പ്രാമാണിക നിലപാടുകളുടെ പ്രബോധനമായിരിക്കും സമ്മേളനം
സി പി ഉമര്‍ സുല്ലമി / മുഹ്‌സിന്‍ തൃപ്പനച്ചി
? ഖുര്‍ആന്‍ വ്യാഖ്യാനം എപ്പോഴാണ് ദുര്‍വ്യാഖ്യാനമാവുന്നത്?
ഇത് പല രീതിയിലുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഖുര്‍ആനില്‍ ഇല്ലാത്ത കാര്യങ്ങള്‍ ഖുര്‍ആനുമായി കൂട്ടിച്ചേര്‍ത്തും ഉള്ളത് മറച്ചുവെച്ചും വ്യാഖ്യാനിക്കല്‍. ഉദാഹരണത്തിന്, വിശ്വാസത്തിന്റെ അടിത്തറ അല്ലാഹുവിനു മാത്രം പ്രാര്‍ഥനകള്‍ അര്‍പ്പിക്കുക എന്നതാണല്ലോ.
അല്ലാഹു അല്ലാത്തവരോടോ മരിച്ചു പോയവരോടോ പ്രാര്‍ഥിക്കാന്‍ ഖുര്‍ആനില്‍ തെളിവുണ്ടോ എന്ന ചോദ്യം പഴയകാല സംവാദങ്ങളില്‍ അലവി മൗലവി ഉന്നയിക്കാറുണ്ടായിരുന്നു. ആദ്യത്തെ വാദപ്രതിവാദത്തില്‍ പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ‘ആ ചോദ്യം അസ്ഥാനത്താണ്’ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണുണ്ടായത്. കാരണം ഖുര്‍ആനില്‍ നിന്ന് അങ്ങനെ ഒരു തെളിവ് ഉദ്ധരിക്കാന്‍ സാധിക്കില്ലായിരുന്നു. മറുപടി പറയണമെന്നു പറഞ്ഞപ്പോള്‍ ‘ഖുര്‍ആന്‍ വിരോധിക്കാത്തതുകൊണ്ട് അതാവാം’ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
‘അത് വിരോധിച്ചതിന് ഖുര്‍ആനില്‍ ദശക്കണക്കിന് തെളിവുകളുണ്ട്’ എന്നു പറഞ്ഞ് അലവി മൗലവി ഖുര്‍ആന്‍ ആയത്തുകള്‍ ഓതാന്‍ തുടങ്ങി. ഇവിടെ പതി അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍
ക്ക് ഖുര്‍ആനില്‍ വിശ്വാസമുള്ളതുകൊണ്ടുതന്നെ ഖുര്‍ആനില്‍ തെളിവുെണ്ടന്നു പറയാന്‍ തയ്യാറായില്ല. എന്നാ ല്‍ പിന്നീട് ഇകെ ഹസന്‍ മുസ്‌ല്യാരും കാന്തപുരം അബൂബ ക്കര്‍ മുസ്‌ല്യാരുമൊക്കെ ഖുര്‍ആനില്‍ ആയത്തുണ്ടെന്നു പറയാന്‍ തുടങ്ങി. അതൊരു ദുര്‍വ്യാഖ്യാനമായിരുന്നു.
അവര്‍ ഉദ്ധരിച്ച തെളിവ് ഇതായിരുന്നു: ഫലമ്മാ അഅസ്സ ഈസാ മിന്‍ഹുമുല്‍ കുഫ്‌റാ ഖാല മന്‍ അന്‍സ്വാരീ (എല്ലാവരും അവിശ്വസിച്ചു എന്ന് ഈസാ മനസ്സിലാക്കിയപ്പോള്‍ അദ്ദേഹം ചോദിച്ചു: ആരാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എന്നെ സഹായിക്കുക?) ഇതില്‍ ഒന്നാമത്തെ ദുര്‍വ്യാഖ്യാനം ഈ ആയത്തില്‍ ‘എല്ലാവരും’ എന്ന് പറഞ്ഞിട്ടില്ല എന്നതാണ്. ‘അവരില്‍ അവിശ്വാസികളുണ്ട് എന്നു മനസ്സിലാക്കിയപ്പോള്‍’ എന്നാണ്. അവരുടെ കൂട്ടത്തില്‍ രണ്ട് കൂട്ടരുമുണ്ട്. വ ആമന ത്വാഇഫത്തുന്‍ മിന്‍ ബനീ ഇസ്‌റാഈല വ കഫറ ത്വാഇഫ എന്ന് ഖുര്‍ആന്‍ മറ്റൊരിടത്ത് വിശദീകരിച്ചിട്ടുണ്ട്. ആ വിശദീകരണം ഇവര്‍ മാറ്റിവെച്ചു. എന്നിട്ട് എല്ലാവരും അവിശ്വസിച്ചപ്പോള്‍ ‘ഇനി മരിച്ചവരോടല്ലേ, ആരാണ് സഹായിക്കുക എന്ന് പറയേണ്ടത്’ എന്നു വ്യാഖ്യാനിച്ചു. അവിടെയും മറ്റൊരു വാക്ക് മുറിച്ചുമാറ്റി. ആ ആയത്തില്‍ മന്‍ അന്‍സ്വാരീ ഇലല്ലാഹ് (അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സഹായിക്കാന്‍) എന്നാണ് ഉള്ളത്. അപ്പോള്‍ ഇതാണ് ദുര്‍വ്യാഖ്യാനം.
ദുര്‍വ്യാഖ്യാനത്തിന്റെ മറ്റൊരു ഉദാഹരണം പറയാം: ആത്യന്തികമായി മറഞ്ഞ കാര്യങ്ങള്‍ (ഗൈ്വബ്) അല്ലാഹുവിനു മാത്രമേ അറിയൂ. കൂടാതെ അല്ലാഹു വഹ്‌യ് മുഖേന അറിയിച്ചുകൊടുക്കുന്നവര്‍ക്ക് മാത്രമേ ഗൈ്വബ് അറിയൂ. വഹ്‌യ് അല്ലാഹുവിന്റെ പ്രവാചകന്മാര്‍ക്കാണ് ഉണ്ടാവുക. എന്നാല്‍ അല്ലാഹുവിന്റെ ഔലിയാക്കള്‍ക്കും ഗൈ്വബ് അറിയാമെന്ന് ഇവര്‍ വാദിച്ചിരുന്നു. ഇതിനായി അവര്‍ ദുര്‍വ്യാഖ്യാനിച്ചത് ഫലാ യുഗ്ദിറു അന്‍ ഗൈബിഹി അഹദാ, ഇല്ലാ മന്‍ യര്‍തളാ (മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹുവാണ്. അല്ലാഹു ആര്‍ക്കും അത് വെളിപ്പെടുത്തിക്കൊടുക്കുകയില്ല, അവന്‍ ഇഷ്ടപ്പെട്ടവര്‍ക്കല്ലാതെ) എന്ന ആയത്താണ്. അപ്പോള്‍ ഔലിയാക്കള്‍ക്ക് ഗൈ്വബ് അറിയുമെന്നു പറയാന്‍ വേണ്ടി അല്ലാഹു ഇഷ്ടപ്പെട്ടവര്‍ക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയാമെന്ന് വ്യാഖ്യാനിച്ചു. യഥാര്‍ഥത്തില്‍ ഈ ചെയ്തത് ആയത്തിനെ ദുര്‍വ്യാഖ്യാനിക്കലാണ്.
അതിനായി ഈ ആയത്തിന്റെ ഒരു ഭാഗം ഇവര്‍ മറച്ചുവെച്ചു. ആ ആയത്തില്‍ യഥാര്‍ഥത്തില്‍ ഇല്ലാ മന്‍ യര്‍തളാ മിന്‍ റസൂലിന്‍ എന്നുകൂടിയുണ്ട്, അതായത് ‘അവന്റെ പ്രവാചകരില്‍ അവന്‍ ഇഷ്ടപ്പെട്ടവര്‍ക്ക്’ എന്നാണ് ആയത്തില്‍ പറയുന്നത്. അതായത്, ഖുര്‍ആനില്‍ നിന്ന് ഒരു ഭാഗം മറച്ചുവെച്ചോ കൂട്ടിച്ചേര്‍ത്തോ ഖുര്‍ആന്‍ വ്യക്തമാക്കിയ തത്വങ്ങള്‍ക്ക് എതിരായോ ഖുര്‍ആനിനെ തന്നിഷ്ടപ്രകാരം വ്യാഖ്യാനിക്കുന്നതാണ് ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം.

? ഹദീസ് നിഷേധവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വരുന്ന ഒരു വിഷയമാണ് ഖബര്‍ ആഹാദുകള്‍. അത് വിശദീകരിക്കാമോ?
ഖബര്‍ ആഹാദ് വിശദീകരിക്കുന്നതിനു മുമ്പ് ഹദീസ് നിഷേധം എന്താണെന്ന് മനസ്സിലാക്കണം. ഹദീസ് നിഷേധം എന്ന പ്രയോഗം തന്നെ ഈ വിഷയങ്ങളെക്കുറിച്ചുള്ള ധാരണക്കുറവു മൂലമാണ്. ഖുര്‍ആന്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് ഹദീസിനെ നിഷേധിക്കാന്‍ കഴിയില്ല. ഹദീസ് നിഷേധം എന്നു പറഞ്ഞാല്‍ ‘ഹദീസുകള്‍ പ്രാമാണികമല്ല’ എന്ന് വിശ്വസിക്കലാണ്. അല്ലാതെ, ഒരു ഹദീസ് സ്വീകാര്യമല്ല, അല്ലെങ്കില്‍ വിശ്വാസയോഗ്യമല്ല എന്നു പറയുന്നത് ഹദീസ് നിഷേധമാകില്ല.
ഹദീസുകളെ പ്രധാനമായും രണ്ടായി തരം തിരിച്ചിട്ടുണ്ട്. മഖ്ബൂലും മര്‍ദൂദും. മര്‍ദൂദ് എന്നാല്‍ തള്ളപ്പെടേണ്ടത്. മഖ്ബൂല്‍ എന്നാല്‍ സ്വീകരിക്കാവുന്നത്. മഖ്ബൂലായ ഹദീസുകളെ തന്നെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. മുതവാതിറും ഖബര്‍ ആഹാദും. മുതവാതിര്‍ എന്നത് വിശ്വാസ്യമായതും യഖീനായതുമാണ്. ഏകോപിച്ച് ഒന്നിച്ച് കളവ് പറയാന്‍ സാധ്യതയില്ലാത്ത ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും, ആദ്യം മുതല്‍ അവസാനം വരെയുള്ളവരില്‍ അവസാനിക്കുന്നത് വിശ്വസിക്കാവുന്ന ഒരു കാര്യമാവുകയും വേണം. അങ്ങനെയുള്ള മുതവാതിറേ വിശാസകാര്യങ്ങള്‍ക്ക് പറ്റുകയുള്ളൂ. ഇങ്ങനെ മുതവാതിറല്ലാത്തവ എത്ര ആളുകള്‍ റിപ്പോര്‍ട്ട് ചെയ്താലും വിശ്വസിക്കാന്‍ പറ്റില്ല.
ഉദാഹരണത്തിന് ഈസാ നബി(അ)യെ ക്രൂശിച്ചു എന്നതിന് ഒരുപാട് ആളുകളുടെ റിപ്പോര്‍ട്ട് ഉണ്ടാവാം. പക്ഷേ, ആ അറിവ് യഖീനല്ല. അതിന്റെ അവസാനത്തില്‍ വിശ്വാസയോഗ്യരല്ലാത്തവര്‍ ഉണ്ടാവാം. ഹദീസുകളുടെ വിഷയത്തിലും ഒരുപക്ഷേ ജൂതന്മാരുടെയോ മറ്റോ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായേക്കാം.
ഉദാഹരണത്തിന് സിഹ്‌റുമായി ബന്ധപ്പെട്ടത്. ഇസ്‌ലാമിക വിശ്വാസപ്രകാരം ഒന്നാമത്തെ വലിയ പാപം ശിര്‍ക്കാണ്. രണ്ടാമത്തേത് സിഹ്‌റും. ഒന്നാമത്തേതിന് ഫലമില്ല, രണ്ടാമത്തേതിന് ഫലമുണ്ടെന്നും പറയുന്നു. എന്തുകൊണ്ടാണ് ശിര്‍ക്കിന് ഹഖീഖത്തും തഅ്‌സീറും ഉണ്ടോ എന്ന് ചര്‍ച്ച ചെയ്യാത്തത്? അതിന് ഫലമില്ല എന്ന് ഖുര്‍ആന്‍ പറയുന്നു. ശിര്‍ക്ക് ചെയ്തുകൊണ്ട് അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. കഴിയുമെങ്കില്‍ അവരതൊന്ന് കാണിക്കട്ടെ എന്നു പറയുകയാണ് ഖുര്‍ആന്‍. എന്നിട്ട് അല്ലാഹു ചോദിക്കുകയാണ്: എങ്ങനെ അവര്‍ക്ക് ചെയ്യാന്‍ കഴിയും? നടക്കാന്‍ കഴിയുന്ന കാലുകളുണ്ടോ? എടുക്കാവുന്ന കൈകളുണ്ടോ? കേള്‍ക്കാവുന്ന കാതുണ്ടോ? കാണാവുന്ന കണ്ണുകളുണ്ടോ?
അപ്പോള്‍ ഏത് ശിര്‍ക്കിന്റെ ആളുകള്‍ക്കാണ് ശിര്‍ക്ക് കൊണ്ട് ഉപദ്രവമോ ഉപകാരമോ ചെയ്യാന്‍ കഴിയുക? ഇതേപോലെ തന്നെയാണ് രണ്ടാമത്തെ വലിയ പാപമായ സിഹ്ര്‍. മാരണത്തെയും ജാലവിദ്യയെയും സിഹ്ര്‍ എന്ന വാക്കുകൊണ്ട് സൂചിപ്പിക്കാറുണ്ട്. രണ്ടിനും യാഥാര്‍ഥ്യമില്ല. അപ്പോള്‍ മാരണം കൊണ്ട് ആര്‍ക്കാണ് ഉപദ്രവം ചെയ്യാന്‍ സാധിക്കുക എന്ന് ശിര്‍ക്കിനെ വെല്ലുവിളിച്ച പോലെ തന്നെ വെല്ലുവിളിക്കാന്‍ കഴിയും. നമുക്ക് നേരെ ഫലിപ്പിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ പിന്നെ മുഹമ്മദ് നബി(സ)ക്ക് എങ്ങനെയാണ് ഫലിക്കുക? അപ്പോള്‍ വിശ്വാസദാര്‍ഢ്യമുള്ള മുഹമ്മദ് നബി(സ)ക്ക് ഒരു ജൂതന്‍ സിഹ്ര്‍ ചെയ്ത് ഫലിപ്പിച്ചു എന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഹദീസ് മഖ്ബൂല്‍ ആണെന്നതുകൊണ്ട് വിശ്വാസകാര്യങ്ങള്‍ക്ക് പറ്റണമെന്നില്ല എന്നു നാം നേരത്തേ പറഞ്ഞുവല്ലോ.
ഇമാം അബൂദാവൂദ് ഉദ്ധരിച്ച ഒരു ഹദീസ് ഉണ്ട്: ”അന്‍ബിയാക്കള്‍ മരിച്ചാല്‍ അവരുടെ ശരീരം മണ്ണ് തിന്നില്ല.” അത് മണ്ണില്‍ ലയിക്കുന്നില്ലെങ്കില്‍ വേണ്ട. അതല്ലാതെ അത് കര്‍മങ്ങളെയോ വിശ്വാസങ്ങളെയോ ബാധിക്കുന്നില്ല. അത് ഖബര്‍ ആഹാദുമാണ്. അതു വെച്ച് നമുക്ക് ഒരു അമലും ചെയ്യാനില്ല. അത്തരം ഹദീസുകള്‍ എന്തിനാണ് പിന്നെ ചര്‍ച്ചയ്ക്ക് എടുക്കുന്നത്? അതുപോലെ തന്നെയാണ് സിഹ്‌റിന്റെ ഹദീസ്. ഈ ഹദീസ് പ്രചരിപ്പിക്കുന്നതുകൊണ്ട് സിഹ്ര്‍ ചെയ്യുന്നവര്‍ക്ക് പ്രചാരം കിട്ടും എന്നല്ലാതെ മറ്റെന്ത് നേട്ടമാണുള്ളത്? ഒന്നാമതായി ഇതൊരു വിശ്വാസയോഗ്യമായ ഹദീസല്ല. ശരിക്കുള്ള അറിവ് ഉണ്ടാവുന്നുമില്ല. ഇതും ഖബര്‍ ആഹാദില്‍ പെട്ടതാണ്.
വിശ്വാസ കാര്യങ്ങളില്‍ ഖുര്‍ആനും സുന്നത്തുമായി അടുത്തുനില്‍ക്കുന്നതാണ് ശൈഖുല്‍ ഇസ്‌ലാമിന്റെ നിരീക്ഷണം. അല്ലാഹുവിലുള്ള വിശ്വാസത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ശൈഖുല്‍ ഇസ്‌ലാം രേഖപ്പെടുത്തിയതു തന്നെ മിനല്‍ ഈമാനു ബില്ലാഹി വല്‍ ഈമാനു ബിമാ അഖ്ബറല്ലാഹു ഫീ കിതാബിഹി എന്നാണ്. അതായത് അല്ലാഹുവില്‍ വിശ്വസിക്കലില്‍ പെട്ടതാണ് അല്ലാഹുവിന്റെ കിതാബില്‍ എങ്ങനെയാണോ പറഞ്ഞത്, അങ്ങനെ വിശ്വസിക്കല്‍. പിന്നെ രണ്ടാമതായി പറഞ്ഞത്, വ തവാതിറ അന്‍ റസൂലില്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം. നബി(സ)യില്‍ നിന്ന് മുതവാതിറായി വന്നവയും. മുതവാതിറല്ലാത്തത് പറഞ്ഞിട്ടില്ല. ഇതൊന്നും അറിയാതെ ഹദീസ് നിഷേധം എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല.
മാത്രമല്ല, ഹദീസുകളെ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി സംശയം പ്രകടിപ്പിക്കുന്നതോ മാറ്റിവെക്കുന്നതോ ഹദീസ് നിഷേധമാണെങ്കില്‍ ഹദീസ് പണ്ഡിതന്മാരെ മുഴുവന്‍ ഹദീസ് നിഷേധികള്‍എന്നു വിളിക്കേണ്ടിവരും.
? മുജാഹിദ് സംഘടന സമ്മേളനം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഈ സമ്മേളനത്തിലൂടെ സംഘടനാപരമായ വ്യതിരിക്തത എങ്ങനെ ബോധ്യപ്പെടുത്തും?
ഏറ്റവും പ്രധാനമായി പ്രമാണങ്ങളോടുള്ള നമ്മുടെ സമീപനം ചര്‍ച്ച ചെയ്യപ്പെടും. ഒന്നാമതായി ഖുര്‍ആന്‍, പിന്നീട് പ്രവാചക ചര്യ അല്ലെങ്കില്‍ ഹദീസ് എന്നതാണ് നമ്മുടെ മുന്‍ഗണനാക്രമം. ഹദീസിന്റെ വിഷയത്തില്‍ അതിന്റെ സനദ് സഹീഹാണെങ്കില്‍ അഥവാ വിശ്വാസയോഗ്യമായ പരമ്പരയിലൂടെ വന്നതാണെങ്കില്‍ കര്‍മപരമായ കാര്യങ്ങള്‍ക്ക് അത് ഉപയോഗിക്കാം. വിശ്വാസപരമായ വിഷയങ്ങളാണെങ്കില്‍ ഇല്‍മ് ശരിയായ വിധത്തില്‍ യഖീന്‍ കിട്ടണം. അതില്ലെങ്കില്‍ അതിനു വേണ്ടി ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനം ചെയ്യാതിരിക്കുക. ഉദാഹരണത്തിന്, ഏറ്റവും വലിയ പാപമാണ് ശിര്‍ക്ക്. അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ഥിക്കലും അവന്റെ വിശേഷണങ്ങളില്‍ പങ്കു ചേര്‍ക്കലുമാണ് ശിര്‍ക്കില്‍ ഏറ്റവും പ്രധാനം. ഇതില്‍ അല്ലാഹുവിനെ പോലെ സ്വയം കഴിവുള്ള (സ്വമദിയ്യത്ത്) വേറെ ഒരാളുണ്ടെന്നു വിശ്വസിക്കലേ ശിര്‍ക്കാവുകയുള്ളൂ എന്നതാണ് സമസ്തക്കാരുടെ ഒരു വാദം. ഇതനുസരിച്ച് ലോകത്ത് മുശ്‌രിക്കുകളേ ഇല്ല എന്നു പറയേണ്ടിവരും. അത് ഇമാം റാസി വ്യക്തമായി പറഞ്ഞിട്ടുണ്ട്: ”അല്ലാഹുവിന് സമന്മാരായ പങ്കുകാരുണ്ട് എന്നു വിശ്വസിക്കുന്ന ആരും തന്നെ കഴിഞ്ഞുപോയിട്ടില്ല.” അല്ലാഹു കൊടുത്ത കഴിവ് പ്രകാരം കേള്‍ക്കുമെന്നാണ് മക്കയിലെ മുശ്‌രിക്കുകളുടെ വിശ്വാസം. ഇവരുടെ വ്യാഖ്യാന പ്രകാരം അവര്‍ പോലും മുശ്‌രിക്കുകളാവില്ല. മറ്റൊരു വാദം, മുസ്‌ലിമാണെന്നു പറഞ്ഞാല്‍ പിന്നെ ശിര്‍ക്ക് വരില്ല എന്നതാണ്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ വിശ്വസിച്ചാല്‍ പിന്നെ മുശ്‌രിക്കാവുകയില്ല, വേറെ ഇലാഹുണ്ട് എന്ന് വിശ്വസിച്ചാലേ ശിര്‍ക്കാവുകയുള്ളൂ. ഇങ്ങനെയായാല്‍ ശിര്‍ക്ക് വരുന്നു എന്ന് മുസ്‌ലിംകള്‍ക്ക് മനസ്സിലാവില്ലല്ലോ? പിന്നെ എങ്ങനെയാണ് തൗബയുണ്ടാവുക?
അതേ സമയത്ത് ഈ വാദത്തിനെതിരായി മുസ്‌ലിംകളെ കാഫിറാക്കി പറയുന്നുമുണ്ട്. മുമ്പ് അബൂബക്കര്‍ ഹാജി എന്ന വ്യക്തി ഗുരുവായൂരില്‍ പോയി തുലാഭാരം നടത്തിയതിന്റെ പേരില്‍ അയാള്‍ മുശ്‌രിക്കായി എന്ന് ഫത്‌വ നല്‍കി. അയാളെക്കൊണ്ട് ശഹാദത്ത് കലിമ ചൊല്ലിച്ചു. ഭാര്യയെ രണ്ടാമത് നിക്കാഹ് ചെയ്ത് കൊടുത്തു. അപ്പോള്‍ ഈ വാദത്തില്‍ തന്നെ ഇരട്ടത്താപ്പ് പ്രകടമാവുകയായിരുന്നു.
ഇത്തരത്തിലുള്ള വിഷയങ്ങളിലൊക്കെ ഇസ്‌ലാമിന്റെ ശരിയായ കാഴ്ചപ്പാട് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കിക്കൊടുക്കുന്നു എന്നതാണ് നമ്മുടെ പ്രസ്ഥാനത്തെ വ്യതിരിക്തമാക്കുന്നത്. ഇസ്‌ലാമിക വിഷയങ്ങളിലും സാമൂഹികമായ മറ്റു വിഷയങ്ങളിലും പ്രാമാണികമായ നമ്മുടെ നിലപാട് മനസ്സിലാക്കാന്‍ ഉതകുന്നതായിരിക്കും മുജാഹിദ് സംസ്ഥാന സമ്മേളനം. ഒപ്പം മുജാഹിദ് പ്രസ്ഥാനത്തിന്റെ പാരമ്പര്യം ബോധ്യപ്പെടുത്തുന്നതും.
