23 Thursday
October 2025
2025 October 23
1447 Joumada I 1

നിലപാട് തുറന്നുപറഞ്ഞ വാരിക

ടി എം അബ്ദുല്‍കരീം തൊടുപുഴ

അബൂബക്കര്‍ കാരക്കുന്ന് എഡിറ്ററായിരുന്ന കാലത്താണ് ‘തബ്‌ലീഗ് ജമാഅത്തും മുജാഹിദ് പ്രസ്ഥാനവും’ എന്നൊരു തുടര്‍ ലേഖനം ശബാബ് പ്രസിദ്ധീകരിച്ചത്. 1993 ഏപ്രില്‍ 30, മെയ് 7, മെയ് 15 ലക്കങ്ങളിലാണ് ലേഖ നം പ്രസിദ്ധീകരിച്ചത്. തബ്‌ലീഗ് ജമാഅത്തിന്റെ കൂടെ 40 ദിവസം (ഒരു ചില്ല) ‘പുറപ്പെട്ടു പോയ’ അനുഭവത്തിലായിരുന്നു ഞാന്‍ ആ ലേഖനം എഴുതിയത്.
അക്കാലത്ത് കോഴിക്കോട്ടു നിന്നും മറ്റും വിവിധ മതസംഘടനാ പ്രവര്‍ത്തകര്‍ വേഷഭൂഷാദികള്‍ കണ്ട് തബ്‌ലീഗിലേക്ക് ചേക്കേറിയിരുന്നു. കോഴിക്കോട് പാളയം മുഹ്‌യിദ്ദീന്‍ പള്ളിയില്‍ തബ്‌ലീഗ് അമീറിന്റെ ബന്ധുവായ യൂസുഫ് മുഫ്തിയുടെ (ദയൂബന്ദ്) ഒരു പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. അതോടുകൂടിയാണ് കോഴിക്കോട് നിന്നുള്ള പലരും തബ്‌ലീഗ് ജമാഅത്തില്‍ നിന്നു മോചിതമാവുന്നത്. തബ്‌ലീഗ് ജമാഅത്തുകാര്‍ പ്രചരിപ്പിക്കുന്ന ശിര്‍ക്കന്‍ ആശയങ്ങളും തസ്ബീഹ് മാല പോലെയുള്ള ബിദ്അത്തുകളും വിമര്‍ശിക്കപ്പെട്ടു. പിന്നീട് 20-8-1999ല്‍ ‘ഏര്‍വാടി: ശിര്‍ക്കിന്റെ മൊത്തവ്യാപാരകേന്ദ്രം’ എന്നൊരു ലേഖനവും ശബാബില്‍ പ്രസിദ്ധീകരിച്ചു. ഈ വര്‍ഷത്തിലാണ് 18 മനോരോഗികള്‍ ചങ്ങലയില്‍ കുടുങ്ങി മരിക്കുന്നത്. മയ്യിത്തിനെ അനുഗമിക്കുന്നതെങ്ങനെ, അന്ധവിശ്വാസത്തിനെതിരെ പടപൊരുതല്‍, മതം മനുഷ്യനെ മയക്കുന്ന കറുപ്പ്, ഇസ്‌ലാമിലും ജാതിയോ, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുസ്‌ലിം വേദിയും, ഒരഭിമുഖവും കുറേ യാഥാര്‍ഥ്യങ്ങളും, സി പി എമ്മിനോട് മൃദുസമീപനം, മാതൃകയാകുന്ന ഐക്യാഹ്വാനം, നമ്മുടെ സമരങ്ങള്‍, എന്‍ ജി ഒ യൂണിയനില്‍ ചേരാമോ, ഇടതുപക്ഷത്തിനു മൂല്യം നഷ്ടമായോ, ആരോഗ്യകരമായ വിമര്‍ശനത്തിന് അവകാശമില്ലേ, മുസ്‌ലിംകളും ഇടതുപക്ഷവും, അഭിമാനകരം ഈ നീക്കങ്ങള്‍, എല്ലാം ഒന്നെന്ന വാദം അരാഷ്ട്രീയ സന്ദേശം, ഭീകരതക്കെതിരെ വേണ്ടത് യോജിച്ച നീക്കങ്ങള്‍, മാജിക്കും അന്ധവിശ്വാസവും, എത്ര ഉദാത്തമീ മാതൃക, ശിര്‍ക്ക് ചെയ്ത മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാമോ, തബ്‌ലീഗും അല്ലാഹുവിന്റെ അശരീരിയും തുടങ്ങിയ തലക്കെട്ടുകളില്‍ കത്തുകളും കുറിപ്പുകളും പ്രസിദ്ധീകരിച്ചു. ശബാബിലേക്ക് നിരവധി സംഘടനാ വാര്‍ത്തകള്‍ അയക്കാനും സാധിച്ചിട്ടുണ്ട്. ശബാബ് എന്നും ഒരു ആവേശമായി നിലനില്‍ക്കുന്നു.

Back to Top