സംബന്ധിച്ച നിരവധി അപഗ്രഥനങ്ങള്‍ നടന്നിട്ടുണ്ട്. അമേരിക്കയിലെ തന്നെ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കണ്ടെത്തിയത് ഒരു പ്രത്യയശാസ്ത്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതുകൊണ്ട് കാര്യമില്ല എന്നാണ്. ആശയപരവും തന്ത്രപരവുമായ നടപടികളിലൂടെ തീവ്രവാദത്തെ നേരിട്ടുകൊണ്ടു മാത്രമേ ഡീറാഡിക്കലൈസേഷന്‍ പ്രക്രിയ ഫലപ്രദമാവൂ എന്നാണ് സ്ട്രാറ്റജി വിദഗ്ധര്‍ പറയുന്നത്.
ഡീറാഡിക്കലൈസേഷന്‍ പ്രക്രിയ അഥവാ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനെ നേരിടുക എന്നത് നിയമനിര്‍വഹണ ഏജന്‍സികളുടെ മാത്രം ഉത്തരവാദിത്തമല്ല. ഭരണകൂടത്തിനും സിവില്‍ സമൂഹത്തിനും അതില്‍ ചെറുതും വലുതുമായ പങ്ക് നിര്‍വഹിക്കാനുണ്ട്. സദ്ഭരണവും ഭരണഘടനാധിഷ്ഠിതമായ മൂല്യങ്ങളും മതേതര ചിന്തകളും സമൂഹത്തില്‍ വ്യാപിപ്പിക്കുക വഴി തീവ്രവാദ ആശയങ്ങളെ നേരിടാനാവും. പോപുലര്‍ ഫ്രണ്ടിന്റെ കാര്യത്തില്‍ അത് നടത്തിയിട്ടുള്ള നിയമലംഘനങ്ങളെ ക്രിമിനല്‍ നടപടി ക്രമങ്ങളിലൂടെയും അതു മുന്നോട്ടുവെക്കുന്ന ആശയങ്ങളെ ഭരണഘടനാ മൂല്യങ്ങളെയും മുന്‍നിര്‍ത്തിയാണ് നേരിടേണ്ടത്. അതുകൊണ്ടാണ് നിരോധനം ഫലപ്രദമാവുമോ എന്ന ആശങ്ക ഉയരുന്നത്. കാരണം, ഇത്തരം സംഘടനകള്‍ നിരോധിക്കപ്പെട്ടാല്‍ മറ്റൊരു പേരില്‍ ഉയര്‍ന്നുവരാനുള്ള കാലതാമസം മാത്രമാണ് പൊതുവേ കണ്ടിട്ടുള്ളത്.
പോപുലര്‍ ഫ്രണ്ടിന്റെ നിരോധനം ഉയര്‍ത്തുന്ന ചില രാഷ്ട്രീയ ചോദ്യങ്ങളുമുണ്ട്. ആര്‍ എസ് എസും പോപുലര്‍ ഫ്രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അതിനാല്‍ ആര്‍ എസ് എസിനെയും നിരോധിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുകയുണ്ടായി. ആര്‍ എസ് എസ് മുമ്പ് നിരോധിക്കപ്പെട്ടിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ആ സംഘടനയാണ് ഇന്ന് ഇവിടത്തെ ഭരണസംവിധാനങ്ങളെ സ്വാധീനിക്കുന്നത് എന്നതുതന്നെ നിരോധനം പരിഹാരമല്ല എന്നതിന്റെ തെളിവാണ്. ആര്‍ എസ് എസിനെയും നിരോധിക്കണമെന്ന ആവശ്യം, കേവലം രാഷ്ട്രീയ പ്രസ്താവന മാത്രമായി ചുരുങ്ങിപ്പോകുമെന്ന് എല്ലാവര്‍ക്കും അറിയാം.
അതേസമയം, പോപുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ ആശയങ്ങളാണ് ആര്‍ എസ് എസിന് വഴിമരുന്നിട്ടുകൊടുക്കുന്നത് എന്നു ചിന്തിക്കുന്നവരുണ്ട്. പോപുലര്‍ ഫ്രണ്ടിനെ ചൂണ്ടിക്കാണിച്ച് ഭൂരിപക്ഷ സമൂഹം അപകടത്തിലാണ് എന്ന പ്രചാരണമാണ് ആര്‍ എസ് എസ് പലപ്പോഴും ഉപയോഗിക്കാറുള്ളത്. ഒരു നാണയത്തിന്റെ ഇരുവശങ്ങളിലൊന്ന് നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ മറുവശം സ്വാഭാവികമായി അപ്രസക്തമാകുമോ എന്നതാണ് ചോദ്യം. പോപുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പേരില്‍ ന്യൂനപക്ഷ വേട്ട ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി അടക്കം പലരും ഉണര്‍ത്തിയിട്ടുണ്ട്. മുമ്പ് സിമി നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ നിരപരാധികളായ നിരവധി മുസ്‌ലിം ചെറുപ്പക്കാരുടെ ജീവിതം വര്‍ഷങ്ങളോളം ജയിലുകളില്‍ ഹോമിക്കപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. അത്തരത്തിലൊരു വേട്ട ഈ സന്ദര്‍ഭത്തില്‍ ഉണ്ടാവരുത്.
തീവ്രവാദ-വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ ഏതായിരുന്നാലും അവയ്ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കാന്‍ പാടില്ല. പോപുലര്‍ ഫ്രണ്ട് മുന്നോട്ടുവെക്കുന്ന ആശയങ്ങളെ ആദ്യമായി എതിര്‍ക്കുന്നത് ഇസ്‌ലാഹീ പ്രസ്ഥാനം അടക്കമുള്ള മുസ്‌ലിം സംഘടനകള്‍ തന്നെയാണ്. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുന്ന, ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടതെന്ന ആശയമാണ് മുസ്‌ലിം സംഘടനകള്‍ സ്വീകരിച്ചിട്ടുള്ളത്. പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ, കേരളത്തിലെ മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍ സ്വീകരിച്ച നിലപാട് അവരുടെ ദീര്‍ഘവീക്ഷണത്തെയും പ്രത്യയശാസ്ത്ര സ്ഥൈര്യത്തെയുമാണ് കാണിക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം വ്യാപകമായി വിവേചനത്തിന് ഇരയാകുന്ന ഈ കാലത്തും, ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനമാണ് മുന്നോട്ടുള്ള വഴിയെന്ന് സിവില്‍ സമൂഹവും തിരിച്ചറിയുന്ന ഒരു ഘട്ടം കൂടിയാണിത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x