16 Wednesday
June 2021
2021 June 16
1442 Dhoul-Qida 5

നിര്‍ണയത്തിന്റെ രാത്രി അഥവാ ദിവ്യസൂര്യോദയം

ഡോ. പി എം മുസ്തഫ കൊച്ചിന്‍


‘ലൈലത്തുല്‍ ഖദ്റില്‍ ഈ ഖുര്‍ആനിനെ നാമാണ് അവതരിപ്പിച്ചത്. ലൈലത്തുല്‍ ഖദ്്ര്‍ എന്നാല്‍ എന്താണെന്ന് നിനക്ക് എന്തറിയാം? ഒരായിരം മാസങ്ങളേക്കാള്‍ ഉത്തമമാണ് ലൈലത്തുല്‍ ഖദ്്ര്‍. അന്ന് മാലാഖമാരും മാലാഖപ്രമുഖനായ പരിശുദ്ധാത്മാവും (അല്‍റൂഹ്) അവരുടെ സംരക്ഷകന്റെ അനുമതിയോടെ (ഇദ്്ന്‍) എല്ലാതരം ഉത്തരവുകളുമായി (അംര്‍) ഇറങ്ങിവരുന്നു. ആ രാത്രി പ്രഭാതോദയവേള വരെ സമാധാന സുരക്ഷയാണ്.” (ഖദ്്ര്‍ 1-5)
പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്ക് ആദ്യമായി അവതരിച്ച് കിട്ടിയ ഖുര്‍ആനിലെ പഞ്ചവചനങ്ങള്‍ (96:15) അടങ്ങുന്ന സൂറത്തുല്‍ അലഖിന്റെ തൊട്ടുശേഷമുള്ള അധ്യായമായ സൂറത്തുല്‍ ഖദ്‌റിന്റെ വിവര്‍ത്തനമാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. സൂറതുല്‍ ഖദ്ര്‍, നിര്‍ണയത്തിന്റെ അധ്യായമായി അറിയപ്പെടുന്നു. ഖുര്‍ആന്റെ പ്രാരംഭ അവതരണ വേളയായ നിര്‍ണയത്തിന്റെ രാവും അതിന് പിന്നിലെ മഹത്വത്തിന്റെ ഹേതുവും എന്താണെന്ന് ഈ അധ്യായം വ്യക്തമാക്കുന്നു. മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ മഹത്തായ സമ്മാനമാണ് ഖുര്‍ആന്‍. പ്രസ്തുത അനുഗ്രഹത്തിന് അത് അവതരിച്ച റമദാന്‍ മാസത്തില്‍ തന്നെ അതിന്റെ വക്താക്കള്‍ നന്ദി പ്രകാശിപ്പിക്കണം.
വിമര്‍ശകര്‍ക്കുള്ള മറുപടി
ഖുര്‍ആനിന്റെ അവതരണം അല്ലാഹു തന്നെയാണ് നിര്‍വഹിച്ചതെന്ന് ഉറപ്പിച്ച് പറഞ്ഞ് കൊണ്ടാണ് ഈ അധ്യായം തുടങ്ങുന്നത്. സത്യനിഷേധികളാണെങ്കില്‍ ഭിന്ന വീക്ഷണത്തിലുമാകുന്നു (51:8). ഖുര്‍ആനിന്റെയും മുഹമ്മദ് നബി(സ)യുടെയും വിമര്‍ശകര്‍ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നതിങ്ങനെയാണ്. മുഹമ്മദ് നബി(സ)യെ കുറിച്ച് വിവരദോഷികള്‍ കവിയെന്നും (21:5, 37:36, 52:30), ജാലവിദ്യക്കാരനെന്നും (10:2, 38:4, 74:24,25) ഭ്രാന്തനെന്നും(15:6, 68:51) ഖുര്‍ആന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നും (21:5) പാഴ്കിനാവുകളാണെന്നും(21:5) ആരോപിക്കുകയുണ്ടായി.
ഇതിനു മറുപടിയായി അല്ലാഹു പറയുന്നതിങ്ങനെയാണ്: മുഹമ്മദിന് കവിത നാം പഠിപ്പിച്ചിട്ടില്ല, അതിന്റെ ആവശ്യവുമില്ല (36:69), നിന്റെ കൂട്ടുകാരന്‍ ഭ്രാന്തനല്ല (81:22), നിന്റെ സംരക്ഷകന്റെ അനുഗ്രഹം കൊണ്ട് നീ ഒരു ഭ്രാന്തനല്ല (68:2), നീ ഒരു ജോത്സ്യനുമല്ല (52:29). ഖുര്‍ആന്‍ ശപിക്കപ്പെട്ട പൈശാചിക വചനമല്ല (81:25), കവി വാക്യം അല്ല (69:41), ജോത്സ്യന്റെ വാക്കുമല്ല (69:42). ഖുര്‍ആന്‍ ലോകസംരക്ഷകന്‍ തന്നെയാണ് അവതരിപ്പിച്ചത് (26:193), ലോക സംരക്ഷകനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടത് (56:80).
ഖുര്‍ആന്‍ മൊത്തം അവതരിച്ചുവോ?
റമദാന്‍ മാസത്തിലെ ലൈലത്തുല്‍ ഖദ്ര്‍ എന്ന അനുഗൃഹീതമായ രാത്രിയിലാണ് ഖുര്‍ആന്‍ അവതരിച്ചതെന്ന് ഒരിടത്തും (87:1, 44:4), മറ്റൊരിടത്ത് ഖുര്‍ആന്‍ ഒരനുഗ്രഹമായി ഒന്നിച്ച് അവതരിക്കുകയുണ്ടായിട്ടില്ലെന്നും (25:32), ഘട്ടംഘട്ടമായിട്ടാണ് അത് ഇറക്കിയതെന്നും (17:106) കാണാം. ഇവ തമ്മില്‍ വൈരുധ്യമാണെന്ന് ഖുര്‍ആന്‍ നിഷേധികള്‍ ആരോപിക്കാറുണ്ട്.
അറബി സാഹിത്യരീതിയില്‍ ഭാവാര്‍ഥമായ അല്‍മജാസുല്ലുഗവീ എന്ന ഗണത്തില്‍ അല്‍മജാസുല്‍ മുര്‍സലുല്‍ മുഫ്‌റദ് എന്ന ആലങ്കാരിക പ്രയോഗമുണ്ട്. അതിലെ കുല്ലിയ്യയ്ക്ക് ഉദാഹരണമാണ് ഇന്നാ അന്‍സല്‍നാഹു (ഇതിനെ നാമാണ് അവതരിപ്പിച്ചത്) എന്നതിലെ ഹു (ഇതിനെ) എന്ന സര്‍വനാമം. ഹു എന്നതിന്റെ മടക്കം ഖുര്‍ആനിലേക്കാണ്. അതായത് ഈ ഖുര്‍ആനിനെ നാമാണ് അവതരിപ്പിച്ചത് എന്നര്‍ഥം.
ഖുര്‍ആന്‍ എന്ന മൊത്തം (കുല്ല്) അല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ലൈലത്തുല്‍ ഖദ്റില്‍ അവതരിച്ച സൂറത്തുല്‍ അലഖിലെ ആദ്യ അഞ്ച് ആയത്തുകള്‍ എന്ന ഭാഗം (ജുസുഅ്്) മാത്രമാണ് യഥാര്‍ഥത്തില്‍ ലൈലത്തുല്‍ ഖദ്്റിനു മുഹമ്മദ് നബി(സ)ക്ക് അവതരിച്ച് കിട്ടിയത്. അതായത് മൊത്തം (കുല്ല്) പറഞ്ഞിട്ട് അതിന്റെ ഭാഗം (ജുസ്അ്) ഉദ്ദേശിക്കുന്ന ഭാഷാശൈലി. നബി(സ)ക്ക് ഖുര്‍ആന്‍ അവതരിക്കാന്‍ തുടങ്ങിയ അലഖിലെ ആദ്യത്തെ അഞ്ച് വാക്യങ്ങള്‍ റമദാനിലെ ലൈലത്തുല്‍ ഖദ്റിലാണ് ഇറങ്ങിയത്.
മറ്റൊരു നിലക്ക് പറഞ്ഞാല്‍ എന്റെ വീക്ഷണത്തിന്റെ അടിസ്ഥാന രേഖ ഖുര്‍ആനാകുന്നു എന്നു പറഞ്ഞാല്‍ ഖുര്‍ആന്‍ മൊത്തം അതിന് അടിസ്ഥാന രേഖയാണെന്നര്‍ഥമില്ല. വീക്ഷണത്തിന് ഉപോല്‍ബലകമായ ഏതാനും ആയത്തുകളാണ് അടിസ്ഥാനം എന്നര്‍ഥം. ഞാന്‍ ഖുര്‍ആന്‍ ശ്രവിച്ചു എന്നോ വായിച്ചു എന്നോ പറയണമെങ്കില്‍ ഖുര്‍ആന്‍ മൊത്തം ശ്രവിക്കണമെന്നോ മൊത്തം വായിക്കണമെന്നോ ഇല്ല. ഒരു സൂറത്തോ ഒരു ആയത്തോ ശ്രവിക്കുകയോ വായിക്കുകയോ ചെയ്താലും അതിനെക്കുറിച്ചും ഖുര്‍ആന്‍ ശ്രവിച്ചു എന്നും വായിച്ചും എന്നും ഭാഷയില്‍ പറയാവുന്നതാണ്.
ജിന്നുകള്‍ ഖുര്‍ആന്‍ പാരാണം സശ്രദ്ധം ശ്രവിച്ചു എന്ന് ഖുര്‍ആനിലുണ്ട് (72:1, 46:29). ഖുര്‍ആനിലെ മൊത്തം ആയത്തുകള്‍ കേട്ടു എന്നല്ല. ഖുര്‍ആനിലെ ഏതാനും ആയത്തുകള്‍ കേട്ടു എന്നാണ്. ഇതുമാതിരി ഖുര്‍ആനില്‍ നിന്ന് അഞ്ച് ആയത്തുകള്‍ അവതരിച്ചതിനെക്കുറിച്ച് ഖുര്‍ആനിനെ അവതരിപ്പിച്ചു എന്നു പറയാവുന്നതാണ്. റമദാനിലോ, ലൈലത്തുല്‍ ഖദ്ര്‍ ദിനത്തിലോ ഖുര്‍ആന്‍ ഒറ്റയടിക്ക് അവതരിപ്പിച്ചു എന്ന പരാമര്‍ശം ഖുര്‍ആനിലില്ല.
ഇതിനെക്കുറിച്ച് മറ്റൊരു വീക്ഷണമിതാണ്; ജ്ഞാനരേഖയാകുന്ന ലൗഹുല്‍ മഹ്്ഫൂളില്‍ നിന്ന് ഏറ്റവും അടുത്ത ആകാശത്തിലേക്ക് ഇറക്കിയത് ലൈലത്തുല്‍ ഖദ്‌റിലാണ്. പിന്നീട് സന്ദര്‍ഭവും സാഹചര്യവുമനുസരിച്ച് ഘട്ടംഘട്ടമായി ഭൂമിലോകത്തേക്ക് അത് അവതരിക്കുകയാണുണ്ടായത്. അത് കലര്‍പ്പില്ലാതെ സുരക്ഷിതമായി ജിബ്‌രീല്‍(അ) മുഖേന നിര്‍വഹിക്കപ്പെട്ടു. അതിനെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നതിങ്ങനെയാണ്: ”ഇത് ഭദ്രമാക്കപ്പെട്ട രേഖയിലെ (കിതാബ് മക്്നൂന്‍) ഖുര്‍ആന്‍ തന്നെ. പരിശുദ്ധ മാലാഖമാരല്ലാതെ അതിനെ സ്പര്‍ശിക്കുകയില്ല.” (56:77,79) ”ഖുര്‍ആന്‍ ഒരു ഉല്‍ബോധനമാണ്. ഉദ്ദേശിക്കുന്നവര്‍ക്ക് തിരിച്ചറിവ് നേടാം. മാന്യരും പുണ്യവാന്മാരുമായ ദൗത്യവാഹകരുടെ കൈകളാല്‍ ആദരണീയവും ഔന്നത്യവും പരിശുദ്ധമാക്കപ്പെട്ടതുമായ ഏടുകളിലാണത്.” (സുഹ്ഫുന്‍ മുത്വഹ്ഹറാ) (80:116)
ഏത് രാത്രി?
സംശയത്തിനിടയില്ലാത്ത വിധം ഖുര്‍ആന്‍ പറയുന്നു: ഖുര്‍ആന്‍ അവതീര്‍ണമായത് റമദാന്‍ മാസമാകുന്നു (2:186). അനുഗ്രഹ സമ്പന്നനായ അല്ലാഹു (25:1) അനുഗ്രഹ പൂര്‍ണമായ ഒരു രാത്രി (44:2) ലൈലത്തുല്‍ ഖദ്‌റില്‍ (97:1) ആണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്. ഇതില്‍ നിന്ന് ലൈലത്തുല്‍ ഖദ്ര്‍ റമദാനിലെന്ന് വ്യക്തമായി. എന്നാല്‍ റമദാനിലെ അവസാന പത്തിലെ ഈ രാത്രി ഏത് ദിനത്തിലെന്ന് മുഹമ്മദ് നബി(സ)ക്ക് കൃത്യമായി ക്ലിപ്തപ്പെടുത്തി കൊടുത്തില്ല. നിര്‍ണയത്തിന്റെ രാവ് അനിര്‍ണിതമാണ്.
രാത്രിക്ക് പ്രത്യേകതയോ?
ഏതെങ്കിലും ഒരു പ്രത്യേക സമയത്തിനോ സ്ഥാനത്തിനോ പ്രാധാന്യം കല്‍പിക്കാമോ എന്ന ന്യായമായ ചോദ്യം ഉയരാം. മനുഷ്യന്റെ വകയായി ഒരു സമയത്തിനോ സ്ഥാനത്തിനോ പ്രത്യേക പ്രാധാന്യം നിര്‍ണയിക്കാവതല്ല. എന്നാല്‍ അല്ലാഹു ശ്രേഷ്ഠത കല്‍പിച്ച മത അടയാളങ്ങളെ ബഹുമാനിക്കല്‍ ഹൃദയ ഭക്തിയുടെ ചിഹ്നമാണ്. (22:32). ഖുര്‍ആന്‍ അവതരിച്ചു എന്നത് തന്നെ ലൈലത്തുല്‍ ഖദ്്‌റിന്റെ മഹത്വത്തിന് മതിയായ ഹേതുവാണ്. ഇഹ ലോകത്തെ മാതിരി ആത്മീയ ലോകത്തിലും ചില സ്ഥാനങ്ങള്‍ക്കും സമയങ്ങള്‍ക്കും സവിശേഷ പ്രാധാന്യമുണ്ട്.
കൃഷി മേഖലയില്‍ വിതക്കാനും വിളവെടുപ്പിനും സവിശേഷ സമയമുണ്ട്. നിര്‍ണിത സമയത്തും സ്ഥലത്തും വിത്തിട്ടാല്‍ അത് മെച്ചപ്പെട്ട വിളവ്് തരും. ഓരോന്നിനും നിര്‍ണയിക്കപ്പെട്ട സമയത്തെയും സ്ഥലത്തെയും അവഗണിച്ചാല്‍ ഇതര സമയത്ത് എത്ര കാലമെടുത്താലും ഇതര സ്ഥാനത്ത് ഏത് സ്ഥലമെടുത്താലും പകരമാവില്ല. അതുമാതിരി ആത്മീയ കാര്യത്തിലും ഓരോ പ്രത്യേക അനുഷ്ഠാനങ്ങള്‍ പ്രത്യേക സമയവും സ്ഥാനവും നിര്‍ണയിച്ചിട്ടുണ്ട്. സുനിശ്ചിത സമയവും സ്ഥാനവും അവഗണിച്ചാല്‍ പകരം കൂടുതല്‍ സമയമെടുത്താലും, ഏത് സ്ഥാനമെടുത്താലും പകരമാവില്ല.
മക്കയിലെ മസ്്ജിദുല്‍ ഹറാമിനും മദീനായിലെ മസ്്ജിദുന്നബവിക്കും ബൈത്തുല്‍ മുഖദ്ദസ് എന്ന മസ്്ജിദുല്‍ അഖ്‌സയ്ക്കും ഇതര മസ്ജിദുകളെക്കാള്‍ മഹത്വമുണ്ടെന്ന് മുഹമ്മദ് നബി(സ) പറഞ്ഞിട്ടുണ്ട്. നാളുകളില്‍ അറഫാ ദിനം, ഇരു പെരുന്നാളുകള്‍, വെള്ളിയാഴ്ചകള്‍… എന്നിവയും മാസങ്ങളില്‍ റമദാനും ശ്രേഷ്ഠത കല്പിച്ച പടച്ചതമ്പുരാന്‍ ലൈലത്തുല്‍ ഖദ്്‌റിനും മഹത്വം കല്‍പിച്ചിരിക്കുന്നു.
മനുഷ്യരാശിയിലും ചരിത്രഗതിയിലും വിപ്ലവകരമായ പരിവര്‍ത്തനം സൃഷ്ടിച്ച ഖുര്‍ആന്‍ അവതരിച്ച മാസത്തെയും അതിലെ രാത്രിയെയും അല്ലാഹു ആദരിച്ചിരിക്കുന്നു. പ്രകാശത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാനയിക്കുന്ന അവസ്ഥയില്‍ നിന്ന് (2:257) ഖുര്‍ആന്‍ അവതരണത്തോടെ ഇരുട്ടറകളില്‍ നിന്ന് പ്രകാശത്തിലേക്ക് അത് നയിക്കാന്‍ തുടങ്ങി (5:16, 14:1, 57:9, 65:11). അതിന്റെ പ്രതീകമായി കൂടിയാണ് നിര്‍ണയ രാത്രിയില്‍ അജ്ഞതയുടെ ഇരുട്ടറകളില്‍ കഴിഞ്ഞ സമൂഹത്തെ അല്ലാഹുവിന്റെ വെളിച്ചമായ ഖുര്‍ആന്‍ (9:32, 61:8) കൊണ്ട് പുറത്തുകൊണ്ടുവന്നത്.
ഖുര്‍ആന്‍ ഫുര്‍ഖാനാണ്
ബുര്‍ഹാനായ ഖുര്‍ആന്‍ ഫുര്‍ഖാനാണ്. സത്യാസത്യ വിവേചനത്തിനുള്ള പ്രമാണമാണത്. സത്യം, അസത്യം, അര്‍ധസത്യം എന്നിവയെ വേര്‍തിരിക്കുന്നു. സത്യം ഗ്രഹിക്കാനും അസത്യവും അര്‍ധസത്യവും ത്യജിക്കാനുമുള്ള ത്യാജ്യ ഗ്രാഹ്യ ഗ്രന്ഥമാണ്. ഖുര്‍ആന്‍ പറയുന്നു: ജനങ്ങള്‍ക്ക് മാര്‍ഗവും നേര്‍വഴിയും സത്യത്തെയും അസത്യത്തെയും വ്യവഛേദിക്കുന്നതുമായ സുവ്യക്ത തെളിവായികൊണ്ട് ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍ (2:185). സത്യാസത്യ വിവേചനത്തിനുള്ള പ്രമാണം അവന്‍ അവതരിപ്പിച്ചു (8:4). തന്റെ ദാസന്റെ മേല്‍ സത്യാസത്യം വിവേചനത്തിനുള്ള പ്രമാണം അവതരിപ്പിച്ച അല്ലാഹു അനുഗ്രഹസമ്പന്നന്‍ (25:1). ആ രാത്രിയില്‍ യുക്തിപൂര്‍ണമായ ഓരോ കാര്യവും വേര്‍തിരിച്ച് വിവരിക്കുന്നു (44:4). സത്യാസത്യ വിവേചന ദിനത്തില്‍ ഇറക്കിയ ഖുര്‍ആനിക വചനങ്ങള്‍ എന്ന പരാമര്‍ശം സൂറത്തുല്‍ അന്‍ഫാല്‍ 41-ാം വചനത്തില്‍ കാണാം.
ജീബ്്‌രീല്‍ മാലാഖയല്ലേ?
അന്ന് മാലാഖമാരും ജിബ്്‌രീലും (റൂഹും) അവരുടെ സംരക്ഷകന്റെ അനുമതിയോടെ എല്ലാത്തരം ഉത്തരവുകളുമായി ഇറങ്ങിവരുന്നു (97:4) എന്ന വാക്യത്തിലെ ‘മാലാഖമാരും ജിബ്‌രീലും’ എന്ന പ്രയോഗത്തിന് ജിബ്‌രീല്‍ മാലാഖമാരില്‍പ്പെടില്ല എന്നാണോ മനസ്സിലാക്കേണ്ടത്?
അറബി അലങ്കാരശാസ്ത്രത്തില്‍ അത്യുക്തി കലര്‍ത്തുന്ന പ്രയോഗമാണ് ഇത്വ്്നാബ്. പ്രത്യേക ഉദ്ദേശ്യ സാധ്യത്തിനായി ഭാഷയില്‍ അധികപദങ്ങള്‍ കൊണ്ടുവരുന്നതിന്റെ സാങ്കേതിക പദമാണ് ഇത്വ്്‌നാബ്. ഇത്വ്നാബിലെ ദിക്്റുല്‍ ഖാസ് ബഉ്്ദല്‍ ആം ആണിത്. സാമാന്യത്തില്‍ (ആം) നിന്ന് വിശേഷത്തെ (ഖസ്) വേര്‍തിരിക്കുന്ന രീതിയാണിത്. മാലാഖമാര്‍ എന്ന സാമാന്യത്തോടൊപ്പം (ആം) പരിശുദ്ധാത്മാവ് (റൂഹ്്) എന്ന വിശേഷത്തെയും (ഖാസ്) പ്രത്യേകമായി ഉള്‍പ്പെടുത്തുന്ന രീതി. ഇതിന് സമാനമായ പ്രയോഗം മാലാഖമാരും റൂഹും അവരിലേക്ക് കയറിപ്പോകുന്നു (70:4) എന്നതിലും കാണാം.
മാലാഖമാരില്‍ പ്രധാനിയാണ് ജിബ്‌രീല്‍. ദൈവദൂതന്മാര്‍ക്ക് ദിവ്യദൗത്യങ്ങള്‍ എത്തിക്കുന്നത് ജിബ്‌രീലാണ്. ഹിബ്രു ഭാഷയില്‍ ദൈവദാസന്‍ (ജിബ്്ര്‍ + ഈല്‍) എന്നര്‍ഥം. വിശ്വസ്താത്മാവ് (അര്‍റൂഹുല്‍ അമീന്‍) (26:193,194), പരിശുദ്ധാത്മാവ് (റുഹുല്‍ ഖുദ്്സ്) (2:87,253, 5:110, 16:102), ആത്മാവ് (അര്‍റൂഹ്) (97:4, 70:4) എന്നീ അപരനാമങ്ങള്‍ ജിബ്‌രീല്‍ (ഗബ്രിയേല്‍) മാലാഖക്കുണ്ട്.
ജനങ്ങളുടെ പങ്കും ഭാഗധേയവും നിര്‍ണയിക്കുന്ന വെളിച്ചമായ ഖുര്‍ആനിക വചനങ്ങള്‍ അല്ലാഹുവില്‍ നിന്ന് മുഹമ്മദ് നബി (സ)യിലേക്ക് എത്തിച്ചത് ജിബ്‌രീല്‍ ആയിരുന്നു. ‘ഖുര്‍ആന്‍ കൊണ്ട് വിശ്വസ്താത്മാവ് (അല്‍റൂഹുല്‍ അമീന്‍) ഇറങ്ങിയിരിക്കുന്നു. (26:194)
പ്രകാശ മലയിലെ പ്രകാശം
അബ്ദുല്‍ മുത്തലിബിന്റെ നല്ല ചര്യയായിരുന്നു ഗുഹയില്‍ പോയി ഏകാന്തവാസം അനുഷ്ഠിക്കുക എന്നത്. മുഹമ്മദ് നബി(സ) തന്റെ 38-ാം വയസ്സ് മുതല്‍, മക്കയില്‍ നിന്ന് 5 കിലോമീറ്റര്‍ ദൂരെയുള്ള പ്രകാശമലയിലെ (ജബലുല്‍നൂര്‍) ഉച്ചിയിലുള്ള ഹിറാഗുഹയില്‍ ഏകാന്തവാസത്തിന് (തഹന്‍നുസ്, തഹന്‍നുഫ്) സമയം ചെലവഴിക്കുമായിരുന്നു. 4 മുഴം നീളവും 1.75 മുഴം വീതിയുമുള്ള ഒരു ഗുഹയാണ് ഹിറ. സമുദ്ര നിരപ്പില്‍നിന്ന് 621 മീറ്റര്‍ ഉയരത്തിലാണ് പ്രവാചകത്വത്തിന്റെ വെളിച്ചം പകര്‍ന്ന ഈ ഗുഹ.
ചാന്ദ്രവര്‍ഷം പ്രകാരം 40 വയസ്സും 6 മാസവും പൂര്‍ത്തിയായപ്പോള്‍ തന്റെ ഏകാന്ത വാസത്തിന്റെ മൂന്നാം കൊല്ലം റമദാനില്‍ ഹിറാഗുഹയില്‍ വെച്ച് ഉറങ്ങിക്കിടക്കവെ ലോകത്തിന് മൊത്തം അനുഗ്രഹവും തിരിച്ചറിവും വിധിനിര്‍ണയവുമായി അല്ലാഹു ജിബിരീലിനെ നിയോഗിച്ചു (2:97,98, 66:66) അലഖിലെ പ്രഥമ പഞ്ച വാക്യങ്ങള്‍ ദിവ്യ വെളിച്ചമായി ചൊല്ലിക്കൊടുത്തു. ഇത് എ ഡി 610-ലായിരുന്നു.
അനിര്‍ണിത രാത്രിയോ?
മുഹമ്മദ് നബി(സ)ക്ക് വഹ്‌യ് ലഭിച്ച ദിനമല്ല അദ്ദേഹം സ്വപത്‌നി ഖദീജാ(റ)യുടെ അടുക്കലെത്തിയതും ‘പുതപ്പിക്കൂ’ (സമ്മിലൂനീ) എന്നു പറഞ്ഞതും വറഖത് ബിന്‍ നൗഫലിന്റെ അടുക്കല്‍ പോയതും. അതുകൊണ്ടാണ് നബി(സ)ക്ക് മറപ്പിച്ച് കളഞ്ഞ നിര്‍ണയത്തിന്റെ രാത്രി ഖദീജാ(റ)ക്കും വറകത്തിനും നിര്‍ണയിക്കാന്‍ കഴിയാതെ പോയത്. ദിനം എന്നാണെന്ന് അനിര്‍ണിതമാണെങ്കിലും ആഴ്ച തിങ്കളാഴ്ചയാണെന്ന് ഹദീസില്‍നിന്ന് മനസ്സിലാക്കാം. തിങ്കളാഴ്ചയിലെ സുന്നത്ത് നോമ്പിനെക്കുറിച്ചന്വേഷിച്ചവരോട് നബി(സ) പറഞ്ഞത് എന്റെ ജനനവും എനിക്ക് ദിവ്യബോധനം ലഭിച്ചതും ആ ദിവസത്തിലാണെന്നാണ്. (മുസ്്ലിം, അഹ്മദ്, ഹാകിം, ബൈഹഖി). ആ റമദാനില്‍ 7,14,21,28 തിയ്യതികളിലായിരുന്നു തിങ്കളാഴ്ചകള്‍.
പ്രാര്‍ഥന എന്ന പ്രവര്‍ത്തനം
മുഹമ്മദ് നബി(സ) റമദാനിലെ അവസാനത്തെ പത്തിലെ ഖിയാമുറമദാനെയും (ബുഖാരി 1768) ഇഅ്്തികാഫിനെയും (അഹ്്മദ് 24187), പ്രാര്‍ഥനയെയും കുറിച്ച് (അഹ്മദ് 25741) പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്. അല്ലാഹുമ്മ ഇന്‍നക അഫ്്വ്വുന്‍ (അഫ്്വ്വന്‍ എന്നല്ല) തുഹിബ്ബുല്‍ അഫ്്‌വ (അഫുവ്വുന്‍ എന്നല്ല) ഫഉ്്ഫു അന്‍നീ (അല്ലാഹുവേ നീ ഏറെ മാപ്പ് നല്‍കുന്നവനാണ്, മാപ്പിനെ നീ ഇഷ്ടപ്പെടുന്നു, എനിക്ക് നീ മാപ്പ് നല്‍കിയാലും) എന്ന് പ്രാര്‍ഥിക്കാന്‍ നിര്‍ദ്ദേശിച്ചു. ഈ പ്രാര്‍ഥനയില്‍ അഫ്്‌വ് എന്നും അഫുവ്വ് എന്നും കാണാം. അത് പ്രത്യേകം ശ്രദ്ധിക്കണം. ഏറെ മാപ്പാക്കുന്നവന്‍ എന്നത് അഫുവ്വുന്‍ എന്നാണ്. അത് ഖുര്‍ആനില്‍ 4:43,99, 22:60, 58:2 എന്നീ വാക്യങ്ങളില്‍ കാണുന്ന അല്ലാഹുവിന്റെ വിശേഷണ നാമമാണ്. എന്നാല്‍ മാപ്പ് എന്നത് അഫ്്‌വ് എന്നാണുള്ളത്. ഖുര്‍ആനില്‍ സൂറത്തുല്‍ അഅ്‌റാഫ് 199-ാം വചനത്തില്‍ കാണുന്ന അഫ്‌വ് ആണത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x