21 Thursday
November 2024
2024 November 21
1446 Joumada I 19

അക്ഷരപ്രേമികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന യുവത ലിറ്റ്‌ഫെസ്റ്റ് സമാപിച്ചു

കോഴിക്കോട്: വായനയുടെയും സാഹിത്യ ചര്‍ച്ചകളുടെയും പുതിയ വസന്തം തീര്‍ത്ത് യുവത ലിറ്റ്‌ഫെസ്റ്റ് സമാപിച്ചു. ഇതാദ്യമായാണ് മൂന്ന് ആഴ്ചകള്‍ നീണ്ടുനിന്ന ഒരു ഓണ്‍ലൈന്‍ പുസ്തകമേളയ്ക്ക് വേദിയൊരുങ്ങിയത്. പുസ്തക പ്രസാധനരംഗത്ത് മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്ന യുവത ബുക്ഹൗസ് പുസ്തകമേളയുടെ ഭാഗമായി എല്ലാ ദിവസവും സാംസ്‌കാരിക പരിപാടികളും നടന്നു.
സപ്തംബര്‍ ഒന്ന് മുതല്‍ 22 വരെ അത്യാകര്‍ഷകമായ വിലക്കിഴിവില്‍ ംംം.്യൗ്മവേമയീീസ.െശി സൈറ്റിലൂടെ നിരവധി പേര്‍ പുസ്തകങ്ങ ള്‍ സ്വന്തമാക്കി.
കോവിഡ് കാലം അനന്തര ലോകം, ചെറിയമുണ്ടം അബ്ദുല്‍ഹമീദ്: എഴുത്തും ജീവിതവും, പ്രസാധനത്തിന്റെ നവോത്ഥാന പൈതൃകം,1921 മലബാര്‍ സമരം, എ അബ്ദുസ്സലാം സുല്ലമി: രചനാ ലോകം, സാമുദായിക ജീവിതം മലയാള സാഹിത്യത്തില്‍, ഏകദൈവ ദര്‍ശനം: സംവാദവും രചനകളും തുടങ്ങിയവ ലിറ്റ്‌ഫെസ്റ്റിന്റെ ആദ്യസെഷനുകളില്‍ നടന്നു.
പ്രമുഖ ഗ്രന്ഥകാരനും ചിന്തകനുമായ പി മുഹമ്മദ് കുട്ടശ്ശേരിയെ മേളയില്‍ ആദരിച്ചു. ഐ എസ് എം ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് ഉപഹാരം നല്‍കി.
ന്യൂനപക്ഷ രാഷ്ട്രീയവും എം ഐ തങ്ങളുടെ രചനാ ലോകവും സെഷനില്‍ വി ഡി സതീശന്‍ എം എല്‍ എ, എം സി വടകര, അലി പത്തനാപുരം, ഡോ.അനസ് കടലുണ്ടി പ്രസംഗിച്ചു. പുസ്തക പ്രസാധനം: സമകാലിക പ്രതിസന്ധികള്‍ എന്ന ചര്‍ച്ചയില്‍ ഡോ. ഔസാഫ് അഹ്‌സന്‍ (അദര്‍ ബുക്‌സ്), ടി പി സിദ്ദീഖ് (വചനം ബുക്‌സ്), ഹംസ ആലുങ്ങല്‍ (പേരക്ക ബുക്‌സ്), മുഹ്‌സിന്‍ കോട്ടക്കല്‍ (ബുക്കഫെ), ഫാത്തിമ ഫസീല (ഓപണ്‍ റീഡ്), വി കെ ആസിഫലി, സി കെ റജീഷ്, മുഹ്‌സിന്‍ തൃപ്പനച്ചി പങ്കെടുത്തു.
ചാറ്റ് വിത്ത് ഓഥര്‍ സെഷനില്‍ കെ പി രാമനുണ്ണി, ടി പി എം റാഫി എന്നിവര്‍ പങ്കെടുത്തു. എഴുത്തിന്റെ ലോകം: രചനാനുഭവങ്ങള്‍ സെഷനില്‍ വി മുസഫര്‍ അഹമ്മദ്, ഫര്‍സാന അലി, ഹാറൂന്‍ കക്കാട് പങ്കെടുത്തു.
എന്റെ പ്രിയപ്പെട്ട പുസ്തകം സെഷനില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി, പി സുരേന്ദ്രന്‍, സി എം മൗലവി, മൈന ഉമൈബാന്‍, സുഹൈല്‍ സാബിര്‍ എന്നിവര്‍ പങ്കെടുത്തു. ബാലസാഹിത്യം: പുതുപ്രവണതകള്‍ സെഷനില്‍ ജനു, റഷീദ് പരപ്പനങ്ങാടി, പി എ എം ഹനീഫ്, അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണ, നിഖില സമീര്‍, ഷബീര്‍ രാരങ്ങോത്ത് പങ്കെടുത്തു.
കവിയരങ്ങില്‍ പ്രമുഖ സാഹിത്യകാരന്‍ ചെറിയമുണ്ടം അബ്ദുര്‍റസാഖിനെ ആദരിച്ചു. ഐ എസ് എം പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി ഉപഹാരം നല്‍കി. പി കെ ഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍, വീരാന്‍കുട്ടി, കുഴൂര്‍ വിത്സണ്‍, റസാഖ് മലോറം, നൂറ, ഷാനവാസ് പറവന്നൂര്‍ പങ്കെടുത്തു.
കേരള നവോഥാനവും വക്കം മൗലവിയും എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തി. പരിസ്ഥിതി ആഘാത നിര്‍ണയ ഭേദഗതിയിലെ ചതിക്കുഴികള്‍ എന്ന വിഷയത്തില്‍ കെ സഹദേവന്‍, സി ആര്‍ നീലകണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു. സമരവും സാഹിത്യവും എന്ന വിഷയത്തില്‍ കെ ഇ എന്‍ പ്രസംഗിച്ചു. മുഖ്താര്‍ ഉദരംപൊയില്‍, ഹമീദ് ചങ്ങരംകുളം, സനിയ്യ കല്ലിങ്ങല്‍, എ വി ഫര്‍ദിസ്, ജലീല്‍ വൈരങ്കോട് എന്നിവര്‍ പങ്കെടുത്തു.
വായനയും ജീവിതവും സെഷനില്‍ എം എന്‍ കാരശ്ശേരി, എന്‍ എം ഹുസൈന്‍, ഡോ. ഖദീജ മുംതാസ്, ദേവേശന്‍ പേരൂര്‍, പി ടി നൗഫല്‍ പങ്കെടുത്തു. മാപ്പിള കലകളും ആസാദനവും എന്ന സെഷനില്‍ അഡ്വ. ടി കെ ഹംസ, ഒ എം കരുവാരകുണ്ട്, ഫൈസല്‍ എളേറ്റില്‍, ബദറുദ്ദീന്‍ പാറന്നൂര്‍, ഹസന്‍ നെടിയനാട്, കെ വി നദീര്‍ പങ്കെടുത്തു. യുവത പ്രസിദ്ധീകരിക്കുന്ന കോടഞ്ചേരി മരക്കാര്‍ മുസ്‌ല്യാരുടെ ‘ദുരാചാര മര്‍ദനം’ എന്ന പുസ്തകത്തിലെ ഗാനങ്ങള്‍ എം എ ഗഫൂര്‍, വിടല്‍ മൊയ്തു, അബ്ദുല്ല തിരൂര്‍ക്കാട്, അബ്‌ലജ മുജീബ് എന്നിവര്‍ ആലപിച്ചു.
ആറ് വാല്യങ്ങളായി യുവത പ്രസിദ്ധീകരിക്കുന്ന ‘1921 മലബാര്‍ സമരം’ എന്ന ഗ്രന്ഥപരമ്പരയുടെ പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗിന് പുസ്തകമേളയില്‍ തുടക്കമായി. അക്ഷരപ്രേമികള്‍ക്ക് യുവതയുടെ വേറിട്ട വായനോത്സവം നവ്യാനുഭവം പകര്‍ന്നു.

Back to Top