5 Tuesday
August 2025
2025 August 5
1447 Safar 10

നിപയും ആരോഗ്യചിന്തകളും

ഹംസക്കോയ മലപ്പുറം

നിപ കേരളത്തില്‍ വിരുന്നെത്തുന്നത് ഇതു നാലാം തവണയാണ്. അതിതീവ്രമായ ആരോഗ്യ പ്രതിസന്ധികളാണ് നിപ സമ്മാനിക്കുന്നത്. വൈറസ് ശരീരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ മരണവാതില്‍ക്കല്‍ രോഗി എത്തിനില്‍ക്കുന്നു എന്നതാണ് നിപയെ ഇത്രമേല്‍ ഭീതിയോടെ കാണാന്‍ പ്രേരിപ്പിക്കുന്നത്.
രോഗവ്യാപനം തടയുന്നതിന്റെ മാര്‍ഗരേഖകള്‍ ലോകാരോഗ്യ സംഘടനയും കേരള സര്‍ക്കാരും പുറത്തിറക്കിയിട്ടുണ്ട്. കൊറോണക്കാലത്ത് കേരളീയര്‍ ഫലപ്രദമായി നടപ്പാക്കിയ 20 സെക്കന്റ് എടുത്തുള്ള ശാസ്ത്രീയമായ കൈകഴുകല്‍ വളരെ മികച്ച പ്രതിരോധ രീതിയാണ്. സാമൂഹിക കൂട്ടായ്മകള്‍ ഒഴിവാക്കുക, എന്‍-95 മാസ്‌കുകള്‍ ഉപയോഗിക്കുക, യാത്രകള്‍ കഴിയുന്നതും കുറയ്ക്കുക, ഷേക്ക് ഹാന്‍ഡ് നല്‍കാതിരിക്കുക, ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ പിപിഇ ഉപയോഗിക്കുക, കൈകള്‍ കൊണ്ട് മുഖത്ത് തൊടാതിരിക്കുക എന്നിവയൊക്കെ രോഗപ്രതിരോധത്തിനു ശക്തി പകരുന്ന ഘടകങ്ങളാണ്. ആശുപത്രികളില്‍ രോഗീപരിചരണ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന വസ്തുതയും കര്‍ശനമായി വിലയിരുത്തപ്പെടണം.
നിപ ബാധിതമായ സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്ന ചതഞ്ഞതോ പൊട്ടിയതോ കടിയേറ്റതോ ആയ പാടുകളുള്ള പഴങ്ങള്‍ ഒഴിവാക്കണം. അജൈവ പദാര്‍ഥങ്ങളില്‍ നിപ വൈറസിന് 2 മണിക്കൂറില്‍ കൂടുതല്‍ ജീവിച്ചിരിക്കാനാവില്ല. അതിനാല്‍ നല്ല പഴങ്ങള്‍ വൃത്തിയായി കഴുകി സമയകൃത്യത പാലിച്ച് ഉപയോഗിക്കാം.
വവ്വാല്‍ വന്നിരിക്കാന്‍ സാധ്യതയേറിയ വാഴ (വാഴക്കൂമ്പിലെ തേന്‍ വവ്വാലുകള്‍ക്ക് വളരെ പഥ്യമാണ്), തെങ്ങ് (കള്ള് വവ്വാലിന്റെ ഇഷ്ടപാനീയമാണ്) എന്നിവയില്‍ നിന്നെടുക്കുന്ന ഭക്ഷ്യവസ്തുക്കള്‍ നന്നായി കഴുകി സമയകൃത്യത പാലിച്ച് മാത്രം ഉപയോഗിക്കുക.
തെങ്ങിലും വവ്വാല്‍ പാര്‍ക്കുന്ന മരങ്ങളിലും കയറുന്നവര്‍ കൈകള്‍ കൊണ്ട് മുഖം തൊടാതിരിക്കുകയും സോപ്പ് ഉപയോഗിച്ച് നന്നായി കുളിക്കുകയും വേണം. ജാഗ്രതയാണ് നിപ പ്രതിരോധത്തിന്റെ കാതല്‍. ആകസ്മികമായി നിപ ബാധയുണ്ടായാലും എല്ലാവര്‍ക്കും രോഗം ഉണ്ടായിക്കൊള്ളണമെന്നില്ല. രോഗിയുടെ ആരോഗ്യസ്ഥിതി, രോഗാണുവിന്റെ ശേഷി, അവയുടെ അളവ്, രോഗിയുടെ പ്രതിരോധ മികവ്, മനുഷ്യരെ രോഗാതുരരാക്കുന്ന പാരിസ്ഥിതിക അനുകൂല ഘടകങ്ങള്‍ എന്നിവയൊക്കെയാണ് നിര്‍ണായക വസ്തുതകള്‍.
നമ്മുടെ നാട്ടില്‍ നിപയെന്നല്ല ഏതു രോഗങ്ങള്‍ വന്നാലും അത് തനിക്കു ബാധിക്കില്ല എന്ന തരത്തിലാണ് പൊതുജനങ്ങളുടെ ഇടപെടലുകള്‍. സ്വന്തം ആരോഗ്യത്തെക്കുറിച്ച് ബോധമില്ല എന്നത് പോകട്ടെ, ഇതരരുടെ ജീവനെക്കുറിച്ചെങ്കിലും ബോധമുള്ളവരായി നമ്മള്‍ മാറണം. ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് പൊതുജനങ്ങളുടെ ബാധ്യതയാണ്. അതു തിരിച്ചറിയാന്‍ ഇനിയെത്ര ജീവനുകള്‍ ബലി നല്‍കേണ്ടി വരുമെന്നതാണ് ചോദ്യം.

Back to Top