21 Sunday
July 2024
2024 July 21
1446 Mouharrem 14

നിലപാടുകള്‍ നിഷ്ഠയാക്കിയ രാഷ്ട്രീയാചാര്യന്‍

ഹാറൂന്‍ കക്കാട്

1994-ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ഒരു വിദ്യാഭ്യാസ സെമിനാറില്‍ വെച്ചാണ് ബി വി അബ്ദുല്ലക്കോയ എന്ന കറകളഞ്ഞ രാഷ്ട്രീയ നേതാവിനെ ആദ്യമായി കാണുന്നത്. മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്ഘാടക പ്രഭാഷകനായിരുന്നു അദ്ദേഹം. വൈജ്ഞാനിക മേഖലയെന്ന സാഗരത്തില്‍ നിന്ന് അവിരാമം അറിവ് ശേഖരിച്ച് വിദ്യാര്‍ഥികള്‍ കാലത്തിന് മുമ്പില്‍ എങ്ങനെ ഓടണം എന്നതിനുള്ള കൃത്യമായ ഉത്തരങ്ങളായിരുന്നു അന്ന് ആ പ്രഭാഷണത്തില്‍ മുഴച്ചുനിന്നത്. സെമിനാറിന് ശേഷവും അദ്ദേഹം വിദ്യാര്‍ഥികളുമായി നേരിട്ട് സംവദിച്ചു. തിരക്കുപിടിച്ച ഒരു എം പി ആയിരുന്നിട്ടും ഏറെ സമയം ചെലവഴിച്ചാണ് അദ്ദേഹം ടൗണ്‍ഹാളില്‍ നിന്നിറങ്ങിയത്.
മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട് നിന്ന് വളര്‍ന്ന് പൊതുജീവിതത്തില്‍ അനുകരണീയ അധ്യായങ്ങള്‍ രചിച്ച സംഭവബഹുലമായ ജീവിതമായിരുന്നു ബി വി അബ്ദുല്ലക്കോയ എന്ന ജനപ്രിയ നേതാവിന്റേത്. ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും വേണ്ടി ജീവിതം പൂര്‍ണമായും സമര്‍പ്പിച്ച അഭിമാനകരമായ ചരിത്രമാണ് അദ്ദേഹത്തിന്റേത്. ഉന്നതമായ ജീവിതമൂല്യങ്ങള്‍ ശിരസാവഹിച്ച് സാമൂഹിക രംഗത്ത് വ്യക്തിമുദ്ര ചാര്‍ത്തിയ പരിഷ്‌കര്‍ത്താവായിരുന്നു ബി വി അബ്ദുല്ലക്കോയ. കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ച നിരവധി സംഭവങ്ങളുടെ സൂത്രധാരന്മാരില്‍ ഒരാളാണ് അദ്ദേഹം.
കോഴിക്കോട് കുറ്റിച്ചിറ സൂപ്പിക്കാവീട്ടില്‍ അബൂബക്കര്‍ ഹാജിയുടേയും ഇടിയങ്ങര ബംഗാളവീട്ടില്‍  ഇമ്പിച്ചീബിയുടെയും മകനായി 1914 ഡിസംബര്‍ 20-നാണ് ജനനം. കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂള്‍, ആലപ്പുഴ എസ് ഡി വി. സ്‌കൂള്‍, കോഴിക്കോട് സാമൂതിരി കോളജ്, മദ്രാസ് മുഹമ്മദന്‍ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തുടര്‍ന്ന് മുംബൈ ടേണര്‍ മോറിസണ്‍ കമ്പനി, മുഗള്‍ ലൈന്‍സ് ഷിപ്പിംഗ് കമ്പനി എന്നിവയില്‍ എക്‌സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിച്ചു. എം എസ് എഫിന്റെ വളണ്ടിയറായി പ്രവര്‍ത്തിച്ചാണ് ബി വി കേരള രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.
മുംബൈയിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് സജീവ രാഷ്ട്രീയത്തിനായി ജീവിതം സമര്‍പ്പിക്കുകയായിരുന്നു. സംഘടനാ വേദികളില്‍ അദ്ദേഹത്തിന്റെ ആഹ്വാനങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. അര നൂറ്റാണ്ട് മുമ്പ് കൊയിലാണ്ടിയില്‍ നടന്ന എം എസ് എഫിന്റെ ജില്ലാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ബി വി ആയിരുന്നു. ആധുനിക വിദ്യാഭ്യാസത്തിന് നേരെ മുസ്ലിം സമുദായം പുറംതിരിഞ്ഞുനില്‍ക്കരുതെന്നും ന്യൂനപക്ഷ അവകാശ താല്‍പ്പര്യ സംരക്ഷണത്തിനുള്ള രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആ പ്രസംഗം അച്ചടിച്ച് വ്യാപകമായി വിതരണം ചെയ്യുകയുണ്ടായി.
ആരാലും പ്രശംസിക്കപ്പെടുന്ന ചടുലമായ പ്രവര്‍ത്തന ശൈലിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. തദ്ദേശഭരണ സംവിധാനത്തിലെ ഒരു പഞ്ചായത്ത് മെമ്പറാവാന്‍ പോലും അദ്ദേഹം ശ്രമിച്ചില്ല. കോഴിക്കോടിന്റെ ആദ്യത്തെ മുസ്ലിം മേയര്‍ പദവിയും ഒന്നിലേറെ തവണ കേരളത്തിന്റെ ഉപമുഖ്യമന്ത്രി പദവും പല ഭാഗങ്ങളില്‍നിന്ന് അദ്ദേഹത്തിലേക്ക് നിര്‍ബന്ധിക്കപ്പെട്ടപ്പോഴും ബി വി വഴങ്ങിയില്ല. അവസാനം ഒരു നിയോഗം പോലെ 1967ല്‍ ബി വി രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു തുടര്‍ച്ചയായി മൂന്ന് പതിറ്റാണ്ട് കാലം ബി വി രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. നിരവധി മാതൃകാപരമായ അധ്യായങ്ങള്‍ തുന്നിച്ചേര്‍ക്കാന്‍ എം പി എന്ന നിലയില്‍ അദ്ദേഹത്തിന് സാധിച്ചു. രാജ്യസഭയുടെ 120 യോഗങ്ങളില്‍ പങ്കെടുത്ത ദേശീയ റിക്കാര്‍ഡിന് ഉടമയാണ് ബി വി. ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തീകരിച്ച അംഗങ്ങളെ ആദരിക്കുന്ന ചടങ്ങില്‍, അന്നത്തെ രാഷ്ട്രപതി ആര്‍ വെങ്കിട്ടരാമന്‍ ‘ദി ഹോണറബിള്‍ എവര്‍ഗ്രീന്‍ മെമ്പര്‍’ എന്നാണ്  ബി വി അബ്ദുല്ലക്കോയയെ വിശേഷിപ്പിച്ചത്. നാലോ അഞ്ചോ മെമ്പര്‍മാര്‍ മാത്രമായിരുന്നു അന്ന് ഈ ബഹുമതിക്ക് അര്‍ഹാരായവര്‍.
53-ാം വയസ്സിലാണ് ബി വി ആദ്യമായി രാജ്യസഭയിലെത്തുന്നത്. മിതഭാഷിയായിരുന്ന ബി വി പാര്‍ലമെന്ററി മര്യാദകള്‍ കണിശമായി പാലിച്ച സാമാജികനായിരുന്നു. കേരളത്തിന്റെ വികസന കാര്യങ്ങളില്‍ ഭരണാധികാരികളുടെ ശ്രദ്ധയാകര്‍ഷിച്ചു. സഭയുടെ പല സുപ്രധാന കമ്മിറ്റികളിലും അംഗമായി.
സി എച്ച് മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മുസ്ലിംലീഗിന്റെ  സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ബി വി. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്നണിയില്‍ ലീഗിന് തുടര്‍ച്ചയായ അവഗണന നേരിട്ടപ്പോള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് സപ്തകക്ഷി മുന്നണി ഉണ്ടാക്കാനും, പില്‍ക്കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്ന് ഐക്യ ജനാധിപത്യമുന്നണി രൂപീകരിക്കാനും നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം.
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെ ജീവ നാഡിയായിരുന്നു ബി വി. അതിന്റെ പ്രസിഡന്റായി സാധാരണക്കാര്‍ക്കിടയില്‍ നിറഞ്ഞുനിന്ന കാലമാണ് തനിക്കേറ്റവും സന്തോഷം ലഭിച്ചിരുന്നത് എന്ന് ബി വി പറയാറുണ്ടായിരുന്നു. പാവപ്പെട്ടവരെ സഹായിക്കാന്‍ വെയിലത്തും മഴയത്തും പകലും രാത്രിയും നഗരവീഥികളിലെ കടകളും വീടുകളും കയറിയിറങ്ങി ഫണ്ട് സ്വരൂപിക്കുന്നതില്‍ അദ്ദേഹം മുന്നിട്ടിറങ്ങി. പ്രായാധിക്യത്തിന്റെ അവശതകള്‍ക്കിടയിലും മരണംവരെ അദ്ദേഹം ആ പുണ്യപവര്‍ത്തനം സജീവമായി സംഘടിപ്പിച്ചു.
രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ വിശ്രമമില്ലാതെ ബി വി വ്യാപൃതനായി. മുംബൈയിലെ ജീവിതമവസാനിപ്പിച്ച് കോഴിക്കോട്ട് തിരിച്ചെത്തിയപ്പോഴും മറുനാടന്‍ മലയാളി പ്രശ്‌നങ്ങളില്‍ അദ്ദേഹം സമയോചിതമായി ഇടപെട്ടു. മംഗലാപുരം, മദ്രാസ്, ബാംഗ്ലൂര്‍, മൈസൂര്‍, കല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ മലയാളി സംഘടനകളുമായി നിരന്തരം ബന്ധം പുലര്‍ത്തി. എം പി ആയിരിക്കെ ഇരുപതോളം വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍, അവിടങ്ങളിലെ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ എംബസികളുമായി ഇടപെടുകയും ഡല്‍ഹിയില്‍ തിരിച്ചെത്തിയശേഷം വിദേശ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് പരിഹാരങ്ങള്‍ കാണുകയും ചെയ്തു. രാഷ്ട്രീയ പ്രവര്‍ത്തനം സദാസമയവും മനുഷ്യരുടെ കണ്ണീരൊപ്പാനുള്ളതാണെന്ന് സ്വന്തം ജീവിതത്തിലൂടെ അടയാളപ്പെടുത്തിയ അപൂര്‍വ ദാര്‍ശനികനായിരുന്നു ബി വി.
ചെറുപ്പം മുതലേ മതഗ്രന്ഥങ്ങള്‍ ഉള്‍പ്പടെ എല്ലാ പുസ്തകങ്ങളും തേടിപ്പിടിച്ച് നന്നായി വായിക്കുന്ന പ്രകൃതക്കാരനായിരുന്നു ബി വി. കാലിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് ബി വി എ കോയ എന്ന പേരില്‍ ചന്ദ്രികയില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. 1968-ല്‍ ‘അറേബ്യന്‍ നാടുകളിലൂടെ’ എന്ന പേരില്‍ ബി വി എഴുതിയ യാത്രാ വിവരണകൃതി മലയാള മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോഴിക്കോട് സര്‍വകലാശാല സിന്റിക്കേറ്റ് അംഗം, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, ജന. സെക്രട്ടറി തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു. ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, തിരൂരങ്ങാടി പി എസ് എം ഒ കോളജ് തുടങ്ങിയവയുടെ ഭരണ സമിതി അംഗമായിരുന്ന ബി വി അഖില കേരള മുസ്ലിം കോളജ് മാനേജ്‌മെന്റ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു.
കോഴിക്കോട് കോണ്‍വെന്റ് റോഡില്‍ കോടതി കോമ്പൗണ്ടിന് ഓരംപറ്റി നിന്ന ‘കരിയാടന്‍ വില്ല’ എന്ന ബി വി അബ്ദുല്ലക്കോയയുടെ വീട് കേരള രാഷ്ട്രീയത്തിലെ പല ചരിത്ര സംഭവങ്ങള്‍ക്കും ഉദ്വേഗജനകമായ തീരുമാനങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. പല മുന്നണികള്‍ ജനിക്കുകയും നഗരസഭ കൗണ്‍സിലര്‍മാര്‍ മുതല്‍ മന്ത്രിമാര്‍ വരെ തീരുമാനിക്കപ്പെടുകയും ചെയ്തത് ഇവിടെ നിന്നായിരുന്നു. ഒന്നാമത്തെ ലീഗ്- മാര്‍ക്‌സിസ്റ്റ് ഉന്നത ചര്‍ച്ചയ്ക്കും ഈ വീട് വേദിയായി. നൂറ്റാണ്ട് പിന്നിട്ട ‘കരിയാടന്‍ വില്ല’ കാലപ്പഴക്കത്തെ തുടര്‍ന്നാണ് പൊളിച്ചത്. 1998 ജൂലായ് 15-ന് 84-ാം വയസ്സില്‍ ബി വി അബ്ദുല്ലക്കോയ എന്ന മികച്ച പാര്‍ലമെന്റേറിയന്‍ നിര്യാതനായി. കോഴിക്കോട് കണ്ണംപറമ്പ് ശ്മശാനത്തിലാണ് ഖബറടക്കിയത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x