22 Tuesday
September 2026
2026 September 22
1448 Rabie Al-Âkher 9

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ യുവതയും

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ യുവത പവലിയന്‍ പാസണ്‍സ് ഗ്രൂപ്പ് എം ഡി നാസര്‍ പോക്കറാട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു

ഷാര്‍ജ: 39-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ യുവത പുസ്തകമേള ശ്രദ്ധേയമായി. എണ്‍പത്തിയൊന്ന് രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരം പ്രസാധകരാണ് ഇത്തവണ പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നത്. തുടര്‍ച്ചയായി ഇരുപത്തിമൂന്നാം തവണയാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ യുവത പങ്കെടുക്കുന്നത്. ഹാള്‍ നമ്പര്‍ ആറില്‍ കെ-24 യുവത സ്റ്റാള്‍ പാസണ്‍സ് ഗ്രൂപ്പ് എം ഡി നാസര്‍ പോക്കറാട്ടില്‍ ഉദ്ഘാടനം ചെയ്തു. ആദ്യ പുസ്തക വില്‍പന യുവത സി ഇ ഒ ഹാറൂന്‍ കക്കാട് കഥാകൃത്ത് സലീം അയ്യനത്തിന് കോപ്പി നല്‍കി ഉദ്ഘാടനം ചെയ്തു. സാബിര്‍ ഷൗക്കത്ത്, ഉസ്മാന്‍ മൊയ്തീന്‍, അന്‍വര്‍ ജൗഹര്‍, സലാം തറയില്‍, സലീം കരിക്കാട്, ഹനാന്‍ അബ്ദുസത്താര്‍, നിഹാല പര്‍വീന്‍ പങ്കെടുത്തു.
പുസ്തക പ്രസാധനരംഗത്ത് 33 വര്‍ഷങ്ങള്‍ പിന്നിടുന്ന യുവതയില്‍ മത ദാര്‍ശനിക പഠനങ്ങള്‍, ചരിത്ര ഗ്രന്ഥങ്ങള്‍, മികച്ച ക്ലാസിക്കുകള്‍, സാംസ്‌കാരിക രചനകള്‍, ബാലസാഹിത്യങ്ങള്‍ തുടങ്ങിയവയുടെ വന്‍ ശേഖരമുണ്ട്. വിജ്ഞാനത്തിനൊപ്പം ജനപ്രിയ വായനയ്ക്കുള്ള കഥകള്‍, കവിതകള്‍, നോവലുകള്‍, ഓര്‍മക്കുറിപ്പുകള്‍ എന്നിവയും യുവതയില്‍ ലഭ്യമാണ്. യുവതയുടെ ബെസ്റ്റ് സെല്ലര്‍ റഫറന്‍സ് ഗ്രന്ഥങ്ങളായ ഇസ്‌ലാം അഞ്ച് വാള്യങ്ങളില്‍, ഹദീസ് സമാഹാരം (മൂന്ന് വാള്യങ്ങള്‍) തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്.
യുവതയുടെ നാല് പുസ്തകങ്ങള്‍ പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ടി പി എം റാഫി എഴുതിയ ‘പ്രപഞ്ചചിത്രം ഖുര്‍ആന്‍ വര്‍ണങ്ങളില്‍’, മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ എഡിറ്റ് ചെയ്ത ‘കോവിഡ് കാലം അനന്തര ലോകം’, സി കെ റജീഷ് രചിച്ച ‘ആനന്ദം അകലെയല്ല’, ഹസന്‍ നെടിയനാട് എഴുതിയ ‘കോടഞ്ചേരി മരക്കാര്‍ മുസ്‌ലിയാരുടെ ദുരാചാര മര്‍ദനം’ എന്നീ പുസ്തകങ്ങളാണ് മേളയില്‍ പ്രകാശനം ചെയ്തത്. ഡോ. കെ കെ എന്‍ കുറുപ്പ് ജനറല്‍ എഡിറ്ററായി യുവത പ്രസിദ്ധീകരിക്കുന്ന ‘1921 മലബാര്‍ സമരം ആറ് വാള്യങ്ങളില്‍’ ഗ്രന്ഥപരമ്പരയുടെ യു എ ഇ പ്രീ-പബ്ലിക്കേഷന്‍ സ്‌കീമിന്റെ രജിസ്‌ട്രേഷനും നടന്നു.

Back to Top