ന്യൂസിലാന്റ് ഭീകരാക്രമണം: രണ്ടാംവാര്‍ഷിക ഓര്‍മദിനമാചരിച്ചു മുസ്‌ലിംകളെ പിന്തുണക്കേണ്ടത് കടമ: ജസീന്ത ആര്‍ദെന്‍

രാജ്യത്തെ ഏറ്റവും വലിയ ഭീകരാക്രമണം നടന്നതിന്റെ രണ്ടാം വാര്‍ഷികത്തില്‍ അനുസ്മരണ പരിപാടികളുമായി ന്യൂസ്‌ലാന്റ്. 2019 മാര്‍ച്ച് 15-നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളികളിലേക്ക് മെഷീന്‍ ഗണ്ണുമായെത്തിയ ഭീകരന്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കായി പള്ളിയിലെത്തിയ വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 51 പേരാണ് ഇരു ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത്. നിരവധി പേര്‍ പരുക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു. തീവ്രവംശീയവാദിയും ഓസ്‌ട്രേലിയന്‍ വംശജനുമായ ബ്രന്റണ്‍ ടാറന്റായിരുന്നു വെടിവെപ്പ് നടത്തിയത്. ആക്രമണത്തിന് ഇരയായവരെ ആദരിക്കാനും കൊല്ലപ്പെട്ടവരുടെ ഓര്‍മപുതുക്കിയും ശനിയാഴ്ച ക്രൈസ്റ്റ് ചര്‍ച്ച അറീനയില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മുസ്‌ലിം സഹോദരങ്ങളെ പിന്തുണക്കേണ്ടത് നമ്മുടെ കടമയാണെന്ന് പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി ജസീന്ത ആര്‍ദെന്‍ പറഞ്ഞു. മുസ്‌ലിം സമുദായത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും നേരെയുണ്ടായ ഭീകര പ്രവര്‍ത്തനം മൂലമുണ്ടായ ഭയം എന്റെ വാക്കുകള്‍ കൊണ്ട് നീക്കം ചെയ്യാന്‍ കഴിയില്ല. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തില്‍ അഭിമാനിക്കുകയും കൂടുതല്‍ ഉള്‍ക്കൊള്ളുകയും അതിനെ സ്വീകരിക്കുകയും ചെയ്താല്‍ നമുക്ക് ശക്തമായി പ്രതിരോധിക്കാനാവും- അവര്‍ പറഞ്ഞു. ആക്രമണത്തിന് ഇരയായി വെടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നിരവധി പേര്‍ തങ്ങളുടെ കഴിഞ്ഞുപോയ അനുഭവങ്ങള്‍ പങ്കുവെച്ചു. വെടിയേറ്റതിന്റെ നീറുന്ന ഓര്‍മകളും തങ്ങളുടെ ഉറ്റവര്‍ കൊല്ലപ്പെട്ടതിന്റെ വേദനയും വികാരനിര്‍ഭരരായാണ് അവര്‍ വിവരിച്ചത്. മസ്ജിദ് അധികൃതരും പരിപാടിയില്‍ പങ്കെടുത്തു.
