12 Thursday
December 2024
2024 December 12
1446 Joumada II 10

നിലപാടുകളിലെ അപൂര്‍വത

അലി പത്തനാപുരം


എന്നെപ്പോലെയുള്ള സാധാരണ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശിയും പിതൃതുല്യ ജേഷ്ഠനുമായിരുന്നു ഡോ. കെ അബ്ദുറഹ്മാന്‍. ഗൗരവതരമായ രോഗങ്ങള്‍ക്ക് ചികിത്സ തേടേണ്ടി വന്നവര്‍ക്ക് ഡോക്ടര്‍ എന്നും അത്താണിയായിട്ടുണ്ട്. ചികിത്സയുടെ രീതിയും സമീപനവും ഉറപ്പു വരുത്തുന്നതിന് അദ്ദേഹം ഇടപെട്ട നിരവധി അനുഭവങ്ങള്‍ എനിക്കുണ്ട്. കെ കെ മുഹമ്മദ് സുല്ലമി, അബൂബക്കര്‍ കാരക്കുന്ന്, പി ടി വീരാന്‍കുട്ടി സുല്ലമി, ഹംസ മൂത്തേടം എന്നിവരുടെ കുടുംബങ്ങള്‍ ഇപ്പോഴും അത്തരം കാര്യങ്ങള്‍ ഓര്‍ത്തെടുക്കാറുണ്ട്.
ഇസ്‌ലാമിനെയും പ്രസ്ഥാനത്തേയും എങ്ങനെ പ്രതിനിധാനം ചെയ്യണമെന്നതിന് ഡോക്ടറെ പോലെ നിലപാടുള്ള മറ്റൊരാളെ എനിക്ക് അടുത്തറിയാനായിട്ടില്ല. ലോകത്ത് നടന്നിട്ടുള്ള പരിഷ്‌കരണ പ്രസ്ഥാനങ്ങളെക്കുറിച്ചും വിപ്ലവ നായകന്‍മാരെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് ഇതിന് കാരണമായിട്ടുണ്ടാവും. പ്രാസ്ഥാനിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എന്‍ വി അബ്ദുസ്സലാം മൗലവിയെ അദ്ദേഹം ഉയര്‍ത്തി കാണിക്കും. സംഘടനാപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുന്നിടത്ത് കെ പി മുഹമ്മദ് മൗലവിയുടെ വാക്കുകളും സമീപനങ്ങളും ഉന്നയിക്കും.
വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങളുടെ ആത്മാവിന് എതിരെ തോന്നിക്കുന്ന ഹദീസുകളും പണ്ഡിത അഭിപ്രായങ്ങളും ഉന്നയിക്കുന്നതിനെ ഡോക്ടര്‍ നിശിതമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിരവധി അനുഭവങ്ങള്‍ ഉണ്ട്. ഒരിക്കല്‍ ഇസ്‌ലാഹി കാമ്പസിലെ പള്ളിയില്‍ ഞാന്‍ ഖുത്ബ നിര്‍വഹിക്കുകയാണ്. ജുമുഅ നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം പള്ളിയില്‍ പ്രാര്‍ഥനക്കുവേണ്ടി തങ്ങുന്നതിനെ പ്രേരിപ്പിച്ചും പെട്ടെന്ന് എഴുന്നേറ്റ് പോകുന്നതിനെ വിമര്‍ശിച്ചും ഖുത്ബയില്‍ ഞാന്‍ പറയുകയുണ്ടായി. നമസ്‌കാരം കഴിഞ്ഞ് അല്‍പ സമയത്തിന് ശേഷം ഡോക്ടര്‍ എന്നെ വിളിച്ചു: ”അല്ലാഹു പറഞ്ഞതിന് എതിരെ എന്തിനാണ് നീ പറയുന്നത്.” ഞാന്‍ ഒന്നും പറയാനാവാതെ പകച്ചു നിന്നുപോയി.
മഞ്ചേരിയിലെ ഒട്ടുമിക്ക സംരംഭങ്ങളുടെയും നേതൃത്വം ഡോക്ടറുടേതാണ് എന്ന വസ്തുത സ്മരിക്കുമ്പോള്‍ തന്നെ നിലപാടുകള്‍ കൊണ്ട് ഡോക്ടര്‍ നേരിട്ട ഒരു അനുഭവം കുറിക്കട്ടെ: ഇസ്‌ലാഹീ കാമ്പസും പള്ളിയും അദ്ദേഹത്തിന്റെയും മഞ്ചേരിയിലെ പ്രസ്ഥാന ബന്ധുക്കളുടെയും അധ്വാന ഫലമായി ഉയര്‍ന്നതാണ്. സംഘടനാ വിഭാഗീയതയുടെ ഫലമായി സ്ഥാപകരായ ഡോക്ടറും സുഹൃത്തുക്കളും കാമ്പസില്‍ നിന്നു പുറന്തള്ളപ്പെട്ടു. നിര്‍വികാരനായി ഡോക്ടര്‍ മേലാക്കത്ത് ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു ഷെഡ് പണിയുകയും അവിടെ നമസ്‌കാരവും പ്രവര്‍ത്തനവും കേന്ദ്രീകരിക്കുകയും ചെയ്തു.
പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് സ്ഥിരമായ ഒരു കേന്ദ്രവും പള്ളിയും സ്ഥാപിക്കുന്നതിന് പാണ്ടിക്കാട് റോഡിലെ ബസ് സ്റ്റാന്റിന് സമീപം ഭൂമി കണ്ടെത്തി. (ഇന്ന് മദീന മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലം). അതിന്റെ കാര്യങ്ങള്‍ സംസാരിക്കുന്നതിന് പി ടി വീരാന്‍കുട്ടി സുല്ലമിയുടെ നേതൃത്വത്തിലുള്ള സംഘം ഡോക്ടറുടെ കോഴിക്കോട് വസതിയിലെത്തി. ലക്ഷങ്ങള്‍ വരുന്ന പദ്ധതിയോട് ഡോക്ടര്‍ക്കുള്ള വിയോജിപ്പ് അദ്ദേഹം തുറന്നു പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ഈ സംഘത്തിനൊപ്പം സ്ഥലം സന്ദര്‍ശിച്ച് രാത്രി 10 മണിക്ക് അഭിപ്രായം രേഖപ്പെടുത്തി. നല്ല സ്ഥലമാണ്. പക്ഷേ, 15 ലക്ഷത്തിന് മുകളിലുള്ള പദ്ധതിയോട് എനിക്ക് യോജിപ്പില്ലാ എന്ന് പറഞ്ഞ് അദ്ദേഹം തിരിച്ചു പോയി. അതാണ് ഡോക്ടര്‍.
ഡോക്ടറുടെ സമയവും ആരോഗ്യവും ഏറെ പ്രയോജനപ്പെട്ട സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടതാണ് മഞ്ചേരിയിലെ നോബ്ള്‍ സ്‌കൂള്‍. വ്യത്യസ്ത വിദ്യാഭ്യാസ സംരംഭം എന്ന നിലക്ക് ഊടും പാവും നല്‍കി പരിപാലിച്ചു വരുന്നതിനിടയില്‍ സംഘടനാ വിഭാഗീയത സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്ന ഒരു സംഭവം അരങ്ങേറി. സ്‌കൂള്‍ കമ്മിറ്റി ചേരാനിരിക്കെ യോഗ മിനുട്ട്‌സ് ചിലര്‍ തട്ടിപ്പറിച്ചെടുക്കുകയും കോമ്പൗണ്ടില്‍ നിന്ന് കൊണ്ടുപോവുകയും ചെയ്തു. ജീവനു തുല്യം സ്‌നേഹിക്കുന്ന സ്ഥാപനത്തില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കും വിധം അരങ്ങേറിയ സംഭവം കേട്ടറിഞ്ഞ് സംഘടനാ നേതാക്കള്‍ സ്‌കൂളില്‍ കുതിച്ചെത്തി. വന്നവരോട് സൗമ്യമായി ചിരിച്ചു കൊണ്ട് ഡോക്ടറുടെ മറുപടി ഇങ്ങനെയായിരുന്നു: ”ഞാന്‍ സ്‌കൂള്‍ സ്വമേധയാ എ പി അബ്ദുല്‍ഖാദര്‍ മൗലവി നേതൃത്വം നല്‍കുന്ന കെ എന്‍ എമ്മിന് ഏല്‍പ്പിക്കുകയാണ്. ഇക്കാര്യം ഷാര്‍ജയിലുള്ള ഡോക്ടറെ അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍ വാക്ക് പാലിച്ചു. ഇത് കെ പി എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതാണ്. എന്നില്‍ വിശ്വാസമില്ലാ എന്നതാണ് സംഭവം സൂചിപ്പിക്കുന്നത്. എന്നില്‍ ഏല്‍പ്പിച്ച അമാനത്ത് ഞാന്‍ തിരിച്ചു നല്‍കുന്നു.” അതാണ് ഡോക്ടറുടെ നിലപാട്.
ഡോക്ടറുമായി സഹകരിച്ചു പ്രവര്‍ത്തിച്ച മേഖലയിലുള്ളവര്‍ക്ക് അദ്ദേഹം ന്യായവും സത്യവും കൈവിടാത്ത നിരവധി അവസരങ്ങള്‍ ഓര്‍ക്കാനുണ്ടാകും. കുറ്റിപ്പുറം സമ്മേളനത്തിന്റെ സംഭാവനയാണ് ഐ എം ബി (ഇന്റഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ഹുഡ്). ഐ എം ബിയുടെ മഞ്ചേരിയിലുള്ള കെട്ടിടത്തിലാണ് ജനകീയ പാലിയേറ്റീവ് കെയറിന്റെ ആദ്യ ക്ലിനിക്ക് ആരംഭിച്ചത്. 17 വര്‍ഷങ്ങള്‍ക്കു ശേഷം ക്ലിനിക്ക് നടത്തിപ്പുകാര്‍ ചെരണിയില്‍ സ്ഥലം വാങ്ങുകയും കെട്ടിടം പണിയുകയും ചെയ്തു. അതോടു കൂടി ഡോക്ടര്‍ കെട്ടിടം തിരിച്ചേല്‍പ്പിക്കുന്ന തീരുമാനം പ്രഖ്യാപിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ വിദേശ യാത്രക്ക് തയ്യാറെടുക്കുന്ന ഡോക്ടറെ ഞങ്ങള്‍ മകളുടെ അങ്ങാടിപ്പുറത്തെ വസതിയില്‍ ചെന്നു കണ്ടിരുന്നു. ഡോക്ടര്‍ എന്ന നിലക്കുള്ള സേവനം നിര്‍ത്തിയതായും ഒന്നര മാസത്തേക്ക് ഒരു യാത്രയാണെന്നും അദ്ദേഹം പറഞ്ഞു. അവിടെ അദ്ദേഹത്തിന്റെ നിലപാടിന്റെ അവസാന വാക്കുകള്‍ ഇങ്ങനെയായിരുന്നു: തിരിച്ചുവന്ന ശേഷം മഞ്ചേരിയില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. അതില്‍ നിങ്ങളെയൊക്കെ ആവശ്യമുണ്ട്. 73-ാമത്തെ വയസ്സിലും കര്‍മ്മരംഗത്തെക്കുറിച്ചുള്ള അന്വേഷണവും ആഗ്രഹവും! വിശ്രമിക്കാനിഷ്ടമില്ലാത്ത നിലപാടിന്റെ പ്രതിരൂപമായിരുന്നു ഡോക്ടര്‍. നാഥാ നീ അദ്ദേഹത്തെ അനുഗ്രഹിക്കേണമേ.

Back to Top