19 Sunday
January 2025
2025 January 19
1446 Rajab 19

രാത്രി

ഫാത്തിമ സുഹാന


ഇരുളില്‍ നിലാവ്
മാഞ്ഞപ്പോള്‍
വെളിച്ചം കുടഞ്ഞിട്ട
നക്ഷത്രങ്ങളെ
ഇമ ചിമ്മാതെ
നോക്കിയിരിക്കുന്ന
നേര്‍ത്ത
നിഴലുകള്‍.
രാവിനും പകലിനും
ഇടക്ക്
കണ്ണുകളില്‍
നിറം മാഞ്ഞുപോയ
ചില നേരങ്ങള്‍.
നിഴലുകള്‍
പ്രതിമകളെ പോലെ
കൊത്തിവെച്ച
ശില്പിയെ നോക്കി
ഉറച്ചു പോയിരിക്കുന്നു.
കാറ്റും കോളുമില്ലാതെ
ഒരു രാത്രി
മൗനത്തില്‍ ആഴ്ന്നിറങ്ങുന്നു.
ഇനിയൊരു മഴ
പെയ്യില്ലെന്നറിഞ്ഞിട്ടാവണം
ആകാശമിങ്ങനെ
നക്ഷത്രങ്ങളെ
കുടഞ്ഞിട്ടത്.
ഈ രാത്രി എന്റേതായിരുന്നില്ലല്ലോ
എന്ന് ചിന്തിച്ചു
തുടങ്ങും മുന്നേ
ഉറക്കത്തിന്റെ പായ
വിരിച്ച്
സ്വപ്‌നങ്ങള്‍ തിരിഞ്ഞു കിടന്നു.
ഇങ്ങനെയും ചില
രാത്രികളുണ്ട്.
എന്നെ തേടി
ഞാന്‍ കയറിയിറങ്ങുന്ന
ചില
രാത്രികള്‍.
നിലാവില്ലാത്ത
രാത്രികള്‍.

Back to Top